കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 2010 മാര്‍ച്ച് നാലാം തീയതിയാണ് പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ സമിതിയെ ഇന്നത്തെ പശ്ചിമഘട്ടത്തിന്റെ പരിസ്ഥിതിയും നിജസ്ഥിതിയും പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കുവാനായി നിയോഗിച്ച് ഉത്തരവായത്. പശ്ചിമഘട്ട മലമടക്കുകള്‍ പാലക്കാട് ഗ്യാപ് ഒഴികെ ഏതാണ്ട് 1500 കിലോ മീറ്റര്‍ അറബിക്കടലിന് സമാന്തരമായി താപി മുതല്‍ കന്യാകുമാരി വരെ വ്യാപിച്ചു കിടക്കുകയാണ്. ഗോദാവരി, കൃഷ്ണ, നേത്രാവതി, കാവേരി, കുന്തി, വൈകേയി, പെരിയാര്‍ തുടങ്ങി എണ്ണമറ്റ നദികളാണ് സഹ്യാദ്രി, അഗസ്ത്യമല, ആനമല, നീലഗിരി, കനാറ, ഗോവ, കുടക് തുടങ്ങിയ പശ്ചിമഘട്ട മലമടക്കുകളില്‍നിന്നും ഉത്ഭവിക്കുന്നത്. മഹാരാഷ്ട്ര, ഗുജറാത്ത്, കര്‍ണാടക, ഗോവ, തമിഴ്നാട്,കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലൂടെ പശ്ചിമഘട്ടം നീണ്ട് കിടക്കുകയാണ്. ഖാനനം, അണക്കെട്ടുകള്‍, നഗരവല്‍ക്കരണം, വനനശീകരണം, കുന്നിടിക്കല്‍ തുടങ്ങി എണ്ണമറ്റ പ്രശ്നങ്ങള്‍ പശ്ചിമഘട്ടമലകള്‍ നേരിടുന്നതിന്റെ പശ്ചാത്തലത്തിലാണ് പ്രൊഫസര്‍ മാധവ്ഗാഡ്ഗിലിന്റെ നേതൃത്വത്തില്‍ പശ്ചിമഘട്ട സംരക്ഷണം ഉറപ്പാക്കുവാന്‍ പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ പാനല്‍ നിയമിതമായത്.
കേരളത്തിലെ പശ്ചിമഘട്ട മലമടക്കുകളിലെ 1500ലെ അധികം വരുന്ന പാറമടകളുടേയും മൂന്നാര്‍, ശബരിമല തുടങ്ങിയ സ്ഥലങ്ങളിലെ നഗരവല്‍ക്കരണങ്ങളും അതിരപ്പിള്ളി ജലവൈദ്യുത പദ്ധതി തുടങ്ങി കേരള സര്‍ക്കാര്‍ വിഭാവനം ചെയ്യുന്നതും സ്വകാര്യ സംരംഭകര്‍ ലാഭക്കൊതി വച്ച് മുന്നോട്ടുവച്ചതുമായ ഒട്ടനേകം വികസന പദ്ധതികള്‍ പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ പാനലിന്റെ റിപ്പോര്‍ട്ടിനെ ആശ്രയിച്ച് മാത്രം നടപ്പാക്കുന്നവയായതിനാല് കേരളത്തെ സംബന്ധിച്ചിടത്തോളം ഈ പാനല്‍ റിപ്പോര്‍ട്ട് വളരെ സുപ്രധാനമായിരുന്നു. ഇതില്‍ അതിരപ്പിള്ളി അണക്കെട്ടിന്റെ ഭാവിയെക്കുറിച്ചാണ് കൂടുതല്‍ വേവലാതി രാഷ്ട്രീയ നേതാക്കള്‍ വെച്ച് പുലര്‍ത്തുന്നത്. ഈ പദ്ധതി വന്നില്ലെങ്കില്‍ കേരളം ഇരുട്ടിലാകുമെന്ന തരത്തിലാണ് പറഞ്ഞു പരത്തുന്നത്. എന്നാല്‍ സംസ്ഥാനത്ത് 2007 മുതല്‍ 2011 വരെ പവര്ക്കട്ടേ ഉണ്ടായിരുന്നില്ല. 2012 ല്‍ അല്‍പ്പകാലം ഉണ്ടായിരുന്ന പവര്‍കട്ടും ഇപ്പോള്‍ പിന്‍വലിച്ചു. കേന്ദ്രത്തില്‍നിന്ന് കൂടുതല്‍ വൈദ്യുതി വിഹിതം ലഭിക്കുകയും വൈദ്യുതി ഉപയോഗത്തിലെ ധാരാളിത്തം കുറയ്ക്കുകയും പ്രസരണ നഷ്ടം കുറയ്ക്കുകയും പാരമ്പര്യേതര ഊര്‍ജ്ജ സ്രോതസ്സുകള്‍ കണ്ടെത്തുകയും നിലവിലുള്ള ജലവൈദ്യുത പദ്ധതികളുടെ ഉല്‍പ്പാദന ക്ഷമത കൂട്ടുകയും ചെയ്താല്‍ കേരളത്തിലെ ലോഡ് ഷെഡിംഗും പവര്‍ക്കട്ടും ആവശ്യമില്ലെന്നിരിക്കെ നേതാക്കള്‍ അതിരപ്പിള്ളിയ്ക്കായി മുതലക്കണ്ണീര് ഒഴുക്കുകയാണ്. അതിനായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രിയായിരുന്ന ജയറാം രമേഷിനെ വ്യക്തിഹത്യ നടത്തുവാന്‍ പോലും ചില സംസ്ഥാന മന്ത്രിമാര്‍ മുതിര്‍ന്നു. പശ്ചിമഘട്ട വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് വന്നപ്പോള്‍ മുതല്‍ ഈ റിപ്പോര്‍ട്ട് നടപ്പിലാക്കാതിരിക്കുവാന്‍ ആസൂത്രിതമായി ശ്രമം നടന്നുവരികയാണ്.
പശ്ചിമഘട്ട മലകളിലെ ഗ്രാനൈറ്റും കരിങ്കല്ലും തടിയും കല്‍ക്കരിയും ഇരുമ്പും മണ്ണും ഭൂമിയും വെട്ടിപ്പിടിക്കുവാനുള്ള മാഫിയകളുടെ പരിശ്രമങ്ങള്‍ക്ക് വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് ഭീഷണി ഉയര്‍ത്തുമെന്ന് വിവിധ കോണുകളില്‍ സംശയം ഉയര്‍ന്നു കഴിഞ്ഞു. ലോകം ഹരിത സമ്പദ്വ്യവസ്ഥയും സുസ്ഥിര വികസനവും വിഭാവനം ചെയ്യുമ്പോള്‍ കേരള സംസ്ഥാനത്തെ നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ ഭരണകൂടങ്ങളെ കൂട്ടുപിടിച്ച് അടുത്ത അനേകം തലമുറകള്‍ക്ക് അവകാശപ്പെട്ട ആവാസവ്യവസ്ഥകള്‍ തകിടം മറിക്കുന്നതിനുള്ള കുത്സിത ശ്രമങ്ങളാണ് നടത്തുന്നത്. അതിരപ്പിള്ളി പദ്ധതി അട്ടിമറിക്കുവാന്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ പ്രവര്‍ത്തിക്കുന്നു എന്ന ചില രാഷ്ട്രീയ കക്ഷികളുടെ ആരോപണങ്ങള്‍ക്ക് ചുട്ടമറുപടിയാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്. റിപ്പോര്‍ട്ട് വെറും വികാര പ്രകടനങ്ങളല്ല മറിച്ച് ശാസ്ത്രീയ സത്യങ്ങള്‍ തിരിച്ചറിഞ്ഞ് അശാസ്ത്രീയമായ വികസന കാഴ്ചപ്പാടുകളില്‍നിന്നും ഭരണകൂടങ്ങള്‍ക്ക് തിരുത്തല്‍ വരുത്തേണ്ട ആവശ്യകത ഊന്നിപ്പറയുന്ന റിപ്പോര്‍ട്ടാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട്. പശ്ചിമഘട്ട നശീകരണം എന്തുവില കൊടുത്തും നിയന്ത്രിക്കണമെന്നും അതിനുള്ള ക്രിയാത്മക നിര്‍ദ്ദേശങ്ങളുമാണ് റിപ്പോര്‍ട്ടിലുള്ളത്.
അതിരപ്പിള്ളിയെ സംബന്ധിച്ചിടത്തോളം വളരെ വ്യക്തമായ റിപ്പോര്‍ട്ടാണ് സമിതി മുന്നോട്ടുവച്ചിരിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുതി ഉപയോഗത്തിന്റെ മൂര്‍ദ്ധന്യത്തില്‍ വൈകിട്ട് ആറുമുതല്‍ പത്തുവരെയുണ്ടാകുന്ന വൈദ്യുത കമ്മി ഒഴിവാക്കുവാനാണ് 163 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദനത്തിന് സ്ഥാപിതശേഷിയുള്ള അതിരപ്പിള്ളി പദ്ധതിക്കായി സംസ്ഥാന വൈദ്യുതി ബോര്‍ഡ് നിര്‍ദ്ദേശം വച്ചത്. ഡാമിന് 23 മീറ്റര്‍ ഉയരവും 311 മീറ്റര്‍ നീളവുമുണ്ടായിരിക്കും. പദ്ധതി ജലം 104 ഹെക്ടര്‍ സ്ഥലത്ത് പരന്ന് കിടക്കും. ഇതിനായി 138 ഹെക്ടര്‍ വനഭൂമി ആവശ്യമാണ്. ജലവൈദ്യുത പദ്ധതിയുടെ ഭാഗമായി പശ്ചിമഘട്ട മലയില്‍ 4.69 കി.മീ. ടണല്‍ നിര്‍മിക്കണം. പദ്ധതിയ്ക്കായി സംസ്ഥാന വനം വകുപ്പ് 22/12/97 ലും കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം 20.1.98 ലും അംഗീകാരം നല്കി. ഇതിനിടെ കേരള ഹൈക്കോടതിയില്‍ മൂന്ന് പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ അനുമതിക്കെതിരെ ഫയല്‍ ചെയ്യപ്പെട്ടു. പദ്ധതി പരിസ്ഥിതി നിയമത്തിന്റെ ലംഘനം നടത്തുന്നുണ്ടോ എന്ന് പരിശോധിക്കുവാനും 1994 ലെ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന്റെ പരിസ്ഥിതി ആഘാത പഠനത്തിന്റെ വെളിച്ചത്തില്‍ അവശ്യം നടത്തേണ്ട പബ്ലിക് ഹിയറിംഗ് നടത്തുവാനും 17/10/2001 ല്‍ ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവിട്ടു. ഇതിന്റെ വെളിച്ചത്തില്‍ സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡ് പബ്ലിക് ഹിയറിംഗ് നടത്തി.
പിന്നീട് സംസ്ഥാന വൈദ്യുതി ബോര്‍ഡ് വാപ്കോസിന്റെ പഠന റിപ്പോര്‍ട്ട് പഠിച്ച സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡ് വാപ്കോസിനെ പരിസ്ഥിതി ആഘാത പഠനം നടത്തുവാനും നിയോഗിച്ചു. അശാസ്ത്രീയമായ അവരുടെ റിപ്പോര്‍ട്ട് സമഗ്രമല്ല എന്ന നിഗമനത്തിലെത്തി. എന്നാല്‍ സംസ്ഥാന വൈദ്യുതി ബോര്‍ഡിന് 10.2.2005 ല്‍ വീണ്ടും കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ക്ലിയറന്‍സ് ലഭിച്ചു. എന്നാല്‍ കാടര്‍ ആദിവാസി സമൂഹവും അതിരപ്പിള്ളി ഗ്രാമപഞ്ചായത്തും ഇതിനെതിരെ പൊതുതാല്‍പ്പര്യ ഹര്‍ജി നല്കി. 23/3/2006 ല്‍ കേന്ദ്ര പരിസ്ഥിതി മന്ത്രാലയം 10.02.2005 ല്‍ നല്കിയ പദ്ധതിക്കനുകൂലമായ അനുമതി കേരളഹൈക്കോടതി റദ്ദാക്കി. പരിസ്ഥിതി ആഘാത പഠനം പ്രസിദ്ധീകരിക്കുവാനും വീണ്ടും പബ്ലിക് ഹിയറിംഗ് നടത്തുവാനും കോടതി ഉത്തരവിട്ടു. പബ്ലിക് ഹിയറിംഗിന്റെ റിപ്പോര്‍ട്ട് റിവര്‍വാലി പ്രോജക്ടറ്റുകളുടെ വിദഗ്ദ്ധ സമിതി പരിശോധിക്കുകയും അതിരപ്പിള്ളി പ്രോജക്ടിനായി ക്ലിയറന്‍സ് നല്കുവാന് കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയത്തിന് ശിപാര്‍ശ നല്‍കുകയും ചെയ്തു. ഇതിനെതിരെ കാടര്‍ സമൂഹത്തെ പ്രതിനിധാനം ചെയ്ത് ശ്രീമതി ഗീതയും ഹൈഡ്രോളജി എന്‍ജിനീയറായ മധുസൂദനനും പരാതികള്‍ സമര്‍പ്പിച്ചു. സംസ്ഥാന ജൈവവൈവിധ്യ ബോര്‍ഡും വിദഗ്ദ്ധ റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍ ജൈവവൈവിധ്യം നശിപ്പിക്കുന്ന അതിരപ്പിള്ളി പദ്ധതിക്കെതിരെ സമര്‍പ്പിച്ചിട്ടുണ്ട്. 2008 ലും 2009 ലും കോടതി കേസ് കേട്ടതിനുശേഷം വിധി പറയുവാന്‍ മാറ്റി വെച്ചിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് മാധവ് ഗാഡ്ഗില്‍ കമ്മറ്റി പദ്ദതി പ്രദേശം ഉള്‍പ്പടുന്ന പശ്ചിമഘട്ടം സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നത്.
പശ്ചിമഘട്ട ഇക്കോളജി വിദഗ്ദ്ധ പാനല്‍ പറയുന്നത് അതിരപ്പിള്ളി അണക്കെട്ട് വരുന്ന ചാലക്കുടി പുഴയുടെ വൃഷ്ടി പ്രദേശ-തീരദേശ കാടുകള്‍ സമാനതകളില്ലാത്ത അതുല്യമായ ഫോറസ്റ്റ് ഇക്കോഡിസ്റ്റം ആണെന്നാണ്. നദീതടത്തിലെ 155 ഇനം ഇവിടെ മാത്രം കാണുന്ന സസ്യങ്ങളില്‍ 33 ഇനങ്ങളും വംശനാശ ഭീഷണി ഉള്ളവയാണത്രെ. സംസ്ഥാനത്ത് വളരെ വിരളമായി കണ്ടുവരുന്ന സസ്യ ഇനങ്ങളും വിഭാവനം ചെയ്തിരിക്കുന്ന അണക്കെട്ടു മേഖലയില്‍ ഉണ്ട്. ഈ പ്രദേശം അമൂല്യമായ ജൈവവൈവിധ്യ മേഖലയാണെന്ന് പോണ്ടിച്ചേരിയിലെ ഫ്രഞ്ച് ഇന്‍സ്റ്റിറ്റിയൂട്ടും കേരള വന ഗവേഷണ കേന്ദ്രവും വിലയിരുത്തിയിട്ടുള്ളതാണ്. കേരളത്തിലെ 486 തരം പക്ഷികളില്‍ എണ്ണം പ്രാദേശികമായി വാഴച്ചാല്‍-അതിരപ്പിള്ളിയില്‍ മാത്രം കാണുന്നവയാണത്രെ! ഈ പ്രദേശം 1995 ല്‍ കേംബ്രിഡ്ജിലെ അന്തര്‍ദ്ദേശീയ പക്ഷി ജീവന് സംഘടന പക്ഷിമേഖലയായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കേരളത്തില്‍ കണ്ടെത്തിയിട്ടുള്ള 210 മത്സ്യ ഇനങ്ങളില്‍ ചാലക്കുടി പുഴയില്‍ മാത്രം 104 ഇനം മത്സ്യങ്ങളുണ്ട്. ഇതില്‍ 23 എണ്ണം ചാലക്കുടി പുഴയിലേത് മാത്രമാണ്. പ്രോജക്ട് മത്സ്യസമ്പത്തിന്റെ പ്രജനനത്തേയും ആവാസവ്യവസ്ഥയേയും തകര്‍ക്കും. അപൂര്‍വ ഇനം തവളകളും സിംഹവാലന്‍ കുരങ്ങുകളും ആമകളും ഉരഗങ്ങളും പദ്ധതി നടപ്പായാല്‍ അപ്രത്യക്ഷമാകും.
അതിരപ്പിള്ളി-വാഴച്ചാല്‍ മേഖല ഇന്ത്യയുടെ പ്രോജക്ട് എലിഫന്റിന്റെ ഭാഗമാണ്. പദ്ധതി ആനകളുടെ സഞ്ചാരപഥത്തിന് വന്‍ ഭീഷണി ഉയര്‍ത്തും. ഈ പദ്ധതി പശ്ചിമഘട്ടത്തിലെ അത്യപൂര്‍വമായ ജന്തുസമ്പത്തിന്റെ വൈവിധ്യത്തെ തകര്‍ക്കും. പദ്ധതി നദീതട ഇക്കോളജിയെയും ജലത്തിന്റെ ഒഴുക്കിനേയും സാരമായി ബാധിക്കും. പദ്ധതി വനമേഖലയെയും പ്രകൃതിയേയും പ്രതികൂലമായി രൂപാന്തരപ്പെടുത്തും. അണക്കെട്ടിന് താഴെയുള്ള തദ്ദേശ സ്വയംഭരണ പ്രദേശങ്ങളില്‍ കുടിവെള്ളക്ഷാമം രൂക്ഷമാകും. കൃഷി തകര്‍ന്ന് പോകും. ചാലക്കുടി പുഴയിലേക്ക് 20കിലോ മീറ്റര്‍ അകത്തോട്ട് ഓരുവെള്ളക്കയറ്റം ഉണ്ടാകും. ആദിവാസികളുടെ വനാവകാശത്തെ ഇല്ലാതാക്കുമെന്നതാണ് ഗാഡ്ഗില്‍ കമ്മറ്റിയുടെ വളരെ പ്രധാന കണ്ടെത്തല്‍. ചാലക്കുടി പുഴയുടെ വൃഷ്ടിപ്രദേശത്തെ എട്ട് കാടര്‍ ആവാസസ്ഥലങ്ങള്‍ പദ്ധതി മൂലം നഷ്ടമാകും. വാഴച്ചാലിലെ 56 കുടികളും പൊകലപാറയിലെ 23 കുട്ടികളും പദ്ധതി വരുമ്പോള്‍ കുടിയൊഴുപ്പിക്കപ്പെടും. അവരുടെ സ്കൂളുകളും ഭക്ഷണ സ്രോതസ്സുകളും ജീവിതസാഹചര്യങ്ങളും പദ്ധതി ഉന്മൂലനം ചെയ്യും.
അതിരപ്പിള്ളി പദ്ധതി വിഭാവനം ചെയ്യുന്ന ഗുണത്തേക്കാളേറെ നാശം വിതയ്ക്കുമെന്നതാണ് ഗാഡ്ഗില്‍ കമ്മറ്റി വിലയിരുത്തല്‍. വളരെ ചെറിയ ഒരംശം വൈദ്യുതി ഉല്പ്പാദിപ്പിക്കുവാന് വേണ്ടി പശ്ചിഘട്ടത്തിന്റെ വലിയ ഒരു ഭാഗമാണ് പദ്ധതി നശിപ്പിക്കുക. പദ്ധതിയുടെ സാങ്കേതിക വിജയത്തെ കുറിച്ചും വിദഗ്ദ്ധ സമിതി സംശയം പ്രകടിപ്പിക്കുന്നുണ്ട്. പെരിയാര്‍ നദിയിലെ ഇടമലയാറിലെ വൈദ്യുതി ഉല്‍പ്പാദനത്തിന് ചാലക്കുടി പുഴയില്‍നിന്നും പോകുന്ന ജലം പദ്ധതി വരുമ്പോള്‍ നിര്ത്തലാകുമെന്നതിനാല് ഇടമലയാറില്‍നിന്നും ഇപ്പോള്‍ ഉല്‍പ്പാദിപ്പിക്കുന്ന വൈദ്യുതിയ്ക്ക് അതിരപ്പിള്ളി പദ്ധതി വന്നാല്‍ വളരെ കുറവുണ്ടാകും. പദ്ധതിമൂലം വലിയ വിനോദ സഞ്ചാര സാധ്യതയായ അതിരപ്പിള്ളി വെള്ളച്ചാട്ടം നിന്നുപോകുമെന്ന ആശങ്കയും വിദഗ്ദ്ധ സമിതിയ്ക്കുണ്ട്. ഇക്കാരണങ്ങളാല്‍ സംശയത്തിന് ഇടമില്ലാത്ത വിധം അതിരപ്പിള്ളി പദ്ധതിയ്ക്ക് അനുമതി നല്‍കരുതെന്നാണ് ഗാഡ്ഗില്‍ കമ്മറ്റി റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.
വൈദ്യുതി പ്രതിസന്ധി തീര്‍ക്കുവാന്‍ ജലവൈദ്യുത പദ്ധതികളല്ലാതെ മറ്റു പോംവഴികള്‍ മുന്നിലുള്ളപ്പോള്‍ അതിരപ്പിള്ളി പദ്ധതിയ്ക്ക് പിന്നാലെ പോകുന്നത് ബുദ്ധിശൂന്യതയാണ്. മനുഷ്യനെപ്പോലെ സംസാരിക്കാനാകാത്ത എന്നാല്‍ ജീവിക്കുവാന്‍ അവകാശമുള്ള ജീവജാലങ്ങളുടെ സംരക്ഷണം ഉറപ്പാക്കുവാനും വരും തലമുറയുടെ ഇച്ഛാനുസരണം തെരഞ്ഞെടുക്കുവാനുള്ള സ്വാതന്ത്ര്യം ഇല്ലാതാക്കുന്നതരം വികസന പ്രവര്‍ത്തനങ്ങളില്‍നിന്നും മാനവരാശി പിന്തിരിയണം. ഗാഡ്ഗില്‍ റിപ്പോര്‍ട്ട് ആര്‍ക്കും എതിരും അനുകൂലവുമല്ല. ഇക്കോളജിയെ സംരക്ഷണം ഉറപ്പാക്കുന്ന റിപ്പോര്‍ട്ട് നടപ്പാക്കണം.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: