പെണ്‍കുട്ടികളെ ചതിച്ച് തട്ടിക്കൊണ്ടുപോയി മതംമാറ്റുന്ന ലൗ ജിഹാദ് എന്ന മതതീവ്രവാദം കേരളത്തില്‍ ഇപ്പോഴും സജീവമാണെങ്കിലും ‘ലൗ ജിഹാദ്’ എന്ന വാക്ക് ഉച്ചരിക്കുന്നതുപോലും വര്‍ഗീയമാണെന്ന് വിശ്വസിക്കുന്ന മാധ്യമങ്ങള്‍ക്കും ജനസമൂഹത്തിനുമുള്ള താക്കീതാണ് ലൗ ജിഹാദ് സംഭവങ്ങളുടെ നേര്‍ക്ക് കണ്ണടക്കാനാവില്ലെന്ന ഹൈക്കോടതി പരാമര്‍ശം. പ്രണയം തെറ്റല്ല, പക്ഷെ അതിന് പിന്നിലെ സംഘടിത ശ്രമങ്ങളെയാണ് ഹൈക്കോടതി ബെഞ്ച് വാക്കാല്‍ പരാമര്‍ശിച്ചത്. കോഴിക്കോട് സ്വദേശിയായ അഞ്ജലി എന്ന പെണ്‍കുട്ടിയുടെ കേസില്‍ കണ്ണടച്ചിരിക്കാന്‍ കഴിയില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി. കോഴിക്കോട് സ്വദേശിനിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ മതപരമോ രാഷ്ട്രീയമോ ആയ ഇടപെടല്‍ ഉണ്ടായിട്ടില്ലെന്നാണ് കേരളസര്‍ക്കാര്‍ പറഞ്ഞത്. കഴിഞ്ഞ ജൂണ്‍ മാസത്തില്‍ അമൃത ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേ പരിചരിക്കാനെത്തിയ തന്റെ മകളെ ഹാരിസ് എന്നയാള്‍ തട്ടിക്കൊണ്ടുപോയി നിര്‍ബന്ധപൂര്‍വം മതംമാറ്റാന്‍ ശ്രമിക്കുകയാണെന്നായിരുന്നു അഞ്ജലിയുടെ പിതാവ് ഉണ്ണികൃഷ്ണന് ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ പറഞ്ഞത്. ഹര്‍ജി പരിഗണിക്കവേ ലൗ ജിഹാദ് തടയാന്‍ സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നില്ലെന്നും പലതവണ ഇത് സംബന്ധിച്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ടെന്നും കോടതി ഡിവിഷന് ബെഞ്ച് വിമര്‍ശിച്ചിരുന്നു. പോലീസ് റിപ്പോര്‍ട്ടും പ്രണയത്തെത്തുടര്‍ന്ന് പെണ്‍കുട്ടി ഒളിച്ചോടി എന്നായിരുന്നു. കേസുകളില്‍ രാഷ്ട്രീയനേതാക്കള്‍ ഇടപെടുന്നത് ലഘുവായി കാണാനാകില്ല എന്നും ഹൈക്കോടതി വിമര്‍ശിച്ചു. പിതാവ് നല്കിയ ഹേബിയസ് കോര്‍പ്പസ് ഹര്‍ജിയില്‍ എതിര്‍കക്ഷികളെ പിടികൂടാത്തത് ഇ.ടി. മുഹമ്മദ് ബഷീറും മറ്റ് പലരും പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നതിനാലാണെന്നുള്ള ഹര്‍ജിയിലെ പരാമര്‍ശത്തിന്റെ പശ്ചാത്തലത്തിലായിരുന്നു ഹൈക്കോടതി നിരീക്ഷണം.
സംഘടിതമായ മതപരിവര്‍ത്തനത്തിന് പെണ്‍കുട്ടികളെ പ്രണയക്കുരുക്കില്‍പ്പെടുത്തി തട്ടിക്കൊണ്ടുപോയ സംഭവങ്ങള്‍ കോടതിയുടെ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ പരസ്പരവിരുദ്ധ വിശദീകരണം നല്‍കുന്നുവെന്നും പറഞ്ഞ കോടതി പെണ്‍കുട്ടിയെ കണ്ടെത്താന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ ജൂണ്‍ 26 ന് മുമ്പ് വിശദീകരിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. കേരളം ഭരിക്കുന്നത് ഇപ്പോള്‍ മുസ്ലീംലീഗാണെന്ന വസ്തുതക്കടിവരയിടുന്ന സംഭവങ്ങള്‍ ദിനംപ്രതി അനാവരണം ചെയ്യപ്പെടുകയാണ്. സി.എച്ച്. മുഹമ്മദ് കോയ ട്രസ്റ്റിന് സര്‍ക്കാര്‍ പണം വഴിവിട്ട് നല്‍കാനുള്ള ഉത്തരവില്‍ അപാകതയില്ല എന്ന് മന്ത്രി മുനീര്‍ പറയുമ്പോഴും ഒരു ട്രസ്റ്റിന് മാത്രം നല്‍കാനുള്ള നിര്‍ദ്ദേശത്തിലെ ദുരുപദിഷ്ടിതയാണ് വിമര്‍ശനവിധേയമാകുന്നത്. ലൗ ജിഹാദ് എന്നത് കേരളത്തില്‍ അരങ്ങേറുന്ന ഒരു ക്രൂരമായ മതപരിവര്‍ത്തന പ്രക്രിയയാണെന്ന് തെളിഞ്ഞിട്ടും അതിനെതിരെ സാമൂഹ്യ സംഘടനകള്‍ തെളിവുകള്‍ നല്‍കിയിട്ടും ഒടുവില്‍ ഹൈക്കോടതി പോലും ചൂണ്ടിക്കാട്ടിയിട്ടും ഇങ്ങനെ ഒരു ‘പ്രണയ’ക്കുരുക്കില്‍ അനേകം പെണ്‍കുട്ടികള്‍ ജാതിമതഭേദമെന്യേ കുരുങ്ങി മതപരിവര്‍ത്തനത്തിന് വിധേയമാകുന്നുണ്ടെന്നുമുള്ള യാഥാര്‍ത്ഥ്യം അംഗീകരിക്കാന്‍ ന്യൂനപക്ഷ പ്രീണനം മുഖ്യ അജണ്ടയാക്കിയ സര്‍ക്കാരോ രാഷ്ട്രീയപാര്‍ട്ടികളോ മുമ്പോട്ട് വരുന്നില്ല. ഈ യാഥാര്‍ത്ഥ്യങ്ങള്‍ പ്രസിദ്ധീകരിച്ച വാരികയുടെ കോപ്പികള്‍ കത്തിക്കാന്‍ മതമൗലികവാദികള്‍ തയ്യാറായതുതന്നെ ഈ യാഥാര്‍ത്ഥ്യം സമൂഹത്തില്‍ എത്തരുതെന്ന ദൃഢനിശ്ചയത്തോടെയായിരുന്നല്ലോ.
ഇപ്പോള്‍ മുസ്ലീംലീഗ് നേതാക്കള്‍ പ്രത്യക്ഷമായിത്തന്നെ ലൗ ജിഹാദ് പ്രതികളെ സംരക്ഷിക്കാന്‍ രംഗത്തുവരുന്നു എന്നതും കുറ്റക്കാര്‍ക്കെതിരെ നടപടി എടുക്കാന്‍ പോലീസില്‍ സമ്മര്‍ദ്ദം ചെലുത്തുന്നുണ്ടെന്നതും ഞെട്ടിപ്പിക്കുന്ന വസ്തുതകളാണ്. പ്രണയബാധിത ഒളിച്ചോട്ടത്തിന് വര്‍ഗീയനിറം കൊടുക്കരുതെന്നാണ് കോഴിക്കോട് പോലീസ് മേധാവിയുടെ സാരോപദേശം. പോലീസിലെ അപച്യുതി ഇന്ന് ജനങ്ങളില്‍ ആശങ്ക പരത്തുന്നു. പോലീസില്‍ 363 ക്രിമിനലുകള്‍ ഉണ്ടെന്ന് ഐജി സിബി മാത്യൂസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ടി.പി. ചന്ദ്രശേഖരന് വധക്കേസില്‍ ഒരു സംഘം പോലീസുകാര്‍ ഒറ്റുകാരായിരുന്നുവെന്നും കൊടി സുനി സംഘത്തെ പിടിക്കാന്‍ ഇവരെ ഒഴിവാക്കി പുതിയ ടീമിനെ കൊണ്ടുപോയി എന്നും വാര്‍ത്തയുണ്ടായിരുന്നു. കൊലയാളികളുടെ ഒളിത്താവളങ്ങള്‍ കണ്ടെത്തുമ്പോഴേക്കും അവരെ വിവരമറിയിക്കാനും പിടിയിലായ പ്രതികളുടെ മൊഴികള്‍ സിപിഎം നിര്‍ദ്ദേശപ്രകാരം മാറ്റാനും എല്ലാം രാഷ്ട്രീയവല്‍കൃത പോലീസ് തയ്യാറാകുന്നു. സമൂഹത്തിലെ ദുരന്തമാണ് ലൗ ജിഹാദ് എന്ന പ്രതിഭാസം. മൊബെയില്‍ പ്രണയത്തില്‍ കുടുക്കി തട്ടിക്കൊണ്ടുപോയി മതംമാറ്റി തീവ്രവാദത്തിന് മാത്രമല്ല, കൂട്ടബലാല്‍സംഗത്തിന് വിധേയമാക്കി ഉപേക്ഷിക്കപ്പെടുന്നവരും ഇവരില്‍ ഉള്‍പ്പെടുന്നു. ഈ പ്രക്രിയക്ക് കടിഞ്ഞാണിടാന്‍ ശ്രമിക്കുന്ന ഹൈക്കോടതിയെങ്കിലും വ്യാപകമാകുന്ന ഈ പ്രതിഭാസത്തിന്റെ യാഥാര്‍ത്ഥ്യം തിരിച്ചറിയുന്നത് ആശ്വാസകരമാണ്.
മരുന്ന് മാഫിയയെ തളയ്ക്കണം
കേരളത്തില്‍ രോഗാതുരത വര്‍ധിച്ച് ഇപ്പോള്‍ ഡിമെന്‍ഷ്യ രോഗികളുടെ എണ്ണം വര്‍ധിക്കുന്നു എന്ന കണ്ടെത്തല്‍ വരുമ്പോഴും മരുന്നുവില്പ്പനരംഗം മാഫിയകളുടെ പിടിയിലാണെന്ന് നിയമസഭാസമിതി ചൂണ്ടിക്കാണിച്ചിരിക്കുന്നു. പനിയും പകര്‍ച്ചവ്യാധിയും പടരുന്ന കേരളത്തില്‍ മരുന്നുവില നിയന്ത്രണം പൂര്‍ണ പരാജയമായത് ഭരണ-പ്രതിപക്ഷമെന്യേ വിമര്‍ശിച്ചിരിക്കുകയാണ്. മരുന്ന് വിപണനരംഗത്ത് കുത്തകവല്ക്കരണവും മാഫിയാപ്രവര്‍ത്തനവും നടന്നിട്ടുപോലും സര്‍ക്കാര്‍ നിസ്സംഗത വെടിയാത്തതാണ് വിമര്‍ശനത്തിന് കാരണം. കേരളത്തില്‍ പ്രതിവര്‍ഷം 3500 കോടിയുടെ മരുന്നുവില്‍പ്പന നടക്കുമ്പോഴും ഇതില്‍ ഭൂരിഭാഗവും ഗുണമേന്മയില്ലാത്ത മരുന്നുകളാണെന്നാണ് നിയമസഭാസമിതിയുടെ കണ്ടെത്തല്‍. ഭൂരിഭാഗം ഡോക്ടര്‍മാരും മരുന്നുകമ്പനികളുമായി ധാരണയുണ്ടാക്കി വ്യാജമരുന്നുകള്‍ നിര്‍ദ്ദേശിക്കുന്നു. മരുന്നുവില നിര്‍ണയിക്കാന്‍ അധികാരമുള്ള നാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ പ്രൈസിംഗ് അതോറിറ്റി നോക്കുകുത്തിയാണെന്ന് പറഞ്ഞത് ഭരണപക്ഷത്തെ ഒരു എംഎല്‍എതന്നെയാണ്. കേരളത്തില്‍ ക്യാന്‍സര്‍ പോലുള്ള ജീവിതശൈലീ രോഗങ്ങള്‍ പടരുമ്പോഴും ജീവന്‍രക്ഷാമരുന്നുകള്‍ പോലും നികുതിവിധേയമാണ്. ആരോഗ്യവകുപ്പിന്റെ പിടിപ്പുകേടാണ് ഡ്രഗ് കണ്ട്രോള് വകുപ്പിനെ പോലും ആരോഗ്യവകുപ്പിന്റെ കീഴിലാക്കാത്തത്.
മരുന്നുനിര്‍മ്മാണത്തിനായി റീട്ടെയിലേഴ്സിന്റെയോ ഫാര്മസിസ്റ്റുകളുടെയാ കോ ഓപ്പറേറ്റീവ് സൊസൈറ്റികള്‍ രൂപീകരിക്കണമെന്നും കാലാവധി കഴിഞ്ഞ മരുന്നുകള്‍ നശിപ്പിക്കാന്‍ നടപടിയെടുക്കണമെന്നും മരുന്നുകമ്പനികളുടെ ലാഭത്തിന് പരിധി നിശ്ചയിക്കണമെന്നും നിയമസഭാസമിതി നിര്‍ദ്ദേശിക്കുന്നുണ്ട്. സ്വകാര്യ ആശുപത്രികളിലെ ഫാര്‍മസികളും പരിശോധനാ വിധേയമാക്കണമെന്നും ശുപാര്‍ശയുണ്ട്. ആയുര്‍വേദ മരുന്നിലും പല വ്യാജന്മാരും ലൈംഗിക ഉത്തേജനത്തിന്റെ പേരിലും സൗന്ദര്യവര്ധനവിന്റെ പേരിലും അമിതവണ്ണം കുറക്കാനെന്ന പേരിലും അരങ്ങും സ്ക്രീനും വാഴുന്നുണ്ടെങ്കിലും ഇവര്‍ക്കെതിരെ നടപടിയില്ല. പക്ഷെ അവശ്യമരുന്ന് പട്ടിക പോലും ഇനിയും പൂര്‍ണമായിട്ടില്ല. ഏതേത് മരുന്നുകള്‍ എങ്ങനെ നല്‍കണമെന്ന് പ്രതിപാദിച്ചുള്ള ഡ്രഗ് ഫോര്‍മുല പ്രസിദ്ധീകരിക്കണമെന്ന ഹൈക്കോടതി വിധി നടപ്പാക്കപ്പെടുന്നില്ല. ചേരുവകളില്‍ മാറ്റം വരുത്തി വില അനിയന്ത്രിതമായി വര്‍ധിക്കുന്നത് മാധ്യമവാര്‍ത്തയായിരുന്നു. അനാവശ്യ മരുന്നുപയോഗം നിയന്ത്രിക്കാന്‍ അവശ്യമരുന്നുകളുടെ പട്ടിക പ്രസിദ്ധീകരിക്കുന്നത് ഗുണകരമാകും. പക്ഷെ മരുന്ന് മാഫിയ കൊടികുത്തി വാഴുന്ന കേരളത്തില്‍, മെഡിക്കല്‍ ലോബി അവരുടെ നിയന്ത്രണത്തിലാകുമ്പോള്‍ ഇവിടെ മരുന്നുപയോഗം ഇപ്പോഴത്തെ 3500 കോടിയുടെ ഇരട്ടിയാകാനാണ് സാധ്യത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: