ന്യൂദല്‍ഹി: ഐഐടികളുടെ സ്വയം ഭരണാവകാശത്തിന് കോട്ടം തട്ടാന്‍ അനുവദിക്കില്ലെന്ന് പ്രധാനമന്ത്രി ഉറപ്പ് നല്‍കിയതായി ഐഐടി ഫാക്കല്‍റ്റി ഫെഡറേഷന്. ഐഐടികളില്‍ പൊതുപ്രവേശനം നടത്താനുള്ള സര്‍ക്കാര്‍ നീക്കം അനുവദിക്കരുതെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിയുമായി നടത്തിയ കൂടിക്കാഴ്ചക്ക് ശേഷമാണ് ഫാക്കല്‍റ്റി ഫെഡറേഷന് ഇക്കാര്യമറിയിച്ചത്. പൊതുപ്രവേശനത്തിനെതിരെയുള്ള തങ്ങളുടെ വാദങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിച്ചെന്നും ഇക്കാര്യങ്ങള്‍ കേന്ദ്രമാനവവിഭവശേഷിമന്ത്രി കപില്‍ സിബലുമായി ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം ഉറപ്പ് നല്‍കിയതായും അഖിലേന്ത്യ ഐഐടി ഫാക്കല്‍റ്റി ഫെഡറേഷന് സെക്രട്ടറി എ.കെ.മിത്തല്‍ പറഞ്ഞു.
ഐഐടി ഉള്‍പ്പെടെയുള്ള കേന്ദ്രീകൃത ഇന്‍സ്റ്റിറ്റിയൂട്ടുകളില്‍ പൊതുപ്രവേശന പരീക്ഷ നടത്താനുള്ള സര്‍ക്കാര്‍ നീക്കം അക്കാദമിക് താത്പര്യങ്ങള്‍ക്കെതിരാണെന്ന് വിവിധ ഐഐടികള്‍ പരാതി ഉന്നയിച്ചിരുന്നു. ഇത്തരത്തിലുള്ള നീക്കം ഐഐടികളുടെ സ്വയംഭരണാവകാശത്തിനെതിരാണെന്ന് ചൂണ്ടിക്കാട്ടി ഐഐടി ഫാക്കല്‍റ്റി ഫെഡറേഷന് പ്രധാനമന്ത്രിക്ക് കത്തയച്ചിരുന്നു. ഇതേത്തുടര്‍ന്നാണ് ഫാക്കല്‍റ്റി ഫെഡറേഷനുമായി പ്രധാനമന്ത്രി ചര്‍ച്ച നടത്തിയത്.
പ്രവേശനപരീക്ഷയില്‍ മാറ്റം വരുത്തുന്നത് 2013 ന് ശേഷമാകണമെന്നാണ് വിവിധ ഐഐടികളുടെ ആവശ്യം. പ്രവേശനത്തിന് പ്ലസ് ടു മാര്‍ക്ക് പരിഗണിക്കുന്നത് കൂടുതല്‍ പഠനങ്ങള്‍ നടത്തിയതിന് ശേഷമായിരിക്കണമെന്നും ഫാക്കല്‍റ്റി ഫെഡറേഷന് ആവശ്യപ്പെട്ടു. സര്‍ക്കാരിന്റെ നിര്‍ദ്ദേശം തള്ളി സ്വന്തം നിലയില്‍ പ്രവേശനപരീക്ഷ നടത്തുമെന്ന ഐഐടി കാണ്‍പൂരിന്റെ നിലപാട് മറ്റ് ഐഐടികള്‍ അനുകരിക്കുമെന്നും ഫെഡറേഷന് സെക്രട്ടറി മിത്തല്‍ ചൂണ്ടിക്കാട്ടി. പുതിയ പരീക്ഷാരീതികള്‍ കുട്ടികളില്‍ സമ്മര്‍ദ്ദം കൂട്ടാനേ ഉപകരിക്കൂ എന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രമാനവവിഭവശേഷി മന്ത്രാലയമാണ് ഐഐടി കളില്‍ പൊതുപ്രവേശനപരീക്ഷ വേണമെന്ന നിര്‍ദ്ദേശം മുന്നോട്ട് വച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ ഐഐടികളുടെ ആശങ്ക പരിഗണിച്ച് മാത്രമേ തീരുമാനമുണ്ടാകൂ എന്ന് കേന്ദ്രമന്ത്രി കപില്‍ സിബലും ഉറപ്പ് നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: