പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണം സ്ഥിരീകരിച്ച് കേരളാ പോലീസില്‍ 533 ക്രിമിനലുകളുണ്ടെന്ന് ഡിജിപി ഹൈക്കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരിക്കുന്നു. കൊലപാതകം മുതല്‍ സ്ത്രീപീഡനം വരെയുള്ള കേസുകളില്‍ പ്രതികളായിട്ടുള്ളവരാണ് പട്ടികയിലുള്ളത്. 29 പേര് വിജിലന്‍സ് അന്വേഷണവും 36 പേര് സിബിഐ അന്വേഷണവും നേരിടുന്നുണ്ടത്രെ. ഐപിഎസ് കേഡറിലുള്ള ടോമിന് ജെ.തച്ചങ്കരിയും ഡിഐജി ശ്രീജിത്തും ലിസ്റ്റില്‍പ്പെടുന്നു. ഐജി തച്ചങ്കരിയില്‍ തീവ്രവാദബന്ധംപോലും ആരോപിക്കപ്പെടുമ്പോള്‍ ഡിഐജി ശ്രീജിത്ത് സ്ത്രീവിഷയ ബന്ധമുള്ള കേസില്പ്പെടുന്നയാളാണ്. പോലീസ് സേനയില്‍ ക്രിമിനല്‍ ബന്ധമുള്ളവരുടെ ലിസ്റ്റ് നല്‍കാനുള്ള ഹൈക്കോടതി നിര്‍ദ്ദേശപ്രകാരമാണ് ലിസ്റ്റ് സമര്‍പ്പിക്കപ്പെട്ടിരിക്കുന്നത്. പോലീസ് സേനയിലേക്ക് റിക്രൂട്ട്മെന്റ് നടക്കുന്ന സന്ദര്‍ഭങ്ങളിലും ഉദ്യോഗാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷണവിധേയമാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. തലസ്ഥാന ജില്ലയായ തിരുവനന്തപുരത്തുനിന്ന് 118 പോലീസുകാരാണ് ക്രിമിനല്‍ പട്ടികയില്‍ ഉള്‍പ്പെട്ടതെന്നത് ശ്രദ്ധേയമാണ്. പോലീസിന് ഗുണ്ടകളുമായും ക്വട്ടേഷന്‍ സംഘങ്ങളുമായുള്ള ബന്ധം ആരോപണത്തില്‍നിന്നും വസ്തുതയായി വെളിപ്പെട്ടത് മാതൃഭൂമി ലേഖകന്‍ ഉണ്ണിത്താന് വധശ്രമക്കേസിലായിരുന്നു. 2009ല്‍ ഇന്റലിജന്‍സ് എഡിജിപിയായിരുന്ന സിബി മാത്യൂസ് പോലീസിലെ ക്രിമിനല്‍ സാന്നിധ്യം വെളിപ്പെടുത്തുന്ന ലിസ്റ്റ് തയ്യാറാക്കിയിരുന്നത് പ്രസിദ്ധപ്പെടുത്തണമെന്ന ജോസഫ് എം.പുതുശ്ശേരിയുടെ ഹര്‍ജിയുടെ പശ്ചാത്തലത്തിലാണ് ഞെട്ടിക്കുന്ന ഈ വിവരങ്ങള്‍ പുറത്തുവന്നത്.
കേരളാ പോലീസ് സേന സംശുദ്ധമല്ല എന്നത് നിരവധി സംഭവങ്ങള്‍ തെളിയിച്ചതാണ്. മന്ദബുദ്ധിയായ യുവതിയെ കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകുന്നവഴി ബലാത്സംഗം ചെയ്യപ്പെട്ടതായിപ്പോലും റിപ്പോര്‍ട്ട് വന്നിട്ടുണ്ട്. പോലീസിന്റെ രാഷ്ട്രീയവല്‍ക്കരണം അവരുടെ ക്രിമിനല്‍ പശ്ചാത്തലം ഒരുക്കുന്നതിനും ആരോപണവിധേയരാകുമ്പോള്‍ സംരക്ഷിക്കപ്പെടാനും കാരണമാണ്. സര്‍ക്കാരുകള്‍ മാറുന്നതനുസരിച്ച് രാഷ്ട്രീയബന്ധങ്ങള്‍ മാറ്റുന്ന പോലീസുകാരും സേനയിലുണ്ട്. മാത്രമല്ല, അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ അഴിമതി നടത്തുന്ന പോലീസുകാരുടെ സംരക്ഷകരാകുന്ന കാഴ്ചയും ജനം കാണുന്നു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നടത്തുന്ന അക്രമ-കൊലപാതക രാഷ്ട്രീയത്തിനും കുടപിടിക്കാനാണ്, തടയാനല്ല കണ്ണൂര്‍ പോലീസ് എന്നും തയ്യാറായിട്ടുള്ളത്. ഈ പ്രവണത ഇപ്പോള്‍ മറ്റ് ജില്ലകളിലേക്കും വ്യാപിക്കുന്നു. കസ്റ്റഡി മരണങ്ങളും ജയിലുകളില്‍ ഇന്ന് സാധാരണ സംഭവങ്ങളായിക്കഴിഞ്ഞു. മൂന്ന് കോടിയിലധികം വരുന്ന കേരള ജനതയുടെ സംരക്ഷണം, നീതി ലഭ്യമാക്കല്‍ മുതലായവ പോലീസിന്റെ കടമയാണ്. പക്ഷേ ഇന്ന്, പ്രത്യേകിച്ച് ഉണ്ണിത്താന് വധശ്രമത്തിനുശേഷം കേരളാ പോലീസിന് വിശ്വാസ്യത നഷ്ടപ്പെട്ടിരിക്കുന്നു. ഇന്ന് പോലീസുകാരിലും സ്വാഭാവിക കുറ്റവാളികള്‍ ഉണ്ടെന്നാണ് തെളിയുന്നത്. ചെയ്യുന്ന ജോലിയുടെ സ്വഭാവവും ഇവരെ അഴിമതിക്കാരും പീഡകരുമാക്കുന്നു. സ്ത്രീ പീഡനങ്ങളില്‍ പോലീസ്തന്നെ പ്രതികളാകുമ്പോള്‍ സ്ത്രീപീഡനം കൂടിവരുന്ന കേരളത്തില്‍ സ്ത്രീകള്‍ നീതിക്ക് എവിടെപ്പോകും? മനഃസാക്ഷിയുടെ മുമ്പില്‍ ഇവര്‍ പ്രതിക്കൂട്ടിലാണ്.
പോലീസ് സേന ശുദ്ധീകരിക്കേണ്ട സമയം അതിക്രമിച്ചുവെന്നാണ് ഡിജിപി കോടതിയില്‍ സമര്‍പ്പിച്ച ലിസ്റ്റ് വിളിച്ചോതുന്നത്. പോലീസുകാരുടെ ട്രാക്ക് റെക്കോര്‍ഡും പരിശോധനാ വിധേയമാക്കേണ്ടതുണ്ട്. ഉണ്ണിത്താന് വധശ്രമക്കേസില്‍ തെളിവുകള്‍ നശിപ്പിക്കാന്‍പോലും പോലീസ് കൂട്ടുനിന്നുവെന്ന് തെളിയുമ്പോഴും ഇത് ചര്‍ച്ചാ വിഷയമായത് ആക്രമണം മാധ്യമപ്രവര്ത്തകനുനേരെയായതിനാലാണ് സാധാരണക്കാരന് ഈ നീതി ലഭ്യമല്ല. ഇപ്പോള്‍ ജനമനസ്സുകളില്‍ പോലീസിന്റെ പ്രതിഛായ കളങ്കിതമാണ്. പോലീസ് സേനയുടെ നവീകരണം സത്വര ശ്രദ്ധ നേടേണ്ട വിഷയമാണ്. പോലീസിലെ ഉന്നതര്‍പോലും കുറ്റാരോപണവിധേയരാകുമ്പോള് ജനങ്ങള്‍ക്ക് നീതി നേടികൊടുക്കേണ്ട പോലീസ് സംവിധാനം വിശ്വാസ്യത തകര്‍ന്ന നിലയിലാണ്.
പെണ്‍വാണിഭക്കേസുകളില്‍ പോലീസ് തയ്യാറാക്കുന്ന തെറ്റായ എഫ്ഐആര്‍ ആണ് പ്രതികളെ രക്ഷപ്പെടാന്‍ സഹായിക്കുന്നത്. ഇപ്പോള്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി 226 പേരെ സസ്പെന്റ് ചെയ്തുവെന്നും 73 പേരെ മാറ്റിയെന്നും പ്രസ്താവിക്കുന്നു. പക്ഷേ ഇതെല്ലാം അപര്യാപ്തമായ നടപടികളാണ്. പോലീസ് സേനയുടെ വിശ്വാസ്യത പുനഃസ്ഥാപിക്കാന്‍ ക്രിയാത്മകമായ നടപടികള്‍ക്ക് രാഷ്ട്രീയ നേതൃത്വം തയ്യാറായാല്‍ മാത്രമേ ഈ കളങ്കം മായ്ക്കാന്‍ സാധ്യമാവുകയുള്ളൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: