ന്യൂദല്‍ഹി: കയറ്റുമതി രംഗത്ത് ഇരുപത് ശതമാനം വര്‍ദ്ധനവ് പ്രതീക്ഷിക്കുന്നുവെന്ന് കേന്ദ്ര വാണിജ്യമന്ത്രി ആനന്ദ് ശര്‍മ്മ പറഞ്ഞു. കൈത്തറി, കരകൗശല ഉത്പന്നങ്ങളുടെ കയറ്റുമതിക്ക് നല്‍കിയിരുന്ന ഇളവ് ഒരു വര്‍ഷത്തേയ്ക്ക് കൂടി നീട്ടിയെന്നും അദ്ദേഹം പറഞ്ഞു. ഈ വര്‍ഷത്തെ വിദേശവ്യാപാര നയം പ്രഖ്യാപിക്കുകയായിരുന്നു ആനന്ദ് ശര്‍മ്മ.
2009ല്‍ പ്രഖ്യാപിച്ച വിദേശ വ്യാപാര നയത്തിന്റെ പുതുക്കിയ രൂപമാണ് ആനന്ദ് ശര്‍മ്മ ഇന്ന് പ്രഖ്യാപിച്ചത്. ആഗോള സാമ്പത്തിക പ്രതിസന്ധി ഇന്ത്യന്‍ സാമ്പത്തിക വ്യവസ്ഥയിലും പ്രതിഫലനങ്ങള്‍ ഉണ്ടാക്കിയ നിലയ്ക്ക് കയറ്റുമതി മേഖലയ്ക്കും തൊഴിലവസരങ്ങള്‍ സൃഷ്ടിയ്ക്കുന്ന മേഖലയ്ക്കും പുതിയ നയത്തില്‍ കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്.
ഇളവുകള്‍ നല്കുന്ന ഉത്പന്നങ്ങളുടെ പട്ടികയില്‍ സംസ്കരിച്ച കാര്‍ഷിക ഉത്പ്പന്നങ്ങളെയും റെഡിമെയ്ഡ് വസ്ത്രങ്ങളെയും ഉള്‍പ്പെടുത്തി. കയര്‍, കാര്‍പ്പെറ്റ്, ചണം എന്നിവയുടെ കയറ്റുമതി വ്യവസ്ഥയിലും ഇളവുകള്‍ വരുത്തിയിട്ടുണ്ട്. കാര്‍ഷിക സൗഹൃദ ഉത്പന്നങ്ങളുടെ പട്ടികയില്‍ 16 ഉത്പ്പന്നങ്ങളെ ഉള്‍പ്പെടുത്തി. ഇവയ്ക്കും കയറ്റുമതിയില്‍ ഇളവുകള്‍ നല്‍കും.
കയറ്റുമതിയും ഇറക്കുമതിയും തമ്മിലുള്ള അന്തരത്തില്‍ ആശങ്കയുണ്ടാക്കുന്നുവെന്നും താമസിയാതെ ഇതില്‍ നിന്നും കരകയറാന്‍ സാധിക്കുമെന്നും ആനന്ദ് ശര്‍മ്മ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: