തൊഴിലില്ലായ്മ രൂക്ഷമെന്നവകാശപ്പെടുന്ന കേരളത്തിലെ തൊഴില്‍ മേഖല ഇന്ന് ആശ്രയിക്കുന്നത് അന്യസംസ്ഥാന തൊഴിലാളികളെയാണ്. കുടിയേറ്റ തൊഴിലാളികള്‍ സംസ്ഥാനത്ത് 10 ലക്ഷത്തോളം വരുമെന്നാണ് ഏകദേശ കണക്ക്. കെട്ടിടനിര്‍മാണ മേഖലയിലേക്ക് കുടിയേറിയ ഇവരുടെ സാന്നിധ്യം ഇന്ന് നെല്ലിന്റെ കലവറയായ കുട്ടനാട് പോലും ആശ്രയിക്കുന്നു. കേരളത്തില്‍ കൊയ്യാനോ റോഡ്പണിക്കോ പാറമടകളിലോ എന്നല്ല ശാരീരികാധ്വാനം ആവശ്യപ്പെടുന്ന ഒരു മേഖലയിലും മലയാളിയെ കാണുകയില്ല. മെയ്യനങ്ങി കേരളത്തില്‍ ജോലി ചെയ്യാത്തവര്‍ ഗള്‍ഫില്‍ പൊരിവെയിലത്ത് ഏത് അധ്വാനത്തിനും തയ്യാറാണ്. മലയാളിയുടെ ആസക്തി ലേബലുകളിലാണ്- മറുനാടന്‍ മലയാളി, വെള്ളക്കോളര്‍ തൊഴിലാളി മുതലായവ. ഈ സാഹചര്യത്തില്‍ ബംഗാളില്‍നിന്നും ബീഹാറില്‍നിന്നും ആന്ധ്രയില്‍നിന്നും കര്‍ണാടകയില്‍നിന്നും തമിഴ്നാട്ടില്‍നിന്നും തൊഴിലാളികള്‍ കേരളത്തിലേക്ക് കുടിയേറ്റം നടത്തുന്നു.
ഇവരുടെ തൊഴില്‍രംഗത്തെ പ്രകടനം തൃപ്തികരമെന്ന് പറയുമ്പോഴും ഇവരില്‍ ക്രിമിനലുകള്‍, മാവോയിസ്റ്റുകള്‍, മയക്കുമരുന്ന് വിപണനക്കാര്‍, മോഷ്ടാക്കള്‍ തുടങ്ങിയവര്‍ ഉള്‍പ്പെടുന്നതില്‍ ജനങ്ങള്‍ ഭീതിയിലാണ്. വീട്ടില്‍ കയറിയുള്ള മോഷണങ്ങള്‍ പണ്ട് നടത്തിയിരുന്നത് തമിഴ്നാട്ടിലെ ഒരു ഗ്രാമവാസികളായിരുന്നുവെങ്കില് ഇന്ന് മറുനാടന്‍ തൊഴിലാളികള്‍ മോഷണരംഗത്തും കള്ളനോട്ട് വിതരണരംഗത്തും സജീവമാണ്. കേരളത്തില്‍ ഇവര്‍ കൊണ്ടുവരുന്ന വലിയ വിപത്ത് മാലിന്യവല്‍ക്കരണവും ഇവര്‍ നേരിടുന്ന വിപത്ത് പ്രാഥമിക സൗകര്യങ്ങളുടെ അഭാവത്തില്‍ തൊഴുത്തിലെ കന്നുകാലികളെപ്പോലെ വൃത്തിഹീനമായ സാഹചര്യത്തില്‍ ജീവിക്കേണ്ടിവരുന്നതുമാണ്. അടുത്തയിടെ നടത്തിയ പരിശോധനകളില്‍ ഇവരുടെ ലേബര്‍ക്യാമ്പുകള്‍ വാസയോഗ്യമല്ലെന്ന് കണ്ടെത്തി പൂട്ടേണ്ടിവന്നിരുന്നു.
അന്യസംസ്ഥാനത്തൊഴിലാളികളില്‍ പലരും രോഗാണുവാഹകരുമാണ്. പലതരം പനികള്‍ ഇവരാണ് ഇറക്കുമതി ചെയ്യുന്നതെന്ന ആരോപണം സജീവമാണ്. കേരളത്തില്‍നിന്ന് അപ്രത്യക്ഷമായ മലേറിയ മുതലായ പകര്‍ച്ചവ്യാധികള്‍ കണ്ടെത്തുന്നത് ഇവരുടെ ക്യാമ്പുകളിലാണ്. ഇതോടെ ഇവരുടെ രക്തപരിശോധനക്ക് ആരോഗ്യവകുപ്പ് നീക്കം നടത്തുകയും പ്രതിദിനം രണ്ടായിരത്തോളം പേരുടെ രക്തസാമ്പിളുകള്‍ ശേഖരിക്കുകയും ചെയ്തു. പക്ഷെ ഈ രക്തം പരിശോധിക്കാനുള്ള സംവിധാനം കേരളത്തില്‍ പര്യാപ്തമല്ലാത്തത് ഈ ശേഖരണം വൃഥാവിലാക്കി. രക്തപരിശോധനക്കുള്ള ടെക്നീഷ്യന്മാര് പോലും ഇവിടെ ആവശ്യത്തിനില്ല. ലക്ഷക്കണക്കിന് അന്യസംസ്ഥാന തൊഴിലാളികളെ ഏജന്റുമാര്‍ ഇറക്കുമതി ചെയ്യുമ്പോള്‍ അവരുടെ താമസസ്ഥലം ചേരികളായി വൃത്തിഹീനമായി മാറുന്നതും അവരുടെ രോഗാതുരത കൂട്ടുന്നു. അടുത്തിടെ ഇവരുടെ ചില ക്യാമ്പുകളില്‍ മിന്നല്‍പരിശോധന നടത്തിയപ്പോള്‍ കണ്ട വൃത്തിഹീനമായ കാഴ്ചകളാണ് ലേബര്‍ ക്യാമ്പുകള്‍ അടക്കാന്‍ കാരണമായത്. ഇവിടെ കമ്മീഷന് അടിസ്ഥാനത്തില്‍ ഇറക്കുമതി ചെയ്യുന്ന ഏജന്റുമാര്‍ ഇവരുടെ അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പുവരുത്തുന്നതില്‍ ശ്രദ്ധിക്കാറില്ല. തൊഴിലാളികളെ ഇറക്കുമതി ചെയ്യുന്ന ഏജന്റുമാര്‍ പിന്നീട് അവരുമായി ബന്ധപ്പെടാതെ ഒരു മറുനാടന്‍ തൊഴിലാളി മരിച്ചപ്പോള്‍ അയാള്‍ ഏത് നാട്ടുകാരനാണെന്ന് പോലുമറിയാതെ അനാഥശവമായി സംസ്ക്കരിക്കപ്പെട്ടത് വാര്‍ത്തയായിരുന്നല്ലോ. അന്യസംസ്ഥാന തൊഴിലാളികളുടെ പെരുമാറ്റവും ഇടപഴകലും മലയാളികള്‍ക്ക് അരോചകമായി തോന്നാമെങ്കിലും അവരും മനുഷ്യരാണെന്നും മനുഷ്യസഹജമായ ആവശ്യങ്ങള്‍ക്ക് സംവിധാനം ഒരുക്കണമെന്നും ബന്ധപ്പെട്ടവര്‍ ചിന്തിക്കാറില്ല.
യാതൊരു റെക്കോഡുമില്ലാതെ കുടിയേറുന്ന ഇവരിലെ കുറ്റവാളികളെ കണ്ടെത്താനോ, ഇവരുടെ പേരുവിവരം രജിസ്റ്റര്‍ ചെയ്യാനോ ഉള്ള നീക്കവും സര്‍ക്കാര്‍ ഭാഗത്തുനിന്നുണ്ടാകുന്നില്ല. ഈ തൊഴിലാളികള്‍ സംഘടിതരല്ല. ഇവര്‍ വോട്ടുബാങ്കുകള്‍ അല്ല. ഇവരുടെ ആശ്രയത്തിന് പാര്‍ട്ടി അംഗത്വമില്ല. അങ്ങനെ കേരളത്തില്‍ വന്ന് മലയാളികള്‍ ചെയ്യാന്‍ വൈമുഖ്യം കാണിക്കുന്ന തൊഴിലുകള്‍ കൃത്യമായി ചെയ്യുന്ന ഇവരോടുള്ള പെരുമാറ്റം മനുഷ്യത്വഹീനമാകരുത്.
നോക്കുകൂലി തൊഴിലാളികള്‍ യൂണിഫോം ധരിച്ച് വെറുതെ നോക്കിനിന്ന് ജനങ്ങളെ ചൂഷണം ചെയ്യുന്നുണ്ടെങ്കിലും അവരുടെ പാര്‍ട്ടി അംഗത്വം അവര്‍ക്ക് സുരക്ഷിതത്വം ഉറപ്പുവരുത്തുന്നു. ഇന്ന് മറുനാടന്‍ തൊഴിലാളികള്‍ കേരളത്തെ തൊഴില്‍രംഗത്ത് ഒരു അനിവാര്യ ഘടകമാണെന്ന് തിരിച്ചറിഞ്ഞ് ഇവരുടെ രജിസ്ട്രേഷന് ഏര്‍പ്പെടുത്താനുള്ള പോലീസ് നീക്കം സജീവമാക്കണം. ഈ തൊഴിലാളികള്‍ക്ക് സുരക്ഷിതത്വവും മനുഷ്യത്വപരമായ ജീവിത സാഹചര്യങ്ങളും ഉറപ്പാക്കുന്നതിനോടൊപ്പം ഇവിടെ തീവ്രവാദികളെയും മോഷ്ടാക്കളെയും തിരിച്ചറിയാനും രജിസ്ട്രേഷന് ഉപകരിക്കും. ബന്ധപ്പെട്ട വകുപ്പുകള്‍ ഇതില്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നത് ഇവരുടെ സംസ്ഥാനത്തേക്കുള്ള കുത്തൊഴുക്ക് ശക്തിപ്പെടുന്ന സാഹചര്യത്തിലും ജീവിതസാഹചര്യങ്ങളുടെ അഭാവത്തില്‍ ഇവരുടെ സാന്നിധ്യം മറ്റൊരു മാലിന്യോല്പ്പാദന രംഗമാകുന്നതുകൊണ്ടാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: