തൃപ്പൂണിത്തുറ: ചോറ്റാനിക്കര ടൗണിലെ ഹോട്ടലുകള്‍ക്ക് പഞ്ചായത്ത് അധികൃതര്‍ അടച്ചുപൂട്ടല്‍ നോട്ടീസ് നല്കി. സ്വന്തമായി മാലിന്യസംസ്ക്കരണ സംവിധാനം ഏര്‍പ്പെടുത്തണമെന്ന് ആവശ്യപ്പെട്ടിട്ടും നടപ്പാക്കിയില്ലെന്ന് പറഞ്ഞാണ് ഏഴ് ദിവസത്തിനകം ഹോട്ടലുകള്‍ അടച്ചുപൂട്ടണമെന്ന് നിര്‍ദ്ദേശിച്ച് ഉടമകള്‍ക്ക് ശനിയാഴ്ച നോട്ടീസ് നല്‍കിയിട്ടുള്ളത്.
പഞ്ചായത്ത് ആവശ്യപ്പെട്ടത് പ്രകാരം ഹോട്ടലുകള്‍ അടച്ചുപൂട്ടുന്നപക്ഷം ചോറ്റാനിക്കര ക്ഷേത്രത്തിലെത്തുന്ന ആയിരക്കണക്കായ ഭക്തജനങ്ങളെ പ്രതികൂലമായി ബാധിക്കുന്ന നടപടിയാകും അത്. ദൂരസ്ഥലങ്ങളില്‍നിന്ന് ക്ഷേത്രദര്‍ശനത്തിനെത്തുന്നവര്‍ക്ക് ഹോട്ടലുകളെ ആശ്രയിച്ചെങ്കില്‍ മാത്രമേ ഭക്ഷണം കിട്ടുകയുള്ളൂ. പത്തോളം ഹോട്ടലുകളാണ് ചോറ്റാനിക്കരയിലുള്ളത്.
ഹോട്ടലുകളുടെ പ്രവര്‍ത്തനത്തിന് പഞ്ചായത്ത് നല്കുന്ന സാനിറ്റേഷന്‍ സര്‍ട്ടിഫിക്കറ്റ് ആവശ്യമാണ്. വേണ്ടത്ര ശുചിത്വം പാലിച്ച് നടത്തുന്ന ഹോട്ടലുകള്‍ക്ക് പഞ്ചായത്ത് സാനിട്ടേഷന്‍ സര്‍ട്ടിഫിക്കറ്റ് മനഃപൂര്‍വം നല്‍കാതെ അടച്ചുപൂട്ടല്‍ നോട്ടീസ് നല്കിയ നടപടിയില്‍ ഹോട്ടല്‍ ആന്റ് റെസ്റ്റോറന്റ് അസോസിയേഷന് ഭാരവാഹികള്‍ പ്രതിഷേധിച്ചു.
ഏതാനും മാസംമുമ്പ് ഹോട്ടലുകളില്‍നിന്ന് കക്കൂസ് മാലിന്യം കാനകളിലേക്ക് ഒഴുകുന്നതായി ആരോപിച്ച് പഞ്ചായത്ത് അധികൃതര്‍ കാനയിലേക്കുള്ള പൈപ്പുകള്‍ അടക്കുകയുണ്ടായി. ഇത് സംബന്ധിച്ച് ഹോട്ടലുടമകള്‍ നല്കിയ കേസ് ഇപ്പോള്‍ കോടതിയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: