വൈ.എസ്.ആര്. കോണ്‍ഗ്രസ് നേതാവ് ജഗന്മോഹന് റെഡ്ഡിക്കെതിരെ കേസെടുത്ത് ജയിലിലടച്ചതോടെ കേന്ദ്രം ഭരിക്കുന്ന കോണ്‍ഗ്രസിന്റെ തരംതാണ രാഷ്ട്രീയമാണ് ആന്ധ്രയില്‍ തലപൊക്കിയിട്ടുള്ളത്. അനധികൃത സ്വത്ത് സമ്പാദിച്ചുവെന്ന കേസില്‍ മൂന്ന് ദിവസം തുടര്‍ച്ചയായി ചോദ്യം ചെയ്തതിനുശേഷമാണ് ജഗനെ അറസ്റ്റ്ചെയ്തതും കോടതിയില്‍ ഹാജരാക്കിയതും. കോടതി രണ്ടാഴ്ചക്കാലത്തേക്കാണ് ജഗനെ ജുഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടത്. ജഗന് ഹവാല ഇടപാടിലൂടെ പണമുണ്ടാക്കി വ്യാപാരമേഖലയില്‍ നിക്ഷേപിക്കുകയായിരുന്നുവെന്ന് ആരോപിക്കുന്ന സിബിഐ രാഷ്ട്രീയ ഗൂഢാലോചന, ചതി, വിശ്വാസവഞ്ചന തുടങ്ങിയ കുറ്റങ്ങളാണ് ആരോപിച്ചിട്ടുള്ളത്. ജഗന്റെ അറസ്റ്റില്‍ പ്രതിഷേധിച്ച് വൈഎസ്ആര്‍ കോണ്‍ഗ്രസ് ആഹ്വാനംചെയ്ത ബന്ദില്‍ കനത്ത പ്രതിഷേധമുയരുകയുണ്ടായി. ജഗനെ സിബിഐ പീഡിപ്പിക്കുകയാണെന്ന് ആരോപിച്ച് നിരാഹാരം നടത്തിയ അമ്മ വിജയമ്മയെയും സഹോദരിയെയും പോലീസ് ബലംപ്രയോഗിച്ച് നീക്കുകയുമായിരുന്നു. ജഗനെതിരായ നടപടികള്‍ കോണ്‍ഗ്രസിന്റെ ഗൂഢാലോചനയാണെന്നും അദ്ദേഹത്തിെന്റ കുടുംബം ആരോപിച്ചിട്ടുണ്ട്. ഉപതെരഞ്ഞെടുപ്പില്‍ പ്രചാരണം നടത്തുന്നതിനായി ജഗനെ ജയിലില്‍നിന്ന് മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന് കത്തെഴുതുകയുണ്ടായി. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറക്കാതിരിക്കാനുള്ള കോണ്‍ഗ്രസിന്റെ ഗൂഢാലോചനയുടെ ഭാഗമാണ് ജഗന്റെ അറസ്റ്റെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനയച്ച കത്തില്‍ വിജയമ്മ കുറ്റപ്പെടുത്തുന്നുണ്ട്.
ജഗന് മോഹന്‍ റെഡ്ഡി അനധികൃതസ്വത്ത് സമ്പാദിച്ചിട്ടില്ലെന്നോ അഴിമതിക്കാരനല്ലെന്നോ വാദിക്കുന്നില്ല. എന്നാല്‍ സിബിഐയെ ഉപയോഗിച്ച് ഇപ്പോള്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ നടത്തിക്കൊണ്ടിരിക്കുന്നത് ഒരു രാഷ്ട്രീയ വേട്ടയാണ്. ഉത്തര്‍പ്രദേശില്‍ മുലായംസിംഗ് യാദവിനെയും മായാവതിയെയുമൊക്കെ സ്വന്തം വരുതിയില്‍ കൊണ്ടുവരാന്‍ സിബിഐയെയാണ് കോണ്‍ഗ്രസ് ഉപയോഗിച്ചത്. കേന്ദ്രസര്‍ക്കാരിന് പിന്തുണ നല്‍കുന്നതുള്‍പ്പെടെ ഈ നേതാക്കള്‍ തങ്ങളുടെ വരുതിയില്‍ വരുമെന്ന് ഉറപ്പായതോടെ സിബിഐ മെല്ലെപ്പോക്ക് നയം തുടങ്ങി. ഈ ലക്ഷ്യംതന്നെയാണ് ജഗന്റെ പിന്നാലെ സിബിഐയെ വിടാന്‍ കോണ്‍ഗ്രസിനെ പ്രേരിപ്പിക്കുന്നത്. അനധികൃത സ്വത്ത് കേസില്‍ ചോദ്യംചെയ്യാനെന്ന വ്യാജേന ജഗനെ വിളിച്ചുവരുത്തിയ സിബിഐ യഥാര്‍ത്ഥത്തില്‍ കോണ്‍ഗ്രസിനുവേണ്ടി രാഷ്ട്രീയ വിലപേശല്‍ നടത്തുകയായിരുന്നുവെന്ന് വ്യക്തം. ജഗനെതിരായി കേസെടുത്തിട്ട് 270 ദിവസങ്ങള്‍ കഴിഞ്ഞു.ഇതിനിടയിലൊന്നും ജഗനെ ചോദ്യംചെയ്യാന്‍ വിളിപ്പിക്കാതിരുന്ന സിബിഐ ഇപ്പോള്‍ അതിന് മുതിര്‍ന്നത് ആന്ധ്രയില്‍ പതിനെട്ട് നിയമസഭാ മണ്ഡലങ്ങളിലേക്കും ഒരു ലോക്സഭാ മണ്ഡലത്തിലേക്കും ഉപതെരഞ്ഞെടുപ്പ് നടക്കുന്നതാണ്. ജൂണ്‍ പന്ത്രണ്ടിനാണ് തെരഞ്ഞെടുപ്പ്. ഈ ഘട്ടത്തില്‍ ജഗനെ അറസ്റ്റ് ചെയ്താല്‍ ജഗന് പ്രചാരണരംഗത്ത് ഇറങ്ങാനാവില്ല. ഇതുവഴി തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാമെന്ന വ്യാമോഹമാണ് കോണ്‍ഗ്രസിനുള്ളത്.
ആന്ധ്രയിലെ കോണ്‍ഗ്രസ് ഒരു മുങ്ങുന്ന കപ്പലാണ്. എന്‍.ടി. രാമറാവുവിലൂടെ ഉദയംകൊണ്ട തെലുങ്കു രാഷ്ട്രീയത്തിലൂടെ തൂത്തെറിയപ്പെട്ട കോണ്‍ഗ്രസിനെ ആന്ധ്രയില്‍ തിരിച്ചുകൊണ്ടുവന്നത് വൈ.എസ്. രാജശേഖരറെഡ്ഡിയാണ്. സ്വന്തം മതത്തില്‍ വിശ്വസിക്കുന്ന റെഡ്ഡിക്ക് സോണിയയുടെ കോണ്‍ഗ്രസ് പൂര്‍ണപിന്തുണയും നല്കി. എന്നാല്‍ വൈഎസ്ആര്‍ റെഡ്ഡിയുടെ അകാലമരണത്തോടെ സ്ഥിതിഗതികള്‍ മാറിമറിഞ്ഞു. അച്ഛന്റെ പിന്‍ഗാമിയാകാന്‍ മകന് ജഗനെ സോണിയാ കോണ്‍ഗ്രസ് അനുവദിച്ചില്ല. കെ. റോസയ്യയെ മുഖ്യമന്ത്രിയായി വാഴിച്ചു. ഇതോടെ സോണിയക്കെതിരെ കലാപക്കൊടി ഉയര്‍ത്തിയ ജഗന് പിന്നില്‍ വൈഎസ്ആറിന്റെ അനുയായികള്‍ ഒന്നടങ്കം അണിനിരന്നു. നിവൃത്തിയില്ലാതെ റോസയ്യയെ മാറ്റി കിരണ്‍കുമാര്‍ റെഡ്ഡിയെ മുഖ്യമന്ത്രിയാക്കിയെങ്കിലും കോണ്‍ഗ്രസുകാരുടെ വിശ്വാസമാര്‍ജിക്കാന്‍ കഴിഞ്ഞില്ല. ജഗന് പഴയതുപോലെ കരുത്തനായിത്തന്നെ തുടര്‍ന്നു. ഇതിനിടെ നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസിന് കനത്ത പരാജയം സമ്മാനിച്ച ജഗന്റെ പാര്‍ട്ടി സോണിയയുടെയും മകന്റെയും ഉറക്കംകെടുത്തുകയായിരുന്നു. അനുനയിപ്പിക്കാനുള്ള എല്ലാ ശ്രമങ്ങളും പരാജയപ്പെട്ടപ്പോഴാണ് ജഗന് പിന്നാലെ സിബിഐയെ അയക്കാന്‍ കോണ്‍ഗ്രസ് തീരുമാനിച്ചത്.
തന്നെയും മകനെയും ജഗന് അംഗീകരിക്കുന്നില്ലെന്ന സോണിയാഗാന്ധിയുടെ ധാര്‍ഷ്ട്യമാണ് കോണ്‍ഗ്രസിന്റെ പ്രതികാരബുദ്ധിക്ക് കാരണം. നെഹ്റു കുടുംബത്തിന്റെ തട്ടകത്തില്‍ പാര്‍ട്ടിയുടെ പിന്തുണ വര്‍ധിപ്പിക്കാന്‍ മകന് രാഹുലിനെ പറഞ്ഞയച്ചതുവഴി കോണ്‍ഗ്രസിന് വരുത്തിവെച്ച നാണക്കേട് ഇപ്പോഴും നീങ്ങിയിട്ടില്ല. ഇതിന് നേര്‍വിപരീതമാണ് ആന്ധ്രയില്‍ സ്വന്തം പാര്‍ട്ടിക്ക് ജഗന് ഉജ്വല വിജയം നേടിക്കൊടുക്കുന്നത്. തന്റെ മുന്നില്‍ സോണിയയും മകനും ആരുമല്ലെന്ന ധാരണയും ജഗന് ഇതിനകം നല്‍കിക്കഴിഞ്ഞു. ജഗന്റെ ഉടമസ്ഥതയിലുള്ള ടിവി ചാനല്‍ സോണിയാ വിമര്‍ശനത്തില്‍ മറ്റുള്ളവയെ കടത്തിവെട്ടുകയുണ്ടായി. ഇപ്പോഴത്തെ നില തുടര്‍ന്നാല്‍ സോണിയാ നേതൃത്വം നല്കുന്ന കോണ്‍ഗ്രസിന് ആന്ധ്രയില്‍ ഗതിയില്ലാതാവും. പണ്ടൊക്കെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയാവാന്‍ തിക്കും തിരക്കുമായിരുന്നെങ്കില് ഇന്ന് പണം അങ്ങോട്ട് നല്‍കാമെന്ന് പറഞ്ഞിട്ടും സ്ഥാനാര്‍ത്ഥിയാവാന്‍ കോണ്‍ഗ്രസിന് ആളെ കിട്ടുന്നില്ല. എന്തിന് നാണം കെടണം എന്നാണ് അവര്‍ ചോദിക്കുന്നത്. എന്നാല്‍ ജഗനൊപ്പം നില്ക്കാന് കോണ്‍ഗ്രസ് നേതാക്കള്‍ ഒരുക്കമാണ്. ഇപ്പോള്‍ കോണ്‍ഗ്രസിനൊപ്പം നില്ക്കുന്നവരെന്ന് പറയുന്ന എംഎല്‍എമാരിലും എംപിമാരിലും നല്ലൊരു വിഭാഗം മനസ്സുകൊണ്ട് ജഗനെ അനുകൂലിക്കുന്നവരാണ്. അനുകൂലമായ ഒരു രാഷ്ട്രീയസാഹചര്യമുണ്ടായാല് ഇവരൊക്കെ മറുകണ്ടം ചാടുമെന്ന് ഉറപ്പാണ്. ഈ ദുര്യോഗം ഒഴിവാക്കാനാവുമോ എന്നാണ് കോണ്‍ഗ്രസ് നോക്കുന്നത്.
ജഗന് ചെറുപ്പമാണ്. വലിയ രാഷ്ട്രീയ പാരമ്പര്യവും പരിചയവും ഇല്ലാത്തയാളാണ്. കേസിന്റെയും മറ്റും പേരില്‍ പീഡിപ്പിച്ചാല്‍ ഒരു പരിധിക്കപ്പുറം പിടിച്ചുനില്ക്കാന് ജഗനാവില്ലെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കണക്കുകൂട്ടുന്നത്. അച്ഛന് കെട്ടിപ്പൊക്കിയ സാമ്പത്തിക സാമ്രാജ്യം തന്റെ കണ്മുന്നില് തകര്‍ന്നുവീഴുന്നത് കാണാന്‍ ജഗന് ആഗ്രഹിക്കുന്നുണ്ടാവില്ല. അങ്ങനെ വരുമ്പോള്‍ സോണിയാഗാന്ധിക്ക് കീഴ്പ്പെട്ട് ജഗന് പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. മുന്‍കാലത്തേതുപോലെ അടുത്ത മാസം നടക്കാനിരിക്കുന്ന ഉപതെരഞ്ഞെടുപ്പുകളിലും ജഗന് മുന്നില്‍ കോണ്‍ഗ്രസ് തറപറ്റുമെന്ന് ഉറപ്പാണ്. അത് കോണ്‍ഗ്രസുകാര്‍ക്കുമറിയാം. എന്നാല്‍ 2014 ലോ അതിന് മുമ്പോ നടക്കുന്ന ലോക്സഭാ തെരഞ്ഞെടുപ്പ് മുന്‍നിര്‍ത്തിയാണ് കോണ്‍ഗ്രസ് നേതൃത്വം കരുക്കള്‍ നീക്കുന്നത്. കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ ദക്ഷിണേന്ത്യയില്‍ കോണ്‍ഗ്രസിന്റെ മുഖംരക്ഷിച്ച സംസ്ഥാനമാണ് ആന്ധ്ര. എന്നാല്‍ ജഗന് സ്വന്തം പാര്‍ട്ടി രൂപീകരിച്ച് മത്സരിക്കുമ്പോള്‍ ഈ വിജയം ആവര്‍ത്തിക്കാനാവുമെന്ന് കോണ്‍ഗ്രസ് നേതൃത്വത്തിന് സ്വപ്നം കാണാന്‍ പോലുമാവില്ല. ഭീഷണിപ്പെടുത്തിയും ബ്ലാക്മെയില്‍ ചെയ്തും ജഗനെ ഒപ്പം നിര്‍ത്തിയാലല്ലാതെ മാന്യമായി മത്സരിക്കാന്‍പോലും കേണ്ഗ്രസിനാവില്ല. ഇത് ലക്ഷ്യംവെച്ചാണ് ജഗന് പിന്നാലെ സിബിഐയെ വിട്ടിരിക്കുന്നത്. ഭീഷണിക്ക് വഴങ്ങില്ലെന്ന ജഗന്റെ നിലപാട് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടലുകള്‍ ഇതുവരെ തെറ്റിച്ചിരിക്കുകയാണ്. ഉപതെരഞ്ഞെടുപ്പ് കഴിയുന്നതോടെ ഒരു സിബിഐക്കും രക്ഷിക്കാനാവാത്ത അവസ്ഥയിലേക്ക് ആന്ധ്രയിലെ കോണ്‍ഗ്രസ് എത്തിച്ചേരും എന്ന കാര്യം ഉറപ്പാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: