മലപ്പുറം ജില്ലയിലെ അരീക്കോട് കുനിയിലില്‍ ഞായറാഴ്ച രാത്രി വെട്ടേറ്റ കൊലക്കേസ് പ്രതികളായ സഹോദരങ്ങള്‍ മരിച്ച സംഭവം കേരളത്തില്‍ കാട്ടുനീതിയാണ് നടക്കുന്നതെന്നതിന്റെ ഏറ്റവും ഒടുവിലത്തെ തെളിവാണ്. കൊളക്കാടന്‍ അബൂബക്കര്‍ എന്ന ഗുലാം കുഞ്ഞാപ്പു, കൊളക്കാടന്‍ ആസാദ് എന്നിവരാണ് ആശുപത്രിയില്‍ മരിച്ചത്. കഴിഞ്ഞ ജനുവരിയില്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പിനെച്ചൊല്ലിയുണ്ടായ തര്‍ക്കത്തെതുടര്‍ന്ന് അതീഖ് റഹ്മാന് എന്ന യുവാവിനെ കുത്തിക്കൊന്ന കേസിലെ പ്രതികളായ ഇരുവരും ജാമ്യത്തിലിറങ്ങിയതായിരുന്നു. ഞായറാഴ്ച രാത്രി എട്ടുമണിയോടെയാണ് കുനിയില്‍ അങ്ങാടിയില്‍ ഇരുവര്‍ക്കും വെട്ടേറ്റത്. കുനിയില്‍ അങ്ങാടിയിലെ തന്റെ കടയിലിരിക്കുകയായിരുന്ന ആസാദിനെയും തൊട്ടടുത്ത കട വരാന്തയിലിരിക്കുകയായിരുന്ന അബൂബക്കറിനെയും പച്ച സുമോയിലെത്തിയ മുഖംമൂടി സംഘം വാളുപയോഗിച്ച് വെട്ടുകയായിരുന്നു. അതീഖ് റഹ്മാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമായാണ് ഇവരെ കൊലപ്പെടുത്തിയതെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകത്തിന് ശേഷം അക്രമി സംഘം സുമോയുമായി നിലമ്പൂര്‍ ഭാഗത്തേക്ക് അതിവേഗത്തില്‍ ഓടിച്ചുപോയി. നിലമ്പൂര്‍ പുള്ളിപ്പാടം റോഡരികില്‍ കൊലയാളികള്‍ ഉപയോഗിച്ച വാഹനം കണ്ടെത്തി. അതില്‍ ചോരക്കറ പുരണ്ട ആയുധങ്ങളും കിട്ടിയിട്ടുണ്ട്. 4 പ്രതികളെ ഇതിനോടകം കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ആറാം പ്രതിയായി എഫ്ഐആറില്‍ പുറനാട് എംഎല്‍എ പി.കെ. ബഷീര്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഒരാഴ്ചമുമ്പ് പ്രകോപനപരമായ പ്രസംഗം നടത്തിയത് കൊലയ്ക്ക് പ്രേരണയായി എന്നതിനാലാണിത്. കൊല്ലപ്പെട്ടവരുടെ പരാതി പ്രകാരമാണ് എംഎല്‍എയെ കേസില്‍ ഉള്‍പ്പെടുത്തിയത്. തന്നെ തേജോവധം ചെയ്യാനുള്ള ശത്രുക്കളുടെ ആസൂത്രിത നീക്കം മൂലമാണ് പ്രതിപ്പട്ടികയില്‍ ചേര്‍ത്തതെന്നാണ് ബഷീറിന്റെ ന്യായം. അതേ സമയം ബഷീറിന്റെ പല പ്രസംഗങ്ങളും അണികളെ ആയുധമെടുക്കാന്‍ പ്രേരിപ്പിക്കുന്നതാണെന്നതിന്റെ തെളിവുണ്ട്.
കുനിയിലിലെ ഒരു സെവന്‍സ് ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടത്തിപ്പുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കവും പൂര്‍വ്വവൈരാഗ്യവുമാണ് കഴിഞ്ഞ ജനുവരി അഞ്ചിന് ചെമ്രക്കോട്ടൂര്‍ കുറുവാടന്‍ ഉമ്മര്‍ഹാജിയുടെ മകന് അതീഖ് റഹ്മാന് എന്ന യുവാവിനെ കൊലപ്പെടുത്തിയിരുന്നത്. കേസില്‍ ആസാദും അബൂബക്കറുമടക്കം ആറു പേരെ അരീക്കോട് പോലീസ് അറസ്റ്റു ചെയ്തിരുന്നു. ബഷീറിന്റെ പേരില്‍ എഫ്ഐആര്‍ തയ്യാറാക്കിയത് രാഷ്ട്രീയ പ്രതിയോഗികളല്ല. പോലീസാണ്. ഒരു ലീഗ് എംഎല്‍എയെ അകാരണമായി ഇന്നത്തെ സാഹചര്യത്തില്‍ കേസില്‍പ്പെടുത്തി രാഷ്ട്രീയം കളിക്കാന്‍ പോലീസ് തയ്യാറാകുമോ ? അതുകൊണ്ട് തന്നെ രാഷ്ട്രീയം പറഞ്ഞ് തടിയൂരാനാണ് എംഎല്‍എയുടെ ശ്രമമെന്ന് വ്യക്തമാണ്. നിയമം നിയമത്തിന്റെ വഴിക്ക് എന്നത് ഏത് ഭരണം വന്നാലും മുഖ്യമന്ത്രിയും മന്ത്രിമാരും ആവര്‍ത്തിക്കാറുണ്ട്. എന്നാല്‍ നിയമം കയ്യിലെടുത്ത് അക്രമികള്‍ പ്രത്യേകിച്ച് ഭരണ കക്ഷികള്‍ തന്നെ അഴിഞ്ഞാടുന്ന എത്രയോ സംഭവങ്ങള്‍ കേരളത്തിലുണ്ടായിട്ടുണ്ട്. കണ്ണിന് കണ്ണ്, കത്തിക്ക് കത്തി, കൊലയ്ക്ക് കൊല എന്ന നില നിയമ വ്യവസ്ഥ നിലനില്‍ക്കുന്ന ഒരിടത്തും സംഭവിക്കുന്നതല്ല. എന്നാല്‍ കൊന്നവരെ കൊല്ലുക എന്ന പതിവ് ഏത് ഭരണം വന്നാലും തുടരുന്നത് നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങാത്തതുകൊണ്ടാണെന്ന് പറയേണ്ടിയിരിക്കുന്നു. കേരളത്തില്‍ ജീവിക്കാന്‍ പോലും പേടിയാകുന്നു എന്ന് നടന് മോഹന്‍ലാലിനെ കൊണ്ട് പറയിച്ച സാഹചര്യം ഗൗരവപൂര്‍വ്വം കാണേണ്ടതുതന്നെയാണ്. അരിക്കോട് സംഭവം ആദ്യത്തേതല്ല. അവസാനത്തേതാകണമെന്നാഗ്രഹിച്ചാലും അങ്ങിനെയാവണമെന്നില്ല. നിരവധി കൊലക്കേസുകളിലെ പ്രതികള്‍ നിഷ്ഠൂരമായി കൊലചെയ്യപ്പെട്ടിട്ടുണ്ട്. കയ്യൂരില്‍ ഒരു തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കൊലചെയ്യപ്പെട്ട കേസിലെ പ്രതികളെല്ലാം കൊലചെയ്യപ്പെട്ട സംഭവം മറക്കാറായിട്ടില്ല. ശിക്ഷിക്കപ്പെട്ട് പരോളിലിറങ്ങിയവരും കോടതി വെറുതെ വിട്ടവരുമെല്ലാം കൊലക്കത്തിക്കിരയായി. അതിങ്ങനെ ആവര്‍ത്തിക്കപ്പെടുമ്പോഴും ആര്‍ക്കും ഒരാശങ്കയുമുണ്ടാകുന്നില്ലെങ്കില് നമ്മളിന്നും ശിലായുഗ ജീവിതത്തില്‍ നിന്നും കരയറിയിട്ടില്ലെന്ന് തന്നെ പറയേണ്ടിവരും.
ഇത്തരം സംഭവങ്ങള്‍ ഇല്ലാതാക്കാനുള്ള ചുമതല രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും സാമൂഹ്യ സാംസ്കാരിക നായകന്മാര്ക്കുമെല്ലാമുണ്ട്. എന്നാല്‍ വേലിതന്നെയല്ലേ വിളതിന്നുന്നത്. പ്രതിയോഗികളുടെ പട്ടികതയ്യാറാക്കി ഓരോരുത്തരേയായി കൊന്നു തള്ളിയത് അഭിമാനപൂര്‍വ്വം വിളിച്ചു പറയുന്നത് രാഷ്ട്രീയക്കാരല്ലെ ? പലപ്പോഴും രാഷ്ട്രീയക്കാരും പോലീസും തമ്മിലുള്ള അവിഹിത സഖ്യങ്ങളും സൗഹൃദങ്ങളും അക്രമികള്‍ക്ക് പ്രോത്സാഹനമാവുകയുമല്ലേ ചെയ്യുന്നത്. ഇതൊന്നും സമാധാനപരമായ ജീവിതം ഉറപ്പുനല്‍കാന്‍ ഉതകുന്നതല്ല. കൊലയ്ക്ക് കൊല എന്ന കാട്ടുനീതി പരിഷ്കൃത സമൂഹത്തിന് ഒരിക്കലും അംഗീകരിക്കാനാവില്ല. അതിന് കര്‍ശന നടപടി സ്വീകരിക്കുമെന്ന ഉറച്ച നിലപാടും പ്രവര്‍ത്തനവുമാണാവശ്യം. മൂന്നുപേരെ കൊന്നു എന്ന് സ്വമേധയാ സമ്മതിച്ച രാഷ്ട്രീയക്കാരനെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യാന്‍ പോലും ഇത്രയും ദിവസമായിട്ടും തയ്യാറായിട്ടില്ല. പ്രതികളെ വച്ചേക്കില്ല എന്ന് പരസ്യമായി പ്രഖ്യാപിക്കുകയും ഏഴാം ദിവസം പറഞ്ഞതുപോലെ സംഭവിക്കുകയും ചെയ്താല്‍ അയാളെ ഒന്നാം പ്രതിയാക്കി കേസ്സെടുക്കുകയല്ലെ വേണ്ടത്. അരീക്കോട് സംഭവത്തില്‍ പി.കെ. ബഷീറിനെ ആറാം പ്രതിയാക്കി. എന്നിട്ടും അയാളെ കസ്റ്റഡിയിലെടുക്കാന്‍ പോലീസിന് കഴിഞ്ഞിട്ടില്ല. പ്രതി പിടികിട്ടാപുള്ളിയല്ല. നിയമനിര്‍മ്മാണസഭയില്‍ മുഖ്യമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും മന്ത്രിമാര്‍ക്കും തൊട്ടടുത്ത് കൊലപാതകത്തിന്റെ കഥ കേട്ടാസ്വദിച്ചിരിക്കുന്ന സാഹചര്യം നിയമവാഴ്ച ഉറപ്പാക്കാന്‍ സഹായിക്കുന്നതാണോ ? അല്ലേ അല്ലെന്ന് തന്നെയാണുത്തരം. കേസന്വേഷണങ്ങളും നിഷ്പക്ഷതയും സത്യസന്ധതയും സംശയത്തിന്റെ നിഴലിലാകാന്‍ പാടില്ല. അതുകൊണ്ടുതന്നെ തൊടുന്യായങ്ങളില്‍ കടിച്ച് തൂങ്ങാതെ അരീക്കോട് സംഭവത്തില്‍ എംഎല്‍എ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരികയാണ് വേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: