കേരളത്തില്‍ സാംക്രമിക രോഗങ്ങള്‍, വിവിധ തരത്തിലുള്ള പനികള്‍ മുതലായവ മഴമേഘങ്ങള്‍ ആകാശത്തു വിരിഞ്ഞതോടെ ആളിപ്പടരുകയാണ്. ഈ സന്ദര്‍ഭത്തില്‍ പ്രതിക്കൂട്ടിലായിരിക്കുന്നത് കേരളത്തിലെ ആരോഗ്യവകുപ്പാണ്. കഴിഞ്ഞ വര്‍ഷക്കാലത്തുണ്ടായ സാംക്രമിക രോഗ വ്യാപനം പോലും ആരോഗ്യവകുപ്പിന് മഴ എത്തും മുമ്പേ പ്രതിരോധ നടപടികള്‍ക്കുള്ള മുന്‍കരുതലുകള്‍ എടുക്കാന്‍ ഒരു പാഠമായില്ല എന്നാണ് ഇത് തെളിയിക്കുന്നത്. രോഗബാധിതരെ സംരക്ഷിക്കുന്നതിനുള്ള സംവിധാനമൊരുക്കാനുള്ള യാതൊരു പ്രതിബദ്ധതയും പ്രകടിപ്പിക്കാത്ത ആരോഗ്യ വകുപ്പിന്റെ അനാസ്ഥയും കെടുകാര്യസ്ഥതയും ഈ വര്‍ഷവും വിമര്‍ശന വിധേയമാകുകയാണ്. കഴിഞ്ഞ അഞ്ചുമാസത്തിനുള്ളില്‍ 7029 ലക്ഷം പേര്‍ക്കാണ് പനി ബാധിച്ചതായി ആരോഗ്യ വകുപ്പ് തന്നെ വെളിപ്പെടുത്തുന്നത്. വിളപ്പില്‍ ശാല പകര്‍ച്ചപ്പനികള്‍ക്ക് കളമൊരുക്കും എന്നറിയാമായിരുന്നിട്ടും അത് അവഗണിച്ചപ്പോള്‍ ഏറ്റവും അധികം പ്രശ്നബാധിതരും തിരുവനന്തപുരം ജില്ല തന്നെയാണ്. രോഗികള്‍ വിവിധതരം പനി ബാധിതരായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലും മറ്റു സര്‍ക്കാര്‍ ആശുപത്രികളിലും എത്തുമ്പോള്‍ അവര്‍ക്ക് ഒരു കിടക്ക പോലും ഒരുക്കാന്‍ തയ്യാറാകാതെ ആരോഗ്യവകുപ്പ് നിസ്സംഗത പുലര്‍ത്തുമ്പോള്‍ നൂറുകണക്കിന് രോഗികള്‍ വെറും തറയില്‍ കിടക്കേണ്ടിവരുന്നു എന്നത് ലജ്ജാകരവും കുറ്റകരവും ആണ്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ തന്നെ രണ്ടുമൂന്നു മുറികള്‍ വെറുതെ അടച്ചിട്ടിരിക്കുമ്പോഴാണ് രോഗികളുടെ ഈ ദുരിതപര്‍വം. പനി റിപ്പോര്‍ട്ടുകള്‍ വന്നു തുടങ്ങിയപ്പോള്‍ തന്നെ ഈ മുറികള്‍ കൂടുതല്‍ രോഗികളെ അഡ്മിറ്റ് ചെയ്യാനായി സജ്ജമാക്കാമായിരുന്നു.
സര്‍ക്കാര്‍ ഒരു വര്‍ഷത്തെ നേട്ടങ്ങള്‍ കൊട്ടിഘോഷിച്ച് ജനങ്ങള്‍ക്ക് വാഗ്ദാനപ്പെരുമഴ ആവര്‍ത്തിച്ചുകൊണ്ടിരിക്കുന്നു. പകര്‍ച്ചപ്പനിയെ ചെറുക്കാന്‍ ദ്രുതകര്‍മസേന രൂപീകരിക്കുമെന്നും പ്രാഥമികാരോഗ്യ കേന്ദ്രം മുതല്‍ മെഡിക്കല്‍ കോളേജ് ആശുപത്രിവരെ പ്രത്യേക പനി വാര്‍ഡുകള്‍ തുറക്കുമെന്നും മറ്റുമായിരുന്നു വാഗ്ദാനങ്ങള്‍. പല പ്രാഥമിക കേന്ദ്രങ്ങളിലും ഡോക്ടര്‍മാര്‍ പോലും ഇല്ല എന്നതാണ് യാഥാര്‍ത്ഥ്യം. ആവശ്യത്തിന് മരുന്നുകള്‍ പോലും ആശുപത്രികളില്‍ ലഭ്യമല്ല. എലിപ്പനി, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ, എച്ച് 1 എന്‍ 1 തുടങ്ങിയ മാരകരോഗങ്ങള്‍ ആദിവാസി മേഖല മുതല്‍ തലസ്ഥാന നഗരം വരെ വ്യാപിച്ചു കഴിഞ്ഞു. പശ്ചിമകൊച്ചിയിലും പനി പടരുകയാണ്. ഇവിടെ വില്ലനായി മാറിയിരിക്കുന്നത് മാലിന്യം മാത്രമല്ല പൊതു ടാപ്പിലൂടെ കിട്ടുന്ന കുടിനീര് പോലും മലിനജലമാണ്. പഴകി ദ്രവിച്ച പൈപ്പുകള്‍ മാലിന്യം നിറഞ്ഞ കാനയില്‍ക്കൂടി പോകുന്നതിനാല്‍ മഴയില്‍ കാന നിറഞ്ഞത് കുടിവെള്ളത്തെ മലിനമാക്കി. എറണാകുളം ജില്ലയുടെ വനാന്തര മേഖലയിലുള്ള ആദിവാസി കുടികളിലും ഡെങ്കിപ്പനിയടക്കമുള്ള രോഗങ്ങള്‍ പടരുകയാണ്. ഇപ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ ഈ ഗൗരവമേറിയ പ്രശ്നം ചര്‍ച്ച ചെയ്യാന്‍ പഞ്ചായത്തംഗങ്ങളുടെയും മറ്റും യോഗം വിളിക്കുന്നത്. നഗര-ഗ്രാമ ഭേദമെന്യേ മലിനീകരണം ഇന്ന് ഏറ്റവും കാതലായ സാമൂഹ്യപ്രശ്നമായിക്കഴിഞ്ഞിട്ടും ശുചീകരണ രംഗത്ത് സര്‍ക്കാര്‍ ഇനിയും നേരിയ അവബോധം പോലും നേടിയിട്ടില്ല. ഹൈക്കോടതി മഴക്കാലമെത്തുന്നതിന് മുന്‍പ് മാലിന്യ സംസ്ക്കരണത്തിന് നടപടി എടുക്കണം എന്ന് ഉത്തരവിട്ടിട്ടും സര്‍ക്കാര്‍ നിസ്സംഗതയാണ് പുലര്‍ത്തിയത്.
ഡോക്ടര്‍മാരുടെ സമരവും ആരോഗ്യരംഗം വഷളാകാന്‍ കാരണമായിട്ടുണ്ട്. പക്ഷെ കഴിഞ്ഞ ദിവസം കൂടിയ ഡിഎംഒമാരുടെ യോഗങ്ങളും നിര്‍ദ്ദേശിച്ചത് പകര്‍ച്ചപ്പനി വ്യാപനം തടയാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം എന്നാണ്. പക്ഷെ നഗരസഭകളേയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളേയും ഏകോപിപ്പിച്ച് മാലിന്യ നിര്‍മാര്‍ജ്ജന സംസ്ക്കരണത്തിനുള്ള ഒരു നീക്കവും സര്‍ക്കാര്‍ നടത്തിയില്ല. ആരോഗ്യ രംഗത്തെ തകര്‍ച്ചയും മറ്റൊരു തെളിവാണ്. തലസ്ഥാന ജില്ലയിലെ എസ്എടി ആശുപത്രിയില്‍ ശിശുക്കളിലുണ്ടായ അണുബാധ. 300 ലധികം ശിശുക്കള്‍ അണുബാധമൂലം മരണപ്പെട്ടു എന്നായിരുന്നു മാധ്യമവാര്‍ത്തകള്‍. പക്ഷെ ഇപ്പോള്‍ ആശുപത്രി സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലും 2011 ഏപ്രില്‍ മുതല്‍ 2012 ഏപ്രില്‍ വരെ 10480 പ്രസവങ്ങളില്‍ 2687 കുട്ടികള്‍ ഇന്‍ബോണ്‍ നഴ്സറികളില്‍ പ്രവേശിപ്പിച്ചവരില്‍ 88 കുട്ടികള്‍ക്കാണ് അണുബാധയുണ്ടായത്. ഔട്ട്ബോണ്‍ നഴ്സറിയില്‍ അണുബാധമൂലം മരിച്ചത് 168 ശിശുക്കളാണ്. സര്‍ക്കാര്‍ സംവിധാനത്തിലെ അപാകതകളിലേയ്ക്കാണ് ഇതും വിരല്‍ ചൂണ്ടുന്നത്. നേരിയ ഭൂരിപക്ഷത്തിന് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം വളരെ അധികം ജനപ്രിയ പദ്ധതികള്‍ പ്രഖ്യാപിക്കപ്പെട്ടത് ഉപതെരഞ്ഞെടുപ്പുകളില്‍ മുന്‍കൈ നേടാനാണ്. രാഷ്ട്രീയ അതിജീവനം മാത്രം പരമലക്ഷ്യമായി കരുതുന്ന ഒരു സര്‍ക്കാരിന് അവരെ അധികാരത്തിലെത്തിച്ച ജനങ്ങളുടെ ആരോഗ്യം ഉറപ്പുവരുത്താന്‍പോലും ആകാതെ ആരോഗ്യരംഗത്തെ മാതൃകാ സംസ്ഥാനമായിരുന്ന കേരളം ഇന്ന് അനാരോഗ്യത്തിനും മാതൃകയാകുകയാണ്.
അതിരപ്പിള്ളിയും അന്യമാവുമോ?
മഴ ഇനിയും വൈകിയാല്‍ കേരളം ഇരുട്ടിലാകും എന്ന ഭീതി ഉയര്‍ത്തുന്നത് ജലനിരപ്പുയരാതെ ജല സംഭരണികളില്‍ 450 ദശലക്ഷം വൈദ്യുതി ഉല്‍പ്പാദനത്തിന് മാത്രമേ വെള്ളമുള്ളൂ എന്ന വസ്തുതയാണ്. പ്രതിദിനം ആവശ്യമായ 20 ദശലക്ഷം യൂണിറ്റ് ഉല്‍പ്പാദിപ്പിച്ചാല്‍ 20 ദിവസത്തേയ്ക്കുള്ള വെള്ളമേ ജല സംഭരണികളില്‍ അവശേഷിക്കുന്നുള്ളൂ. ഈ സാഹചര്യത്തിലാണ് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിന് സ്ഥാപിത ശേഷിയുള്ള അതിരപ്പിള്ളി പദ്ധതിക്കായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നിര്‍ദ്ദേശം വച്ചിരിക്കുന്നത്. ഡാമിന് 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവും ഉണ്ടായിരിക്കും. ജലം 104 ഹെക്ടര്‍ സ്ഥലത്ത് ശേഖരിക്കാന്‍ 138 ഹെക്ടര്‍ വനഭൂമി നശിപ്പിക്കേണ്ടിവരും. അതിരപ്പിള്ളിയ്ക്ക് കേന്ദ്രപരിസ്ഥിതി വകുപ്പ് അനുമതി നിഷേധിച്ചിരുന്നു. വനം പരിസ്ഥിതി മന്ത്രാലയം പ്രൊ.മാധവ് ഗാഡ്ഗിലിന്റെ നേതൃത്വത്തിലുള്ള പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ സമിതി പറയുന്നത് അതിരപ്പിള്ളി അണക്കെട്ട് വരുന്ന ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശ തീരദേശക്കാടുകള്‍ അതുല്യമായ ഫോറസ്റ്റ് ഇക്കോസിസ്റ്റം ആണെന്നും. ഇവിടെയുള്ള അപൂര്‍വമായ സസ്യങ്ങളില്‍ 33 എണ്ണം വംശനാശം നേരിടുന്നവയാണെന്നും 104 ഇനം അപൂര്‍വ മത്സ്യ ഇനങ്ങളുണ്ടെന്നും അതിരപ്പിള്ളി അണക്കെട്ട് വലിയ പാരിസ്ഥിതിക പ്രത്യാഘാതം വരുത്തും എന്നുമാണ്.
കുടിവെള്ള ക്ഷാമം രൂക്ഷമാകാനും കൃഷി തകരാനും പുഴയിലേയ്ക്ക് ഓരുവെള്ളം കയറാനും സാധ്യത ഒരുക്കും. കാടരുടെ എട്ട് ആവാസസ്ഥലങ്ങളും നഷ്ടമാകും. പശ്ചിമഘട്ട മലനിരകള്‍ ഇക്കോളജി പ്രശ്നം നേരിടുന്നവയാണ്. 1500 ലധികം പാറമടകളും ഖാനനം അണക്കെട്ടുകള്‍, വനനശീകരണം, കുന്നിടിക്കല്‍ മുതലായവയാണ് ഇതിന് കാരണം. മുന്‍പ് അണക്കെട്ടിന് പാരിസ്ഥിതിക അനുമതി ലഭിച്ചപ്പോള്‍ നല്കിയ കര്‍ശന വ്യവസ്ഥകള്‍ പാലിക്കാം എന്ന വ്യവസ്ഥയോടെ അതിരപ്പിള്ളി പദ്ധതിയ്ക്കും ഇപ്പോള്‍ സര്‍ക്കാര്‍ കേന്ദ്രത്തെ വീണ്ടും സമീപിക്കുകയാണ്. പക്ഷെ വിനോദസഞ്ചാര വികസനവും ലക്ഷ്യമിടുന്ന സര്‍ക്കാര്‍ അതിരപ്പിളളി വിനോദസഞ്ചാര കേന്ദ്രം കൂടിയാണെന്ന വസ്തുത മറക്കുന്നു. ജലവൈദ്യുത പദ്ധതിയ്ക്ക് പകരം കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി വിഹിതം ലഭ്യമാക്കുകയും പ്രസരണ നഷ്ടം ഒഴിവാക്കുകയും വൈദ്യുതി ഉപയോഗ ധാരാളിത്തം നിയന്ത്രിക്കുകയുമാണ് യഥാര്‍ത്ഥ പോംവഴി. പാരമ്പര്യേതര ഊര്‍ജ്ജസ്രോതസ്സുകള്‍ കണ്ടെത്തുകയും നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടാനും കൂടി സര്‍ക്കാര്‍ മുന്‍ഗണന നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: