പള്ളുരുത്തി: കൊച്ചി തുറമുഖത്തെ കനത്ത കാവലിനുള്ളിലും ആറുലക്ഷം രൂപയുടെ ഓയില്‍ മോഷ്ടിക്കപ്പെട്ടു. തുറമുഖത്തെ വര്‍ക്ക്ഷോപ്പില്‍ കിടന്നിരുന്ന പെരിയാര്‍ എന്ന ഫ്ലോട്ടിംഗ് ക്രെയിനില്നിന്നാണ് മോഷണം നടന്നത്. ഹൈഡ്രോളിക് ഓയില്‍, എഞ്ചിന് ഓയില്‍ എന്നിവയാണ് മോഷ്ടാക്കള്‍ കടത്തിയത്. 1200ലിറ്റര്‍ ഓയില്‍ നഷ്ടപ്പെട്ടതായാണ് കണക്ക്.
കായല്‍ മേഖലയിലും കരയിലും സിഐഎസ്എഫിന്റെ കനത്ത കാവലാണുള്ളത്. മോഷണം നടന്ന വര്ക്ക്ഷോപ്പിനടുത്തായും സിഐഎസ്എഫിന്റെ കാവലുണ്ട്. കായലില്‍ ബോട്ടില്‍ പ്രത്യേക പട്രോളിംഗുമുണ്ട്. സിഐഎസ്എഫ് ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ വീഴ്ചയാണ് സംഭവത്തിന് കാരണമായി പോര്‍ട്ട് അധികൃതര്‍ ചൂണ്ടിക്കാട്ടുന്നത്.
സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് തുറമുഖാധികൃതര്‍ ഹാര്‍ബര്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് പോര്‍ട്ട് ട്രസ്റ്റ് ചെയര്മാന് പോള്‍ ആന്റണി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പ്രതികരിക്കാന്‍ സിഐഎസ്എഫിന്റെ ഉദ്യോഗസ്ഥര്‍ തയ്യാറായിട്ടില്ല. പോര്‍ട്ടിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ മോഷണക്കുറ്റത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങിയതായി ഹാര്‍ബര്‍ പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: