കൊളംബോ: തന്റെ ജീവിതത്തിന് ഭീഷണിയുണ്ടെന്നും സുരക്ഷ ആവശ്യമാണെന്നും വ്യക്തമാക്കി ശ്രീലങ്കന്‍ മുന്‍ സൈനിക മേധാവി ശരത് ഫൊന്‍സെക രംഗത്ത്. അടുത്തിടെ ജയില്‍ മോചിതനായ ഫൊന്സെകക്ക് സര്‍ക്കാര്‍ സുരക്ഷ നല്‍കിയെങ്കിലും ഇത് പര്യാപ്തമല്ലെന്നാണ് അദ്ദേഹത്തിന്റെ വാദം. ഫൊന്‍സെകയുടെ അപേക്ഷയനുസരിച്ച് 15 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് അദ്ദേഹത്തിന് നല്‍കിയതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ഇപ്പോള്‍ നല്‍കിയിരിക്കുന്ന സുരക്ഷാ ക്രമീകരണങ്ങളില്‍ അദ്ദേഹം സംതൃപ്തനല്ലെന്നും, വലിയ ഭീഷണികള്‍ അദ്ദേഹം നേരിടുന്നുണ്ടെന്നും അതിനാല്‍ സുരക്ഷാ ഉപാധികള്‍ ശക്തമാക്കണമെന്നുമാണ് ഫൊന്‍സെകയുടെ ആവശ്യം.
2009ല്‍ എല്‍ടിടിക്കെതിരെ നടത്തിയ നീണ്ട യുദ്ധത്തിന് നേതൃത്വം വഹിച്ചത് ഫൊന്‍സെകയാണ്. 2006 ഏപ്രിലില്‍ രാജ്യ തലസ്ഥാനമായ കൊളംബോയില്‍ ഫൊന്സെകയ്ക്കുനേരെ നടന്ന ബോംബാക്രമണത്തില്‍നിന്നും അദ്ദേഹം അത്ഭുതകരമായി രക്ഷപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ സുരക്ഷാ ഉദ്യോഗസ്ഥന് ഉള്‍പ്പെടെ ഒമ്പതുപേര്‍ അന്ന് കൊല്ലപ്പെട്ടിരുന്നു.
2009ല്‍ സൈന്യത്തില്‍നിന്നും വിരമിച്ച ഫൊന്‍സെക പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാനായി പ്രഖ്യാപനം നടത്തിയത് മുതല്‍ ശ്രീലങ്കന്‍ സര്‍ക്കാരും ഫൊന്സെകയും വലിയ അകല്‍ച്ചയിലാണ്. 2009ലെ പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മഹിന്ദരാജ പക്സെയോട് ഫൊന്‍സെക പരാജയപ്പെട്ടിരുന്നു.
സൈനിക അട്ടിമറി ഉള്‍പ്പെടെയുള്ള കേസുകള്‍ അറസ്റ്റിലായി ജയിലില്‍ കഴിയുകയായിരുന്ന ഫൊന്‍സെക കഴിഞ്ഞമാസമാണ് ജയില്‍ മോചിതനായത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: