മൂവാറ്റുപുഴ: നഗരസൗന്ദര്യവത്കരണത്തിനും റോഡ് നവീകരണത്തിനുമായി 6 കോടിരൂപയും കീച്ചേരിപ്പടി – ഇ ഇ സി മാര്‍ക്കറ്റ്, കാവുങ്കര ബസ് സ്റ്റാന്‍ഡ് റോഡ് നവീകരണത്തിന് 20ലക്ഷം രൂപയും, റോട്ടറി റോഡിന് 10ലക്ഷം രൂപയും മുസ്ലീം ലീഗ് ജില്ലാ മണ്ഡലം നേതാക്കളുടെ നിവേദനത്തെ തുടര്‍ന്ന് മന്ത്രി അനുവദിച്ചതായി കാണിച്ച് മൂവാറ്റുപുഴയില്‍ അങ്ങോളമിങ്ങോളം ഫ്ലക്സ് ബോര്‍ഡുകള്‍ ഉയര്‍ത്തി കൊഴുപ്പിക്കുന്ന പ്രചരണത്തിലൂടെ മൂവാറ്റുപുഴയിലും സര്‍ക്കാരിന്റെ മുസ്ലീംലീഗ് ഭരണം പിടിമുറുക്കുന്നു.
നിയോജകമണ്ഡലം പ്രതിനിധാനം ചെയ്യുന്ന കോണ്‍ഗ്രസ്സ് എം എല്‍ എ ജോസഫ് വാഴയ്ക്കന് മണ്ഡലത്തിന്റെ വികസനത്തിനായി ആഹോരാത്രം പണിയെടുക്കുകയാണെന്നും സര്‍ക്കാരില്‍ നിന്നും കേന്ദ്രസര്‍ക്കാരില്‍ നിന്നും നിരവധി പദ്ധതികള്‍ക്ക് അനുമതി വാങ്ങി മൂവാററുപുഴയുടെ മുഖച്ഛായ തന്നെ മാറ്റുവാന്‍ തയ്യാറെടുക്കുകയാണെന്നും പ്രഖ്യാപിച്ചുകൊണ്ട് ഉദ്ഘാടനം നടത്തിയ നഗര സൗന്ദര്യ വത്കരണം ഉള്‍പ്പടെയുള്ള പദ്ധതികളാണ് ഇപ്പോള്‍ മുസ്ലീംലീഗ് നേതൃത്വം ഹൈജാക്ക് ചെയ്യുന്നത്.
ആറ് മാസം മുമ്പ് പൊതുമരാമത്തില്‍ നിന്നും ലഭിച്ച മറ്റൊരു പദ്ധതി എം എല്‍ എ യ്ക്ക് മുമ്പ് മുസ്ലീംലീഗ് ജില്ലാ നേതാവ് സ്വന്തം പത്രകുറിപ്പ് ഇറക്കി പദ്ധതി തങ്ങളാണ് നേടിയതെന്ന അവകാശവാദം ഉന്നയിച്ചതോടെ എം എല്‍ എയും മുസ്ലീലീഗ് നേതൃത്വവും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുക്കുകയും പദ്ധതി താനാണ് കൊണ്ടുവന്നതെന്ന് ചൂണ്ടികാട്ടി എം എല്‍ എ പത്രസമ്മേളനം നടത്തുകയും ചെയ്തിരുന്നു. വാക്പോര് അതിരുകടക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് യു ഡി എഫ് നേതാക്കള്‍ ഇടപെട്ട് രണ്ട് കൂട്ടരെയും സമവായത്തില്‍ എത്തിക്കുകയും ഇനി ഇത്തരത്തില്‍ ഉണ്ടാവില്ലെന്ന് മുസ്ലീംലീഗില്‍ നിന്നും ഉറപ്പ് വാങ്ങുകയും ചെയ്തിരുന്നു.
എന്നാല്‍ ഈ ഉറപ്പിനെ തള്ളികളഞ്ഞാണ് കഴിഞ്ഞ ദിവസം വിവിധ റോഡുകള്‍ക്കായി പൊതുമരാമത്തില്‍ നിന്നും 30ലക്ഷം രൂപ അനുവദിച്ചതായും ഇത് തങ്ങള്‍ നല്കിയ നിവേദനത്തെ തുടര്‍ന്നാണെന്നും കാണിച്ച് മുസ്ലീംലീഗ് ജില്ലാ നേതാവ് പത്രകുറിപ്പ് ഇറക്കുകയും, തൊട്ടുപിന്നാലെ നഗരസഭയിലെ ലീഗ് കൗണ്‍സിലര്‍മാര്‍ ഉള്‍പ്പടെയുള്ളവരുടെ ഫോട്ടൊ പതിച്ച വലിയ ഫ്ലക്സ് ബോര്‍ഡുകള്‍ നഗരത്തില്‍ സ്ഥാപിക്കുകയും ചെയ്തത്. ഇതില്‍ റോഡിന് തുക അനുവദിച്ച മന്ത്രിക്കും അനുവദിപ്പിച്ച ലീഗ് നേതാക്കള്‍ക്കും അഭിനന്ദനം അറിയിച്ചിട്ടുണ്ടെങ്കിലും എം എല്‍ എയുടെ പേര് പരാമര്‍ശിച്ചിട്ടില്ല.
ജില്ലയാവാന്‍ തയ്യാറെടുക്കുന്ന മൂവാറ്റുപുഴയെ മുസ്ലീംലീഗിന്റെ കൈപ്പിടിയില്‍ ഒതുക്കുവാനുള്ള ശ്രമമാണ് ഇതിലൂടെ നടത്തുന്നത്. സര്‍ക്കാരുമായി ബന്ധപ്പെട്ട പല കാര്യങ്ങള്‍ക്കും എം എല്‍ ഐ സമീപിക്കുന്നതിനു പകരം ലീഗ് നേതാക്കളെ കണ്ടാല്‍ മതിയെന്ന പ്രചരണവും നടക്കുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: