നെയ്യാറ്റിന്‍കര മണ്ഡലത്തില്‍ നടക്കുന്ന ഉപതെരഞ്ഞെടുപ്പിലെ വിജയവും പരാജയവും നിര്‍ണയിക്കുവാനുള്ള ശക്തിയും സ്വാധീനവും നെയ്യാറ്റിന്‍കരയിലെ വിവിധ ഹിന്ദു സമുദായ വിഭാഗങ്ങള്‍ക്കുണ്ട്. ഈ തെരഞ്ഞെടുപ്പില്‍ ഈ വിഭാഗക്കാരുടെ ഇടയില്‍ ഉയരേണ്ട ചോദ്യം ഹിന്ദു പിന്നോക്ക വിഭാഗക്കാരുടെ സംവരണാനുകൂല്യങ്ങള്‍ വെട്ടിക്കുറയ്ക്കുകയും ഇവരെ നിരന്തരം ദ്രോഹിക്കുകയും അവഗണിക്കുകയും ചെയ്ത ഇടതു-വലതു മുന്നണികളെ വിജയിപ്പിക്കണമോ അതോ ഇവരുടെ സംവരണാനുകൂല്യങ്ങള്‍ അതേപടി നിലനിറുത്തണമെന്നാവശ്യപ്പെട്ട ബിജെപിയെ വിജയിപ്പിക്കണമൊ എന്നുള്ളതാണ്.
കേന്ദ്രഗവണ്മെന്റ് സര്‍വീസിലെ ഉദ്യോഗങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദു പിന്നോക്ക സമുദായങ്ങള്‍ക്ക് ഉണ്ടായിരുന്ന 27 ശതമാനം സംവരണാര്ഹതയില് 4.5 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി ഉപസംവരണം ചെയ്യുക വഴി ഹിന്ദു പിന്നോക്ക സമുദായങ്ങളുടെ സംവരണാര്‍ഹത 27 ശതമാനത്തില്‍നിന്നും 22.5 ശതമാനമാക്കി വെട്ടിക്കുറയ്ക്കുകയാണ് കേന്ദ്രസര്‍ക്കാര്‍ ചെയ്തത്. ഇതുമൂലം ഈ അവശസമുദായങ്ങള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗങ്ങളിലും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളായ ഐഐടികള്‍, എല്ഐടികള് എന്നിവയുള്‍പ്പെടെയുള്ള എന്‍ജിനീയറിംഗ് കോളേജുകളിലും കേന്ദ്രസര്‍ക്കാരിന്റെ കീഴിലുള്ള മെഡിക്കല്‍ കോളേജുകള്‍, ഐഐഎം ഉള്‍പ്പെടെയുള്ള മാനേജ്മെന്റ് കോളേജുകളിലുമെല്ലാം സംവരണം ചെയ്യപ്പെട്ട സീറ്റുകളില്‍ വന്‍ കുറവാണ് അനുഭവപ്പെടുവാന്‍ പോകുന്നത്.
ഹിന്ദു പിന്നോക്ക വിഭാഗക്കാരുടെ സംവരണം വെട്ടിക്കുറച്ചതു വഴി കേന്ദ്രസര്‍ക്കാര്‍ സര്‍വീസുകളിലെ സംവരണ വ്യവസ്ഥയില്‍ വലിയ അസന്തുലിതാവസ്ഥയാണ് വന്നുചേര്‍ന്നിരിക്കുന്നത്. മൊത്തം 27 ശമതാനം സംവരണ സീറ്റുകളില്‍ 4.5 ശതമാനം മുസ്ലീം-ക്രിസ്ത്യന്‍ സമുദായത്തിലെ പിന്നോക്ക വിഭാഗക്കാര്‍ക്കായി നീക്കി വെച്ചെങ്കിലും ബാക്കി 22.5 ശതമാനം സംവരണ സീറ്റുകള്‍ ഹിന്ദു പിന്നോക്ക വിഭാഗക്കാര്‍ക്കായി നീക്കി വെച്ചിട്ടില്ല. ഇന്ത്യയിലെ മൊത്തം പിന്നോക്ക വിഭാഗത്തില്‍പ്പെട്ടവരില്‍ 85 ശതമാനം ഹിന്ദുക്കളും 15 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങളിലും പെട്ടവരായി സര്‍ക്കാര്‍ കണക്കാക്കുന്നു. അങ്ങനെ ജനസംഖ്യാനുപാതികമായി മൊത്തം 27 ശതമാനം സംവരണത്തിന്റെ 16.5 ശതമാനമായ 4.5 ശതമാനം ന്യൂനപക്ഷങ്ങള്‍ക്കായി മാറ്റിവെച്ചു. അപ്പോള്‍ ബാക്കിവരുന്ന 22.5 ശതമാനം ജനസംഖ്യാനുപാതികമായി 85 ശതമാനംവരുന്ന ഹിന്ദുപിന്നോക്ക വിഭാഗക്കാര്‍ക്കായി നീക്കിവെയ്ക്കേണ്ടതായിരുന്നു. ഇതു ചെയ്യാത്തതുമൂലം 15 ശതമാനം വരുന്ന ക്രിസ്ത്യന്‍-മുസ്ലീം അടക്കമുള്ള ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് ഹിന്ദുക്കള്‍ക്ക് മാത്രമായി നീക്കിവെക്കേണ്ടിയിരുന്ന 22.5 ശതമാനം സംവരണ സീറ്റുകളിലും സംവരണാര്ഹതയുണ്ട്. അങ്ങനെ പിന്നോക്ക ജനസംഖ്യയുടെ 15 ശതമാനം വരുന്ന മുസ്ലീം-ക്രൈസ്തവ ന്യൂനപക്ഷ സമുദായങ്ങള്‍ 27 ശതമാനം സംവരണത്തിന് അര്‍ഹരാവുമ്പോള്‍ (ഇതില്‍ 4.5 ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് മാത്രമായി നീക്കിവെച്ചിരിക്കുന്നു) പിന്നോക്ക ജനസംഖ്യയുടെ 65 ശതാനം വരുന്ന പിന്നോക്ക ഹിന്ദുക്കളുടെ സംവരണാര്‍ഹത 22.5 ശതമാനമായി വെട്ടിക്കുറയ്ക്കപ്പെട്ടിരിക്കുന്നു.
മലപ്പുറം ജില്ലാ സമ്മേളനത്തിലും പിന്നീട് കോഴിക്കോട് നടന്ന പാര്‍ട്ടി കോണ്‍ഗ്രസിലും സിപിഎം മുന്നോട്ടുവെച്ച ആവശ്യം കേന്ദ്രസര്‍ക്കാര്‍ രംഗനാഥമിശ്ര കമ്മീഷന് പ്രകാരമുള്ള സംവരണം ഏര്‍പ്പെടുത്തി ന്യൂനപക്ഷ സംവരണം 15 ശതമാനമാക്കി വര്‍ധിപ്പിക്കണമെന്നായിരുന്നു. മതവും ദൈവവും ഇല്ലെന്നും മതം മനുഷ്യനെ മയക്കുന്ന കറുപ്പാണെന്നും വാദിക്കുന്ന കമ്മ്യൂണിസ്റ്റുകളില്‍ മത സംവരണത്തിന് വേണ്ടി നിലകൊള്ളുന്നത് വലിയ വിരോധാഭാസമായിട്ടേ കാണാന്‍ കഴിയുകയുള്ളൂ. രംഗനാഥ് മിശ്ര കമ്മീഷന്റെ സംവരണ ശുപാര്‍ശകള്‍ താഴെ കൊടുത്തിരിക്കുന്നു.
ഒന്ന്: കേന്ദ്ര സംസ്ഥാന സര്‍ക്കാര്‍ ഉദ്യോഗങ്ങളില്‍ 15 ശതമാനം ന്യൂനപക്ഷ സമുദായങ്ങളിലെ പിന്നോക്ക വിഭാഗക്കാര്‍ക്കായി സംവരണം ചെയ്യുക. അതില്‍ പത്ത് ശതമാനം മുസ്ലീം സമുദായക്കാര്‍ക്കായി നീക്കിവെയ്ക്കുക.
രണ്ട്: കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹിന്ദുമത സ്ഥാപനങ്ങള്‍ക്കു കീഴിലുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലും 15 ശതമാനം സീറ്റുകള്‍ ന്യൂനപക്ഷങ്ങള്‍ക്കായി സംവരണം ചെയ്യുക. (ഇന്ന് ന്യൂനപക്ഷ സമുദായങ്ങളുടെ കോളേജുകളില്‍ 50 ശതമാനം ന്യൂനപക്ഷ സംവരണം നിലനില്ക്കുന്നു. എന്നാല്‍ ഹിന്ദുമത വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹിന്ദുമത സംവരണം നിയമം അനുവദിക്കുന്നില്ല.)
മൂന്ന്: ഹിന്ദു പട്ടികജാതിക്കാര്‍ക്ക് ഇന്ന് സര്‍ക്കാര്‍ ജോലിയിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ലഭിക്കുന്ന സംവരണാനുകൂല്യങ്ങള്‍ ക്രിസ്ത്യന്‍-മുസ്ലീം മതവിഭാഗങ്ങളിലേയ്ക്ക് പരിവര്‍ത്തനം ചെയ്ത ദളിത് വിഭാഗക്കാര്‍ക്കും അനുവദിക്കുക.
ന്യൂനപക്ഷ സമുദായങ്ങള്‍ക്ക് പതിനഞ്ചു ശതമാനം സംവരണം ഏര്‍പ്പെടുത്തണമെന്ന് പറയുന്നത് 15 ശതമാനം സീറ്റുകളില്‍ ഹിന്ദു സമുദായത്തിനും കമ്മ്യൂണിസ്റ്റുകാരായ മതവിശ്വാസികളല്ലാത്തവര്‍ക്കും പ്രവേശനം നിഷേധിക്കുക എന്നതാണര്‍ത്ഥം. ഇത് ഏറ്റവും കൂടുതല്‍ ബാധിക്കുക ഹിന്ദു സമുദായത്തിലെ പിന്നോക്ക വിഭാഗക്കാരും പട്ടികജാതിക്കാരുമായ ജനങ്ങളെയാണ്.
ഇന്നത്തെ നിലയ്ക്ക് അന്‍പതു ശതമാനം സീറ്റുകള്‍ മെറിറ്റ് സീറ്റുകളാണ്. സര്‍ക്കാര്‍ ഉദ്യോഗങ്ങളിലെ മെറിറ്റ് സീറ്റുകള്‍ മുന്നോക്ക സമുദായങ്ങള്‍ക്കും പിന്നോക്ക സമുദായങ്ങള്‍ക്കും പട്ടികജാതിക്കാര്‍ക്കും ന്യൂനപക്ഷങ്ങള്‍ക്കും ഒരുപോലെ അവകാശപ്പെട്ടതാണ്. ഈ ശതമാനം വീണ്ടും വെട്ടിക്കുറച്ചാല്‍ മുന്നോക്ക സമുദായക്കാര്‍ക്കും പിന്നോക്ക സമുദായത്തിലെ ക്രീമിലെയര്കാര്ക്കും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ മതമില്ലാത്തവര്‍ക്കും മത്സരിക്കുവാന്‍ അര്‍ഹതയുണ്ടാവുക ബാക്കി വരുന്ന 35 ശതമാനം സീറ്റുകളില്‍ മാത്രമായിരിക്കും. മാത്രമല്ല എല്ലാവരും ഒരേപോലെ നികുതിയടയ്ക്കുമ്പോള്‍ ജാതിയുടേയും മതത്തിന്റേയും പേരില്‍ ഒരു പ്രത്യേക വിഭാഗത്തിന് 65 ശതമാനം സീറ്റുകളില്‍ മത്സരിക്കുവാനുള്ള അവകാശം നിഷേധിക്കുന്നത് ഭരണഘടനയില്‍ പറയുന്ന തുല്യത എന്ന മൗലികാവകാശത്തിന്റെ ലംഘനമാണെന്നും ഇത് ഒരുതരത്തിലും അംഗീകരിക്കുവാന്‍ പറ്റില്ലെന്നും അതുകൊണ്ട് സംവരണം 50 ശതമാനത്തില്‍ കൂടരുതെന്നും സുപ്രീംകോടതി പല വിധിന്യായങ്ങളിലും വ്യക്തമാക്കിയിട്ടുണ്ട്. ജനങ്ങളുടെ മൗലികാവകാശത്തെ ബാധിക്കുന്ന ഒരു നിയമം പാര്‍ലമെന്റ് പാസാക്കിയാലും ആ നിയമം റദ്ദാക്കാനുള്ള അധികാരം സുപ്രീംകോടതിക്കുണ്ട്.
ഈ സാഹചര്യത്തില്‍ രംഗനാഥ മിശ്ര കമ്മീഷന് ശുപാര്‍ശ ചെയ്തിരിക്കുന്നത് പിന്നോക്ക വിഭാഗത്തിന് അനുവദിച്ചിരിക്കുന്ന 27 ശതമാനം സംവരണ സീറ്റുകളില്‍ 15 ശതമാനം ന്യൂനപക്ഷങ്ങള്‍ക്ക് ഉപസംവരണം ചെയ്യുവാനും അതില്‍ 10 ശതമാനം മുസ്ലീങ്ങള്‍ക്കായി നീക്കവെയ്ക്കാനുമാണ്. അപ്പോള്‍ സംഭവിക്കുക ഹിന്ദു പിന്നോക്ക വിഭാഗങ്ങള്‍ക്ക് ഇന്നുള്ള 27 ശതമാനം സംവരണാര്‍ഹത 12 ശതമാനമായി കുറയും എന്നുള്ളതാണ്. അപ്പോള്‍ ഫലത്തില്‍ സിപിഎം ആവശ്യപ്പെടുന്നത് ഈഴവ സമുദായം, നാടാര്‍ സമുദായം, ധീവര സമുദായം, വിശ്വകര്മജര് എന്നിങ്ങനെയുള്ള ഹിന്ദുപിന്നോക്ക വിഭാഗക്കാരുടെ സംവരണം 27 ശതമാനത്തില്‍നിന്നും പന്ത്രണ്ടു ശതമാനമായി വെട്ടിക്കുറക്കണം എന്നാണ്.
ഇനി പട്ടിക ജാതിക്കാര്‍ക്ക് ഇന്ന് ലഭിക്കുന്ന സംവരണാനുകൂല്യങ്ങള്‍ പണ്ടു മതംമാറി ക്രിസ്ത്യന്‍ മുസ്ലീം സമുദായങ്ങളില്‍ പോയവരുമായി പങ്കുവയ്ക്കണമെന്ന ആവശ്യം ഏറ്റവും കൂടുതല്‍ ബാധിക്കുക കേരളത്തിലെ പട്ടികജാതിക്കാരെയാണ്. കേരളത്തിലെ ഹിന്ദു പട്ടികജാതിക്കാര്‍ ഏതാണ്ട് 35 ലക്ഷമാണ്. എന്നാല്‍ പരിവര്‍ത്തിത ക്രിസ്ത്യാനികളുടെ ജനസംഖ്യ 40 ലക്ഷത്തിലേറെയാണ്. ഹിന്ദു പട്ടികജാതിക്കാര്‍ക്ക് അനുവദിച്ചിട്ടുള്ള സംവരണാനുകൂല്യങ്ങള്‍ തങ്ങളെക്കാള്‍ കൂടുതല്‍ ജനസംഖ്യയുള്ള പരിവര്‍ത്തിത ക്രിസ്ത്യാനികളുമായി പങ്കുവയ്ക്കുമ്പോള്‍ ഹിന്ദു പട്ടികജാതിക്കാര്ക്കുണ്ടാവുന്ന സംവരണ നഷ്ടം ഊഹിക്കാവുന്നതേയുള്ളൂ.
ക്രിസ്ത്യന്‍ നാടാര്‍ സമുദായത്തിന് കിട്ടിയ സംവരണ നിയമനങ്ങള്‍ ഹിന്ദുനാടാര്‍ സമുദായക്കാര്‍ക്ക് കിട്ടിയ നിയമനങ്ങളേക്കാള്‍ കുറവാണ് എന്ന ന്യായം പറഞ്ഞാണ് ഇടതുപക്ഷസര്‍ക്കാര്‍ ഹിന്ദു നാടാര്‍ സംവരണം വെട്ടിക്കുറച്ചത്. എന്നാല്‍ ഈ നിയമനങ്ങള്‍ ജനസംഖ്യാനുപാതികമായി ശരിയാണോ എന്ന വിലയിരുത്തല്‍ നടത്താതെയാണ് ഹിന്ദുനാടാര്‍ സംവരണം വെട്ടിക്കുറച്ചത് എന്നുള്ളതുകൊണ്ട് സംഭവിച്ചിരിക്കുന്ന അസന്തുലിതാവസ്ഥ ഹിന്ദുനാടാര്‍ സമൂഹത്തിന് ഏറെ ദ്രോഹകരമായി ഭവിച്ചിരിക്കുകയാണ്. ഈ സമുദായദ്രോഹത്തിന് തിരിച്ചടി നല്കുവാനുള്ള സുവര്‍ണാവസരമാണ് ഹിന്ദുനാടാര്‍ സമുദായത്തിന് കൈവന്നിരിക്കുന്നത്.
മുസ്ലീം ലീഗിന് അഞ്ചാം മന്ത്രി കൊടുക്കുന്നതിനെതിരെ പ്രതികരിച്ച എസ്എന്‍ഡിപിയും ധീവരസഭയും നാടാര്‍ സമുദായസംഘടനകളും കേന്ദ്രസര്‍ക്കാര്‍ ജോലികളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നാലരശതമാനം സംവരണം വെട്ടിക്കുറച്ച കേന്ദ്രത്തിലെ കോണ്‍ഗ്രസ് സര്‍ക്കാരിനെതിരെ പ്രതികരിച്ചു കണ്ടില്ല. ഹിന്ദുക്കള്‍ക്ക് വിദ്യാഭ്യാസത്തിലും സര്‍ക്കാര്‍ ജോലിക്കും ലഭിക്കുന്ന അവസരങ്ങള്‍ പതിനഞ്ചു ശതമാനം വെട്ടിക്കുറച്ച് ആ പതിനഞ്ചുശതമാനം ക്രിസ്ത്യന്‍-മുസ്ലീം സമുദായക്കാര്‍ക്ക് നല്കണമെന്നുള്ള സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ ഉയര്‍ന്ന ആവശ്യത്തിനെതിരെ ശബ്ദമുയര്‍ത്തുവാനും ഹിന്ദുസമുദായത്തില്‍പ്പെട്ട മുന്നോക്ക സമുദായത്തിലോ പിന്നോക്ക സമുദായത്തിലോ പെട്ടവരായ സമുദായ സംഘടനകള്‍ മുന്നോട്ടുവരുന്നില്ല എന്നതും തികച്ചും ആശങ്കാജനകമാണ്.
എന്നാല്‍ ഓരോ സമുദായ സംഘടനയും ഉന്നയിക്കുന്ന ആവശ്യം തങ്ങളുടെ സമുദായത്തില്‍പ്പെട്ട കൂടുതല്‍ എംഎല്‍എമാരും മന്ത്രിമാരും എംപിമാരും വേണമെന്നുള്ളതാണ്. എന്നാല്‍ എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും നാടാര്‍ മഹാസഭയുമെല്ലാം സ്പോണ്സര് ചെയ്യുന്ന ജനപ്രതിനിധികള്‍ ഹിന്ദു വിരുദ്ധരായിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ഹിന്ദു പിന്നോക്ക സമുദായങ്ങളെ പ്രതിനിധീകരിക്കുന്ന വയലാര്‍ രവിയും മുല്ലപ്പള്ളി രാമചന്ദ്രനും വീരപ്പമൊയ്ലിയും ഉള്‍പ്പെട്ട കേന്ദ്രമന്ത്രിസഭയാണ് ഹിന്ദു പിന്നോക്ക വിഭാഗക്കാരുടെ സംവരണം വെട്ടിക്കുറച്ചിരിക്കുന്നത്. എന്‍എസ്എസും എസ്എന്‍ഡിപിയും നാടാര്‍ സഭയും വോട്ടു ചെയ്തു ജയിപ്പിക്കുന്നു എന്നവകാശപ്പെടുന്ന കേരളത്തിലെ ഇടതു വലതു മുന്നണികളില്‍ പെട്ട കേരളത്തിലെ എംപിമാര്‍ ന്യൂനപക്ഷങ്ങള്‍ക്ക് കൊടുക്കുന്ന സ്കോളര്‍ഷിപ്പ് ആനുകൂല്യങ്ങളും ന്യൂനപക്ഷവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാത്രം നല്കുന്ന ഗ്രാന്റുകളും ഹിന്ദുമതത്തില്‍ വിശ്വസിക്കുന്നതുകൊണ്ടൂമാത്രം ഹിന്ദുക്കള്‍ക്ക് നിഷേധിക്കുന്നതിനെതിരെ പാര്‍ലമെന്റില്‍ ശബ്ദമുയര്ത്തുന്നില്ല. പന്തല്ലൂര്‍ ദേവസ്വത്തിന് സ്വന്തമായ 786 ഏക്കര്‍ സ്ഥലം ദേവസ്വത്തിന് വിട്ടുകൊടുക്കാതെ മനോരമ കുടുംബത്തിലെ മുതലാളിമാരുടെ കൈവശം അനധികൃതമായി നിലനിറുത്തുവാന്‍ ഒത്താശ ചെയ്തത് ഹിന്ദുമന്ത്രിയായ തിരുവഞ്ചൂര്‍ രാധാകൃഷ്ണനാണെന്ന് പറയപ്പെടുന്നു.
ഹിന്ദുവായി ജനിച്ചതുകൊണ്ടുമാത്രം വിദ്യാഭ്യാസത്തിലും ജോലിയിലും ഉള്ള ആനുകൂല്യങ്ങള്‍ നിഷേധിക്കുകയും സംവരണാനുകൂല്യങ്ങള്‍ കവര്‍ന്നെടുത്ത് ന്യൂനപക്ഷങ്ങള്‍ക്ക് നല്‍കുകയും ചെയ്യുന്ന ഹിന്ദുവിരുദ്ധ മുന്നണികള്‍ക്കെതിരെ പ്രതികരിക്കാനുള്ള അവസരമാണ് നെയ്യാറ്റിന്‍കരയിലെ ഹിന്ദു സമുദായക്കാര്‍ക്ക് കൈവന്നിരിക്കുന്നത്. ഹിന്ദു പിന്നോക്ക സമുദായക്കാരുടെ വോട്ട്, നാലര ശതമാനം സംവരണം വെട്ടിക്കുറച്ച കോണ്‍ഗ്രസിനോടും അത് പതിനഞ്ചുശതമാനം വെട്ടിക്കുറച്ച് രംഗനാഥമിശ്ര കമ്മീഷന് റിപ്പോര്‍ട്ട് നടപ്പിലാക്കണമെന്നാവശ്യപ്പെടുന്ന സിപിഎം നയത്തിനോടും എതിരായ പ്രതിഷേധമായി ഈ ജനവിധി മാറണം.
കെ.ബി.കമ്മത്ത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: