ടി.പി.ചന്ദ്രശേഖരന് വധവുമായി ബന്ധപ്പെട്ട് പിടിയിലായ സിപിഎം ക്രിമിനലുകളും പാര്‍ട്ടി സംസ്ഥാന സെക്രട്ടറി പിണറായി വിജയനും തമ്മില്‍ ഒരു കാര്യത്തില്‍ മാത്രമേ വ്യത്യാസമുള്ളൂ. പിടിയിലായവര്‍ കോടതികളിലേക്കും പോലീസ് സ്റ്റേഷനുകളിലേക്കുമുള്ള യാത്രകളില്‍ തലയില്‍ മുണ്ടിടുമ്പോള്‍ പത്രസമ്മേളനങ്ങളിലും പാര്‍ട്ടി വേദികളിലും പൊതുപരിപാടികളിലും പങ്കെടുക്കുന്ന പിണറായി അങ്ങനെ ചെയ്യുന്നില്ല. ‘കുലംകുത്തി’യായ ചന്ദ്രശേഖരന് കൊല്ലപ്പെടേണ്ടവന്‍ തന്നെയായിരുന്നുവെന്ന് ഉറച്ചുവിശ്വസിക്കുന്ന പിണറായിയുടെ മുഖത്ത് ഒരു വര്‍ഗശത്രുവിനെ വകവരുത്തിയതിന്റെ ആത്മസംതൃപ്തിയാണുള്ളത്. പലപ്പോഴും നിലത്തുമാത്രം നോക്കുന്ന അധോമുഖവാമനനായി നടക്കുന്ന പിണറായി ചന്ദ്രശേഖരന് കൊല്ലപ്പെട്ടതിന് ശേഷം ശിരസ്സ് ഉയര്‍ത്തിപ്പിടിച്ചാണ് നടപ്പ്.
ചന്ദ്രശേഖരന് വധത്തിന്റെ മുഖ്യസൂത്രധാരന്‍ ടി.കെ.രജീഷ് പോലീസിന് മൊഴി നല്‍കിയതോടെ കൊല നടന്നതിന്റെ പിറ്റേന്നുമുതല്‍ പാര്‍ട്ടിയെ ന്യായീകരിച്ചും പാര്‍ട്ടി നേതാക്കളുടെ നിരപരാധിത്വം ഏറ്റുപറഞ്ഞും പിണറായി വിജയന് പ്രചരിപ്പിച്ച കള്ളങ്ങളെല്ലാം ഒറ്റയടിക്ക് പൊളിഞ്ഞിരിക്കുകയാണ്. മെയ് നാലിന് ചന്ദ്രശേഖരന് കൊല്ലപ്പെട്ട് മണിക്കൂറുകള്‍ക്കകം പിണറായി തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനം വിളിച്ച് മൂന്ന് കാര്യങ്ങളാണ് പറഞ്ഞത്.
ഒന്ന്: നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വേളയില്‍ പാര്‍ട്ടി ഇങ്ങനെയൊരു കാര്യം ചെയ്യുമെന്ന് ആരും വിശ്വസിക്കില്ല.
രണ്ട്: കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമാണ്.
മൂന്ന്: മതതീവ്രവാദികളുടെ പങ്ക് തള്ളികളയാനാവില്ല.
പിടിയിലായ രജീഷ് പോലീസിന് നല്കിയ മൊഴിയിലൂടെ പിണറായിയുടെ ഈ മൂന്ന് വാദഗതികളും റദ്ദായിരിക്കുകയാണ്. 2009 ലെ ലോക്സഭാ തെരഞ്ഞെടുപ്പിനിടയ്ക്കും താനുള്‍പ്പെടുന്ന സംഘം ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ ശ്രമിച്ചുവെന്നാണ് രജീഷിന്റെ വെളിപ്പെടുത്തല്‍. ലോക്സഭാ തെരഞ്ഞെടുപ്പില്‍ വടകര മണ്ഡലത്തിലെ സ്ഥാനാര്‍ത്ഥിയായിരുന്ന ചന്ദ്രശേഖരന് 20000 ലേറെ വോട്ടുകള്‍ പിടിച്ചതുകൊണ്ടാണ് പി.ജയരാജന്റെ സഹോദരിയും സിപിഎം സ്ഥാനാര്‍ത്ഥിയുമായ പി.സതീദേവി തോറ്റതും ഇപ്പോള്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രിയായ കോണ്‍ഗ്രസിന്റെ മുല്ലപ്പള്ളി രാമചന്ദ്രന് ജയിക്കാനുമായത്. രജീഷിന്റെ വെളിപ്പെടുത്തലനുസരിച്ച് 2009 ല്‍ ചന്ദ്രശേഖരന് കൊല്ലപ്പെട്ടിരുന്നെങ്കിലും തെരഞ്ഞെടുപ്പിനിടയ്ക്ക് പാര്‍ട്ടി അങ്ങനെ ചെയ്യുമോ എന്ന് ചോദിച്ച് അന്നും പിണറായി മുന്‍കൂര്‍ ജാമ്യമെടുക്കുമായിരുന്നു. ലോക്സഭാ തെരഞ്ഞെടുപ്പിനിടയ്ക്ക് നടപ്പാക്കാന്‍ കഴിയാതെ പോയ കൊലപാതകം നെയ്യാറ്റിന്‍കരയില്‍ ഉപതെരഞ്ഞെടുപ്പ് നടക്കുന്ന അവസരം മുതലാക്കി സിപിഎം നേതൃത്വം നിര്‍വഹിക്കുകയായിരുന്നു. ജനങ്ങളില്‍ തെറ്റിദ്ധാരണ സൃഷ്ടിക്കാന്‍ കഴിയുന്ന അനുകൂല സാഹചര്യമായാണ് അവര്‍ തെരഞ്ഞെടുപ്പിനെ കണ്ടതെന്ന് വ്യക്തം. “ഞാന്‍ സിപിഎമ്മുകാരനായിരുന്നു. സിപിഎം ഒരാളെ കൊല്ലാന്‍ തീരുമാനിച്ചാല്‍ തെരഞ്ഞെടുപ്പല്ല, യുദ്ധമുണ്ടായാല്പ്പോലും അവര്‍ അത് ചെയ്തിരിക്കും” എന്ന് ഇടതുപക്ഷ ഏകോപന സമിതി നേതാവ് കെ.എസ്.ഹരിഹരന് പറഞ്ഞതാണ് ശരി.
പണത്തിനുവേണ്ടിയല്ല, പാര്‍ട്ടി നിര്‍ദ്ദേശമനുസരിച്ചാണ് ചന്ദ്രശേഖരനെ കൊലചെയ്തതെന്ന രജീഷിന്റെ മൊഴി ഉത്തരവാദിത്തം ക്വട്ടേഷന്‍ സംഘത്തിന്റെ തലയില്‍ വെച്ചുകെട്ടാന്‍ പിണറായി നടത്തിയ ശ്രമത്തിന്റെ കള്ളി വെളിച്ചത്താക്കിയിരിക്കുകയാണ്. 2009 ല്‍ താനുള്‍പ്പെട്ട സംഘം ചന്ദ്രശേഖരനെ കൊലപ്പെടുത്താന്‍ വടകരയിലെത്തിയത് സിപിഎം തലശ്ശേരി ഏരിയാ കമ്മറ്റിയംഗം പി.പി.രാമകൃഷ്ണനൊപ്പമായിരുന്നുവെന്നും ഇതിനായി ഒഞ്ചിയത്തെ പാര്‍ട്ടി ഓഫീസിലെത്തിയെന്നുമാണ് രജീഷിന്റെ വെളിപ്പെടുത്തല്‍. ഓഫീസിലെ ചര്‍ച്ചയില്‍ സി.എച്ച്.അശോകന് ഉണ്ടായിരുന്നുവെന്ന സംശയവും രജീഷ് പ്രകടിപ്പിച്ചിട്ടുണ്ട്. ഓഫീസിലെ ചര്‍ച്ചയ്ക്കുശേഷം കൊലയാളി സംഘത്തിന് ചന്ദ്രശേഖരനെ കാട്ടിക്കൊടുക്കാന്‍ വാഹനത്തില്‍ കൂട്ടുവന്നത് കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ.സി.രാമചന്ദ്രനായിരുന്നുവെന്നും രജീഷ് മൊഴി നല്കിയിരിക്കുന്നു. അപ്പോള്‍ കൊല നടത്തിയത് ക്വട്ടേഷന്‍ സംഘമല്ല, പാര്‍ട്ടി സംഘമാണെന്ന് ഇതിലൂടെ വ്യക്തമാകുന്നു. രജീഷ് പറഞ്ഞിട്ടുള്ള പി.പി.രാമകൃഷ്ണന്, സി.എച്ച്.അശോകന്, കെ.സി.രാമചന്ദ്രന് എന്നിവര്‍ കേസില്‍ പ്രതികളായിരിക്കുകയാണ്. ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടി സ്വന്തം നിലയ്ക്ക് നടത്തിയതാണെന്ന സത്യത്തിലേക്കാണ് രജീഷിന്റെ മൊഴി നേരിട്ട് വിരല്‍ചൂണ്ടുന്നത്.
ചന്ദ്രശേഖരന്റെ കൊലപാതകം ‘പാര്‍ട്ടി ഓപ്പറേഷന്’ ആണെന്ന് വരുന്നതോടെ സംഭവത്തില്‍ പിണറായി വിജയന് തീവ്രവാദബന്ധം ആരോപിച്ചത് ബോധപൂര്‍വമാണെന്നും തെളിയുകയാണ്. കൊല നടത്താന്‍ ഉപയോഗിച്ച ഇന്നോവ കാറില്‍ അറബിസ്റ്റിക്കര് പതിച്ചത് പിന്നീടാണെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സ്റ്റിക്കറിലെ ‘മാശ അള്ളാ’ എന്ന അറബി വാക്ക് എഴുതിക്കൊടുത്തയാളും പോലീസ് പിടിയിലാവുകയുണ്ടായി. പാര്‍ട്ടി ആസൂത്രിതമായി നടത്തിയ കൊലപാതകത്തിന്റെ അന്വേഷണം വഴിതിരിച്ചുവിടാന്‍ സിപിഎം സ്വീകരിച്ച അടവുനയത്തിന്റെ ഭാഗമായിരുന്നു ചന്ദ്രശേഖരന് വധിക്കപ്പെട്ട സംഭവത്തില്‍ പിണറായി കണ്ടെത്തിയ ‘തീവ്രവാദ ബന്ധം’ എന്നതില്‍ ഇനി യാതൊരു സംശയവും വേണ്ട.
ചന്ദ്രശേഖരനെ കൊലപ്പെടുത്തുന്നതിന് മുമ്പും പിമ്പും എന്തൊക്കെ ചെയ്യണമെന്ന് സിപിഎം ആസൂത്രണം ചെയ്തിരുന്നു. ഇതിലൊന്നായിരുന്നു പിണറായി തിരുവനന്തപുരത്ത് നടത്തിയ വാര്‍ത്താസമ്മേളനവും. ഒരര്‍ത്ഥത്തില്‍ ഈ വാര്‍ത്താസമ്മേളനത്തില്‍ തുടര്‍ച്ചയാണ് പിന്നീട് പിണറായിയില്‍നിന്നും വി.എസ്.അച്യുതാനന്ദനൊഴികെയുള്ള മറ്റ് സിപിഎം നേതാക്കളില്‍നിന്നും ഇത് സംബന്ധിച്ചുണ്ടായ വിശദീകരണങ്ങള്‍.
ചന്ദ്രശേഖരന്റെ വധത്തില്‍ പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് പിണറായി ആവര്‍ത്തിക്കുന്നതിനിടയില്‍ പാര്‍ട്ടി ചുമതലയുള്ള ആറ് പേരാണ് പോലീസ് പിടിയിലായത്. രജീഷിന് സിപിഎമ്മുമായി ബന്ധമില്ലെന്നും കണ്ണൂരുകാരനായ തനിക്കുപോലും അയാളെ അറിയില്ലെന്നും പിണറായി പ്രഖ്യാപിക്കുന്നതിന്റെ കാരണം മറ്റൊന്നാണ്. യുവമോര്‍ച്ച സംസ്ഥാന വൈസ് പ്രസിഡന്റായിരുന്ന കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ ക്ലാസ് മുറിയില്‍ പിഞ്ചുകുട്ടികളുടെ മുന്നിലിട്ട് കൊലപ്പെടുത്തിയതുള്‍പ്പെടെ നാല് ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകരെ കൊല ചെയ്തതില്‍ താന്‍ പങ്കാളിയാണെന്നും രജീഷ് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്. ജയകൃഷ്ണന് മാസ്റ്റര്‍ വധക്കേസില്‍ പ്രതികളായവരില്‍ ഒരാള്‍ മാത്രമാണ് യഥാര്‍ത്ഥ പ്രതിയെന്നും മറ്റുള്ളവര്‍ പാര്‍ട്ടി നില്‍കിയ ‘ഡമ്മി’ പ്രതികളായിരുന്നുവെന്നും രജീഷ് വെളിപ്പെടുത്തുന്നു. ജയകൃഷ്ണന് മാസ്റ്റര്‍ അടക്കമുള്ളവരെ കൊലചെയ്തത് പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമായിരുന്നുവെന്ന രജീഷിന്റെ മൊഴിയില്‍ സിപിഎം നേതാക്കള്‍ വലിയ ഭീഷണി കാണുന്നുണ്ട്. ഈ നാല് കേസുകളില്‍ പുനരന്വേഷണമുണ്ടായാല്‍ തങ്ങള്‍ കുടുങ്ങുമെന്ന് ഇവര്‍ ഭയപ്പെടുന്നു. ഈ സാഹചര്യത്തിലാണ് രജീഷിനെ തള്ളിപ്പറയാന്‍ പിണറായിയെ നിര്‍ബന്ധിതനാക്കിയത്.
ചന്ദ്രശേഖരന് വധക്കേസില്‍ പിടിയിലായ പാര്‍ട്ടി നേതാക്കളടക്കമുള്ളവര്‍ നല്കിയ മൊഴിയനുസരിച്ചാണ് രജീഷ് പിടിയിലായതെന്ന സത്യം പിണറായി സൗകര്യപൂര്‍വം വിസ്മരിക്കുന്നു. പോലീസ് പിടിയിലായ സിപിഎം കുന്നുമ്മക്കര ലോക്കല്‍ കമ്മറ്റിയംഗം കെ.സി.രാമചന്ദ്രന്, ഓര്‍ക്കാട്ടേരി ലോക്കല്‍ കമ്മറ്റിയംഗം പടയങ്കണ്ടി രവീന്ദ്രന്, തലശ്ശേരി ഏരിയാ കമ്മറ്റിയംഗം പി.പി.രാമകൃഷ്ണന്, ഒഞ്ചിയം ഏരിയാ കമ്മറ്റി സെക്രട്ടറി സി.എച്ച്.അശോകന്, കമ്മറ്റിയംഗം കെ.കെ.കൃഷ്ണന്, പാനൂര്‍ കുന്നോത്ത് പറമ്പ് ലോക്കല്‍ കമ്മറ്റിയംഗം ജോതിര്ബാബു എന്നിവര്‍ക്കും പോലീസ് തെരയുന്ന പാനൂര്‍ ഏരിയാ കമ്മറ്റിയംഗം കുഞ്ഞനന്തനും പാര്‍ട്ടി ബന്ധമില്ലെന്ന് പറയുന്നതുപോലെയാണ് രജീഷ് പാര്‍ട്ടിക്കാരനല്ലെന്ന് പിണറായി പറയുന്നത്. കേരളം വലിയൊരു പാര്‍ട്ടി ഗ്രാമമാണെന്ന ധാരണയാണ് ഇത്തരം നട്ടാല്‍ മുളയ്ക്കാത്ത നുണകള്‍ പറയുമ്പോള്‍ പിണറായി വെച്ചുപുലര്‍ത്തുന്നതെന്ന് തോന്നുന്നു.രജീഷിന്റെ സിപിഎം ബന്ധം സംബന്ധിച്ച കാര്യങ്ങള്‍ ഒന്നൊന്നായി പുറത്തുവരുമെന്ന വി.എസ്.അച്യുതാനന്ദന്റെ പ്രസ്താവനക്കുശേഷമാണ് ഭയപ്പാടോടെയുള്ള പിണറായിയുടെയും പി.ജയരാജന്റെയും പ്രതികരണമെന്നതും ശ്രദ്ധേയമാണ്.
കൊലപാതകം നടക്കുമെന്ന് മുന്‍കൂട്ടി അറിയാമായിരുന്നിട്ടും അക്കാര്യം അധികൃതരില്‍നിന്ന് മറച്ചുപിടിച്ചതിനാണ് ഇന്ത്യന്‍ ശിക്ഷാ നിയമം സെക്ഷന്‍ 118 പ്രകാരം പ്രേരണാക്കുറ്റം ആരോപിച്ച് സി.എച്ച്.അശോകനെതിരെ കേസെടുത്തിട്ടുള്ളത്. ഇതേ വകുപ്പനുസരിച്ച് പിണറായിക്കെതിരെയും കേസെടുക്കാവുന്നതാണ്. കാരണം ചന്ദ്രശേഖരന് വധിക്കപ്പെടുമെന്ന് പിണറായിക്കും അറിയാമായിരുന്നുവെന്നാണ് തൊട്ടടുത്ത ദിവസം അദ്ദേഹം നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍നിന്ന് വ്യക്തമാവുന്നത്.
മുരളി പാറപ്പുറം
പ്രതികരിക്കാൻ ഇവിടെ എഴുതുക: