മൂവാറ്റുപുഴ: പ്രീമെട്രിക് ഹോസ്റ്റലിലെ ഫണ്ട് തിരിമറി നടത്തിയ സംഭവത്തില്‍ കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് കേരള പുലയര്‍ മഹാസഭ മൂവാറ്റുപുഴ താലൂക്ക് യൂണിയന്റെ ആഭിമുഖ്യത്തില്‍ മുനിസിപ്പല്‍ ഓഫീസ് ഉപരോധിച്ചു. മുനിസിപ്പല്‍ ഓഫീസിന് മുന്നില്‍ നടന്ന സമരം ജില്ലാ സെക്രട്ടറി കെ. എ. സിബി ഉദ്ഘാടനം ചെയ്തു. ജില്ലാ അസി. സെക്ര. കെ. ടി. ധര്മ്മജന്, ശശി കുഞ്ഞുമോന്, ടി.ചന്ദ്രന്, കെ. സി. അനീഷ്, ഒ. കെ. കുട്ടപ്പന്, എം. പി തങ്കപ്പന്, പി. ശശി, ഗോപി ചൂണ്ടമല എന്നിവര്‍ പ്രസംഗിച്ചു.
ഇതിനിടെ നഗരസഭ വക പ്രീമെട്രിക് ഹോസ്റ്റലിനെ സംബന്ധിച്ച ആരോപണം അടിസ്ഥാന രഹിതമെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. പ്രിമെട്രിക് ഹോസ്റ്റലിലേക്ക് ആവശ്യമുള്ള പലചരക്ക്, പച്ചക്കറി, മത്സ്യം, മാംസം, പാല് തുടങ്ങിയ സാധനങ്ങള്‍ ഡിപ്പാര്‍ട്ട്മെന്റ് സ്റ്റോര്‍, നഗരത്തിലെ മറ്റ് വ്യാപാരികള്‍ എന്നിവടങ്ങളില്‍ നിന്നും കടമായിട്ടാണ് വാങ്ങി നല്‍കുന്നത്. സര്‍ക്കാര്‍ അലോട്ട്മെന്റ് ലഭിക്കുന്ന മുറയ്ക്ക് ട്രഷറി വഴിയാണ് ഇവയുടെ പെയ്മെന്റ് നല്‍കുന്നത്. ഹോസ്റ്റലിന്റെ വൈദ്യുതി, വെള്ളം, ഫോണ്‍ ബില്ലുകളും സംസ്ഥാന സര്‍ക്കാരില്‍ നിന്നും ഫണ്ട് ലഭിക്കുന്ന മുറയ്ക്ക് നല്‍കുകയാണ് പതിവ്.
2011ലെ ആഗസ്റ്റ് വരെയുള്ള ചെലവുകള്‍ക്കുള്ള 2012 മാര്‍ച്ച് മാസത്തിലാണ് അലോട്ട്മെന്റ് ലഭിച്ചിട്ടുള്ളത്. 2,37,550 രൂപയ്ക്കുള്ള അലോട്ട്മെന്റ് ബില്ലുകളും വൗച്ചറും അന്നെ ദിവസം തന്നെ ട്രഷറിയില്‍ സമര്‍പ്പിച്ചുവെങ്കിലും അലോട്ട്മെന്റ് ലഭ്യമല്ലെന്ന കുറിപ്പോടെ ട്രഷറിയില്‍ നിന്നും മടക്കുകയാണ് ചെയ്തത്. വിവരം ജില്ലാ പട്ടികജാതി ഓഫീസറെ അറിയിക്കുകയും വീണ്ടും അലോട്ട്മെന്റ് അനുവദിക്കുന്നതിനാവശ്യമായ നടപടികള്‍ ചെയ്യുമെന്ന് പട്ടികജാതി ഓഫീസര്‍ അറിയിക്കുകയും ചെയ്തു. ബില്‍ പാസ്സായില്ലെങ്കിലും ഹോസറ്റലിലെ ഭക്ഷണം ഉള്‍പ്പടെയുള്ള കാര്യങ്ങള്‍ക്ക് യാതൊരു വിധ തടസവും വരാതെ നഗരസഭ നിര്വ്വഹിച്ചുവരുന്നുണ്ടെന്നും, ഹോസ്റ്റലിലേക്കുള്ള ഫണ്ട് വകമാറ്റി ചിലവഴിച്ചുവെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും പറയുന്നു. ഒരാവശ്യത്തിന് ലഭിക്കുന്ന അലോട്ട്മെന്റ് വകമാറ്റി ചിലവഴിക്കുവാന്‍ കഴിയില്ലെന്ന വസ്തുത നിലനില്‍ക്കെ രാഷ്ട്രീയ പ്രേരിതമായി നടത്തുന്ന ആരോപണങ്ങള്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുവാന്‍ മാത്രമായുള്ളതാണെന്ന് നഗരസഭ ചെയര്മാന് യു. ആര്.ബാബുവും പറഞ്ഞു. കൂടാതെ പ്രീമെട്രിക് ഹോസ്റ്റലിന്റെ നടത്തിപ്പിനുള്ള തുക സര്‍ക്കാര്‍ മുന്‍കൂട്ടി നല്‍കാത്ത സാഹചര്യത്തില്‍ നടപ്പുവര്‍ഷം മുതല്‍ ഈ ആവശ്യത്തിലേക്കായി പ്ലാന്‍ഫണ്ടില്‍ ഉള്‍പ്പെടുത്തി പ്രത്യേക പദ്ധതി ആവിഷ്കരിച്ചു നടപ്പാക്കുന്നതിനും നഗരസഭ നടപടി സ്വീകരിക്കുന്നുണ്ടെന്നും ചെയര്മാന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: