ഹജ്ജ് സബ്സിഡി 10 കൊല്ലം കൊണ്ട് ഘട്ടംഘട്ടമായി നിര്‍ത്തലാക്കണമെന്ന സുപ്രീംകോടതി വിധിയെ മിക്ക ഹിന്ദു സംഘടനകളും നിരവധി മുസ്ലീം സംഘടനകളും സ്വാഗതം ചെയ്തിരിക്കയാണ്. കേന്ദ്ര നിയമമന്ത്രി ഒഴുക്കന്മട്ടില് വിധിക്കനുകൂലമായി പറഞ്ഞുവെങ്കിലും മൊത്തത്തില്‍ കോണ്‍ഗ്രസ്സും കേന്ദ്രഭരണകൂടവും കുറ്റകരമായ മൗനത്തിലാണുള്ളത്. ഹജ്ജ് സബ്സിഡിയുടെ ചരിത്രവും പരിണാമങ്ങളും വേണ്ടത്ര ഉള്‍ക്കൊള്ളാതെയാണ് പലരും ഈ വിഷയം കൈകാര്യം ചെയ്യുന്നത്. ന്യൂനപക്ഷ പ്രീണനം ഇന്ധനമാക്കിയ കോണ്‍ഗ്രസ്-ഇടത് പാര്‍ട്ടികള്‍ ഹജ്ജ് സബ്സിഡി പ്രശ്നത്തില്‍ ആരെയൊക്കെയോ ഭയപ്പെടുന്നുണ്ട്. മതത്തിന്റെ അടിസ്ഥാനത്തില്‍ ആനുകൂല്യം നല്‍കുന്നത് തെറ്റാണ്. എന്നാല്‍ ഹജ്ജ് സബ്സിഡി തുക മുസ്ലീം ക്ഷേമത്തിന് വ്യവസ്ഥ ചെയ്യണമെന്ന സുപ്രീംകോടതി നിര്‍ദ്ദേശവും അംഗീകരിക്കത്തക്കതല്ല.
ഒരു മതേതര ഭരണകൂടത്തിന്‍കീഴില്‍ വ്യക്തിനിഷ്ഠ ആത്മീയ ആചരണത്തിന് സബ്സിഡി നല്‍കുകയെന്ന അസംബന്ധമാണ് ഇത്രയുംകാലം ഇവിടെ അരങ്ങേറിയത്. സബ്സിഡി അനിസ്ലാമികമാണ് എന്ന് ശക്തമായി വാദിക്കുന്ന യഥാര്‍ത്ഥ മുസ്ലീം ആത്മീയക്കാര്‍ സുപ്രീം കോടതി വിധിയെ രണ്ടു കൈയും നീട്ടി സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ മതത്തെ കച്ചവടമാക്കി കീശവീര്‍പ്പിക്കുന്ന ഒരു വിഭാഗം പണ്ഡിതന്മാരും സംഘടനകളും സുപ്രീംകോടതി വിധിക്കെതിരെ രംഗത്തുവരികയും സബ്സിഡി നിലനിര്‍ത്തണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരിക്കുന്നു. സബ്സിഡി മനുഷ്യന് അടിയന്തരാവശ്യമുള്ള നിത്യോപയോഗവസ്തുക്കളുടെ കാര്യത്തില്‍പ്പോലും പിന്‍വലിക്കണമെന്ന് നിഷ്കര്‍ഷിച്ച് ചന്ദ്രഹാസമിളക്കുന്ന കോണ്‍ഗ്രസ്സ് ഭരണകൂടം കടുത്ത മൗനംവഴി അവരുടെ ഗതികേടും നട്ടെല്ലില്ലായ്മയുമാണ് പ്രകടിപ്പിച്ചത്. മതവിരുദ്ധമായിട്ടുപോലും ഹജ്ജ് സബ്സിഡി നല്കി മുസ്ലീം പ്രീണനത്തിനാണ് കോണ്‍ഗ്രസ്സ് ശ്രമിക്കുന്നത്. ഹജ്ജ് സബ്സിഡിയുടെ ഭരണഘടനാ സാധുത 2007ലെ പ്രഭുല്‍ ഗൊറാഡിയ കേസ്സില്‍ സുപ്രീം കോടതി വിധിച്ചിട്ടുള്ളതാണ്. ഇപ്പോഴും സുപ്രീം കോടതി ആ വിധി അംഗീകരിച്ച് സ്വീകരിച്ചിട്ടുണ്ട്.
2007ലെ വിധിയെ തത്വത്തില്‍ സുപ്രീം കോടതി അംഗീകരിച്ചുവെങ്കിലും സബ്സിഡി പാടില്ലെന്ന അഭിപ്രായത്തിലാണ് ഇപ്പോള്‍ നിയമം എത്തി നില്‍ക്കുന്നത്. 10 കൊല്ലം കൊണ്ട് ഘട്ടംഘട്ടമായി സബ്സിഡി നിര്‍ത്തലാക്കണമെന്ന് സുപ്രീം കോടതി വിധിച്ചു. സര്‍ക്കാര്‍ പണം വാരിക്കോരി ചെലവഴിച്ച് ഹജ്ജ് സൗഹൃദസംഘം എന്ന പേരില്‍ പ്രധാനമന്ത്രി അയക്കുന്ന വി.ഐ.പികളുടെ ക്വാട്ടയും സുപ്രീംകോടതി റദ്ദാക്കിയിരിക്കുകയാണ്. ജ. അഫ്ത്താബ് ആലം, ജ. രഞ്ചനപ്രകാശ് ദേശായി എന്നിവരടങ്ങുന്ന ബെഞ്ചിന്റെ ഇപ്പോഴത്തെ ഹജ്ജ്കാര്യവിധി പല സവിശേഷതകളുള്‍ക്കൊള്ളുന്നതാണ്.
ഖുര്‍ ആനിലെ മൂന്നാമത്തെ അദ്ധ്യായമായ ആലുതുംറാനിലെ ഹജ്ജ് പ്രതിപാദിക്കുന്ന 97-ാം സൂക്തം ഉദ്ധരിച്ചുകൊണ്ട് ചെലവുവഹിക്കാന്‍ കഴിയുന്നവര്‍ക്ക് ഹജ്ജ് എന്ന ആയത്ത് പ്രമാണം സുപ്രീം കോടതി അവലംബിക്കുകയും ഓര്‍ഡറിന്റെ ഭാഗമാക്കുകയുമാണുണ്ടായത്. സൗദി ഇസ്ലാമിക കാര്യാലയം പുറത്തിറക്കിയ ഖുര്‍ ആന്‍ പരിഭാഷയും മറ്റ് ആധികാരിക മതപ്രമാണങ്ങളും അടിസ്ഥാനമാക്കിയാണ് സബ്സിഡി ഹജ്ജ് കാര്യത്തില്‍ പാടില്ലെന്ന നിഗമനത്തില്‍ കോടതിയെത്തിയിട്ടുള്ളത്.
കോടതിക്ക് ഖുര്‍ ആന്‍ പ്രമാണമാക്കാനും വിശകലനം ചെയ്യാനും എന്തവകാശമെന്നു ചോദിച്ചുകൊണ്ട് ഇപ്പോഴത്തെ വിധിക്കെതിരേ കേരളത്തില്‍ പോലും ചില മുസ്ലീം പണ്ഡിതന്മാരും എഴുത്തുകാരും മുന്നോട്ടുവന്നിരിക്കുകയാണ്. ഷബാനുബീഗം ജീവനാംശ കേസ്സില്‍ ഖുറാനിലെ 241-242 ആയത്തുകള്‍ സുപ്രീം കോടതി വ്യാഖ്യാനിച്ച് ജീവനാംശവും ഉപരിസൗകര്യങ്ങളും അഗതിയായ ഭാര്യയ്ക്ക് നല്‍കണമെന്ന് വിധിച്ചത് 1985 ഏപ്രില്‍ 23ന് ആയിരുന്നു. ‘മത്താഹന്’ എന്നുള്ള ആയത്തിലെ പ്രയോഗത്തിന് ജീവനാംശം എന്ന അര്‍ത്ഥമുണ്ടെന്ന് സുപ്രീംകോടതി യൂസഫലിയെന്ന പണ്ഡിതന്റെതുള്പ്പെടെയുള്ള ഗ്രന്ഥങ്ങള്‍ ഉദ്ധരിച്ചുകൊണ്ടാണ് പ്രഖ്യാപിച്ചത്. കോടതിക്ക് ഖുര്‍ആന്‍ വ്യാഖ്യാനിക്കാന്‍ അവകാശമില്ലെന്നു പ്രഖ്യാപിച്ച് അന്ന് ഒരു വിഭാഗം മുസ്ലീം വര്‍ഗ്ഗീയവാദികള്‍ ഉറഞ്ഞുതുള്ളുകയും പോര്‍ക്കളം സൃഷ്ടിക്കുകയും ചെയ്തു.
മതേതര കോണ്‍ഗ്രസ്സിന്റെ നേതാവും പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയും ഷബാനു കേസിലെ വിധിയെത്തുടര്‍ന്ന് വര്‍ഗ്ഗീയ ശക്തികള്‍ക്കുമുമ്പില്‍ കീഴടങ്ങുകയായിരുന്നു. നാണവും മാനവുമില്ലാത്ത അന്നത്തെ കോണ്‍ഗ്രസ്സ് സര്‍ക്കാര്‍ സുപ്രീംകോടതി വിധി അട്ടിമറിച്ച് പുതിയ നിയമനിര്‍മ്മാണം പടച്ചുണ്ടാക്കി മതേതര ഇന്ത്യയെ കുത്തിമലര്‍ത്തിയ കുറ്റത്തില്‍നിന്നും പ്രതിക്കൂട്ടിലാണുള്ളത്. അവസാനം ഷബാനുബീഗം കേസിലെ വിധി പ്രഖ്യാപനത്തിനു നേതൃത്വം കൊടുത്ത ചീഫ് ജസ്റ്റിസ് ചന്ദ്രചൂഡ് വിധിയില്‍ ഖുര്‍ ആനെ പ്രമാണമാക്കിയതില് ഖേദം പ്രകടിപ്പിച്ചതായി ഒരു മുസ്ലീം ആനുകാലികത്തില്‍ ഈയടുത്ത കാലത്ത് എഴുതിക്കണ്ടു. മതേതരത്വത്തിന്റെ പേരില്‍ ഊറ്റംകൊള്ളുന്ന കോണ്‍ഗ്രസ്സിന്റെ കാപട്യവും അവസരവാദം സൃഷ്ടിച്ച അപകടതലങ്ങളുമാണ് ഷബാനുകേസിന്റെ ദയനീയ അന്ത്യം വിളിച്ചോതുന്നത്.
മതേതരകക്ഷികള്‍ വോട്ടിനുവേണ്ടി നടത്തുന്ന ജാതിമതപ്രീണനങ്ങളാണ് ഭാരതമുയര്ത്തിപ്പിടിക്കുന്ന സര്‍വ്വധര്‍മ്മ സമഭാവത്തിന്റെ അടിത്തറയ്ക്കുള്ള ഭീഷണി. ഷബാനു കേസ് ന്യൂനപക്ഷപ്രീണന രാഷ്ട്രീയത്തിന്റെ ഏറ്റവും മോശവും അപഹാസ്യവുമായ തലങ്ങളാണ് സ്വതന്ത്രഭാരതത്തില്‍ ഉയര്‍ത്തിക്കാട്ടിയത്. ഇസ്ലാമിക് രാഷ്ട്രമായ പാക്കിസ്ഥാനില്‍ ശരിയത്തിന് കാലികമായ വ്യാഖ്യാനമാകാമെന്നും ഇക്കാര്യത്തില്‍ ശിലാസമാന നിലപാട് ശരിയല്ലെന്നും സ്വന്തം ജീവചരിത്രഗ്രന്ഥത്തില്‍ ബേനസ്സീര്‍ ഭൂട്ടോ എഴുതിയിട്ടുണ്ട്. (റഫറന്‍സ് ഞലരീിരശഹശമശ്ി വലൃ ളശിമഹ ംീൃറെ ീി കഹെമാ, ഉലാീരൃമര്യ & വേല ണല്‍) ബഹുമത സമൂഹത്തില്‍ ഇസ്ലാം വിശാലത കാട്ടേണ്ട ഇന്ത്യയില്‍ പാക്കിസ്ഥാന്റെ മുന്‍ പ്രധാനമന്ത്രി എടുത്ത നിലപാടുപോലും സ്വീകരിക്കാന്‍ കോണ്‍ഗ്രസ്സ്- ഇടതുകക്ഷികള്‍ക്ക് ധൈര്യമില്ല.
തത്വദീക്ഷയില്ലാത്ത മതപ്രീണനരാഷ്ട്രീയത്തിന്റെ വഴികളിലൂടെ സഞ്ചരിക്കാന്‍ മനസ്സാക്ഷിക്കുത്തില്ലാതിരുന്ന ഇന്ദിരാഗാന്ധിയാണ് മൂന്നു പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഹജ്ജ് സബ്സിഡി ആദ്യമായി നടപ്പാക്കിയത്. ഇസ്ലാംമത ശാസനകള്‍ പോലും നിഷിദ്ധമായി കരുതുന്ന ഹജ്ജിനുള്ള സര്‍ക്കാര്‍ധനസഹായം എന്ന അനീതി അടിച്ചേല്‍പ്പിക്കുക വഴി കോണ്‍ഗ്രസ്സിന് അതിന്റെ സ്വാധീനം കൂടുതലായി മുസ്ലീങ്ങള്‍ക്കിടയില്‍ ഉറപ്പിക്കുക എന്നതായിരുന്നു ലക്ഷ്യം. കപ്പല്‍മാര്‍ഗ്ഗമുള്ള ഹജ്ജ് തീര്‍ത്ഥാടനത്തിന് അറുതിവരുത്തിയപ്പോള്‍ യഥേഷ്ടം തീര്‍ത്ഥാടകരെ പോകാന്‍ അനുവദിക്കുന്നതിനുപകരം സര്ക്കാര്ആരും ആവശ്യപ്പെടാതെ എന്തിന് ബാദ്ധ്യത ഏറ്റെടുത്തു സബ്സിഡി നല്കാന് തുടങ്ങി? 1994 ല്‍ 21035 പേരാണ് ഹജ്ജ് കമ്മറ്റിവഴി പോയതെങ്കില്‍ 2011 ല്‍ അത് 1,25,000 ആയി വര്‍ദ്ധിക്കുകയുണ്ടായി. 94 ല്‍ പോക്കുവരവ് ചെലവ് 17,000/- ക യായിരുന്ന സ്ഥാനത്ത് ഇപ്പോഴത് 54,800/- കയാണ്. 1994 ല്‍ സര്‍ക്കാര്‍ സബ്സിഡിയായി 10.51 കോടി നല്കിയ സ്ഥാനത്ത് 2011 ല്‍ 685 കോടിയാണ് പൊതുധനത്തില്നിന്ന് ചെലവാക്കിയത്. ചുരുക്കത്തില്‍ ഒരു ഹാജിക്ക് 40000 ക സബ്സിഡിയായി നല്കുന്നു. മതേതര ഇന്ത്യയില്‍ നീതീകരണമില്ലാത്ത ന്യൂനപക്ഷ മതപ്രീണനമാണ് ഇതുവഴി കോണ്‍ഗ്രസ്സ് നടത്തിവരുന്നത്.
സര്‍ക്കാര്‍ കണക്കനുസരിച്ച് 485 കോടിരൂപയാണ് സബ്സിഡിയായിവരിക. അപ്പോള്‍ 200 കോടി ക കണക്കില്ലാത കൃത്രിമമായി ചെലവഴിച്ചു എന്ന് വ്യക്തമാണ്. ജിദ്ദയിലേക്കുള്ള സാധാരണ പോക്കുവരവ് ഫെയര്‍ 25,000/- കയാണ്. 2011 ല്‍ എയര്‍ ഇന്ത്യയുടെ കുത്തക പോയസ്ഥിതിയ്ക്ക് ആ നിമിഷം തന്നെ സബ്സിഡി കേന്ദ്ര സര്‍ക്കാര്‍ നിര്‍ത്തേണ്ടതായിരുന്നു. കപ്പല്‍ നിര്‍ത്തി എയര്‍ ഇന്ത്യവഴിമാത്രമേ പോകാവൂ എന്ന നിബന്ധനകൊണ്ടാണ് സബ്സിഡി നല്‍കുന്നതെന്ന വാദത്തിന് 2011 മുതല്‍ പ്രസക്തിയില്ല.എയര്‍ ഇന്ത്യ ഹജ്ജിനു പോകുന്നവരില്‍ നിന്ന് 2000 ഡോളര്‍ വാങ്ങുമ്പോള്‍ സൗദി എയര്‍ലൈന്‍സ് 800 ഡോളര്‍ മാത്രം വാങ്ങുന്നുള്ളൂ എന്ന മാനദണ്ഡം ഉന്നയിക്കുന്നവര്‍ക്ക് ഇനി ഏതു വിമാനത്തിലും യാത്രചെയ്യാന്‍ സാധിക്കുമെന്നതിനാല്‍ സബ്സിഡി ആവശ്യപ്പെടാനാവില്ല. എന്നിട്ടും 10 കൊല്ലംകൊണ്ട് സബ്സിഡി നിര്‍ത്തിയാല്‍ മതിയെന്ന കോടതിവിധി പുന:പരിശോധിക്കപ്പെടേണ്ടതാണ്. സുപ്രീം കോടതി പറഞ്ഞപോലെ ഘട്ടംഘട്ടമായി സബ്സിഡി നിര്‍ത്തലാക്കുന്നതിനുപകരം ഉടനടി ഇതവസാനിപ്പിക്കയാണ് വേണ്ടത്.
ഹജ്ജിനെ രാഷ്ട്രീയ മുതലെടുപ്പിനും അഴിമതിക്കും ചൂഷണത്തിനും വിധേയമാക്കുന്ന കോണ്‍ഗ്രസ്സ് ഭരണകൂടം മക്കയില്‍ തീര്‍ത്ഥാടനകാലത്ത് എല്ലാ വസ്തുക്കള്‍ക്കും വിലയിരട്ടിപ്പിച്ച് തീര്‍ത്ഥാടകരെ ചൂഷണം ചെയ്യപ്പെടുന്നതിനെതിരെ ചെറുവിരലനക്കാന്‍ തയ്യാറുണ്ടോ? ഹജ്ജ്തീര്‍ത്ഥാടകര്‍ക്ക് സൗകര്യമേര്‍പ്പെടുത്തുന്നതിന് ബിജെപി എതിരല്ലെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.പക്ഷേ സര്‍ക്കാര്‍ ചെലവില്‍ 37 പേരെ വി.ഐ.പി. കളാക്കി സൗഹൃദസംഘമെന്ന ലേബലില്‍ കഴിഞ്ഞ തവണ അയച്ചത് ബി.ജെ.പി. അംഗീകരിക്കുന്നില്ല.ഈ ധാരാളിത്തവും അധികാരദുര്‍വിനിയോഗവും സുപ്രീം കോടതി റദ്ദാക്കിയത് സ്വാഗതാര്‍ഹമാണ്. പ്രധാനമന്ത്രിയുടെ ഹജ്ജ് സൗഹൃദസംഘം ഭരണഘടനാവിരുദ്ധമെന്ന കോടതി വിധി യുപിഎ ഭരണകൂടത്തിനേറ്റ തിരിച്ചടിയാണ്.
പി.എസ്.ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: