ലാലുപ്രസാദ് യാദവ് റെയില്‍വേ മന്ത്രിയായി ഭരിക്കുന്ന കാലം. ഭരണത്തിന്റെ മികവുകൊണ്ട് റെയില്‍വേയ്ക്ക് ലാഭമായിരുന്നുവത്രെ. എന്തൊരു കൊട്ടിഘോഷമായിരുന്നു അക്കാലങ്ങളില്‍. ലാലു ഒരു സൂപ്പര്‍ സ്റ്റാര്‍ പദവിയിലേക്ക് ഉയര്‍ത്തപ്പെട്ടു. ഇതുവരെ ആര്‍ക്കും സാധിക്കാത്ത ഒരു നേട്ടമായി മീഡിയയും ഇതിനെ ചിത്രീകരിച്ചു. തല്‍ഫലമായി ലോകത്തിലെ ഏറ്റവും പ്രസിദ്ധിയുള്ള സര്‍വകലാശാലകളിലൊന്നായ ഹാര്‍വാര്‍ഡില്‍നിന്നും വിദ്യാര്‍ത്ഥികള്‍ ഭാരതത്തിലെത്തി. എന്തിന്? ലാലുവിന്റെ മാനേജ്മെന്റ് ക്ലാസ്സുകളില്‍നിന്ന് പുതിയ അറിവുകള്‍ സമ്പാദിക്കാന്‍. ആചാര്യന് സന്തോഷമായി. പബ്ലിസിറ്റിയില്‍ മതിമറന്ന് ആകാശത്തോളമുയര്‍ന്നു. മീഡിയ ലാലുവിനെ ഒരു സൂപ്പര്‍ മനുഷ്യനാക്കുകയും ചെയ്തു.
ഒന്നോ രണ്ടോ പ്രാവശ്യം ഹാര്‍വാര്‍ഡ് സ്കോളേഴ്സ് ലാലുവിനെ കണ്ടുവെന്ന് തോന്നുന്നു. പിന്നെന്തുണ്ടായി എന്നാര്‍ക്കും അറിയില്ല. മീഡിയക്ക് മിണ്ടാട്ടവുമുണ്ടായില്ല. വിഐപികളായി വന്ന സ്കോളേവ്സ് ആരും അറിയാതെ മടങ്ങി, അതോ അറിയിക്കാതെ മടങ്ങിയതാണോ? നന്നായി, മീഡിയക്ക് നമോവാകം. ഭാരതത്തിന് കിട്ടാനിടയുള്ള ചീത്തപ്പേര് ആരും അറിയാതെ കാത്തുസൂക്ഷിച്ചുവല്ലോ! ആദ്യത്തെ കണ്ടുമുട്ടലില്‍ തന്നെ ലാലുവിന്റെ മാനേജ്മെന്റ് തട്ടിപ്പ് (ഗിമിക്) അവര്‍ക്ക് മനസ്സിലായിക്കാണും. ലാലു നിഷ്കാസിതനായശേഷം റെയില്‍വേ പ്രതിസന്ധി ഘട്ടത്തിലുമായി. നഷ്ടത്തിലുമായിത്തുടങ്ങി എന്നാണ് റിപ്പോര്‍ട്ട്. ഏതായാലും റെയില്‍വേ യാത്രാക്കൂലി ഇതുവരെ കൂട്ടാതിരുന്നത് സാധാരണ ജനങ്ങള്‍ക്ക് ഒരു അനുഗ്രഹമായിയെന്ന് പറയാതിരിക്കാന്‍ വയ്യ.
കട്ടുമുടിച്ച് ബീഹാറിലെ പട്ടിണി പാവങ്ങളുടെ ജീവിതം നരകതുല്യമാക്കി. ജാതി ഭേദത്തിന്റെ പേരില്‍ അടിമകളാക്കി കൊണ്ട് കുറെക്കാലം കളിച്ച ലാലു പ്രസാദിനെപ്പോലുള്ള ഒരാളെ ഒരു നേതാവിന്റെ പട്ടം അണിയിക്കാന്‍ സഹായിച്ച മീഡിയക്കും അദ്ദേഹത്തിന്റെ അനുയായികള്‍ക്കും കിട്ടിയ പാഠം ഇനിയെങ്കിലും ഓര്‍ക്കുമെന്ന് ആശിക്കുന്നു. ലാലു എന്ന കോമാളി ഇതുവരെ ഒരു പാഠവും പഠിച്ചിട്ടുണ്ടെന്ന് തോന്നുന്നില്ല.
ഹാര്‍വാര്‍ഡിലേക്ക് വീണ്ടും വരട്ടെ. നിരാശരായി മടങ്ങിയിരിക്കാനിടയുള്ള സ്കോളേഴ്സ് ഇന്ന് അവിടെ ഉണ്ടായിരിക്കാനിടയില്ല. പഠിപ്പ്കഴിഞ്ഞ് മടങ്ങിയിരിക്കും. ഇന്നുള്ള സ്കോളേഴ്സിന് ഭാരതത്തിലേക്ക് ഒരു ക്ഷണം സമാഗതമായിരിക്കുന്നു. ഒരു മുംബൈ ദിനപ്പത്രത്തില്‍ ഇസ്ലാമിക ഭീകരതയെ തുറന്നു കാട്ടിയതിന് 2012 സമ്മര്‍ സ്കൂളിന്റെ അധ്യാപനത്തില്‍നിന്നും ജനതാപാര്‍ട്ടി നേതാവായ സുബ്രഹ്മണ്യന് സ്വാമിയെ വിലക്കിയ സര്‍വകലാശാലയാണ് ഹാര്‍വാര്‍ഡ് സര്‍വകലാശാല.
ഈ വിലക്ക് തീരുമാനത്തിനുമുമ്പ് അദ്ദേഹത്തിന് പറയാനുള്ളതെന്താണെന്ന് കേള്‍ക്കാനുള്ള മര്യാദ സര്വകലാശാലക്കുണ്ടായിരുന്നില്ല. ഇതൊരു വാര്‍ത്തയേ ആയിരുന്നില്ല മീഡിയക്ക്. പലതരത്തിലും പല പ്രാവശ്യം ഭാരതത്തെ അപമാനിച്ച സംഭവങ്ങളില്‍ ഇതും കൂടി എന്നുമാത്രം. മാനേജ്മെന്റിന്റെ ആദ്യവും അവസാനവുമായ പാഠങ്ങള്‍. അവര്‍ക്ക് ഇ.ശ്രീധരനെന്ന മെട്രോമാനില്നിന്നും ഇനി പഠിക്കാം. ലാലുവിനെ സമീപിച്ചപ്പോഴുണ്ടായ ദുരന്താനുഭവം ഉണ്ടാകില്ലെന്ന് ഉറപ്പുതരുന്നു.
ഇ.ശ്രീധരന് ഒരു അത്ഭുത മനുഷ്യനാണ്. തൊട്ടതെല്ലാം പൊന്നാക്കിയ ഒരു മാനേജ്മെന്റ് പ്രതിഭാസമാണദ്ദേഹം. ഭാരതത്തിലെ ആദ്യ മെട്രോ നിര്‍മാണം, കോംഗ്കണ്‍ റെയില്‍ പാത നിര്‍മാണം, അതിനുശേഷം തലസ്ഥാനനഗരമായ ദില്ലി മെട്രോ…എല്ലാം നിശ്ചിത കാലാവധിക്ക് തീര്ക്കാനദ്ദേഹത്തിന് കഴിഞ്ഞു-അതും അനുവദിച്ച തുക മുഴുവന്‍ ചെലവാകാതെ. 760 കിലോമീറ്റര്‍ നീളമുള്ള കോംഗ്കണ്‍ റെയില്‍പാതയില്‍ 93 തുരങ്കങ്ങളും 150 പാലങ്ങളുമുണ്ട്. ഈ സ്വപ്നം സാക്ഷാല്ക്കരിക്കാനദ്ദേഹത്തിന് സാധിച്ചത് കൃത്യനിഷ്ഠ, കഠിനാധ്വാനം, ആത്മാര്‍ത്ഥത, സത്യസന്ധത എന്നീ ഗുണങ്ങള്‍ കൊണ്ടുമാത്രമാണ്. കൂടാതെ മാനേജ്മെന്റ് വൈദഗദ്ധ്യവും. മൂന്ന് മാസമെടുക്കുന്ന പഠന റിപ്പോര്‍ട്ടിനെ വെല്ലുവിളിച്ച 46 ദിവസംകൊണ്ട് ചുഴലിക്കാറ്റില്‍ തകര്‍ന്ന പാമ്പന്‍ പാലം പുനര്നിര്മിക്കാനദ്ദേഹത്തിന് കഴിഞ്ഞത് അദ്ദേഹത്തിന്റെ ഊര്ജസ്വലതകൊണ്ടാണെന്നതിന് സംശയമില്ല തന്നെ.
ശ്രീധരന്റെ നേട്ടങ്ങളുടെ രഹസ്യം പൂര്‍ണമായ ആത്മാര്‍ത്ഥതയും ഏറ്റെടുത്ത ജോലിയില്‍ വൈദഗ്ദ്ധ്യം നേടുകയുമാണ്. സത്യസന്ധമായ സമീപനത്തോടെ ഒരു നല്ല പ്രവര്‍ത്തക ടീമിനെ രൂപപ്പെടുത്തുകയും അവര്‍ക്ക് സ്വയം ഒരു മാതൃകയായിത്തീര്ന്ന് പ്രവര്‍ത്തിക്കുകയും ചെയ്താല്‍ വിജയം സുനിശ്ചിതമാണെന്ന് അദ്ദേഹം വിശ്വസിക്കുന്നു. കഠിനാദ്ധ്വാനം, സമര്‍പ്പണം എന്നീ ഗുണങ്ങള്‍ നേതൃത്വംനല്കുന്ന വ്യക്തിക്കുണ്ടായാല്‍ മറ്റുള്ളവരുടെ സമീപനവും ആത്മാര്‍ത്ഥതയും സംരഭ പൂര്‍ത്തീകരണത്തിന്റെ വിജയത്തിന് സഹായകരമാകുമെന്ന് അദ്ദേഹം തെളിയിച്ചു.
ഒരു ലേഖനമെഴുതിയ കാരണത്താല്‍, ഊര്‍ജ്ജസ്വലനും സാമ്പത്തിക വിദഗ്ദ്ധനുമായ സുബ്രഹ്മണ്യന് സ്വാമിയെ അപമാനിച്ച ഹാര്‍വാര്‍ഡ് സര്‍വകലാശാലക്ക് മാനേജ്മെന്റ് വിദ്യാ നൈപുണ്യം ശ്രീധരനില്‍നിന്നും പഠിക്കാനൊരവസരം സംജാതമായത് വിനിയോഗിക്കാവുന്നതാണ്.
തളി ശങ്കരന് മൂസ്സത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: