കേരളത്തില്‍ മാറി മാറി ഭരിക്കുന്ന യുഡിഎഫ്- എല്‍ഡിഎഫ് ഭരണമുന്നണികള്‍ നടത്തുന്ന കപടരാഷ്‌ട്രീയം തിരിച്ചറിയേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. വെറും വാചകക്കസര്‍ത്ത് മാത്രമാണ് ഭരണമെന്ന പേരില്‍ നടക്കുന്നതെന്ന് ജനങ്ങളുടെ ദുരിതം ഏറിവരുന്നത് കാണുമ്പോള്‍ മനസ്സിലാക്കാം. പെട്രോള്‍, ഡീസല്‍, പാചകഗ്യാസ്, നിത്യോപയോഗ സാധനങ്ങള്‍, പഴം-പച്ചക്കറികള്‍, കറന്റ് ബില്‍, വെള്ളക്കരം, ബസ് ചാര്‍ജ്, പാല്‍, ബിഒടി റോഡ് കരം തുടങ്ങി നിത്യജീവിതത്തില്‍ ഒഴിച്ചുകൂടാനാകാത്ത കാര്യങ്ങള്‍ക്കെല്ലാം വാണംപോലെ നിരക്ക് കുതിച്ചുയരുകയാണ്. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അദ്ധ്യാപകര്‍ക്കും ക്ഷാമബത്തയും എംപി, എംഎല്‍എ തുടങ്ങിയ രാഷ്‌ട്രീയപടയ്‌ക്കും ജനപ്രതിനിധികള്‍ക്കും ശമ്പളവര്‍ധന നല്‍കിയും സര്‍ക്കാരുകള്‍ തടിതപ്പുന്നു. എന്നാല്‍ ഇതിനൊന്നും അര്‍ഹതയില്ലാത്ത സാധാരണക്കാര്‍ക്ക് എന്ത് ആശ്വാസമാണ് നല്‍കാനുള്ളത്. ഏത് സാധനത്തിന്റെ വില വര്‍ധിപ്പിച്ചാലും ഭരണമുന്നണി അതിനെ അനുകൂലിച്ചും പ്രതിപക്ഷമുന്നണി അതിനെ പ്രതികൂലിച്ചും പ്രസ്താവനയിറക്കി ജനങ്ങളുടെ വായടക്കുകയാണ്. സാധാരണക്കാരന്‍ മുണ്ട് മുറുക്കി മുറുക്കി നടുവൊടിയുന്ന അവസ്ഥയിലാണ്.
കോണ്‍ഗ്രസും ഇടതു പാര്‍ട്ടികളും ഒരുമിച്ച് കേന്ദ്രം ഭരിച്ചപ്പോള്‍ വിലവര്‍ധനയ്‌ക്ക് കാരണം ആഗോളവല്‍ക്കരണം, ഉദാരവല്‍ക്കരണം, ആസിയാന്‍ കരാര്‍, അധിനിവേശം തുടങ്ങിയ സാധാരണക്കാരന്റെ വായില്‍ക്കൊള്ളാത്ത കാരണങ്ങള്‍ പറഞ്ഞ് മനുഷ്യച്ചങ്ങലയും മനുഷ്യമതിലും ധര്‍ണയും ഹര്‍ത്താലും പ്രതിഷേധയോഗങ്ങളും കേന്ദ്രത്തിനെതിരെ അണികളെക്കൊണ്ട് ഇടത് പാര്‍ട്ടികള്‍ നടത്തിച്ചു. പാവം അണികള്‍ രാഷ്‌ട്രീയക്കാര്‍ പറയുന്നത് അപ്പാടെ വിഴുങ്ങി സമരങ്ങളില്‍ പങ്കെടുത്തു. എന്നിട്ടോ, വില വര്‍ധന ഏറിയതല്ലാതെ കുറഞ്ഞില്ല. ഇപ്പോള്‍ കേന്ദ്രത്തിലും കേരളത്തിലും കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ ആയതിനാല്‍ ഇടതുമുന്നണിയ്‌ക്ക് ഹര്‍ത്താല്‍ സമരങ്ങള്‍ വിജയിപ്പിക്കുവാന്‍ കോണ്‍ഗ്രസുകാരെ മാത്രം പഴിച്ച് സമരം നടത്തിയാല്‍ മതി. ആത്മാര്‍ത്ഥതയില്ലാത്ത സമരങ്ങളൊക്കെ വഴിപാടിന് വേണ്ടി മാത്രമാണെന്ന അവസ്ഥയിലാണ്. ജനങ്ങള്‍ക്ക് മുന്നിലെ നാടകം! കാരണം ആര് ഭരിച്ചാലും കോരന് കഞ്ഞി കുമ്പിളില്‍ തന്നെ. എന്നാല്‍ ഭരണം ഭരണമില്ലാതാകുമ്പോള്‍ കഴിഞ്ഞു കൂടുവാനുള്ള വക സമ്പാദ്യത്തിനെന്ന മുന്നണികളുടെ രീതി കാരണം ഭരണപക്ഷത്തിരുന്നാലും പ്രതിപക്ഷത്ത് ഇരുന്നാലും രാഷ്‌ട്രീയക്കാര്‍ക്കോ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കോവിലക്കയറ്റമോ, സാധാരണക്കാരന്റെ ദുരിതങ്ങളോ ഒരു പ്രശ്നമല്ലാത്ത അവസ്ഥ നിലനില്‍ക്കുന്നു. ഇതുകൂടാതെ പട്ടിയെ ആടാക്കാനും ആടിനെ പട്ടിയാക്കാനുമുള്ള അവരുടെ കഴിവുകൂടിയാകുമ്പോള്‍ യഥാര്‍ത്ഥ പ്രശ്നങ്ങളില്‍നിന്നും ജനശ്രദ്ധ തിരിഞ്ഞുപോകും. അല്ലെങ്കില്‍ ഇടതു-വലതു മുന്നണികള്‍ തിരിച്ചുവിടും.
അഴിമതിയുടെ ക്രമാതീതമായ വ്യാപനം വിലക്കയറ്റം, പവര്‍കട്ട്, എന്തിനും ബിഒടി വല്‍ക്കരണം, വികസനത്തിന്റെ പേരിലുള്ള കുടിയൊഴുപ്പിക്കല്‍, പുനരധിവാസത്തിനായി ആവശ്യപ്പെട്ടാല്‍ ലാത്തിച്ചാര്‍ജ്ജ്, കാര്‍ഷികമേഖല-പരമ്പരാഗത തൊഴില്‍ മേഖല എന്നിവയുടെ തകര്‍ച്ച, സ്വകാര്യവല്‍ക്കരണത്തിന് ഒത്താശ ചെയ്തു കൊടുക്കല്‍, പൊതുവിതരണ മേഖല തകര്‍ക്കല്‍, പൊതുമേഖലാ സ്ഥാപനങ്ങളെ സ്വകാര്യവല്‍ക്കരിക്കല്‍, കുത്തകകളെ പ്രോത്സാഹിപ്പിക്കല്‍, നിയമലംഘനങ്ങള്‍ക്ക് കൂട്ടുനില്‍ക്കല്‍, രാഷ്‌ട്രീയകൊലപാതകങ്ങള്‍, വിവാദങ്ങള്‍ സൃഷ്ടിച്ച് യഥാര്‍ത്ഥ വികസനത്തിന് തടസ്സം ഉണ്ടാക്കുക, പൊതുഭൂമികളും കാടും നഷ്ടപ്പെടുത്തല്‍ തുടങ്ങി എണ്ണിയാല്‍ ഒടുങ്ങാത്ത പ്രശ്നങ്ങളാണ് കേരളത്തില്‍ മാറി മാറിവന്ന മുന്നണികള്‍ സൃഷ്ടിച്ചത്. പാര്‍ട്ടികള്‍ കോര്‍പ്പറേറ്റുകളായി മാറി. ജനങ്ങളുടെ ജീവിതഗന്ധിയായ പ്രശ്നങ്ങളില്‍നിന്നും വഴി തിരിച്ചുവിട്ട് തലതിരിഞ്ഞ വികസന കാഴ്ചപ്പാടുകളും അഴിമതിയ്‌ക്കായുള്ള അവസരമായും ഭരണം നടത്തുക. പൊതുസ്വത്തുക്കള്‍ അന്യാധീനപ്പെട്ടുപോകുവാന്‍ കൂട്ടുനില്‍ക്കുക. വികസനത്തിന്റെ ഗുണഭോക്താക്കള്‍ സമൂഹത്തിലെ സമ്പന്ന വര്‍ഗം മാത്രമാക്കി സാധാരണക്കാരെ വികസനത്തിന്റെ ഗുണങ്ങളില്‍നിന്നും അകറ്റിനിര്‍ത്തുക. ഇതാണ് കുറെ വര്‍ഷങ്ങളായി കേരളത്തിലെ മുന്നണികള്‍ സംസ്ഥാനത്തെ ജനങ്ങള്‍ക്കായി ഇതുവരെ കാഴ്ചവച്ച ഭരണരീതികള്‍.
അഞ്ച് വര്‍ഷത്തെ ഭരണം കഴിഞ്ഞാല്‍ അടുത്ത മുന്നണിയ്‌ക്ക് തിരിച്ചുവരാനാകുമെന്ന അവസ്ഥ നിലനില്‍ക്കുന്നതിനാല്‍ ഭരണയന്ത്രത്തിലെ ഉദ്യോഗസ്ഥര്‍ ജനപക്ഷത്ത് നില്‍ക്കുന്നതിനുപകരം രാഷ്‌ട്രീയ മേലാളന്മാരുടെ ഏറാന്‍മൂളികളായി മാറുന്നു. ജയിലില്‍വരെ പാര്‍ട്ടികളുടെ സ്വാധീനമുണ്ടെന്ന അവസ്ഥ. കുറ്റവാളികളെ രാഷ്‌ട്രീയക്കാര്‍ നിയന്ത്രിക്കുന്നു, വാടക കൊലയാളികളെ ഉപയോഗിച്ച് തങ്ങളുടെ രാഷ്‌ട്രീയ പ്രതിയോഗികളെ വകവരുത്തുക. കുറ്റകൃത്യത്തിന് ഉത്തരവാദി രാഷ്‌ട്രീയനേതാവാണെന്ന അവസ്ഥ വരുമ്പോള്‍ പാര്‍ട്ടിക്കാരെക്കൊണ്ട് കോടതിക്കെതിരെയും പോലീസിനെതിരെയും പടപൊരുതുക. പ്രതിരോധിക്കുക, ജാഥ നടത്തുക. ഒരു പരിഷ്കൃത സമുഹത്തില്‍നിന്നും പ്രതീക്ഷിക്കാവുന്ന കാര്യങ്ങളാണോ ഇവ.
ജനാധിപത്യത്തില്‍ വിശ്വസിക്കുന്ന പാര്‍ട്ടികളുടെ രീതികളാണ് ഇത്! ഭരണം ലഭിക്കുമ്പോള്‍, ഇപ്പോള്‍ പ്രതിപക്ഷത്തിരിക്കുന്നവരുടെ ചൊല്‍പ്പടിയ്‌ക്ക് നില്‍ക്കേണ്ട ഗതിവരുമല്ലോ എന്ന പേടികൊണ്ട് പോലീസ് ഉദ്യോഗസ്ഥര്‍വരെ പാര്‍ട്ടി നിയന്ത്രണത്തിലാകുന്നു. മുന്നണി ഭരണങ്ങള്‍ കേരളീയ സമൂഹത്തിന് നല്‍കിയ പ്രഹരങ്ങള്‍ വളരെ വലുതാണ്. നാടിനെ നടുക്കിയ കൊലപാതകം നടന്നിട്ടുപോലും കൊടിയുടെ കളറുനോക്കി ഞെട്ടാതെ പോയ സാംസ്ക്കാരിക നായകന്മാര്‍. അമേരിക്കന്‍ അധിനിവേശത്തെക്കുറിച്ച് ഘോരം ഘോരം സംസാരിച്ചിരുന്ന പ്രമാണിമാര്‍ക്ക് സംസാരശേഷി നഷ്ടപ്പെട്ടുപോയി. ഭരണമില്ലാതിരുന്നിട്ടുപോലും ഇടതുപക്ഷ ഭീകരത ഉറഞ്ഞുതുള്ളുകയാണ്. നീതി-ന്യായ വ്യവസ്ഥകളെ നോക്കുകുത്തികളാക്കി നിയമം കയ്യിലെടുക്കുന്ന പ്രവണത ഏറി വരുന്നു. പാര്‍ട്ടി കോടതികളുടെ വിധി നടപ്പാക്കുന്നു. നേതാവ് കൊലയാളിയാണെന്ന് തിരിച്ചറിയുമെന്ന അവസ്ഥ വരുമ്പോള്‍ തൊടുന്യായംകൊണ്ട് അതിനെ എതിര്‍ക്കുക. അറുംകൊലയെ വരെ നിസ്സാരവല്‍ക്കരിക്കുകയും നീതികരിക്കുകയും ചെയ്യുന്ന ഒരു മുന്നണി ഇനിയും കേരളം ഭരിക്കുന്ന അവസ്ഥ ഉണ്ടാകരുത്. തുടക്കമെന്ന നിലയില്‍ നെയ്യാറ്റിന്‍കരയില്‍ ജനങ്ങള്‍ ഉണര്‍ന്നു പ്രവൃത്തിക്കണം. യുഡിഎഫിനാകട്ടെ ഭരണം കിട്ടിയിട്ടും സാധാരണക്കാരന്റെ യഥാര്‍ത്ഥ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണുവാന്‍ കഴിയുന്നുമില്ല. വില്ലേജ്, ജില്ലാ ഭരണകൂടം, പഞ്ചായത്ത്, വാര്‍ഡുതലം വരെയുള്ള ഉദ്യോഗസ്ഥര്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങളാണ് സഹായവിതരണക്കാര്യത്തില്‍ കേരളത്തിന്റെ മുഖ്യമന്ത്രി ചെയ്തുകൊണ്ടിരിക്കുന്നത്.
ജാതി തിരിച്ച് മന്ത്രിമാരുടെ എണ്ണവും അവരുടെ വകുപ്പു വിഭജനവും നടന്നപ്പോള്‍ തന്നെ വലതുമുന്നണിഭരണം കേരളത്തിന്റെ മതേതര സങ്കല്‍പ്പങ്ങള്‍ക്ക് എതിരായി. മതനേതാക്കള്‍ ദൈനംദിന ഭരണത്തില്‍ ഇടപെടുന്ന ഒരു അവസ്ഥ ഇതിന് മുമ്പെങ്ങും സംസ്ഥാനത്ത് ഇതുപോലെ ഉണ്ടായിട്ടില്ല. ന്യൂനപക്ഷ പ്രീണനവും ഭൂരിപക്ഷ മതവിഭാഗങ്ങളുടെ അപ്രീതി ക്ഷണിച്ചുവരുത്തി. നയങ്ങളും വികസന പ്രവര്‍ത്തനങ്ങളും മതം നോക്കി നടപ്പാക്കുന്ന പ്രതീതി സംസ്ഥാനത്തുടനീളം അനുഭവവേദ്യമായിരിക്കുന്നു. സ്വാമി വിവേകാനന്ദന്‍ കേരളത്തെ ഭ്രാന്താലയമെന്ന് വിളിച്ച അവസ്ഥയിലേക്ക് യുഡിഎഫ് വീണ്ടും എത്തിച്ചിരിക്കുന്നു. ഉദ്ഘാടനങ്ങള്‍ നടത്തുന്നത് മാത്രമാണ് മന്ത്രി പണിയെന്ന് തെറ്റിദ്ധരിച്ചിട്ടുള്ള മന്ത്രിമാരും മുന്നണി നേതാക്കളും സംസ്ഥാനത്തെ തെറ്റായ ദിശയിലേയ്‌ക്കാണ് നയിക്കുന്നത്. മദ്യനയം മലയാളിയെ കുടിപ്പിച്ച് കിടത്തുന്ന അവസ്ഥയാക്കി. കൃഷിഭൂമികള്‍ റിയല്‍ എസ്റ്റേറ്റ് മാഫിയയ്‌ക്ക് തീറെഴുതുന്ന തരത്തിലേയ്‌ക്ക് മാറ്റുവാന്‍ തണ്ണീര്‍ത്തട-നെല്‍ വയല്‍ സംരക്ഷണ നിയമത്തില്‍ മാറ്റം വരുത്തുന്നു. എറണാകുളം-ആലപ്പുഴ ജില്ലകള്‍ക്ക് കുടിവെള്ളം നല്‍കുന്ന മൂവാറ്റുപുഴയാര്‍-മീനച്ചിലാറിലേയ്‌ക്ക് തിരിച്ചുവിടുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നു. മൂലമ്പിള്ളി, സ്മാര്‍ട്ട് സിറ്റി തുടങ്ങി സംസ്ഥാനത്തിന്റെ വികസനത്തിനായി കുടിയൊഴുപ്പിച്ചവരുടെ പുനരധിവാസം അകാരണമായി വൈകിക്കുന്നു. വൈദ്യുതിരംഗത്ത് വേണ്ട മാനേജ്മെന്റ് നടത്താതെ പവര്‍ക്കട്ട് അടിച്ചേല്‍പ്പിച്ചു. സ്വകാര്യവല്‍ക്കരണത്തിന് ആക്കം കൂട്ടുവാനും പൊതുസ്ഥലങ്ങളായ കായല്‍ അന്യധീനപ്പെടുത്താനും തീരദേശ സംരക്ഷണനിയമം ലംഘിച്ചും പദ്ധതികള്‍ക്ക് തത്വത്തില്‍ അംഗീകാരം നല്‍കുന്നു. സ്വാശ്രയ മാനേജ്മെന്റുകളുടെ ഇംഗിതത്തിന് വഴങ്ങി ഫീസ് വര്‍ധനവിന് കൂട്ടുനില്‍ക്കുന്നു. സര്‍വകലാശാല ഭരണങ്ങളും ഉന്നതവിദ്യാഭ്യാസ രംഗവും കുത്തഴിഞ്ഞ നിലയിലായിരിക്കുന്നു.
ആരോഗ്യമേഖല, മാലിന്യസംസ്ക്കരണം, മത്സ്യബന്ധനം, സാമൂഹ്യക്ഷേമം, പൊതുവിതരണം, അഴിമതി നിര്‍മാര്‍ജനം എന്നീ മേഖലകളില്‍ സര്‍ക്കാര്‍ പ്രവര്‍ത്തനം വന്‍ പരാജയമായിരിക്കുന്നു. വനനയം, മദ്യ നയം, ജലനയം, ഭൂസംരക്ഷണ നയം, ഭക്ഷ്യനയം, കാര്‍ഷികനയം എന്നിവയില്‍ സര്‍ക്കാരിന് കാര്യമായി ഇടപെടാന്‍ കഴിഞ്ഞിട്ടില്ല. അടിസ്ഥാന സൗകര്യവികസനം, വികസനം എന്നിവയില്‍നിന്നും സാധാരണക്കാര്‍ അവഗണിക്കപ്പെടുന്നു. പരമ്പരാഗത തൊഴില്‍മേഖലയും പൊതുമേഖലയിലെ വ്യവസായങ്ങളും നടുവൊടിഞ്ഞു കിടക്കുകയും എന്നാല്‍ കോര്‍പ്പറേറ്റുകള്‍ക്ക് ഒത്താശ ചെയ്തുകൊടുക്കുന്ന സമീപനത്തില്‍ വ്യവസായ വകുപ്പ് മുന്നേറുകയും ചെയ്യുന്നു. വികസനത്തിന്റെ ഗുണഭോക്താവ് എന്ന നിര്‍വചനത്തില്‍നിന്നും സാധാരണക്കാരന്‍ എടുത്തെറിയപ്പെട്ടിരിക്കുന്നു. വ്യക്തമായ നയരൂപീകരണത്തിന്റെ അഭാവം, കഴിവുറ്റ മന്ത്രിമാരുടെ കുറവ്, ജാതി തിരിച്ചുള്ള ആനുകൂല്യവിതരണം എല്ലാം യുഡിഎഫ് സര്‍ക്കാര്‍ ഭരണത്തിന്റെ ബാക്കി പത്രമായിരിക്കുന്നു. ഉദ്യോഗസ്ഥ ദുര്‍ഭരണത്തിന് കടിഞ്ഞാണിടുന്നതിനും വികസനം താഴേത്തട്ടില്‍ എത്തിക്കുന്നതിനും ഭരണമുന്നണി പരാജയപ്പെട്ടിരിക്കുന്നു. അതുകൊണ്ടുതന്നെ മുന്നണിഭരണത്തിന് അറുതിവരുത്തേണ്ട സമയമായി. പകരം സംവിധാനത്തെക്കുറിച്ച് ചിന്തിക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു. ഭരണം മെച്ചപ്പെടുത്തുന്നതിന് താക്കീതെന്ന നിലയില്‍ നെയ്യാറ്റിന്‍കരയില്‍നിന്നുതന്നെ തുടക്കമുണ്ടാവട്ടെ. കേരളത്തിലെ ഇന്നത്തെ സാഹചര്യം വിലയിരുത്തി പ്രതികരിക്കുവാനുള്ള അവസരമാണ് നെയ്യാറ്റിന്‍കര നല്‍കിയിരിക്കുന്നത്. യുഡിഎഫിന്റെ ഭരണമില്ലായ്മക്കെതിരെയും എല്‍ഡിഎഫിന്റെ കൊലപാതക രാഷ്‌ട്രീയത്തിനെതിരെയും നെയ്യാറ്റിന്‍കരയില്‍നിന്നും പ്രതികരണമുണ്ടാകുമെന്ന് കേരളീയ സമൂഹം പ്രതീക്ഷിക്കുന്നുണ്ട്.
ഡോ.സി.എം.ജോയി
പ്രതികരിക്കാൻ ഇവിടെ എഴുതുക: