കേരളത്തിലെ നീതിന്യായ സംവിധാനങ്ങളെ ഒരുകൂട്ടര്‍ നിരന്തരം വെല്ലുവിളിച്ചുകൊണ്ടിരിക്കുകയാണെന്ന വസ്തുതയാണ് ഇപ്പോള്‍ പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. സിപിഎം ഇടുക്കി ജില്ലാസെക്രട്ടറി എം.എം.മണി കുറച്ച് ദിവസങ്ങള്‍ക്കുമുമ്പ് വെളിപ്പെടുത്തിയ സത്യം മാത്രമല്ല മറ്റനേകം നിഷ്ഠൂരമായ കൊലപാതകങ്ങള്‍ സിപിഎം ആസൂത്രണം ചെയ്ത് നടപ്പാക്കി. പ്രതിയോഗികളെ വക വരുത്താന്‍ ലിസ്റ്റ് തയ്യാറാക്കി ഓരോരുത്തരെയായി ഓരോ മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് കൊന്നുതള്ളിയതിന്റെ ചരിത്രമാണ് എം.എം.മണി പരപ്രേരണയൊന്നുമില്ലാതെ പൊതുയോഗത്തില്‍ പ്രഖ്യാപിച്ചത്. ഇമ്മാതിരി കൊലകള്‍ പാര്‍ട്ടിക്ക് പുത്തരിയല്ലെന്ന് സമര്‍ത്ഥിക്കാനാണ് മണി ശ്രമിച്ചത്. സംഭവം വിവാദമായപ്പോള്‍ പാര്‍ട്ടി സ്ഥാനത്തുനിന്നും മണിയെ തല്ക്കാലം മാറ്റിനിര്‍ത്തുകയാണ് സിപിഎം ചെയ്തിട്ടുള്ളത്. പൊതുജന വികാരം തണുപ്പിക്കാനുള്ള ഒരു അടവുനയം ആയിമാത്രമെ പാര്‍ട്ടി നടപടിയെ കണക്കാക്കാന്‍ സാധിക്കു. മണി പറഞ്ഞ കൊലപാതകങ്ങളിലെ പ്രതികളെ സമര്‍ത്ഥമായി രക്ഷിച്ചു. പകരം പ്രതികളെ പോലീസിന് നല്‍കുകയും തെളിവിന്റെ അപര്യാപ്തതമൂലം വ്യാജ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുന്ന അവസ്ഥയായിരുന്നു ഇത്രകാലവും. യുവമോര്‍ച്ചാ നേതാവ് കെ.ടി.ജയകൃഷ്ണനെ വകവരുത്തിയ കേസിലും അതേ രീതി അവലംബിച്ചു. അന്നുതന്നെ അക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. കേസ് അട്ടിമറിക്കാന്‍ പോലീസ് കൂട്ടുനിന്നതിനെ കോടതിയും മാധ്യമങ്ങളും ബിജെപിയും നിശിതമായി വിമര്‍ശിച്ചതാണ്. പക്ഷേ ഇടതുസര്‍ക്കാറോ അതിനുശേഷം വന്ന വലതുസര്ക്കാറോ നടപടി സ്വീകരിച്ചിട്ടില്ല. ഒഞ്ചിയത്തെ റവല്യൂഷണറി മാര്‍ക്സിസ്റ്റ്പാര്‍ട്ടി നേതാവ് ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് ജയകൃഷ്ണനെ കൊന്നതുപോലെ ക്ലാസുമുറിയിലിട്ടല്ലെന്നെയുള്ളു. വെട്ടിനും കൊലയ്ക്കും സമാനതകളുണ്ട്. ചന്ദ്രശേഖരന്റെ കൊലപാതകം പാര്‍ട്ടി നിര്‍ദ്ദേശപ്രകാരമാണെന്ന് കേസില്‍ പിടിയിലായ ടി.കെ.രജീഷ് മൊഴിനല്‍കിയിരിക്കുന്നു.
സിപിഎം പാനൂര്‍ ഏരിയാകമ്മിറ്റി അംഗം പി.കെ. കുഞ്ഞനന്തന്റെ വീട്ടിലെ ഫോണില്‍ നിന്നാണ് കൊല നടത്താനായി തന്നെ മുംബൈയില്‍ നിന്ന് വിളിച്ചുവരുത്തിയതെന്നും പ്രധാനിയായ രജീഷ് മൊഴിനല്കിയിരിക്കുകയാണ്. ചന്ദ്രശേഖരന് വധം ആസൂത്രണം ചെയ്തത് താനല്ല. കൊല്ലാനുള്ള പദ്ധതി നേരത്തെ തയ്യാറാക്കിയിരുന്നു. പി.കെ.കുഞ്ഞനന്തന്, കൊടി സുനി, കിര്‍മാണി മനോജ്, അനൂപ് എന്നിവരുടെ ആവശ്യപ്രകാരമാണ് കൊലപാതകത്തില്‍ താന്‍ പങ്കാളിയായത്. ഇതിന് പാര്‍ട്ടി ആവശ്യപ്പെടുകയായിരുന്നു. എന്നാല്‍ കൊല എങ്ങിനെ നടത്താമെന്ന ഗൂഢാലോചനയില്‍ താന്‍ പങ്കെടുത്തിട്ടുണ്ടെന്നും ടി.പി.ചന്ദ്രശേഖരന് പാര്‍ട്ടിക്ക് ശല്യമാണെന്ന് പി.കെ.കുഞ്ഞനന്തന് തന്നോട് പറഞ്ഞതായും രജീഷ് മൊഴി നല്‍കിയിട്ടുണ്ട്. കൊല നടത്താന്‍ ആയുധമേന്തിയാല്‍ മരണം ഉറപ്പായാല്‍ മാത്രമേ പിന്മാറൂ എന്ന സ്വഭാവമാണ് രജീഷിന്റേത്. തലക്കും മുഖത്തും മാത്രം വെട്ടുക എന്നതാണ് ഇയാളുടെ കൊലപാതക രീതി. ചന്ദ്രശേഖരന് വധത്തില്‍ 51 വെട്ടുകള്‍ മുഖത്ത് മാത്രം ഉണ്ടായിരുന്നു. 1999 ഡിസംബര്‍ ഒന്നിന് കൊലചെയ്യപ്പെട്ട ജയകൃഷ്ണന് മാസ്റ്ററുടെ ശരീരത്തില്‍ നിന്നും മുഖത്തിന്റെ ഒരുഭാഗം പൂര്‍ണമായും വെട്ടിമാറ്റിയ നിലയിലായിരുന്നു. ബിജെപി അന്ന് തന്നെ പാട്യം സ്വദേശിയുടെ പങ്കിനെക്കുറിച്ച് ഉദ്യോഗസ്ഥര്‍ക്ക് വിവരം നല്‍കിയെങ്കിലും സിപിഎമ്മിന്റെ ആജ്ഞാനുവര്‍ത്തികളായ പോലീസുകാര്‍ പാട്യത്തെ ഒരു കൊല്ലപ്പണിക്കാരനെ പ്രതിയാക്കി രജീഷിനെ രക്ഷപ്പെടുത്തുകയായിരുന്നു. സൈനിക പരിശീലനത്തിന് സെലക്ഷന് ലഭിച്ച രജീഷ് പരിശീലകനെ മര്‍ദ്ദിച്ച് നാട്ടില്‍ തിരിച്ചെത്തുകയായിരുന്നു. പിന്നീട് പാര്‍ട്ടി നിശ്ചയിക്കുന്ന കൊല നടത്തി മഹാരാഷ്ട്രയിലേക്ക് വണ്ടി കയറുന്ന പ്രതി നാട്ടുകാര്‍ക്ക് പോലും അപരിചിതനായി നടക്കുകയായിരുന്നു. സ്പെഷ്യലൈസ് ചെയ്ത കൊലയാളിയെ പാര്‍ട്ടി സുരക്ഷിതമായി പോറ്റിക്കൊണ്ടിരുന്നു എന്നു പറയുന്നതാവും ശരി.
ചന്ദ്രശേഖരന് വധത്തിലെ രജീഷിന്റെ മൊഴിയെടുത്തപ്പോഴാണ് ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തു വന്നത്. കെ.ടി.ജയകൃഷ്ണന് വധം, പാനൂരിലെ ബിഎംഎസ് പ്രവര്ത്തകന് വി.സി.വിനയന്, കുന്നോത്തുപറമ്പിലെ കെ.സി.രാജേഷ്, മാഹിയിലെ ഷിനോജ്, വിജിത്ത് വധങ്ങളിലും കൂത്തുപറമ്പില്‍ നടന്ന നിരവധി അക്രമ സംഭവങ്ങളിലും താന്‍ നേരിട്ട് പങ്കാളിയായിട്ടുണ്ടെന്ന മൊഴിയാണ് അന്വേഷണ സംഘത്തിന് ലഭ്യമായത്. കേരളത്തിന്റെ ഏതുഭാഗത്തായാലും ഇരയെ നിശ്ചയിച്ച് സമയം തീരുമാനിച്ച് വേട്ടക്കാരെ അയയ്ക്കുന്നത് കണ്ണൂരിലെ ചില നേതാക്കളാണെന്നാണ് ഇപ്പോള്‍ വ്യക്തമായത്. ഇക്കാര്യം മുന്‍പ് ഞങ്ങള്‍ ചൂണ്ടിക്കാട്ടിയിരുന്നു. നിയമസഭയുടെ പരിരക്ഷ മുതലെടുത്ത് പത്രത്തിന് മൂക്കുകയറിടാന്‍ അന്നൊരു ശ്രമം നടക്കുകയുണ്ടായി. പക്ഷേ അത് നടന്നില്ല. ഞങ്ങള്‍ പറഞ്ഞിടത്തേക്കാണ് ഇപ്പോള്‍ കാര്യങ്ങള്‍ എത്തിച്ചേരുന്നത്. അന്ന് പറഞ്ഞ നേതാക്കള്‍ ഒന്നല്ല പല പല കേസുകളില്‍ നോട്ടപ്പുള്ളികളായി മാറി. ചിലതില്‍ മൊഴി രേഖപ്പെടുത്തുന്നതിന് പോലീസ് നോട്ടീസുപോലും നല്‍കിക്കഴിഞ്ഞു. എല്ലാ കേസുകളും പുനരന്വേഷണവും വിചാരണയുമാണ് ഈ മൊഴികള്‍ അനിവാര്യമാക്കുന്നത്. നീതിന്യായ വ്യവസ്ഥയെയും നടപടി ക്രമങ്ങളെയും വെല്ലുവിളിച്ചും തകിടംമറിച്ചും ഏതാനും ചിലര്‍ ഒരു പോറലുമേല്‍ക്കാതെ രക്ഷപ്പെട്ടുകൂട. യഥാര്‍ത്ഥ പ്രതികള്‍ ആരായാലും അവരെത്ര ഉന്നതരായാലും രക്ഷപ്പെട്ടുകൂട. പാവപ്പെട്ടവരെ അവര്‍ സ്വന്തം പാര്‍ട്ടിക്കാരായാല്‍പ്പോലും നിഷ്കരുണം വെട്ടിനുറിക്കി കൊല്ലുക. അതിനായി പ്രത്യേക കൊലയാളി സംഘത്തെ പോറ്റിവളര്‍ത്തി സംരക്ഷിച്ചുപോരുക. ഇത് അനുവദിച്ചുകൂട. ഇത് ഭരണാധികാരികള്‍ ആവര്‍ത്തിക്കുന്നുണ്ട്. മുഖ്യമന്ത്രിയും ആഭ്യന്ത്രമന്ത്രിയുമൊക്കെ വലിയവായില്‍ പറയുന്ന കാര്യങ്ങള്‍ നടപ്പാകുമോ? അതിനുള്ള ആര്‍ജ്ജവും കാണിക്കാന്‍ കഴിയുമോ? കണ്ടറിയേണ്ട കാര്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: