അന്യന്റെ സംസാരം സംഗീതമായി ആസ്വദിക്കുന്ന അവസ്ഥ. അതാണത്രെ കമ്മ്യൂണിസത്തിലൂടെ ജനങ്ങള്‍ക്ക് ലഭിക്കുക. കേരളത്തിലെ ഏതാണ്ട് എല്ലാ ഗ്രാമങ്ങളിലും കമ്മ്യൂണിസ്റ്റ് ആക്രമണങ്ങള്‍കൊണ്ട് എത്ര നിലവിളികളാണ് ഉയര്‍ന്നത്. ബ്രാഞ്ച് സെക്രട്ടറി മുതല്‍ സംസ്ഥാന സെക്രട്ടറിവരെയുള്ളവര്‍ക്ക് ഈ നിലവിളികള്‍ സംഗീതമായാണോ തോന്നിയത്. അതുകൊണ്ടായിരിക്കാം ലോക്കല്‍ കമ്മറ്റി നേതാക്കള്‍ അടക്കമുള്ളവര്‍ ഗ്രാമഗ്രാമാന്തരങ്ങളില്‍ ബോംബും വാളും കയ്യിലേന്തി ചുറ്റി നടക്കുന്നത്, അടുത്ത ഇരയെ കിട്ടാന്‍.
കേരളത്തിലെ ഏതെങ്കിലും ഒരു പഞ്ചായത്തില്‍ മാര്‍ക്സിസ്റ്റ് കൊലക്കത്തി ഏറ്റുവാങ്ങാത്തവരായി ആരെങ്കിലും ഉണ്ടോ? കൊലപാതക രാഷ്ട്രീയം തുടങ്ങിവച്ചതും കൊണ്ടുനടക്കുന്നതും അനുഭവിച്ചറിയുന്നതും മാര്ക്സിസ്റ്റുകള്തന്നെയാണ്. കമ്മ്യൂണിസ്റ്റ്, മാര്‍ക്സിസ്റ്റ് പ്രവര്‍ത്തനത്തിന്റെ ഈറ്റില്ലവും പോറ്റില്ലവും കണ്ണൂര്‍ ജില്ലയാണ്. അതുകൊണ്ട് തന്നെമാര്ക്സിസ്റ്റ് വാളിന് ഇരയായ ആളുകള്‍ ഭൂരിപക്ഷവും ഈ ജില്ലയിലാണ്. കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കൂടുതലായി കൊല ചെയ്യപ്പെട്ടതും. കേസില്‍ പ്രതിയായി ജയിലില്‍ കഴിയുന്നവരില്‍ ഭൂരിപക്ഷവും ഈ ജില്ല തന്നെ.
എതിര്‍ക്കുന്നവെ, നോക്കുന്നവനെ, തങ്ങളില്‍ നിന്നും മാറുന്നവനെ കൊന്നൊടുക്കി ഇല്ലാതാക്കുക. സംഘപരിവാര്‍ പ്രസ്ഥാനത്തിലുള്ളവരെ മാത്രമല്ല, കോണ്‍ഗ്രസുകാരനെ, ലീഗുകാരനെ, സിപിഐക്കാരനെ, ജനതാദളുകാരനെ, ആര്‍എസ്പിക്കാരനെ എന്നുവേണ്ട സകലരേയും ഇവര്‍ കൊന്നൊടുക്കും. അവസാനമായിതാ ടി.പി.ചന്ദ്രശേഖരനെ വരെ ഇവര്‍ കൊന്നൊടുക്കിയിരിക്കുന്നു. ഇവരുടെ കൊലപാതകത്തിനും ചില ശൈലികള്‍ കാണാം. തങ്ങളെ ഏറ്റവും കൂടുതല്‍ എതിര്‍ത്ത് തോല്‍പ്പിക്കുന്നവനെ അങ്ങേയറ്റം പൈശാചികമായാണ് ഇവര്‍ കൊല ചെയ്യുക. നിമിഷനേരം കൊണ്ട് കൊല ചെയ്യാന്‍ പരിശീലനം കിട്ടിയ കൊലയാളികള്‍ ഇവര്‍ക്ക് എവിടെയും സ്വന്തമായുണ്ട്. എവിടെയും വിട്ടുകൊടുക്കാന്‍ പറ്റുന്ന തരത്തില്‍ റിസര്‍വ് കൊലയാളികളുടെ കൂട്ടം കണ്ണൂര്‍ ജില്ലയിലെ തലശ്ശേരി, കൂത്തുപറമ്പ് മേഖലകളില്‍ ധാരാളമായുണ്ട്. ഇവരെല്ലാം സംസ്ഥാന നേതാവിന്റെ തന്നെ പൂര്‍ണമായ നിയന്ത്രണത്തിലുമാണ്. ആസൂത്രണത്തിന് ജയരാജന്മാര് മുതല്‍ ആഭ്യന്തരമന്ത്രിയായവര് വരെ തയ്യാറുമാണ്.
കണ്ണൂര്‍ ലോബി മാര്‍ക്സിസ്റ്റ് പാര്‍ട്ടിയെ ഏത് നിലയ്ക്കും അടക്കി ഭരിക്കുകയാണ്, മറ്റ് ജില്ലയിലെ സ്വന്തക്കാര്‍ക്കുപോലും ഇതില്‍ അമര്‍ഷമുണ്ടെങ്കിലും. കാശിന് കാശ്, ആയുധങ്ങള്‍, കൊലയാളികള്‍, ബാങ്ക്, സൊസൈറ്റി, ആശുപത്രികള്‍ പോലുള്ള സ്ഥാപനങ്ങള്‍ എല്ലാം ഇവരുടെ സ്വന്തമാണ്. കേരള ഭരണം കിട്ടുമ്പോള്‍ ഭരണ സ്വാധീനത്തില്‍ നേടിയെടുക്കുന്നതാണ് ഇതൊക്കെ. ഏത് അഴിമതിയായാലും അതിനെ പാര്‍ട്ടിയിലെ ഒരു വിപ്ലവകാരിയും എതിര്‍ക്കില്ല. കാരണം അത് പാര്‍ട്ടിക്ക് വേണ്ടിയുള്ള അഴിമതിയാണ്. ഇത്തരം അഴിമതികളിലൂടെ ഇതിന്റെ മുന്‍നിരക്കാരായ നേതാക്കളും കുടുംബപരമായി കൊഴുക്കുന്നു എന്നത് വേറെ കാര്യം. അതുപോലെ സ്ഥാപനങ്ങളിലെ ജീവനക്കാരില്‍ ഭൂരിപക്ഷവും ഇവരുടെ ഭാര്യമാരോ, ആശ്രിതരോ മറ്റ് ബന്ധുക്കളോ അല്ലെങ്കില്‍ പാര്‍ട്ടിയുടെ ഗുണ്ടകളുടെ അടുത്ത ആളുകളോ ആയിരിക്കും എന്നത് ഒരു പൊതുനിയമം പോലെയാണ്. സാധാരണക്കാരായ കമ്മ്യൂണിസ്റ്റുകാര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ എന്ത് കാര്യം എന്ന രീതിയിലാണ് സ്ഥിതി.
ഹിന്ദുവര്‍ഗീയതയെ ഇല്ലാതാക്കാനാണത്രെ ആര്‍എസ്എസ് പരിവാര്‍ പ്രസ്ഥാനത്തിലെ പ്രവര്‍ത്തകരെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി കൊന്നൊടുക്കുന്നത്. മാര്‍ക്സിസ്റ്റുകാരന്റെ ആശയ പ്രചാരണങ്ങളില്‍ എല്ലാ സംഘപരിവാര്‍ പ്രസ്ഥാനങ്ങളെയും ഭീകരമാം വണ്ണമാണ് ചിത്രീകരിക്കാറുള്ളത്. അതുകൊണ്ടുതന്നെയാണ് ബിജെപിയെ മുഖ്യ ശത്രുവായി സിപിഎം പ്രഖ്യാപിച്ചത്. ആര്‍എസ്എസിനെ ഫാസിസ്റ്റായും ഭീകരന്മാരായും ചിത്രീകരിച്ചത് കൊന്നൊടുക്കാനുള്ള ലൈസന്‍സ് എടുക്കലായിരുന്നു എന്ന് സാരം. എന്നാല്‍ മുസ്ലീം വര്‍ഗീയവാദികളോടും തീവ്രവാദികളോടും ഇവര്‍ സന്ധി ചെയ്ത് പോവുന്നത് കാണാനും സാധിക്കുന്നു. ഈ മേഖലയില്‍ നാദാപുരത്തിനടുത്ത കല്ലാച്ചിയില്‍ ഈന്തുള്ളതില്‍ ബിജു എന്ന ഡിവൈഎഫ്ഐക്കാരനെ എന്‍ഡിഎഫ് കാര്‍ അറുകൊല ചെയ്തിട്ട് വര്‍ഷങ്ങള്‍ കഴിയുന്നു. വേളത്ത് കൂളിക്കുന്ന് മലയില്‍ ബിജു എന്ന ചെറുപ്പക്കാരനെ മുസ്ലീംലീഗ് തീവ്രവാദികള്‍ കൊന്നത് അതിലും എത്രയോ മുമ്പാണ്. അങ്ങനെ ഈ പരിസരത്തെ മുസ്ലീം തിരിച്ചടികളെ വെറും പ്രചാരണ യുദ്ധത്തില്‍ തീര്‍ക്കുന്നവരാണ് മാര്‍ക്സിസ്റ്റുകാര്‍. കാരണം കണ്ണൂരിലെ സംസ്ഥാന നേതാവ് നാദാപുരത്തെയും കുറ്റ്യാടിയിലേയും എന്‍ഡിഎഫുകാരന്റെ അന്തിക്ക് കൂട്ടുകാരാണ്. എന്‍ഡിഎഫിനെ സഹായിക്കുന്ന വ്യവസായികളും ഭൂമാഫിയകളും പണക്കാരനായതിനാല്‍ ഇയാളുടെ സ്വന്തക്കാരാണ്.
കേരള രാഷ്ട്രീയത്തിലെ ഏത് നേതാവിനാണ് സ്വന്തം നിലയില്‍ സുരക്ഷാ സംഘം ഉള്ളത്. പന്ന്യന്നൂര്‍ ചന്ദ്രനും ജയകൃഷ്ണന് മാസ്റ്റര്‍ക്കും അവസാനമായി ചന്ദ്രശേഖരനും അങ്ങനെ ഒരു ടീം ഇല്ലാത്തതിനാല്‍ അവര്‍ കൊല ചെയ്യപ്പെട്ടു എന്ന് നമുക്ക് ചിന്തിക്കാം. എന്നാല്‍ കണ്ണൂര്‍ ജില്ലയിലെ സിപിഎം നേതാക്കള്‍ക്ക് കക്കൂസില്‍ പോകുന്നിടത്ത് വരെ കാവല്ക്കാരുണ്ട്. അവരുടെ വീട്ടിനടുത്ത് പോയാല്‍ സഖാക്കളെത്തി ചോദ്യം ചെയ്യും. സംസ്ഥാന നേതാവിന്റെ വീടിനടുത്ത് കൂടെ പോയാല്‍ ക്യാമറയുടെ നിരീക്ഷണത്തിലാണെന്ന് ഓര്‍ക്കുക. തോക്ക് മാറ്റി വച്ചാലും തോക്കിന്റെ ഉണ്ടയെങ്കിലും കൊണ്ടു നടന്നാലെ ഈ സഖാവിന് യാത്രക്ക് ഒരു സുരക്ഷാബോധമുണ്ടാവൂ. എന്തിന് ഇവര്‍ ഇങ്ങനെ ജീവിക്കുന്നു. ഇവര്‍ ആരെയെല്ലാമോ ഭയക്കുന്നവരാണ്. കാരണം ഇവര്‍ മറ്റു പലരുടേയും ശത്രുക്കളായി മാറിയിരിക്കുന്നു. ഇവര്‍ക്കറിയാം കണ്ണൂരിലെ തലശ്ശേരിയിലും പരിസരങ്ങളിലും മരിച്ചുവീണ അല്ലെങ്കില്‍ മാര്‍ക്സിസ്റ്റുകാര്‍ അരിഞ്ഞ് വീഴ്ത്തിയവരുടെ ഉറ്റവരോ ഉടയവരോ ഇവരുടെ ശത്രുക്കളാണ്. ചിലപ്പോള്‍ സിപിഐ സാഖാവിനെ കശാപ്പ് ചെയ്ത് കൊണ്ടിരിക്കുന്ന ഇവരെ അപായപ്പെടുത്താന്‍ “ധീരന്മാരായ ഏതെങ്കിലും കമ്മ്യൂണിസ്റ്റ് സഖാവ്” ഒരുങ്ങിയാലോ എന്ന ചിന്തയും ഇവര്‍ക്ക് ഉണ്ടാവാം. എന്ത് തന്നെയായാലും ഈ ‘ധീര’ സഖാക്കള്‍ ഇന്ന് ഭയപ്പാടോടെയാണ് ജീവിക്കുന്നത്.
മറ്റ് പാര്‍ട്ടിയുടെ നേതാക്കന്മാരെല്ലാം യാതൊരുവിധ സുരക്ഷാ ടെന്‍ഷനുമില്ലാതെ ജീവിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യുമ്പോള്‍. എന്തിനേറെ “കണ്ണൂര്‍ ലോബി” എന്ന പുത്തന്‍ മാര്‍ക്സിസ്റ്റ് നേതാക്കള്‍ ഒഴികെ സിപിഎമ്മിലെ തന്നെ മറ്റ് നേതാക്കള്‍ സുരക്ഷാ ഭീഷണിയില്ലാതെ ജീവിക്കുമ്പോള്‍ ഇത്രയും ഭയപ്പാടോടെ ഇവര്‍ക്ക് ജീവിക്കേണ്ടി വരുന്നത് ഇവരുടെ കയ്യിലിരിപ്പ് ഒന്നുകൊണ്ടുമാത്രമാണ്. അക്രമരാഷ്ട്രീയം കൊണ്ട് എല്ലാം കയ്യടക്കാമെന്ന കയ്യിലിരിപ്പ് കൊണ്ട്.
സുധീര്‍ രാജ് കെ.സി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: