മരട്: ട്രോളിംഗ് നിരോധനം നിലവില്‍ വന്നതോടെ മത്സ്യക്ഷാമം രൂക്ഷമായി. വഞ്ചികളും വള്ളങ്ങളും മാത്രമാണ് മത്സ്യം പിടിക്കാനായി കടലില്‍ പോകുന്നത്. ആവശ്യത്തിന് മത്സ്യം ലഭിക്കാതെ വന്ന സാഹചര്യത്തെത്തുടര്‍ന്ന് വിവിധ മത്സ്യങ്ങളുടെ വിലയിലും വന്‍ വര്‍ധനവാണുണ്ടായിരിക്കുന്നത്. പ്രതിസന്ധിക്ക് ഒരു പരിധിവരെ കായല്‍ മത്സ്യം പരിഹാരമാകുമായിരുന്നുവെങ്കിലും മത്സ്യസമ്പത്തിന് നാശം സംഭവിച്ചതുകൊണ്ട് ഇതും സാധ്യമാകാത്ത സ്ഥിതിയാണുള്ളത്.
കൊച്ചിയിലേയും പരിസരങ്ങളിലേയും നൂറുകണക്കിന് ചതുരശ്രകിലോമീറ്ററിലാണ് വേമ്പനാട്ടുകായലും മറ്റും വ്യാപിച്ചുകിടക്കുന്നത്. കായലില്‍ മത്സ്യം പിടിച്ച് ഉപജീവനം നടത്തിവരുന്ന പരമ്പരാഗത മത്സ്യത്തൊഴിലാളികളും നിരവധിയാണ്. എന്നാല്‍ കായല്‍ കയ്യേറ്റവും മലിനീകരണവും രൂക്ഷമായതിനെത്തുടര്‍ന്ന് മത്സ്യസമ്പത്തിന് വന്‍തോതില്‍ നാശം സംഭവിച്ചുവെന്നാണ് മത്സ്യമേഖലയിലുള്ളവര്‍ പറയുന്നത്.
കായല്‍ മത്സ്യങ്ങളായ കരിമീന്‍, ചെമ്മീന്‍, കൊഞ്ച് എന്നിവയും ഞണ്ടും കക്കയുമെല്ലാം കായലുകളില്‍നിന്നും യഥേഷ്ടം ലഭ്യമാകുന്ന ഒരു കാലഘട്ടം പഴമക്കാരുടെ ഓര്‍മ്മയില്‍ മാത്രമുള്ള കാര്യമാണെന്നാണ് കായല്‍ മേഖലയിലെ മത്സ്യത്തൊഴിലാളികള്‍ പറയുന്നത്.
ട്രോളിംഗ് നിരോധനമായതിനാല്‍ മത്സ്യക്ഷാമം രൂക്ഷമാണ്. കായലില്‍നിന്നും ആവശ്യത്തിന് മത്സ്യം ലഭിച്ചാല്‍ ഇപ്പോള്‍ നല്ല വിലയ്ക്ക് വില്ക്കുവാന് കഴിയും. മത്സ്യക്ഷാമത്തിന് ഒരു പരിധിവരെ പരിഹാരമാവുകയും ചെയ്യും. എന്നാല്‍ മത്സ്യസമ്പത്തിന് വലിയതോതില്‍ നാശം സംഭവിച്ചതോടെ ഉള്‍നാടന്‍ മത്സ്യമേഖലയും ഇപ്പോള്‍ വറുതിയിലകപ്പെട്ടിരിക്കുകയാണ് എന്നാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: