തൃശൂര്‍ : കേരളത്തെ കവര്‍ച്ച ചെയ്യാന്‍ കമ്പം തേനിക്കാര്. മണ്‍സൂണ്‍ കാലമായാല്‍ മലയാളികള്‍ക്ക് നെഞ്ചിടിപ്പാണ്. തിരുട്ട് ഗ്രാമത്തില്‍ നിന്നുള്ളവരും കമ്പം-തേനി ജില്ലകളില്‍ നിന്നുള്ളവരും കേരളത്തിലെ പൊന്നും പണവും കവരാന്‍ എത്തും. ഇത്തവണയും ഇതിന് മാറ്റമുണ്ടായിട്ടില്ല. മണ്‍സൂണ്‍ പിറക്കും മുമ്പുതന്നെ കള്ളന്മാരുടെ പട കേരളത്തില്‍ എത്തിക്കഴിഞ്ഞു. ആലപ്പുഴ ജില്ലയില്‍ നിരവധി കവര്‍ച്ചകള്‍ നടത്തി ഇപ്പോള്‍ തൃശൂരില്‍ എത്തിയിരിക്കുന്ന സംഘം ഇതിനോടകം തന്നെ ഭീതി പരത്തിക്കഴിഞ്ഞു.
ജൂണ്‍ ഒന്നിനുശേഷം ഇതുവരെ പത്തിലേറെ കവര്‍ച്ചകളാണ് സംഘം നടത്തിയിട്ടുള്ളത്. തിരുട്ടു ഗ്രാമമായ പനവടലിചത്രത്തില് നിന്നുള്ളവരാണ് മുന്‍കാലങ്ങളില്‍ ഈ സമയങ്ങളില്‍ മോഷണത്തിനായി കേരളത്തിലെത്താറുള്ളത്. എന്നാല്‍ ഇത്തവണ കമ്പംതേനിക്കാരാണ് കൂടുതലായി ഇറങ്ങിയിരിക്കുന്നതെന്നാണ് പോലീസ് നല്‍കിയിരിക്കുന്ന വിവരം.
ആക്രമിച്ച് പരിക്കേല്‍പ്പിച്ച് കവര്‍ച്ച നടത്തുക എന്ന ശൈലിയാണ് ഇവരുടേത്. തമിഴ്നാട്ടിലെ കുറവന്മാരെന്നറിയപ്പെടുന്ന ഇവര്‍ പത്തോ പതിനഞ്ചോ പേര് അടങ്ങുന്ന സംഘങ്ങളായി ഓരോ സ്ഥലത്തെത്തുകയും അവിടെ നിന്ന് രണ്ടോ മൂന്നോ പേര്‍വീതം പലഗ്രൂപ്പുകളായി തിരിഞ്ഞ് മോഷണം നടത്തുകയാണ് പതിവ്. പനവടലിചത്രക്കാര് പകല്‍ സമയങ്ങളില്‍ ആളില്ലാത്ത വീടുകളില്‍ കയറി മോഷണം നടത്തുന്ന രീതിയാണെങ്കില്‍ ഇവര്‍ രാത്രികാലങ്ങളിലാണ് മോഷണം.
ആദ്യം കത്തികാട്ടി ഭീഷണിപ്പെടുത്തും. എന്നിട്ടും കാര്യം നടന്നില്ലെങ്കില്‍ ആക്രമിക്കും. തുടര്‍ന്ന് പൊന്നും പണവുമായി കടന്നുകളയും. തമിഴ്നാട്ടിലെ പണമിടപാടുകാരും സ്വര്‍ണ കച്ചവടക്കാരും ഇവര്‍ക്കുവേണ്ട എല്ലാസഹായങ്ങളും ചെയ്തുകൊടുക്കുന്നതായി പറയുന്നു. കളവുമുതല്‍ കൊണ്ടുകൊടുക്കുന്നത് ഇത്തരക്കാര്‍ക്കാണ്.
തൃശൂര്‍ ജില്ലയില്‍ ഏതാനും വര്‍ഷം മുമ്പ് തൃപ്രയാര്‍ ക്ഷേത്രത്തില്‍ നടന്ന കവര്‍ച്ചയുമായി ബന്ധപ്പെട്ട് രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം പനവടലിചത്രത്തില് നിന്ന് ഇരുന്നൂറോളം മോഷണകേസുകളിലായി നാനൂറോളം പ്രതികളെയാണ് അന്ന് അറസ്റ്റ് ചെയ്തിരുന്നത്. ഇതില്‍ നിരവധിപേര്‍ ഇപ്പോഴും വിയ്യൂര്‍ ജയിലില്‍ കഴിയുന്നുണ്ട്. ബാക്കിയുള്ളവരെല്ലാം ഇവരുടെ ആളുകള്‍ ജാമ്യത്തിലെടുത്ത് പുറത്തിറക്കിയതായും പറയുന്നു.
പനവടലിചത്രത്തിലെ തൊണ്ണൂറ് ശതമാനം പേരും മോഷണത്തില്‍ നിന്നും പിന്മാറിത്തുടങ്ങിയെന്നാണ് പോലീസ് നല്കുന്ന വിവരം. കഴിഞ്ഞ ഏതാനും ദിവസങ്ങളായി തൃശൂര്‍ ജില്ലയില്‍ ഉണ്ടായ മോഷണങ്ങളുമായി ബന്ധപ്പെട്ട് ഇതിനോടകം നിരവധി പേര് അറസ്റ്റിലായിട്ടുണ്ട്. മണ്‍സൂണ്‍ ഓപ്പറേഷന് എന്നപേരില്‍ രണ്ട് ഡിവൈഎസ്പി, മൂന്ന് സിഐ, 29 എസ്ഐമാര്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പ്രത്യേക സ്ക്വാഡ് രാത്രികാലങ്ങളില്‍ പെട്രോളിങ്ങ് നടത്തുന്നുണ്ട്. എന്നാല്‍ ഇതിന്റെ കണ്ണുവെട്ടിച്ചും മോഷണത്തില്‍ അഗ്രഗണ്യരായ ഇവര്‍ കവര്‍ച്ച നടത്തുകയാണ്.
കാലവര്‍ഷം ശക്തമാകുന്നതോടെ കൂടുതല്‍ മോഷണമുണ്ടാകുമെന്നാണ് കരുതുന്നത്. ഇതിന് തടയിടാന്‍ പോലീസ് നിരന്തരമായ ജാഗ്രത പുലര്‍ത്തുന്നുണ്ടെന്നും റൂറല്‍ എസ്പി അഷറഫ് പറഞ്ഞു. കവര്‍ച്ച തടയുന്നതിന്റെ ഭാഗമായി പോലീസ് നല്കുന്ന മുന്നറിയിപ്പുകള്‍ വേണ്ടവിധത്തില്‍ ജനങ്ങള്‍ ഉള്‍ക്കൊള്ളുന്നില്ല എന്നത് മോഷ്ടാക്കള്‍ക്ക് ഗുണമാകുകയാണ്. പോലീസ് നിരന്തരം ജാഗ്രത പുലര്‍ത്തുന്നുണ്ട് എന്ന് പറയുന്നുണ്ടെങ്കിലും മോഷണം ഓരോദിവസം ചെല്ലുംതോറും പെരുകുകയാണ്.
കൃഷ്ണകുമാര്‍ ആമലത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: