എറണാകുളം ജില്ലയില്‍ കടുങ്ങല്ലൂര്‍ പഞ്ചായത്തിലാണ് ചിരപുരാതനമായ കടുങ്ങല്ലൂര്‍ നരസിംഹ ക്ഷേത്രം. മൂന്നിടം തൊഴുന്നതിലൂടെ മദ്ധ്യകേരളത്തില്‍ പ്രസിദ്ധമായ ക്ഷേത്രങ്ങളിലൊന്നുമാണ്. ഈ മൂന്ന് അമ്പല മാഹാത്മ്യത്തിലെ നടുങ്ങല്ലൂരാണ് പില്‍ക്കാലത്ത് കടുങ്ങല്ലൂരായി മാറിയതെന്നാണ് പുരാവൃത്തം. ആലുവയിലേയും തിരുവാലൂരേയും രണ്ട് മഹാദേവന്മാര്‍ക്കും നടക്കുള്ള മഹാവിഷ്ണു എന്ന ഖ്യാതിയും ഈ ക്ഷേത്രത്തിനുണ്ട്. ക്ഷേത്രത്തിനടുത്തുകൂടെ ബസ് സര്‍വ്വീസ് ഉണ്ട്. രഥത്തിന്റെ മട്ടിലുള്ള ക്ഷേത്ര ഗോപുരത്തിന് മൂന്നുനിലകള്‍. ഇരുപതുകോലോളം ഉയരം വരുന്ന വലിയ ഗോപുരം ആകര്‍ഷകമാണ്. മുന്നില്‍ വിസ്തൃതമായ അങ്കണം. അവിടെ വലതുവശത്ത് പറയ്‌ക്കാട്ട് നാരായണപിള്ള സ്മരക എന്‍.എസ്.എസ്.കരയോഗമന്ദിരം ഇടതുഭാഗത്ത് ആല്‍ത്തറയും മഠങ്ങളുമുണ്ട്. വലിയ ചുറ്റുമതിലിനുള്ളില്‍ പൗരാണികശോഭ പ്രസരിപ്പിക്കുന്ന രണ്ടുനില വട്ടശ്രീകോവില്‍. ഇരുപത്തിനാലോളം കോല്‍ പൊക്കമുള്ള ശ്രീകോവില്‍ തന്നെ ഒരപൂര്‍വ്വ ദൃശ്യം. പ്രധാനമൂര്‍ത്തി നരസിംഹം. കലയോടുകൂടിയ മഹാവിഷ്ണുവും പാര്‍ത്ഥസാരഥിയും ഉപദേവന്മാരായുണ്ട്. നരസിംഹമൂര്‍ത്തി കിഴക്കോട്ട് ദര്‍ശനമേകുന്നു. ദേവന്‍ നരസിഹം മൂര്‍ത്തിയാണെങ്കിലും വിഷ്ണു സങ്കല്‍പത്തിലുള്ള പൂജ. മൂന്നുനേരം പൂജയുള്ള ക്ഷേത്രത്തില്‍ ഗണപതി ഹോമം പോലുള്ള വിശേഷപൂജകളില്ല. പാല്‍പായസമാണ് പ്രധാന വഴിപാട്. വ്യാഴാഴ്ചകളില്‍ വഴിപാടിന്റെ വലിപ്പം കൂടും. എഴുപത്തിയഞ്ചുലിറ്ററില്‍ കുറയാത്ത പാല്‍പ്പായസമാണുണ്ടാവുക. പാനകനിവേദ്യമുണ്ടെങ്കിലും അത് അത്താഴപൂജയ്‌ക്കാണ്. ഇടയ്‌ക്ക് നിവേദ്യമില്ല. രക്തസംബന്ധമായ രോഗങ്ങള്‍ക്കും മംഗഗല്യഭാഗ്യത്തിനും ഈ വഴിപാട് മെച്ചമെന്ന് അനുഭവസ്ഥര്‍.
കടുങ്ങല്ലൂര്‍ ക്ഷേത്രത്തിന് തെക്കുകിഴക്കുഭാഗത്ത് ഐക്കരനാട് എന്ന സ്ഥലത്തെ ഒരു നമ്പൂതിരിയുടെ വകയായിരുന്നു ക്ഷേത്രമെന്നും, അവിടെ പൂജിച്ചിരുന്ന വിഗ്രഹവുമെടുത്ത് അദ്ദേഹം തോണിയില്‍ യാത്രയായി എന്നുമാണ് പറയപ്പെടുന്നത്. അദ്ദേഹത്തോടൊപ്പം രണ്ടയുപേര്‍ കൂടി ഉണ്ടായിരുന്നു. തോണി തുഴഞ്ഞിരുന്നയാളും കുട പിടിച്ചിരുന്ന വാല്യക്കാരനും. ഇപ്പോഴത്തെ ക്ഷേത്രത്തിന് എതാണ് അര കിലോമീറ്റര്‍ അകലെ അവര്‍ തോണിയടുപ്പിച്ചു. വിജനമായ പ്രദേശമായിരുന്നു അവിടം. അവര്‍ കൊണ്ടുവന്ന വിഗ്രഹം അവിടെ പ്രതിഷ്ഠിച്ചു. പണ്ട് ക്ഷേത്രത്തില്‍ രണ്ടു ദേവന്മാര്‍ ഉണ്ടായിരുന്നുവെന്നും പിന്നീട് വന്ന അതിഥി സ്ഥാനിയായതാണെന്നും ഐതിഹ്യം. അതുകൊണ്ടായിരിക്കാം വിദൂരസ്ഥലങ്ങളില്‍ നിന്നും ഇവിടെ വന്നുതാമസിക്കുന്നവര്‍ മെച്ചപ്പെട്ട് വരുമെന്ന ഒരു ചൊല്ലുതന്നെ ഇന്നാട്ടില്‍ പറഞ്ഞുകേള്‍ക്കാറുള്ളത്. കൂടെ വന്നവര്‍ക്ക് തിരുമേനി സ്ഥാനമാനങ്ങളും താമസിക്കാന്‍ സ്ഥലവും നല്‍കി. തോണി തുഴഞ്ഞവരുടെ പരമ്പരയില്‍പ്പെട്ടവര്‍ എണ്ണ പിടിക്കുകയും മറ്റേവീട്ടുകാര്‍ ദേവന്‍ ശ്രീകോവിലിന് വെളിയില്‍ വരുമ്പോള്‍ ഓലക്കുട പിടിക്കുകയും ചെയ്തുപോരുന്നു.
അഷ്ടമിരോഹിണിയും പ്രതിഷ്ഠാദിനവും വിശേഷ ദിവസങ്ങളായി ആഘോഷിച്ചുവരുന്നു. മേടമാസത്തില്‍ വിഷുവിന് തലേദിവസം കൊടിയേറി എട്ടുദിവസമാണ് ഉത്സവം. മൂന്നാം ദിവസത്തെ ഉത്സവബലി വിശേഷമാണ്. എട്ടാം ഉത്സവ ദിവസമാണ് ആറാട്ട്. വൈകിട്ട് നാലുമണിക്ക് ആരംഭിക്കുന്ന ആറാട്ടിന് മൂന്ന് ആനപ്പുറത്ത് എഴുന്നള്ളത്ത്. വാദ്യമേളങ്ങളുടെ അകമ്പടിയോടെ ആറാട്ട് ആലുവാ മഹാദേവക്ഷേത്രത്തിനടുത്തുള്ള കടവിലേക്ക് പോകും. രണ്ടു കിലോമീറ്റര്‍ ദൂരം മാത്രമുള്ള അവിടെ എത്താന്‍ അഞ്ചുണിക്കൂറെങ്കിലും വേണ്ടിവരും. തിരിച്ചുള്ള വരവിന് പാറകളുമുണ്ടാകും. ഭക്തിനിര്‍ഭരമായ ചടങ്ങുകളോടെ ഉത്സവം സമാപിക്കും.
– പെരിനാട് സദാനന്ദന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: