ഭോപ്പാല്‍: ഭോപ്പാലിലെ യൂണിയന് കാര്‍ബൈഡ് ഫാക്ടറിപരിസരത്ത് കെട്ടിക്കിടക്കുന്ന വിഷമാലിന്യം ഉടന്‍ നീക്കം ചെയ്യുമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി പി.ചിദംബരം. ജര്‍മ്മനിയിലെ ഒരു സ്വകാര്യകമ്പനി വിഷമാലിന്യം ഏറ്റെടുത്ത് നശിപ്പിക്കാന്‍ മുന്നോട്ട് വന്നിട്ടുണ്ടെന്നും മധ്യപ്രദേശ് സര്‍ക്കാര്‍ കമ്പനിയുമായി ചര്‍ച്ച നടത്തിവരികയാണെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യം സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രത്തിന്റെ മുന്നില്‍ അവതരിപ്പിച്ച് ഉടന്‍തന്നെ അനുമതി നേടുമെന്നും ചിദംബരം പറഞ്ഞു. മാലിന്യം നീക്കം ചെയ്ത് സുരക്ഷിതമായി സംസ്ക്കരിക്കുന്നതിനെക്കുറിച്ച് മഹാരാഷ്ട്ര, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുമായി കേന്ദ്രം ചര്‍ച്ച നടത്തിയെങ്കിലും മാലിന്യം ഏറ്റെടുക്കാന്‍ തയ്യാറല്ലെന്ന് ഈ സംസ്ഥാനങ്ങള്‍ അറിയിക്കുകയായിരുന്നെന്നും ചിദംബരം പറഞ്ഞു. യൂണിയന് കാര്‍ബൈഡ് ഫാക്ടറിയില്‍ 1984 ല്‍ നടന്ന ദുരന്തത്തിന് ശേഷം 350 ടണ്‍ വിഷമാലിന്യമാണ് കെട്ടിക്കിടക്കുന്നത്്. ഇത് നീക്കം ചെയ്യുന്നതില്‍ ഉടന്‍ തീരുമാനമെടുക്കണമെന്ന് കഴിഞ്ഞ മാസം സുപ്രീംകോടതി കേന്ദ്രത്തിന് നിര്‍ദ്ദേശം നല്‍കിയിരുന്നു.
കേന്ദ്രമന്ത്രിമാരായ പി.ചിദംബരം, സല്മാന് ഖുര്‍ഷിദ്, വി.നാരായണ സ്വാമി എന്നിവരടങ്ങുന്ന സംഘം ഭോപ്പാല്‍ ദുരന്തബാധിതരെ സന്ദര്‍ശിച്ച് സ്ഥിതിഗതികള്‍ വിലയിരുത്തി. ദുരന്തത്തിന് ഇരയായവരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനായി കേന്ദ്രസര്‍ക്കാര്‍ പി.ചിദംബരത്തിന്റെ നേതൃത്വത്തില്‍ മന്ത്രിസംഘത്തെ ചുമതലപ്പെടുത്തിയിരുന്നു. ദുരന്തബാധിതര്‍ക്കുളള ഭോപ്പാല്‍ മെമ്മോറിയല്‍ ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററും കേന്ദ്രമന്ത്രിമാര്‍ സന്ദര്‍ശിച്ചു. ആശുപത്രിയില്‍ വേണ്ടത്ര ഡോക്ടര്‍മാരും സൗകര്യങ്ങളുമില്ലെന്ന് ബോധ്യപ്പെട്ടതായി സന്ദര്‍ശനത്തിന് ശേഷം ചിദംബരം മാധ്യമങ്ങളോട് പറഞ്ഞു.
ദുരന്തം നടക്കുമ്പോള്‍ യൂണിയന് കാര്‍ബൈഡ് സിഇഒ ആയിരുന്ന വാറന്‍ ആന്‍ഡേഴ്സനെ നിയമത്തിന് മുന്നിലെത്തിക്കുന്നതിനെക്കുറിച്ചുള്ള മാധ്യമങ്ങളുടെ ചോദ്യത്തിന് ആന്ഡേഴ്സന് വയസ്സായെന്നും ശാരീരികമായി ഏറെ ക്ഷീണിതനാണെന്നും ചിദംബരം ചൂണ്ടിക്കാട്ടി. ഇത്തരമൊരു സാഹചര്യത്തില്‍ അദ്ദേഹത്തെ വിട്ടുകിട്ടുന്നത് എങ്ങനെയെന്ന് ആലോചിക്കണമെന്നും കേന്ദ്രമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: