നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ കൊട്ടിക്കലാശത്തിന് മണിക്കൂറുകള്‍ മാത്രം അവശേഷിക്കെ ഇടത്-വലത് കക്ഷികള്‍ മാത്രമല്ല ബജെപിയും പ്രതീക്ഷയിലാണ്. നെയ്യാറ്റിന്‍കര ഉപതെരഞ്ഞെടുപ്പിലൂടെ കേരള നിയമസഭയില്‍ അക്കൗണ്ട് തുറക്കാമെന്ന പ്രതീക്ഷക്ക് ശക്തിപകരുന്നത് ഒഞ്ചിയത്ത് നടന്ന പൈശാചികമായ കൊലപാതകവും അതിനുശേഷം എം.എം. മണി തുറന്ന് സമ്മതിച്ച അക്രമ- കൊലപാതകരാഷ്ട്രീയവുമാണ്. ഇത് സിപിഎമ്മിന്റെ പണ്ട് മുതലേയുള്ള ശൈലിയാണെന്ന മണിയുടെ വെളിപ്പെടുത്തലും സിപിഎമ്മിനെ വെട്ടിലാക്കിയിരിക്കുകയാണ്. അഞ്ചാം മന്ത്രിസ്ഥാനത്തെച്ചൊല്ലിയുള്ള തര്‍ക്കത്തില്‍ സാമുദായിക സന്തുലനത്തിന് വേണ്ടി വകുപ്പുകള്‍ വിട്ടുനല്‍കിയിട്ടും കേരളം ഭരിക്കുന്നത് മുസ്ലീംലീഗാണെന്ന ധാരണ മാറ്റാന്‍ കോണ്‍ഗ്രസിനായിട്ടില്ല. അതിന് പുറമെയാണ് കാലുമാറ്റത്തില്ക്കൂടി പാര്‍ട്ടിയിലെത്തിയ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയെ കൈപ്പത്തി ചിഹ്നം നല്കി തെരഞ്ഞെടുപ്പ് രംഗത്തിറക്കിയപ്പോള്‍ സ്ഥാനാര്‍ത്ഥിമോഹം പുലര്‍ത്തിയിരുന്ന പല മുതിര്‍ന്ന നേതാക്കളുടെയും അതൃപ്തി സമ്പാദിക്കേണ്ടിവന്നത്. നെയ്യാറ്റിന്‍കര ഇലക്ഷന് കാലാവസ്ഥ പിറവത്തില്നിന്നും തീര്‍ത്തും വ്യത്യസ്തമാകുന്നത് പിറവത്ത് യുഡിഎഫ് ഐക്യത്തോടെ പ്രവര്‍ത്തിച്ചു എന്നതാണ്. സാമുദായിക വികാരം പ്രബലമായ നെയ്യാറ്റിന്‍കരയില്‍ യുഡിഎഫിന്റെ തട്ടിപ്പ് രാഷ്ട്രീയം തിരിച്ചറിയപ്പെടുന്നു. കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയുടെ കൂറുമാറ്റം ശക്തമായ സഹതാപതരംഗം ഉണര്‍ത്തുമെന്ന പ്രതീക്ഷ ഇന്ന് അസ്ഥാനത്താണ്.
ഇടതുപക്ഷം ജയിച്ചാല്‍ ഒഞ്ചിയം ആവര്‍ത്തിക്കപ്പെടുമെന്നാണ് പ്രതിരോധമന്ത്രി എ.കെ. ആന്റണി പ്രസ്താവിച്ചത്. ഇടതുപക്ഷം രാഷ്ട്രീയ പ്രചാരണത്തില്‍നിന്നും ചുവടുമാറ്റി ജനകീയപ്രശ്നങ്ങളും വിലക്കയറ്റവും പെട്രോള്‍ വിലക്കയറ്റവും പാചകവാതകത്തിനും ഡീസലിനും വില വര്‍ധിപ്പിക്കാനുള്ള സാധ്യതയും മത്സ്യത്തൊഴിലാളികള്‍ക്ക് മണ്ണെണ്ണയുടെ കേന്ദ്രവിഹിതം വെട്ടിക്കുറച്ചാലുണ്ടാകുന്ന ഭവിഷ്യത്തും മറ്റുമാണ് ഊന്നിപ്പറയുന്നത്. പക്ഷെ ഒഞ്ചിയവും സമുദായ സംഘടനകളുടെ രോഷവും എല്‍ഡിഎഫിനെയും യുഡിഎഫിനെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. എന്‍എസ്എസ്, എസ്എന്‍ഡിപി, വിശ്വകര്‍മ്മസഭ, വിഎസ്ഡിപി തുടങ്ങിയ മതസംഘടനകള്‍ മനസാക്ഷിവോട്ട് എന്ന് പ്രഖ്യാപിക്കുമ്പോഴും രണ്ട് മുന്നണികളുടെയും സ്ഥാനാര്‍ത്ഥികള്‍ക്ക് പിന്തുണ പ്രഖ്യാപിക്കുകയുണ്ടായില്ല എന്നത് ശ്രദ്ധേയമാണ്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍തന്നെ മുന്നണി നേതാക്കള്‍ പെരുന്നയിലേക്കും കണിച്ചുകുളങ്ങരയിലേക്കും വിഷ്ണുപുരത്തേക്കും എല്ലാം യാത്ര നടത്തിയെങ്കിലും യാതൊരു ഉറപ്പും ഒരു സമുദായവും നല്‍കിയില്ല. സമദൂരം പ്രഖ്യാപിച്ച എന്‍എസ്എസ് യുഡിഎഫിന്റെ മുസ്ലീംപ്രീണനത്തില് കടുത്ത രോഷത്തിലാണ്. എസ്എന്‍ഡിപി നേതാവ് വെള്ളാപ്പള്ളി നടേശന് ഹിന്ദു ഏകീകരണത്തിന്റെ ആവശ്യകത ഊന്നിപ്പറഞ്ഞതും ബിജെപിയില്‍ പ്രതീക്ഷ ഉണര്‍ത്തുന്നുണ്ട്. നാടാര്‍ സമുദായത്തിന് പ്രാമുഖ്യമുള്ള നെയ്യാറ്റിന്‍കരയില്‍ നാടാര്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ദ്ദേശിക്കാനുള്ള കാരണംതന്നെ നാടാര്‍ സമുദായത്തിന്റെ നിര്‍ണായക ശക്തിയാണ്. പക്ഷെ വിഎസ്ഡിപിയും ഇരുമുന്നണികളെയും വിമര്‍ശിക്കുന്നതാണ് കണ്ടത്. വിഎസ്ഡിപിയും മനഃസാക്ഷി വോട്ട് ചെയ്യാനുള്ള ആഹ്വാനമാണ് നല്‍കിയിരിക്കുന്നത്.
ക്രൈസ്തവ പിന്തുണയും അന്യമാകുന്നത് സെല്‍വരാജും ലോറന്‍സും വ്യത്യസ്ത ക്രിസ്ത്യന്‍ സഭാംഗങ്ങളായതിനാല് ക്രൈസ്തവ പിന്തുണയും ഉറപ്പിക്കാന്‍ സാധ്യമല്ല. ഈ സാഹചര്യത്തിലാണ് ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാലിന്റെ വ്യക്തിത്വവും അദ്ദേഹം റെയില്‍വെ സഹമന്ത്രിയായിരുന്നപ്പോള്‍ കേരളത്തിനുവേണ്ടി ചെയ്ത വികസനപ്രവര്‍ത്തനങ്ങളും പ്രചാരണായുധങ്ങളാകുന്നത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മത്സരിച്ചപ്പോള്‍ നെയ്യാറ്റിന്‍കരയില്‍ അദ്ദേഹത്തിന് ലഭിച്ചത് 45,000 ത്തോളം വോട്ടുകളായിരുന്നു. ഇന്നത്തെ പ്രത്യേക രാഷ്ട്രീയ സാഹചര്യത്തില്‍, ഇരുമുന്നണികളും പ്രതിഛായ നഷ്ടപ്പെട്ട്, അധികാരത്തില്‍ മാത്രം ശ്രദ്ധയൂന്നുമ്പോള്‍ ഒ. രാജഗോപാലിന്റെ വ്യക്തിപ്രഭാവവും കേരളജനതയോട് അദ്ദേഹം അധികാരത്തിലിരുന്നപ്പോള്‍ പ്രദര്‍ശിപ്പിച്ച പ്രതിബദ്ധതയും വോട്ടായി മാറുമെന്ന് പ്രതീക്ഷ അസ്ഥാനത്തല്ല. ഒ. രാജഗോപാല്‍ നിയമസഭയില്‍ എത്തിയാല്‍ മണ്ഡലത്തിന്റെ വികസനത്തിന് ഊന്നല്‍ നല്‍കുമെന്ന പ്രചാരണം നടത്തുന്ന ബിജെപി വ്യക്തിഹത്യകള്‍ ഒഴിവാക്കി മാന്യത പ്രദര്‍ശിപ്പിക്കുന്നതും ജനങ്ങളെ സ്പര്‍ശിക്കുന്നുണ്ട്. ബിജെപി ഇത്തവണ നെയ്യാറ്റിന്‍കരയില്‍ ഒറ്റക്കെട്ടായിതന്നെ പ്രചാരണരംഗത്തിറങ്ങിയിരിക്കുന്നതും പ്രതീക്ഷക്ക് വക നല്‍കുന്നുണ്ട്. ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാവ് അച്യുതാനന്ദന് അവസാന സന്ദര്‍ശനത്തിന് നെയ്യാറ്റിന്‍കരയിലെത്തുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: