പാറ്റ്ന: രണ്‍വീര്‍ സേനാ മേധാവി ബ്രഹ്മേശ്വര്‍ സിംഗിന്റെ കൊലപാതകം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കുന്നതിന് ബീഹാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഉന്നത പോലീസ് ഉദ്യോഗസ്ഥരുമായുള്ള കൂടിക്കാഴ്ചയ്ക്കുശേഷമാണ് മുഖ്യമന്ത്രി നിതീഷ്കുമാര്‍ ഇക്കാര്യം അറിയിച്ചത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഭോജ്പൂര് ജില്ലയിലെ അദ്ദേഹത്തിന്റെ വസതിക്ക് സമീപത്ത് വച്ച് അജ്ഞാതന്റെ വെടിയേറ്റത്. സംഭവത്തെത്തുടര്‍ന്ന് ബീഹാറില്‍ രണ്‍വീര്‍ സേനയുടെ നേതൃത്വത്തില്‍ പ്രതിഷേധ റാലി നടന്നിരുന്നു. ആര്‍ജെഡി നേതാവ് ലാലുപ്രസാദ് യാദവ്, എല്‍ജെപി പ്രസിഡന്റ് റാംവിലാസ് പാസ്വാന്, ബീഹാര്‍ കോണ്‍ഗ്രസ് ഘടകം എന്നിവര്‍ അന്വേഷണം ആവശ്യപ്പെട്ടിരുന്നു. കേസ് സിബിഐക്ക് കൈമാറണമെന്നും ഇവര്‍ ആവശ്യപ്പെട്ടിരുന്നു.
ഇന്നലെ നടന്ന ഉന്നതതല യോഗത്തില്‍ ഡിജിപി അഭ്യാനന്ദും ആഭ്യന്തര വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി എന്നിവരും പങ്കെടുത്തിരുന്നു.
ഇതിനിടയില്‍ കൊലപാതകവുമായി ബന്ധപ്പെട്ട് ബീഹാറില്‍നിന്നുള്ള എംഎല്‍എ സുനില്‍ പാണ്ഡെയുടെ അടുത്ത അനുയായിയെ പോലീസ് അറസ്റ്റ് ചെയ്തു.
ചൊവ്വാഴ്ച രാത്രി ജാര്‍ഖണ്ഡിലെ ജംഷദ്പൂരില്നിന്നുമാണ് അറസ്റ്റ് ചെയ്തത്. ഇയാളെ അറസ്റ്റ് ചെയ്തത് കേസിന് വലിയ വഴിത്തിരിവാകുമെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ അറിയിച്ചു. എന്നാല്‍ അറസ്റ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ നല്കാന് പോലീസ് തയ്യാറായില്ല. രണ്ട് ദിവസം മുന്‍പ് ഭോജ്പൂരിലെ വിവിധ പ്രദേശങ്ങളില്‍നിന്നും സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. ബ്രഹ്മേശ്വര്‍ സിംഗിന്റെ കൊലപാതകത്തെത്തുടര്‍ന്ന് വലിയ രീതിയിലുള്ള പ്രതിഷേധമാണ് പ്രദേശത്ത് തുടരുന്നത്. സേനാ നേതാവിന്റെ കൊലപാതകത്തില്‍ സുനില്‍ പാണ്ഡെക്കും പങ്കുണ്ടെന്നാണ് പോലീസ് ഭാഷ്യം. എന്നാല്‍ പാണ്ഡെയും അറസ്റ്റിലായ ആളും സേനയുമായി ഏറ്റവും അടുത്ത് സഹകരിച്ചു പോന്നിരുന്ന വ്യക്തികളാണെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: