നിയമങ്ങളുടെ അഭാവമല്ല, നിയമങ്ങളെപ്പറ്റിയുള്ള അവബോധമില്ലായ്മയും നിയമനടപടി സ്വീകരിച്ചാല്‍ ഉണ്ടായേക്കാവുന്ന സാമൂഹിക പ്രത്യാഘാതങ്ങളുമാണ് ഒരു പങ്കുവരെ സ്ത്രീകള്‍ സുരക്ഷിതരാകാതിരിക്കുന്നതിന് കാരണം. സ്ത്രീധന നിരോധന നിയമം, സ്ത്രീ പീഡന നിരോധന നിയമം, ഗാര്‍ഹിക പീഡന നിരോധന നിയമം, ആഡംബര വിവാഹ നിയന്ത്രണം തുടങ്ങിയ നിയമങ്ങള്‍ ഇന്ത്യയില്‍ നിലവിലുണ്ട്. പക്ഷെ ഈ ആഗോളീകൃത കാലഘട്ടത്തിലും സ്ത്രീകള്‍ അഭ്യസ്തവിദ്യരായിട്ടും സ്ത്രീപീഡനങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുവരുന്നതായാണ് കണ്ടുവരുന്നത്; പ്രത്യേകിച്ച് കേരളത്തില്‍.
ഇന്ന് സ്ത്രീകള്‍ക്ക് ഒരിടവും സുരക്ഷിതമല്ല. സ്വകാര്യ ഇടം മുതല്‍ പൊതുഇടം വരെ. വീട്ടിലും വാഹനങ്ങളിലും നിരത്തുകളിലും ഓഫീസുകളിലും സ്ത്രീ പീഡനവിധേയയാകുന്നു. ട്രെയിനില്‍ സൗമ്യ ക്രൂരമായി ബലാല്‍സംഗം ചെയ്ത് കൊല്ലപ്പെട്ട ശേഷമാണ് ടിടിആര്‍മാരും യാത്രക്കാരികളെ പീഡിപ്പിക്കുന്നു എന്ന വസ്തുത വെളിയില്‍ വന്നത്. സ്കൂള്‍ ബസ്സില്‍ പെണ്‍കുട്ടികള്‍ കയറിയാല്‍ ബസ്സ് കണ്ടക്ടര്‍ കുട്ടിയെ പീഡിപ്പിക്കുന്നു. ആട്ടോറിക്ഷയില്‍ സ്കൂളിലേയ്ക്ക് കൊണ്ടുപോകുന്ന കുട്ടികളും പീഡനവിധേയരാകുന്നു. ഇന്ന് രാത്രികള്‍ സ്ത്രീകള്‍ക്ക് നിഷിദ്ധമാണ്. സൂര്യന് അസ്തമിച്ചാല് പൊതുയിടങ്ങളില്‍ സ്ത്രീസാന്നിധ്യവും അസ്തമിക്കണം എന്നാണ് ഇന്നത്തെ അലിഖിത നിയമം.
ഗര്‍ഭപാത്രം മുതല്‍ ശവക്കല്ലറവരെ സ്ത്രീകള്‍ക്ക് രക്ഷയില്ല. പെണ്‍ഭ്രൂണഹത്യ വര്‍ധിച്ചുവരുന്നതായാണ് കണക്ക്. മദ്യപിച്ച് കല്ലറ തോണ്ടി ശവശരീരം പുറത്തെടുത്ത് ബലാല്‍സംഗം ചെയ്ത കേസും കേരളത്തിലുണ്ടായിട്ടുണ്ട്. പെണ്‍കുട്ടികള്‍ മന്ദബുദ്ധികളാണെങ്കില്‍ അവള് വീട്ടുകാര്‍ക്കും അയല്വക്കക്കാര്ക്കും ഇരയാണ്.
എന്തുകൊണ്ടിങ്ങിനെ? ആഗോളവല്‍ക്കരണ സാഹചര്യത്തില്‍, ഇന്റര്‍നെറ്റിന്റേയും മൊബെയില്‍ ഫോണുകളുടെയും പ്രളയത്തില്‍ സാമൂഹിക കാലാവസ്ഥ തന്നെ മാറി മറിഞ്ഞു കഴിഞ്ഞു. ഇന്ന് മൊബെയില്‍ ഫോണും ഫേസ്ബുക്കും സ്ത്രീകളെ സൈബര്‍ സിറ്റിസണ്‍സ് ആക്കുമ്പോള്‍ സൈബര്‍ ലോകം ഒരുക്കുന്ന ചതിക്കുഴികളെ പറ്റി സ്ത്രീകള്‍ തികച്ചും അജ്ഞരാണ്. എന്തുകൊണ്ട് സ്ത്രീകള്‍ മൊബെയില്‍ പ്രണയത്തില്‍ കുടുങ്ങുന്നു? മൊബെയില്‍ പീഡന ഇരകള്‍ അധികവും പെണ്‍കുട്ടികളും ഭര്ത്താക്കന്മാര് ഗള്‍ഫിലായ ഭാര്യമാരുമാണ്. ഈ പ്രണയ സമുദ്രത്തില്‍ ഇരകളെ തേടുന്നവര്‍ യാചകരും ആട്ടോറിക്ഷാ ഡ്രൈവര്‍മാരും വൃദ്ധന്മാരും ആണ്. എന്തുകൊണ്ട് മുഖമില്ലാത്ത ഒരു ശബ്ദത്തില്‍ ആകൃഷ്ടരായി പെണ്‍കുട്ടികള്‍ വീട് വിട്ടിറങ്ങുന്നു എന്നന്വേഷിക്കുമ്പോള്‍ തെളിയുന്നത് ഇതില്‍ പലരും വിവാഹ വാഗ്ദാനങ്ങളില്‍ കുടുങ്ങിയാണ് വലയില്‍പ്പെടുന്നത് എന്നാണ്. കേരളത്തിലെ യുവതികള്‍ക്കും വിവാഹം ആണ് ജീവിതലക്ഷ്യം. പ്രണയവിവാഹമാണെങ്കില്‍ സ്ത്രീധനം ഒഴിവാക്കാം എന്ന ധാരണയും ഈ പെണ്‍കുട്ടികളെ മോഹിപ്പിക്കുന്നു.
സാധാരണ ഫെമിനിസ്റ്റുകള്‍ പറയുക സ്ത്രീയ്ക്ക് കുടുംബത്തിലും സമൂഹത്തിലും സമത്വമില്ലാത്തതാണ് ഈ പുരുഷദാസ്യത്തിന് വളം എന്നാണ്. ഇന്ന് കുടുംബബന്ധങ്ങള്‍ ശിഥിലമാകുമ്പോഴും കുടുംബകോടതികളില് വിവാഹമോചന കേസുകള്‍ വര്‍ധിക്കുമ്പോഴും വിവാഹം എന്ന ആത്യന്തിക സ്ത്രീ ലക്ഷ്യത്തില്‍ മാറ്റം വരുന്നില്ല. ബുദ്ധിമാന് മറ്റുള്ളവരുടെ അനുഭവങ്ങളില്‍ നിന്നും പഠിക്കുന്നു. വിഡ്ഢി സ്വന്തം അനുഭവത്തില്‍നിന്നും. ഈ തത്വം അനുസരിച്ച് സ്ത്രീകള്‍ വിഡ്ഢികളാണ് എന്ന് അംഗീകരിക്കേണ്ടിവരുമ്പോഴും അവരില്‍ ഇങ്ങനെ മൂഢസ്വര്‍ഗ സങ്കല്‍പ്പം നിറക്കുന്നത് കുടുംബങ്ങള്തന്നെയല്ലേ? ഈ 21-ാം നൂറ്റാണ്ടിലും പ്രായമായ സ്ത്രീകള്‍ പെണ്കുട്ടികളോടുപദേശിക്കുന്നത് തന്റേടം പാടില്ല എന്നും അടക്കവും ഒതുക്കവും ഉള്ളവരാകണം എന്നുമാണ്. ഇതിന്റെ പരിഭാഷ പുരുഷ വിധേയത്വം എന്നാണ്. വിധേയയല്ലെങ്കില് വിവാഹമില്ല. വിവാഹമില്ലെങ്കില്‍ ജീവിതമില്ല.
യഥാര്‍ത്ഥത്തില്‍ സ്ത്രീകള്‍ക്ക് ലഭിക്കുന്ന വിദ്യാഭ്യാസത്തിലും അറിവുകളിലും ഉള്‍ക്കാഴ്ചയുടെ അംശംപോലും ഇല്ല. സ്ത്രീയ്ക്ക് സാമ്പത്തിക ശാക്തീകരണം ലഭിച്ചാല്‍ സ്വാഭാവികമായി മാനസിക ശാക്തീകരണവും ലഭിക്കും എന്നത് മിഥ്യാ സങ്കല്പ്പമാണെന്ന് ഉദ്യോഗസ്ഥകളായ സ്ത്രീകളുടെ ജീവിതാനുഭവങ്ങള്‍ തെളിയിക്കുന്നു. തന്റെ സമ്പാദ്യത്തില്‍ സ്ത്രീയ്ക്ക് നിയന്ത്രണമില്ല. അത് തീരുമാനിക്കുന്നത് കുടുംബനാഥനാണ്. കുടുംബശ്രീ സ്ത്രീകളെ ശാക്തീകരിച്ചു എന്നത് വളരെ ശരിയാണ്. തങ്ങള്‍ സ്വന്തം കാലില്‍ നില്‍ക്കുന്നവരാണെന്ന ബോധം അവരുടെ ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നു. സംഘബോധം അവര്‍ക്ക് കരുത്താണ്. പക്ഷെ അവരും പുരുഷവിധേയരാണ്.
ഇന്ന് വീടുകളില്‍ പിതാക്കന്മാര് പെണ്മക്കളെ വ്യാപകമായി പീഡിപ്പിക്കുന്നുണ്ട്. ഇക്കാര്യം അമ്മയോട് പറഞ്ഞാല്‍ പോലും അമ്മ മകളോട് നിശ്ശബ്ദത പാലിക്കാനാണ് പറയുക. എന്തുവിലകൊടുത്തും കുടുംബം ഭദ്രമായിരിക്കണം. സ്വന്തം മകളുടെ ശരീരം പിച്ചിച്ചീന്തപ്പെട്ട് അവള് മാനസിക സമ്മര്ദത്തിനടിപ്പെട്ടാലും അമ്മമാര്‍ ഗൗനിക്കുന്നില്ല. സ്കൂളില്‍ കൗണ്‍സലറോട് മനോവിഷമം പങ്കുവക്കുന്ന പെണ്‍കുട്ടികളുടെ അച്ഛനമ്മമാരാണ് സ്കൂള്‍ അധികൃതരുടെ ഇടപെടലില്‍ ഇക്കാലത്ത് ജയിലിലാകുന്നത്. സ്കൂളില്‍ അധ്യാപകന് പീഡിപ്പിക്കുന്ന വസ്തുത അമ്മയോട് പറഞ്ഞാലും നിശ്ശബ്ദത പാലിക്കാനാണ് ഉപദേശം. അതിന് കാരണം മകളുടെ സ്വഭാവദൂഷ്യമാണ് അധ്യാപകനെ പ്രലോഭിപ്പിച്ചതെന്ന് കേള്‍ക്കുന്നവര്‍ പറയുമെന്നതാണ്.
ഇത്തരം ബഹുവിധ മൂഢസങ്കല്പ്പങ്ങള്ക്കടിമയാകുന്ന കേരള സ്ത്രീയ്ക്ക് പ്രതികരണ ശേഷി ഇല്ല എന്ന് കാണാവുന്നതാണ്. പെണ്‍കുട്ടികള്‍ പ്രതികരിച്ചാലും പ്രായമായവര്‍ പറയും തന്റേടിയാകല്ലേ എന്ന്. സ്ത്രീകള്‍ക്ക് തന്റേടം നിഷിദ്ധമാണ്. കാരണം എന്തെന്നല്ലേ? തന്റേടികളെ ആരും വിവാഹം കഴിക്കില്ല. യഥാര്‍ത്ഥത്തില്‍ കുടുംബം എന്നത് ഒരു മൂല്യാധിഷ്ഠിത സങ്കല്‍പ്പമാണെന്നും അതില്‍ പുരുഷനും സ്ത്രീയും തുല്യരാണെന്നും ജോലികള്‍ സഹിതം എല്ലാം പങ്കുവയ്ക്കുന്നതാകണമെന്നുമാണ് ഉത്തമ കുടുംബത്തിന്റെ ലക്ഷണം. പക്ഷെ സ്ത്രീകളുടെ ‘മള്‍ട്ടി ടാസ്കിംഗ്’ (ഒരേ സമയം പലവിധ ജോലികള്‍ ചെയ്യാനുള്ള കഴിവ്) പുരുഷന് ചൂഷണം ചെയ്യുകയാണ്. അടുത്തയിടെ ആകാശവാണിയുടെ എഫ്എമ്മിലെ ഒരു ഫോണ്‍-ഇന്‍ പ്രോഗ്രാമില്‍ പങ്കെടുക്കവെ വീട്ടില്‍ വിധേയത്വമല്ല സമത്വമാണ് വേണ്ടതെന്ന് ഞാന്‍ പറഞ്ഞത് പുരുഷന്മാരെ പ്രകോപിപ്പിച്ചിരുന്നു. സ്ത്രീകള്‍ക്കായുള്ള ഈ ഫോണ്‍-ഇന്‍ പരിപാടിയില്‍ പങ്കെടുത്തവരില്‍ ഭൂരിപക്ഷം പേരും പുരുഷന്മാരായിരുന്നു! അതിനുശേഷം വീട്ടില്‍ എത്തിയപ്പോള്‍ എന്നെ വിളിച്ച് ചില സ്ത്രീകള്‍ പറഞ്ഞത് പരസ്യമായി പറയാന്‍ അവര്‍ക്ക് പേടിയായിരുന്നു എന്നാണ്. അവര്‍ ആരെയാണ് ഭയപ്പെട്ടത്? സ്വന്തം ഭര്‍ത്താവിനെയോ, സമൂഹത്തെയോ?
ഇപ്പോള്‍ കേരള സര്‍ക്കാര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗിക അതിക്രമങ്ങള്‍ തടയുന്നതിനായി ‘നിര്‍ഭയ’ എന്ന പദ്ധതി രൂപീകരിക്കുകയാണ്. അഭിനന്ദനാര്‍ഹമാണ് എന്ന് പറയുമ്പോഴും ഈ വച്ചുനീട്ടുന്ന സഹായഹസ്തം സ്വീകരിക്കാനുള്ള സന്നദ്ധത കൂടി സ്ത്രീകളില്‍ സംജാതമാകേണ്ടിയിരിക്കുന്നു. ‘നിര്‍ഭയ’യുടെ അനുഭവത്തില്‍ തന്നെ പറയുന്നത് സര്‍വകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയര്‍ന്നതായിട്ടും രാഷ്ട്രീയ, സാംസ്ക്കാരിക, സാഹിത്യ, സാമൂഹിക മണ്ഡലങ്ങളില്‍ സ്ത്രീ സാന്നിദ്ധ്യം പരിമിതമാണെന്നാണ്. സ്ത്രീ പുരുഷ ബന്ധങ്ങളെക്കുറിച്ചുള്ള തെറ്റായ ധാരണകള്‍ സ്ത്രീപീഡനങ്ങള്‍ക്കും ബലാല്‍സംഗത്തിനും വഴി ഒരുക്കുന്നു എന്നും അതുകൊണ്ട് സ്ത്രീകളുടേയും കുട്ടികളുടേയും സുരക്ഷയ്ക്കാണ് ‘നിര്‍ഭയ’ എന്നും വിശദീകരിക്കുന്നുണ്ട്. ലൈംഗിക ആവശ്യങ്ങള്‍ക്ക് സ്ത്രീകളെ കടത്തിക്കൊണ്ടുപോകല്‍ കൂടുകയും പെണ്‍വാണിഭം ഫ്ലാറ്റുകളിലും വീടുകളിലും നടക്കുകയും ചെയ്യുന്നു. ഇതിന്റെ പ്രേരകശക്തി ഉപഭോഗ ക്രമം മാത്രമല്ല അമിത മദ്യപാനം വഴിയുള്ള അധിക ലൈംഗിക ദാഹവും സ്ത്രീകള്‍ ഉപഭോഗ വസ്തുവാണെന്ന ധാരണയുമാണ്.
‘നിര്‍ഭയ’ പദ്ധതിരേഖയില്‍ പറയുന്നത് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള ലൈംഗികാതിക്രമവും ലൈംഗികവാണിഭവും മനുഷ്യാവകാശ ലംഘനം മാത്രമല്ല ശാരീരികവും മാനസികവും മനഃശാസ്ത്രപരവും ധാര്‍മികവുമായ, ജീവിതാവസാനംവരെ നീണ്ടുനില്‍ക്കുന്ന പ്രത്യാഘാതം സൃഷ്ടിക്കുന്നു എന്നാണ്. എച്ച്ഐവി-എയ്ഡ്സ് വ്യാപനത്തിനും സാധ്യതയുണ്ട്. പീഡിതര്‍ അവഗണിക്കപ്പെട്ട് അതേ പാത പിന്തുടരുന്നു. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള ലൈംഗികാതിക്രമം തടയാനും അവര്‍ക്ക് സംരക്ഷണം നല്കുവാനും നിയമപരമായി ശക്തമായി ഇടപെടാനുമാണ് ‘നിര്‍ഭയ’ ലക്ഷ്യമിടുന്നത്. പീഡിതര്‍ക്ക് മനഃശാസ്ത്രപരമായ പിന്‍ബലവും സാമ്പത്തികശാക്തീകരണവും പുനരേകീകരണവും ലക്ഷ്യമിടുന്നുണ്ട്. ഈ പ്രവണത തടയാന്‍ തദ്ദേശസ്ഥാപനങ്ങളുടെ ഇടപെടലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്നത്. ജാഗ്രതാ സമിതികളുടെ രൂപീകരണത്തിലൂടെ ഇത് തടയാമെന്നാണ് പ്രതീക്ഷ.
‘നിര്‍ഭയ’യുടെ പ്രതിരോധരീതി ജീവിതനൈപുണ്യ വിദ്യാഭ്യാസം നല്കി സ്ത്രീത്വത്തിന്റെയും പൗരുഷത്തിന്റെയും ശരിയായ നിര്‍വചനത്തിലൂടെ ലിംഗഭേദം, ലൈംഗികത, ശരിയായ സ്പര്‍ശം, തെറ്റായ സ്പര്‍ശം എന്നിവ തിരിച്ചറിയാനും തെറ്റുകളോട് അരുത് എന്ന് പറയാനുള്ള ആര്‍ജവം നേടാനും മറ്റും കഴിയും. സ്കൂളില്‍ ആണ്-പെണ്‍കുട്ടികള്‍ തമ്മില്‍ ആരോഗ്യകരമായ ഇടപെടല്‍ പ്രോത്സാഹിപ്പിക്കും. കൗണ്‍സലിംഗ്, ഹെല്‍പ്പ് ഡെസ്ക്കുകള്‍, ബാലപീഡിതരെ തിരിച്ചറിയുവാനുള്ള പരിശീലനം, പുനരധിവാസം, സ്കൂള്‍ പരിസരത്ത് ക്രൈം മാപ്പിംഗ്, ലൈംഗികാതിക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന റിപ്പോര്‍ട്ടുകള്‍ തിരിച്ചറിയാനായി മാധ്യമ നിരീക്ഷണം, ബസ്സ്റ്റേഷനുകളിലും റെയില്‍വേസ്റ്റേഷനുകളിലും നടക്കുന്ന ലൈംഗിക അതിക്രമങ്ങളെയും ലൈംഗിക വാണിഭത്തെയും തടുക്കുന്നതിനുള്ള പരസ്യപ്രചാരണ സന്ദേശം, മദ്യപാനത്തെക്കുറിച്ചും മദ്യപാനം കുടുംബത്തിലുണ്ടാക്കുന്ന പ്രത്യാഘാതങ്ങളെക്കുറിച്ചും തീവ്രപ്രചാരണം, ലൈംഗിക വാണിഭവിരുദ്ധ സ്ക്വാഡ്, പുനരധിവാസം മുതലായവയും നിര്‍ഭയ നിര്‍ദ്ദേശിക്കുന്നു. ഇതിന് സര്‍ക്കാര്‍ ‘കേരള പ്രൊട്ടക്ഷന്‍ ആന്റ് ഡിഗ്നിറ്റി ഓഫ് വിമന്‍ ആക്ടും’ പാസാക്കാന്‍ ഉദ്ദേശിക്കുന്നു. ഇത് സംബന്ധിച്ച ബില്‍ അഭിപ്രായ രൂപീകരണത്തിനായി പൊതുചര്‍ച്ചക്ക് വെച്ച് നിയമസഭയില്‍ അവതരിപ്പിക്കാനാണ് ശ്രമിക്കുന്നത്. ഇതില്‍ക്കൂടി സമഗ്രമായ സ്ത്രീ ശാക്തീകരണമാണ് ലക്ഷ്യമിടുന്നത്. ഇതുപ്രകാരം വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ആരാധനാലയങ്ങള്‍, ബസ്സ്റ്റോപ്പുകള്‍, റോഡ്, റെയില്‍വേ സ്റ്റേഷന്, സിനിമാതിയേറ്റര്‍, പാര്‍ക്കുകള്‍ മുതലായ പൊതു ഇടങ്ങളില്‍ മൊബെയില്‍ ഫോണ്‍ ചിത്രമെടുത്തുള്ള ബ്ലാക്മെയില്‍ മുതലായവക്ക് മൂന്ന് കൊല്ലം ശിക്ഷ ലഭിക്കും. സ്ത്രീപീഡന മരണങ്ങള്‍ക്ക് 10 കൊല്ലം തടവുശിക്ഷ, സ്ത്രീ ആത്മഹത്യക്ക് പ്രേരിപ്പിച്ച ആള്‍ക്ക് 10 കൊല്ലം തടവുശിക്ഷ, സ്ഥാപനങ്ങളിലെ പീഡനത്തിന് സ്ഥാപനാധികാരികള്‍ക്ക് ശിക്ഷ മുതലായവയാണ് നിര്‍ദ്ദേശിക്കുന്നത്. പബ്ലിക് വാഹനങ്ങളില്‍ സ്ത്രീസുരക്ഷ ഉറപ്പുവരുത്തേണ്ട ചുമതല അത് ഓടിക്കുന്നവര്ക്കായിരിക്കും. സ്ത്രീകളെ മുഖ്യധാരയിലെത്തിക്കാനാണ് ഈ സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്നാണ് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് പ്രസ്താവിച്ചിരിക്കുന്നത്.
ഞാന്‍ മുകളില്‍ പറഞ്ഞപോലെ നിയമങ്ങളുടെ അഭാവമല്ല, സാമൂഹ്യ വ്യവസ്ഥിതിയുടെ തകരാറും കുടുംബങ്ങളിലെ അവബോധനപ്പിഴവുമാണ് സ്ത്രീകള്‍ മുഖ്യധാരയിലെത്താത്തതിന് പ്രധാന കാരണം. ഇപ്പോള്‍തന്നെ വനിതാ കമ്മീഷന് പറയുന്നത് സ്ത്രീകള്‍ക്കെതിരെ സൈബര്‍ കുറ്റങ്ങള്‍ വര്‍ധിക്കുകയാണെന്നാണ്. നഴ്സായി ജോലിചെയ്യുന്ന യുവതിയെ ഒന്‍പത് കൊല്ലമായി മൊബെയില്‍ ഫോണിലൂടെ ഒരാള്‍ ശല്യം ചെയ്തു എന്ന പരാതി വരുമ്പോള്‍ എന്തുകൊണ്ട് പ്രതികരിക്കാതെ ഒന്‍പത് കൊല്ലം സഹിച്ചു എന്ന ചോദ്യം ഉയരുന്നില്ലേ? ധ്യാനകേന്ദ്രങ്ങളാണ് മറ്റൊരു അപകടം. സ്വകാര്യ വ്യക്തികള്‍ നടത്തുന്ന ധ്യാനകേന്ദ്രത്തെക്കുറിച്ച് നിരവധി പരാതികള്‍ ഉയരുന്നുണ്ടത്രേ. പെണ്‍കുട്ടികളെ ആകര്‍ഷിച്ച് ധ്യാനകേന്ദ്രത്തിലെ അന്തേവാസിയാക്കി ചൂഷണം ചെയ്യുന്ന രീതിയും പരാതിയായി. ലൗ ജിഹാദിലൂടെ എത്രയോ ലക്ഷം പെണ്‍കുട്ടികള്‍ മതംമാറിയപ്പോള്‍ നല്ലൊരു വിഭാഗം എത്തിയത് മദ്രസകളിലായിരുന്നു. ബാലവേലക്ക് മണിപ്പൂരില്‍നിന്ന് കടത്തിക്കൊണ്ടുവന്ന 31 ആണ്‍കുട്ടികളെയും മുസ്ലീം മതപഠനകേന്ദ്രങ്ങളിലാണ് എത്തിച്ചത്. ബാലവേല മൂന്ന് വര്‍ഷം തടവും പിഴയും ലഭിക്കുന്ന ശിക്ഷയായിട്ടും ഇത് നിര്‍ബാധം തുടരുന്നു.
നിയമങ്ങള്‍ സൃഷ്ടിച്ചതുകൊണ്ടായില്ല, അത് വേണ്ടവിധത്തില്‍ ഉപയോഗിക്കാനുള്ള തന്റേടവും ധൈര്യവും മാനസികാവസ്ഥയുംകൂടി സ്ത്രീകളില്‍ സംജാതമാക്കേണ്ടതുണ്ട്.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: