കൊച്ചി: രാമേശ്വരം കോളനിയില്‍ ഹൗസിങ് ബോര്‍ഡ് നിര്‍മിച്ച വീടുകളില്‍ താമസിക്കുന്ന 250 കുടുംബങ്ങള്‍ക്ക് പട്ടയം നല്കാന് തീരുമാനമായതായി ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക്ക് പരീത് അറിയിച്ചു. കോളനിയിലെ ഭവനരഹിതര്‍ക്കായി വീടുകള്‍ നിര്‍മിച്ചു നല്‍കിയതില്‍ ഹൗസിങ് ബോര്‍ഡിന്റെ അധികബാധ്യത സര്‍ക്കാര്‍ വഹിക്കും.
ഇന്നലെ തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെയും റവന്യൂ മന്ത്രി അടൂര്‍ പ്രകാശിന്റെയും സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗമാണ് 250 കുടുംബങ്ങള്‍ക്ക് പട്ടയം നല്‍കാനും ഹൗസിങ് ബോര്‍ഡിന്റെ ബാധ്യത സര്‍ക്കാര്‍ ഏറ്റെടുക്കാനും തീരുമാനിച്ചത്. 67 ലക്ഷം രൂപയ്ക്ക് ആവിഷ്കരിച്ച പദ്ധതിയുടെ ഇപ്പോഴത്തെ ബാധ്യത പലിശ അടക്കം 3.32 കോടി രൂപയാണ്.
രാമേശ്വരത്തെ അഞ്ചര ഏക്കര്‍ സ്ഥലത്ത് 250 കുടുംബങ്ങള്‍ക്ക് വീടു വയ്ക്കുന്നതിനുള്ള പദ്ധതി ഹൗസിങ് ബോര്‍ഡ് ആവിഷ്കരിച്ചത് 1987ലാണ്. സ്ഥലത്തിന്റെ വില കോര്പ്പറേഷന് നല്‍കാനും വീട് നിര്‍മാണത്തിന്റെ ചെലവ് സര്‍ക്കാരും ഗുണഭോക്താക്കളും ചേര്‍ന്ന് വഹിക്കുന്ന രീതിയിലുമാണ് പദ്ധതിക്ക് രൂപം നല്‍കിയത്.
പദ്ധതി പൂര്‍ത്തീകരിച്ചെങ്കിലും ആരും പണമടച്ചില്ല. കോളനിവാസികള്‍ക്ക് പട്ടയവും ലഭിച്ചില്ല. ഈ വിഷയം ഡൊമിനിക് പ്രസന്റേഷന് എം.എല്‍.എ മുഖ്യമന്ത്രിയുടെയും റവന്യൂ മന്ത്രിയുടെയും ശ്രദ്ധയില്‍ പെടുത്തിയതോടെയാണ് പ്രശ്ന പരിഹാരത്തിന് വഴി തെളിഞ്ഞത്. പദ്ധതി നടപ്പാക്കുന്നതിന് ചെലവായ തുക ഒറ്റത്തവണ തീര്‍പ്പാക്കലിലൂടെ ഈടാക്കാനാണ് ഉന്നതതലയോഗത്തിലെ തീരുമാനം. കൊച്ചി കോര്‍പ്പറേഷന്റെ വിഹിതമായ 27 ലക്ഷം രൂപ എട്ട് ശതമാനം പലിശയടക്കം 72 ലക്ഷം രൂപ അടക്കും. ബാക്കിത്തുകയാണ് സര്‍ക്കാര്‍ വഹിക്കുക. ഇതിന് ശേഷം സ്ഥലം റവന്യൂ വകുപ്പിന് കൈമാറി അന്തേവാസികള്‍ക്ക് പട്ടയം അനുവദിക്കാന്‍ നടപടി സ്വീകരിക്കും.
അടുത്ത മന്ത്രിസഭായോഗത്തില്‍ വിഷയം അവതരിപ്പിച്ച് അംഗീകാരം തേടുമെന്നും മുഖ്യമന്ത്രി അറിയിച്ചതായി കളക്ടര്‍ വ്യക്തമാക്കി. ഹൗസിങ് ബോര്‍ഡ് ചെയര്മാന് അടക്കമുള്ള ഉദ്യോഗസ്ഥരും കോര്പ്പറേഷന് കൗണ്‍സിലര്‍ സിബി റോയിയും യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: