പെരുമ്പാവൂര്‍: നിയന്ത്രണം വിട്ട് സ്വകാര്യബസ് മറിഞ്ഞ് ഒരു മരണം, 35 ഓളം പേര്‍ക്ക് പരിക്ക്. ഒരാള്‍ ഗുരുതരാവസ്ഥയില്‍. കളമശേരി സ്വദേശി തലക്കോട്ടില്‍ വീട്ടില്‍ അബ്ബാസ് (45) ആണ്് മരിച്ചത്.
പെരുമ്പാവൂര്‍ ആലുവ റൂട്ടില്‍ പാലാക്കാട്ടുതാഴത്ത് ഇന്നലെ രാത്രി 7.15 നാണ് അപകടമുണ്ടായത്. പെരുമ്പാവൂരില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന കെ. എല്‍. 7 എ.കെ 5333 രജിസ്ട്രേഷന് നമ്പറിലുളള ലൂണാര്‍ ബസാണ് അപകടത്തില്‍പ്പെട്ടത്. ഒരു ബൈക്ക് യാത്രക്കാരനെ ഇടിക്കാതിരിക്കാന്‍ ശ്രമിക്കുന്നതിനിടെ 25 അടി താഴ്ച്ചയിലേക്ക് മറിയുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ രണ്ടാളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ പെരുമ്പാവൂര്‍ സാന്‍ജോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മറ്റുളളവരെ പെരുമ്പാവൂരും എറണാകുളത്തുമുളള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മലയിടംതുരുത്ത് തഞ്ചക്കാരന്‍ രാജേഷ് (30), പോഞ്ഞാശ്ശേരി മുരിക്കാട്ടില് ഇബ്രാഹിം (55), ചുണങ്ങംവേലി ആലേക്കുടി നാസര്‍ (46), അടിമാലി പൊങ്ങന്‍ചോട് സുധീഷ് (27), മുടിക്കല്‍ മൂലങ്കണ്ണി അബു (67), നെടുന്തോട് കിഴക്കേനട മരയ്ക്കാര്‍ (43), മഞ്ഞപ്ര ബിജു (34), മുടിക്കല്‍ മാളിയന്വീടന് നാസര്‍ (40), മകന് ഷാരിക്ക് (10), ഓണമ്പിളളി ഫൈസല്‍ (28), എടത്തല ഫൈസല്‍ (39), വളയന്‍ചിറങ്ങര കുളങ്ങര എല്‍ദോ (28), വാഴക്കുളം ആദമ്പിളളി ബിജു (30), അന്യസംസ്ഥാന സ്വദേശി നേതാജുല് അസം (25)), കീഴ്മാട് മുളംകുഴി സഹദേവന് (40), പോഞ്ഞാശേരി പെരിങ്ങോട്ട് പറമ്പില്‍ സിയാദ് (32), നെടുന്തോട്് കിഴക്കേടം മക്കാര്‍ (50), പോഞ്ഞാശേരി മുളളന്‍കുന്ന് മാധവന്റെ മകന് അമല്‍ (18), ബംഗാള്‍ സ്വദേശികളായ അമല്‍ചന്ദ് (25), നിന്റു (26) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
പെരുമ്പാവൂരില്‍ നിന്നും എത്തിയ ഫയര്‍ഫോഴ്സ്, പൊലീസ്, പ്രദേശവാസികള്‍ എന്നിവരാണ്് രക്ഷാപ്രവര്‍ത്തനം നടത്തിയത്. രാത്രിയായതിനാല്‍ രക്ഷാപ്രവര്‍ത്തനത്തെ സാരമായി ബാധിച്ചു. തുടര്‍ന്ന് സമീപത്ത് ഉണ്ടായിരുന്ന ക്രെയിന്‍ ഉപയോഗിച്ച് ബസ് പൊക്കിയാണ് ബസിനടിയില്പ്പെട്ടവരെ രക്ഷപ്പെടുത്തിയത്. പെരുമ്പാവൂരില്‍ നിന്നും ആലുവയിലേക്ക് പോവുകയായിരുന്ന ബസിന്റെ അവസാനട്രിപ്പായിരുന്നതിനാല് യാത്രക്കാര്‍ കുറവായിരുന്നു.
സംഭവം അറിഞ്ഞെത്തിയ എംപി കെ.പി.ധനപാലന്, ജെയ്സണ്‍ ജോസഫ് എന്നിവര്‍ പരിക്കേറ്റവരെ ആശുപത്രിയില്‍ സന്ദര്‍ശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: