റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടിപി ചന്ദ്രശേഖരനെ കൊലപ്പെടുത്തിയത് സിപിഎം നിര്‍ദേശപ്രകാരമായിരുന്നെന്ന് ടി.കെ.രജീഷ്. മഹാരാഷ്ട്രയില്‍ നിന്നും പിടികൂടിയ രജീഷ് ടി.പി വധം ക്വട്ടേഷനായിരുന്നില്ലെന്നും പാര്‍ട്ടി നിര്‍ദേശപ്രകരം നടത്തിയതാണെന്നും അന്വേഷണ സംഘത്തിന് മുമ്പാകെയാണ് മൊഴി നല്‍കിയത്. ഈ കൊല മാത്രമല്ല പാര്‍ട്ടി കല്പിച്ചപ്പോഴെല്ലാം രജീഷ് കോന്നിട്ടുണ്ടത്രെ. ഒന്നല്ല രണ്ടല്ല മൂന്നല്ല. അഞ്ചെണ്ണം. ഇത് സ്വമേധയാ നല്കിയ കണക്ക്. പുറത്തു പറയാന്‍ തയ്യാറാകാത്ത കൊലകളെത്രയെന്ന് കാലം തെളിയിക്കുമായിരിക്കും. ചന്ദ്രശേഖരന്റെ കൊല നിഷ്ഠൂരമെന്നു പറയാത്തവരാരുമില്ല. അതിനെക്കാള്‍ നിഷ്ഠൂരമായിരുന്നല്ലോ കെ.ടി.ജയകൃഷ്ണന് മാസ്റ്ററുടെ കൊല. അത് ചെയ്തതും തന്റെ നേതൃത്വത്തിലാണെന്ന് രജീഷ് സമ്മതിച്ചിരിക്കുന്നു. സമ്മതിക്കണം രജീഷിനെ, കൊല്ലാന്‍ ഏല്പിക്കുന്ന പാര്‍ട്ടിയെയും. ടി.പി വധത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന പാര്‍ട്ടിയുടെ വിശദീകരണത്തെ തള്ളിക്കളയുന്നതാണ് കേസിലെ മുഖ്യകണ്ണിയെന്ന് പോലീസ് വെളിപ്പെടുത്തിയ രജീഷിന്റ മൊഴി.
ടി.പിയെ വധിക്കാന്‍ പണം വാങ്ങിയിട്ടില്ല. ഇതൊരു ക്വട്ടേഷനുമായിരുന്നില്ല. പാര്‍ട്ടി പറഞ്ഞിട്ടാണ് ഇത് ചെയ്തത്. മുന്‍പ് മൂന്ന് തവണ ചന്ദ്രശേഖരനെ വധിക്കാന്‍ ശ്രമിച്ചിരുന്നുവെന്നും രജീഷ് വ്യക്തമാക്കിയിരിക്കുന്നു. അതേസമയം കൊലപാതകം ആസൂത്രണം ചെയ്തത് താനല്ലെന്നും രജീഷ് മൊഴി നല്‍കിയിട്ടുണ്ട്. കൊലപാതക പദ്ധതി നേരത്തെ തന്നെ തയ്യാറാക്കപ്പെട്ടതാണ്. മൂവര്‍സംഘത്തിന്റെ നിര്‍ദേശപ്രകാരമായിരുന്നു ടി.പിയുടെ കൊലനടത്തിയത്. പി.കെ കുഞ്ഞനന്തന്, കിര്‍മാണി മനോജ്, അനൂപ് എന്നിവരുടെ ആവശ്യപ്രകാരമാണ് ടിപിയെ വധിക്കാനുള്ള പദ്ധതിയില്‍ പങ്കാളിയായത്. രജീഷ് എല്ലാം മണി മണി പോലെ പറഞ്ഞിരിക്കുന്നു.
ഇടുക്കിയിലെ മണിയും പറഞ്ഞത് ഇതു തന്നെ. തത്കാലം പണി പോയ മണിയെ പാര്‍ട്ടി കൈവിടാനൊന്നും പോകുന്നില്ല. മണിക്കെതിരെ പൊങ്ങി വരുന്ന കേസുകളൊക്കെ പാര്‍ട്ടി നോക്കും. അല്ലെങ്കിലും മുഖ്യപണി കേസ് നടത്തിപ്പും കാശു പിരിവുമാണെന്ന് ആര്‍ക്കാണറിയാത്തത്. ക്ലാസ് മുറിയില്‍ ആറാം ക്ലാസിലെ ശിഷ്യന്മാര്ക്ക് കണക്കു പഠിപ്പിക്കുമ്പോഴായിരുന്നല്ലോ കെ.ടി.ജയകൃഷ്ണന് മാസ്റ്ററെ തലങ്ങും വിലങ്ങും വെട്ടി തല പല കഷ്ണങ്ങളാക്കിയത്. അന്നും പാര്‍ട്ടി പ്രതികളെ നല്കി. കേസ് നടത്തിപ്പ് പാര്‍ട്ടിക്ക്. പ്രതികളെ മോചിപ്പിച്ചതും പാര്‍ട്ടി. ജയിലില്‍ നിന്നും ഇറങ്ങിയപ്പോള്‍ സ്വീകരണം നല്കിയതും പാര്‍ട്ടി. പാര്‍ട്ടി പ്രവര്‍ത്തനത്തിന്റെ ഭാഗമായാണ് ജയിലില്‍ പോകേണ്ടി വന്നതെന്ന് മോചിതരായ പ്രതികള്‍ വ്യക്തമാക്കി. അതിലവര്‍ അഭിമാനം കൊണ്ടു.
ഹര്‍ഷാരവങ്ങള്‍ക്കിടയില്‍ പാര്‍ട്ടി പറഞ്ഞാല്‍ ഇനിയും ചെയ്യുമെന്ന് അവര്‍ ഉറക്കെ പ്രഖ്യാപിച്ചു. അപ്പോള്‍ പിന്നെ പ്രതിയോഗികളെ തല്ലുന്നതും കൊല്ലുന്നതും കുത്തി മലര്‍ത്തുന്നതും പാര്‍ട്ടി രീതിയല്ലെന്ന് ആവര്‍ത്തിക്കുന്നത് വെറുതെയല്ലേ. അനുസരിക്കാത്തവരെ അവസാനിപ്പിക്കുക എന്നതാണ് പാര്‍ട്ടിയുടെ തത്ത്വം. ഇതാര്‍ക്കാണറിയാത്തത്. ആളെ കൊല്ലാന്‍ കിട്ടിയില്ലെങ്കില്‍ നാല്‍ക്കാലികളെ പോലും തുണ്ടു തുണ്ടാക്കാന്‍ മടിയില്ലാത്തവരാണെന്ന് എത്രയോ വട്ടം തെളിയിച്ചതാണ്. എം.വി.രാഘവനോടുള്ള ഒടുങ്ങാത്ത പക തീര്ക്കാനായിരുന്നല്ലോ പറശ്ശിനിക്കടവ് സ്നേക്ക് പാര്‍ക്കിലെ അഗ്നിക്കാവടി. എത്ര പാമ്പുകളെയാണ് അവിടെ ചുട്ടുകരിച്ചത്. പക്ഷികളും കുരങ്ങന്മാരും എന്നു വേണ്ട അവിടെ ജീവനുള്ളതും ഇല്ലാത്തതുമായ എല്ലാറ്റിനെയും ഉന്മൂലനം ചെയ്യാനുള്ള ഉത്സാഹം കാണിച്ചത് പാര്‍ട്ടിക്കാരല്ലെന്ന് ആരും പറഞ്ഞിട്ടില്ല. പാര്‍ട്ടി പറയണം. പറഞ്ഞാല്‍ അത് നടന്നതാണ്. ടി.പി.ചന്ദ്രശേഖരന് പറഞ്ഞു കൊണ്ടിരിക്കുന്നതും അതു തന്നെ. പാര്‍ട്ടി തീരുമാനിക്കാതെ രാഷ്ട്രീയ കൊലപാതകങ്ങളൊന്നും സിപിഎം നടത്താറില്ല.
പതിമ്മൂന്നു പേരുടെ പട്ടിക തയ്യാറാക്കി. വണ്‍, ടു, ത്രീ എന്ന കണക്കിന് വെടിവച്ചും വെട്ടിയും കുത്തിയും കൊന്നു എന്ന് മണി പറഞ്ഞതല്ലേ സത്യം. അങ്ങനെയൊരു കുഴപ്പമുണ്ട് സത്യത്തിന്. എത്ര പൂഴ്ത്തി വച്ചാലും കായവും കാമവും പോലെയാണ്. പുറത്തു വരാതിരിക്കില്ല. “വെറുമൊരു മോഷ്ടാവായൊരെന്നെ കള്ളനെന്നു വിളിച്ചില്ലേ” എന്ന പരിഭവം പോലെ പാര്‍ട്ടി ഇപ്പോള്‍ വിലപിക്കുകയാണ്. പത്രങ്ങളെയും മറ്റു മാധ്യമങ്ങളെയുമെല്ലാം പ്രതിസ്ഥാനത്തു നിര്‍ത്തുകയാണ്. ഇതെന്തൊരു കഥ. എല്ലാവരും കൂടി ഇങ്ങനെ പാര്‍ട്ടിയെ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത് എന്തിനാണ് ? കേള്‍ക്കുമ്പോള്‍ പാവം തോന്നും. പിന്നോട്ടു നോക്കുമ്പോഴറിയാം, കടുത്ത പ്രതികാരത്തിന്റെയും പകയുടെയും ചരിത്രം.
“പാര്‍ട്ടിക്കു വഴങ്ങിയിരുന്നില്ലെങ്കില്‍ അവര്‍ എന്നെയും കൊല്ലുമായിരുന്നു” ഇതു പറഞ്ഞത് കേരളത്തില്‍ പാര്‍ട്ടി കെട്ടിപ്പെടുക്കുന്നതില്‍ മുഖ്യപങ്കു വഹിച്ചിരുന്ന കെ.മാധവനാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ തുടക്കം മുതല്‍ അതില്‍ പ്രവര്‍ത്തിക്കുന്ന നേതാവ്. ഇ.കെ.നായനാരുടെ സമശീര്ഷന്. മാധവനിതു പറയുമ്പോള്‍ നായനാര്‍ ക്ലിഫ് ഹൗസിലും മാധവന് കാഞ്ഞങ്ങാട്ടെ സ്വന്തം വീട്ടിലും എന്ന വ്യത്യാസമുണ്ട്. പാര്‍ട്ടി കെ.കേളപ്പനെ വധിക്കാന്‍ പദ്ധതി തയ്യാറാക്കിയിരുന്നു എന്നും മാധവന് വെളിപ്പെടുത്തി. ഇത് മുഖ്യമന്ത്രിയായിരുന്ന ഇ.കെ.നായനാരും ശരി വച്ചതാണ്. മാധവന് പറയുന്നു.
“ഞ്ഞാന്‍ പാര്‍ട്ടിയുടെ കാസര്‍കോട് താലൂക്ക് (ഇന്നത്തെ കാസര്‍കോട് ജില്ല) സെക്രട്ടറിയായിരുന്ന കാലത്താണ് കേളപ്പനെ കൊല്ലാന്‍ പരിപാടി ഉണ്ടാക്കിയത്. അന്ന് ഇന്നത്തെ പോലുള്ള പാര്‍ട്ടി കമ്മിറ്റികളല്ല. അണ്ടര്‍ ഗ്രൗണ്ടിലായിരുന്നല്ലോ പ്രവര്‍ത്തനം. ഞങ്ങള്‍ പരസ്പരം കത്തു കൊടുത്തയച്ചും രഹസ്യ സങ്കേതത്തില്‍ കണ്ടു മുട്ടിയും എടുക്കുന്ന തീരുമാനങ്ങളാണ്. ഇ.കെ.നായനാര്‍ അന്ന് കാസര്‍കോട് ഒളിവിലായിരുന്നു. നായനാരെ പോലെ വേറെയും കുറേ നേതാക്കളുടെ അറിവോടെയാണ് കേളപ്പനെ അറ്റാക്കു ചെയ്യാന്‍ തീരുമാനിച്ചത്. എന്നാല്‍ എനിക്കിത് അംഗീകരിക്കാന്‍ കഴിഞ്ഞില്ല. വല്ലാത്ത വേദനയും തോന്നി. കേളപ്പന്റെ കൂടെയാണല്ലോ ഞാന്‍ സ്വാതന്ത്ര്യസമരത്തിന് ഇറങ്ങിയത്. കേളപ്പന് കടുത്ത കമ്മ്യൂണിസ്റ്റ് വിരോധിയായിരുന്നു എന്നാണ് അവര്‍ പറഞ്ഞത്. അത് ശരിയുമായിരുന്നു. കമ്മ്യൂണിസത്തിനെതിരെ അദ്ദേഹം നാടു നീളെ നടന്നു പ്രസംഗിച്ചു. എങ്കിലും കേളപ്പന് പ്രധാനമായും എതിര്‍ത്തത് ഞങ്ങളുടെ അക്രമ ലൈനിനെ ആയിരുന്നു എന്നാണെന്റെ ഓര്മ. ഉറച്ച കമ്മ്യൂണിസ്റ്റായിരുന്നപ്പോള് തന്നെ അക്രമമാര്‍ഗം ശരിയല്ലെന്ന് എനിക്കും അഭിപ്രായമുണ്ടായിരുന്നു. ഇന്നും അതാണഭിപ്രായം. കയ്യൂരിനടുത്തുള്ള ഒരു യോഗസ്ഥലത്തു വച്ച് കേളപ്പനെ വധിക്കാമെന്ന് ചിലര്‍ പറഞ്ഞു. ഈ നിലപാടിനെ ശക്തമായി എതിര്‍ത്ത എനിക്കെതിരെ അന്നത്തെ മലബാര്‍ കമ്മിറ്റിയില്‍ റിപ്പോര്‍ട്ടു നല്‍കിയത് നായനാരാണ്. അങ്ങനെ എന്നെ പുറത്താക്കാന്‍ പാര്‍ട്ടി തീരുമാനിച്ചു. ചില വിയോജിപ്പുകളുണ്ടെങ്കിലും പാര്ട്ടിയില്ലെങ്കില് ജീവിതമില്ല എന്ന തോന്നലായിരുന്നു അന്ന്. അങ്ങനെ ഇഷ്ടമില്ലാതിരുന്നിട്ടും കല്‍ക്കട്ടാ തീസിസിന്റെ അടിസ്ഥാനത്തില്‍ കേളപ്പന് ഉള്‍പ്പെടെയുള്ളവരെ അക്രമിക്കാനുള്ള തീരുമാനത്തെ ഞാനും നിശ്ശബ്ദം പിന്തുണച്ചു. കിണാവൂരിലെ കോണ്‍ഗ്രസ് സമ്മേളന സ്ഥലത്തു വച്ച് കേളപ്പനെ ആക്രമിക്കുക. ആകാശത്തേക്കു വെടിവച്ച് യോഗത്തിനെത്തിയവരുടെ ശ്രദ്ധ തിരിച്ചു വിട്ട ശേഷം പെട്രോള്‍ മാക്സ് തകര്‍ത്ത് ആക്രമിക്കാനായിരുന്നു പരിപാടി. എന്നാല്‍ വെടിവയ്ക്കാന്‍ ചുമതലപ്പെടുത്തിയിരുന്ന മടിക്കൈ ഭാഗത്തെ പ്രവര്‍ത്തകര്‍ എത്താതിരുന്നതു മൂലം കേളപ്പന് രക്ഷപ്പെടുകയായിരുന്നു.”
കേരള ഗാന്ധി എന്ന് വിശേഷിപ്പിക്കപ്പെടുന്ന കെ.കേളപ്പന്റെ പാത പിന്തുടര്ന്ന് രാഷ്ട്രീയത്തിലിറങ്ങിയ കെ.മാധവന്റെ തലയ്ക്ക് 1948ല്‍ സര്‍ക്കാര്‍ വില കെട്ടിയിരുന്നു, 2000 രൂപ. അന്ന് ഇന്നത്തെ പോലെ പാര്‍ട്ടിയില്‍ ഒറ്റുകാരില്ലാത്തതിനാല് ഒളിവിലായിരുന്ന കെ.മാധവന് രക്ഷപ്പെടുകയായിരുന്നു. ഇത് കേരളത്തിലെ ഒരു സംഭവം. ആസൂത്രണം നടത്തി കൊലപാതകം ചെയ്ത സംഭവങ്ങള്‍ കേരളത്തില്‍ തന്നെ നിരവധിയാണ്. അതിലൊന്നാണല്ലോ തലശ്ശേരിയിലെ ഫസല്‍ വധവും. പാര്‍ട്ടി വിട്ട് എന്‍ഡിഎഫില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങിയപ്പോഴാണ് ഫസലിനെ കൊല്ലാന്‍ പാര്‍ട്ടി പദ്ധതിയിട്ടത്. നിശ്ചയിച്ച പ്രകാരം കൃത്യം നിര്‍വഹിച്ച ശേഷം അതെങ്ങനെ മറ്റുള്ളവരുടെ തലയില്‍ കെട്ടിവയ്ക്കണമെന്നും പാര്‍ട്ടി ചിന്തിച്ചു തീരുമാനിച്ചതാണ്. അങ്ങനെയാണ് എന്‍ഡിഎഫുകാരനായ ഫസലിനെ ആര്‍എസ്എസുകാര്‍ കൊന്നു എന്ന കള്ളപ്രചാരണം പാര്‍ട്ടി സംഘടിതമായി നടത്തിയത്. അന്നത്തെ ആഭ്യന്തരമന്ത്രി തന്നെ അത് ഏറ്റു പറയുകയും ചെയ്തു. ഫസലിന്റെ ഭാര്യ കോടതിയില്‍ പോയി സിബിഐ അന്വേഷണത്തിന് അനുമതി നേടിയില്ലായിരുന്നു എങ്കില്‍ ഫസല്‍ വധം ആര്‍എസ്എസിന്റെ ചുമലില്‍ തന്നെ ഇന്നും കെട്ടിയേല്പ്പിക്കുമായിരുന്നു.
കമ്മ്യൂണിസ്റ്റു പാര്‍ട്ടി എവിടെയുണ്ടോ അവിടെയൊക്കെ ഉന്മൂലനത്തിന്റെ ചരിത്രമാണ് അവര്‍ സൃഷ്ടിച്ചു കൊണ്ടിരിക്കുന്നത്. അതു കൊണ്ടു തന്നെ എത്ര ആണയിട്ടാലും അവരുടെ കൈകളിലെ ചോരക്കറ മാറാന്‍ പോകുന്നില്ല. അതിന്നും ഇന്നലെയും തുടങ്ങിയതല്ല. ലെനിനെ വിഷം കൊടുത്തു കൊന്നത് സ്റ്റാലിനാണെന്ന സത്യം ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നു. കമ്പോഡിയയിലെ പോള്‍ പോട്ട് ചരിത്രവും ഏറെ പഴക്കമുള്ളതല്ല. മൂന്നരപ്പതിറ്റാണ്ടു മുമ്പാണല്ലോ കമ്പോഡിയയുടെ അധികാരം കമ്മ്യൂണിസ്റ്റു പാര്‍ട്ടിയുടെ ജനറല്‍ സെക്രട്ടറി പോള്‍ പോട്ടിന്റെ കയ്യിലമരുന്നത്. ഹ്രസ്വകാലത്തെ പോള്‍ പോട്ടിന്റെ ഭരണം അവിടെ കശാപ്പിന്റെയും ഉന്മൂലനത്തിന്റെയും ചരിത്രമാണ് സൃഷ്ടിച്ചത്. രണ്ടു ലക്ഷത്തോളം പേരെയാണ് അവിടെ കൊന്നു തള്ളിയത്. ഈ ഭൂമിയില്‍ കര്‍ഷകര്‍ മാത്രം മതി എന്നു തീരുമാനിച്ചു കൊണ്ടാണ് മറ്റുള്ളവരെയൊക്കെ കാലപുരിക്കയയ്ക്കാന്‍ പോള്‍ പോട്ട് തീരുമാനിച്ചത്. ഇവിടെ വ്യത്യാസം ഒന്നുമാത്രം. കമ്മ്യൂണിസ്റ്റ് ഇരുമ്പു മറയില്‍ ഒതുങ്ങി നില്ക്കാന് തയ്യാറുള്ളവര്‍ മാത്രം ജീവിച്ചാല്‍ മതി.
കെ. കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: