ആകാശം കാര്‍മേഘാവൃതമായി തുടങ്ങിയപ്പോള്‍ത്തന്നെ കേരളം പകര്‍ച്ചപ്പനി വ്യാപനത്തിലേക്ക് വഴുതിവീഴുകയാണ്. മണ്‍സൂണ്‍ കേരളത്തില്‍ എത്തിയത് ചൊവ്വാഴ്ചയാണ്. ബുധനാഴ്ചതന്നെ പതിനാറിലധികം പേര് എച്ച്1എന്‍1 പനിബാധിതരായി ആശുപത്രിയിലെത്തിക്കഴിഞ്ഞു. കേരളം ഇന്ന് മാലിന്യമുക്തമാകാതെ ജലസ്രോതസുകള്പോലും മലിനീകരിക്കപ്പെട്ട് കൊതുകുകളും എലികളും പെരുകി എലിപ്പനി, ഡെങ്കിപ്പനി, മഞ്ഞപ്പിത്തം മുതലായ പകര്‍ച്ചവ്യാധികളുടെ പിടിയിലമരുകയാണ്. പ്രീ-മണ്‍സൂണ്‍ തയ്യാറെടുപ്പുകള്‍ ആരോഗ്യരംഗത്ത് നടന്നില്ല. കാലവര്‍ഷം ഇടവമാസത്തില്‍ വരുമെന്നും അധികാരികള്‍ക്കറിയാം. എല്ലാ വര്‍ഷക്കാലങ്ങളിലും കേരളം സാംക്രമികരോഗങ്ങളുടെ പിടിയില്‍ അകപ്പെടുന്നുവെന്നതും ഇന്ന് ചരിത്രത്തിന്റെ ഭാഗമാണ്. എന്നിട്ടും ആരോഗ്യവകുപ്പ് ഈ പകര്‍ച്ചപ്പനി വ്യാപനം തടയാന്‍ യാതൊരു മുന്‍കരുതലുകളും എടുത്തില്ല എന്നത് ഗൗരവമായ പിഴവാണ്.
മഴക്കാലത്തിന് മുമ്പ് ഓടകളും തോടുകളും ശുചീകരിക്കുക, മാലിന്യക്കൂമ്പാരങ്ങള്‍ നീക്കുക, കൊതുക് വ്യാപനം തടയാന്‍ മരുന്നടിക്കുക മുതലായ യാതൊരു നടപടികളും ആരോഗ്യവകുപ്പോ ബന്ധപ്പെട്ട മുനിസിപ്പാലിറ്റികളോ പഞ്ചായത്തുകളോ എടുത്തതായി കാണുന്നില്ല. കേരളത്തിലെ ആരോഗ്യരംഗം അപകടാവസ്ഥയിലാണെന്ന് തെളിയിക്കുന്നതാണ് എസ്ഐടി ആശുപത്രിയില്‍ പിഞ്ചുകുഞ്ഞുങ്ങളുടെ അണുബാധ മൂലമുള്ള മരണങ്ങള്. ഇപ്പോള്‍ എച്ച്1എന്‍1 വ്യാപിക്കുന്നത് ആരോഗ്യസംവിധാനത്തിന്റെ അഭാവമുള്ള ഇടുക്കി ജില്ലയിലാണ്. എറണാകുളവും തലസ്ഥാനനഗരിയും കൊതുക് പടയുടെ പിടിയിലാകുമ്പോള്‍ സാംക്രമികരോഗങ്ങള്‍ പ്രതീക്ഷിക്കാവുന്നതേയുള്ളൂ. എന്നിട്ടും ആരോഗ്യവകുപ്പും സര്‍ക്കാരും കാണിക്കുന്ന അനാസ്ഥ അക്ഷന്തവ്യമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: