കൊച്ചി: പരമ്പരാഗത ഭക്ഷ്യോല്‍പ്പന്നങ്ങള്‍ തയാറാക്കുന്ന വ്യവസായ യൂണിറ്റുകളെ പ്രോത്സാഹിപ്പിക്കാന്‍ പ്രത്യേക പദ്ധതിക്ക് രൂപം നല്‍കുമെന്ന് ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. ദേശീയ ഭക്ഷ്യ സംസ്കരണ മിഷന്റെ മേല്‍നോട്ടത്തില്‍ ജില്ല മിഷനാണ് പദ്ധതിക്ക് രൂപം നല്‍കുക. സംസ്കരണ വ്യവസായങ്ങള്‍ക്ക് ധനസഹായം, പരമ്പരാഗത ഭക്ഷ്യസംസ്കരണത്തിലേക്ക് കൂടുതല്‍ പേരെ ആകര്‍ഷിക്കുന്നതിനുള്ള പരിശീലന കേന്ദ്രം എന്നിവയാണ് പദ്ധതിയുടെ ഭാഗമായി നടപ്പാക്കുക. ഇത് സംബന്ധിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സമിതിക്ക് രൂപം നല്‍കുമെന്നും കളക്ടര്‍ പറഞ്ഞു. ജില്ലാതല ഭക്ഷ്യസംസ്കരണ മിഷന് യോഗത്തില്‍ സംസാരിക്കുകയായിരുന്നു കളക്ടര്‍.
ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ പൂട്ടിക്കിടക്കുന്ന യൂണിറ്റുകള്‍ ഭക്ഷ്യോല്‍പ്പന്നങ്ങളുടെ സംസ്കരണത്തിന് പ്രയോജനപ്പെടുത്തുന്നത് സംബന്ധിച്ചും പഠനം നടത്തും. ഈ രംഗത്ത് പുതിയ വ്യവസായങ്ങള്‍ തുടങ്ങുന്നതിനും നിലവിലുള്ള വ്യവസായങ്ങള്‍ നവീകരിക്കുന്നതിനും 25 ശതമാനം ധനസഹായം കേന്ദ്ര മിഷന് നല്‍കും. സഹകരണസംഘങ്ങള്‍ക്കും സ്വാശ്രയ വനിത സംഘങ്ങള്‍ക്കുമാണ് മുന്‍ഗണന നല്‍കാനാണ് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചിരിക്കുന്നതെന്നും കളക്ടര്‍ പറഞ്ഞു.
പന്ത്രണ്ടാം പദ്ധതിക്കാലത്ത് മൂന്ന് പുതിയ പദ്ധതികള്‍ക്ക് ദേശീയ ഭക്ഷ്യ സംസ്കരണ മിഷന് രൂപം നല്‍കിയിട്ടുണ്ട്. ഉദ്യാനക്കൃഷി ഇതര ഉല്പന്നങ്ങള് സൂക്ഷിക്കുന്നതിനും കൊണ്ടുപോകുന്നതിനും ശീതീകരിച്ച സംഭരണശാലകളും വാഹനങ്ങളും ഉള്‍പ്പെടുത്തി ശീതശൃംഖല ഒരുക്കുക, ഗ്രാമീണമേഖലയില്‍ പ്രാഥമിക സംസ്കരണ കേന്ദ്രങ്ങളും ശേഖരണകേന്ദ്രങ്ങളും സ്ഥാപിക്കുക, ഇറച്ചിക്കടകള്‍ ആധുനികീകരിക്കുക എന്നിവയാണ് പുതിയ പദ്ധതികള്‍. ഭക്ഷ്യസംസ്കരണവ്യവസായം തുടങ്ങാനും ആധുനീകരിക്കാനും നിലവിലുള്ള പദ്ധതികള്‍ തുടരും. ആധുനിക അറവുശാലകള്‍ സ്ഥാപിക്കുക, ഭക്ഷ്യസംസ്കരണ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട ബിരുദ, ഡിപ്ലോമ കോഴ്സുകള്‍ നടത്താന്‍ അടിസ്ഥാന സൗകര്യമൊരുക്കുക, സംരംഭകത്വ വികസന പരിപാടികള്‍ സംഘടിപ്പിക്കുക, പരിശീലനകേന്ദ്രങ്ങള്‍ തുടങ്ങുക, ശില്പശാലകള്, പ്രദര്‍ശനവിപണന മേളകള്‍ തുടങ്ങിയ പ്രചാരണപരിപാടികള്‍ സംഘടിപ്പിക്കുക എന്നിവയാണ് നിലവിലുള്ള മറ്റുപദ്ധതികള്‍.
ദേശീയമിഷന് സംസ്ഥാനമിഷന്‍ മുഖേന നടപ്പാക്കുന്ന പദ്ധതികളുടെ 85 ശതമാനം ഫണ്ടും കേന്ദ്രസര്‍ക്കാര്‍ നല്‍കും. 15 ശതമാനം ഫണ്ട് സംസ്ഥാന സര്‍ക്കാര്‍ ലഭ്യമാക്കും. കിന്‍ഫ്രയാണ് സംസ്ഥാനതലത്തില്‍ പദ്ധതിയുടെ നോഡല്‍ ഏജന്‍സി. ജില്ലാതലത്തില്‍ ജില്ലാ വ്യവസായ കേന്ദ്രമാണ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുക. മിഷന് കീഴില്‍ നടപ്പാക്കുന്ന പദ്ധതികളെ കുറിച്ചും ധനസഹായത്തെ കുറിച്ചും അറിയുന്നതിന് ജില്ലാ വ്യവസായ കേന്ദ്രവുമായി ബന്ധപ്പെടണമെന്ന് കളക്ടര്‍ അറിയിച്ചു. ഫോണ്‍: 2421432, 2421461.
പ്രതികരിക്കാൻ ഇവിടെ എഴുതുക: