കൊച്ചി: സിപിഎം നേതൃത്വം ഭൂമാഫിയയുടെ ഏജന്റുമാരായി മാറിയിരിക്കുകയാണെന്ന് ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം എം.ടി.രമേശ് പറഞ്ഞു. സിപിഎമ്മിന്റെ മുന്‍ ജില്ലാ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളോടെ ഇക്കാര്യം വ്യക്തമായിരിക്കുകയാണ്. സിപിഎമ്മിന്റെ അകത്തെ കലാപം പ്രത്യയശാസ്ത്രമോ രാഷ്ട്രീയമോ അല്ല, മറിച്ച് ഇത് മണ്ണിനും പെണ്ണിനും വേണ്ടിയുള്ള തര്‍ക്കം മാത്രമാണ് എന്ന് കേരളജനത തിരിച്ചറിയുകയാണ്. പൊതുസമൂഹത്തിന്റെ സമ്പത്ത് കൊള്ളയടിച്ച് അത് വീതംവെക്കുന്നതിലുള്ള തര്‍ക്കം മാത്രമാണ് സിപിഎമ്മിന്റെ വിഭാഗീയത. ഇതിനെ ചോദ്യം ചെയ്യുന്നവരെ ഉന്മൂലനം ചെയ്യാനാണ് സിപിഎം നേതൃത്വം ശ്രമിക്കുന്നത്. ടി.പി.ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ഇതിന്റെ ഭാഗമാണ്. നെയ്യാറ്റിന്‍കരയില്‍ രാഷ്ട്രീയമായി ഒറ്റപ്പെട്ടുപോയ യുഡിഎഫിനെ രക്ഷപ്പെടുത്തിയതിന്റെ പാപഭാരത്തില്‍നിന്നും രക്ഷപ്പെടാന്‍ സിപിഎം നേതൃത്വത്തിന് കഴിയില്ല. യുഡിഎഫ് സര്‍ക്കാരിന്റെ പ്രീണന രാഷ്ട്രീയത്തിനെതിരെ ശക്തമായ ജനവികാരം നെയ്യാറ്റിന്‍കരയില്‍ പ്രതിഫലിച്ചിട്ടുണ്ട്. ഇതില്‍നിന്നും പാഠം പഠിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാകണമെന്നും എം.ടി.രമേശ് പറഞ്ഞു.
ബിജെപി എറണാകുളം നിയോജകമണ്ഡലം നേതൃത്വപഠനശിബിരം സി.അച്ചുതമേനോന് ഹാളില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയോജകമണ്ഡലം പ്രസിഡന്റ് കെ.എസ്.സുരേഷ്കുമാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് അഡ്വ. പി.ജെ.തോമസ്, വൈസ് പ്രസിഡന്റ് കെ.പി.രാജന് എന്നിവര്‍ വിവിധ വിഷയങ്ങളില്‍ ക്ലാസ്സെടുത്തു. വൈകിട്ട് നടന്ന സമാപനസമ്മേളനം സംസ്ഥാന ജനറല്‍ സെക്രട്ടറി എ.എന്‍.രാധാകൃഷ്ണന് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി.ശങ്കരന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍.സജികുമാര്‍, പി.വി.അതികായന്, കൗണ്‍സിലര്‍ സുധ ദിലീപ്, സി.ജി.രാജഗോപാല്‍, സി.ആര്.ഗോപിനാഥപ്രഭു, പി.കെ.രാജന്, പി.ജി.അനില്‍ കുമാര്‍, പ്രകാശ് അയ്യര്‍ എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: