തിരുവനന്തപുരം: വിദ്യാഭ്യാസ വായ്പ നില്കുന്ന കാര്യത്തില്‍ ബാങ്കുകള്‍ ഏകീകൃതനയം ഉണ്ടാക്കണമെന്ന് സര്‍ക്കാര്‍. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാനതല ബാങ്കേഴ്സ് സമിതിയിലാണ് സര്‍ക്കാര്‍ ഈ ആവശ്യമുന്നയിച്ചത്. ബാങ്കുകള്‍ വിദ്യാഭ്യാസ വായ്പ നിഷേധിക്കുന്നതായി നിരവധി പരാതികള്‍ ഉയരുകയും വായ്പ ലഭിക്കാതെ ശ്രുതി എന്ന പെണ്‍കുട്ടി ആത്മഹത്യ ചെയ്യുകയും ചെയ്ത സാഹചര്യത്തിലായിരുന്നു യോഗം. വായ്പയുടെ കാര്യത്തില്‍ ഒരേ ബാങ്കുകള്‍ വ്യത്യസ്ത സമീപനം സ്വീകരിക്കുന്നതിനെ മുഖ്യമന്ത്രി വിമര്‍ശിച്ചു. ഏകീകൃതനയമില്ലാതെ ഓരോ ബാങ്കും പലതരത്തില്‍ പലിശ ഈടാക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. വിമര്‍ശനങ്ങളെ അംഗീകരിച്ച ബാങ്ക് അധികൃതര്‍, വായ്പ മടക്കിക്കിട്ടാന്‍ സാധ്യതയുള്ളവര്‍ക്കാണ് പലിശ കുറച്ചു നല്‍കുന്നതെന്ന് വിശദീകരണം നല്കി
വിദ്യാഭ്യാസവായ്പ തുടങ്ങിയ കാലത്ത് അംഗീകാരമുള്ള സ്ഥാപനത്തില്‍ പഠിക്കുന്ന കുട്ടികള്‍ക്ക് വായ്പ ലഭിക്കാന്‍ പ്രയാസമുണ്ടായിരുന്നില്ല. ഇന്ന് ആ അവസ്ഥയ്ക്ക് മാറ്റമുണ്ടായിരിക്കുന്നുവെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. 12 മുതല്‍ 17 ശതമാനം വരെ പലിശ ഈടാക്കുന്നു. ഒരേ ബാങ്കില്‍ നിന്ന് ഒരേ കോളേജിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് വ്യത്യസ്ത പലിശ നിരക്കില്‍ വായ്പ നല്‍കുന്നത് ന്യായീകരിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. മാനേജ്മെന്റ് ക്വാട്ടയിലുള്ളവര്ക്കും രണ്ടാമത്തെ ചാന്‍സില്‍ പാസ്സാകുന്നവര്‍ക്കും വായ്പ കൊടുക്കില്ലെന്ന നിലപാട് ശരിയല്ല. ഇതിനു പുറമെ ഓരോ ബാങ്കും ബാങ്കിന്റേതായ മാനദണ്ഡങ്ങള്‍ വയ്ക്കുന്നു. വിദ്യാര്‍ത്ഥികള്‍ക്കും രക്ഷിതാക്കള്‍ക്കുമിടയില്‍ നിന്നും വലിയ എതിര്‍പ്പ് ഇക്കാര്യത്തിലുണ്ടാകുന്നത് ബാങ്കുകള്‍ മനസ്സിലാക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.
വിദ്യാഭ്യാസ വായ്പ എടുത്ത കുട്ടിയോ വരുമാനസ്രോതസ്സായ ഗൃഹനാഥനോ മരിച്ചാല്‍ മാനുഷിക പരിഗണന നല്‍കണമെന്ന് കഴിഞ്ഞ തവണ ചേര്‍ന്ന പ്രത്യേക എസ്എല്‍ബിസി യോഗത്തില്‍ നിര്‍ദേശിച്ചിരുന്നുവെങ്കിലും പല ബാങ്കുകളും ഇക്കാര്യത്തില്‍ അനുകൂല നിലപാടല്ല സ്വീകരിച്ചിരിക്കുന്നത്.
സാമൂഹികപ്രതിബദ്ധതയോടെയാകണം ബാങ്കുകള്‍ പ്രവര്‍ത്തിക്കേണ്ടത്. ബാങ്കുകള്‍ക്ക് എന്തെങ്കിലും കാര്യത്തില്‍ തടസ്സമുണ്ടെങ്കില്‍ കേന്ദ്രധനകാര്യമന്ത്രാലയവുമായി ബന്ധപ്പെട്ട് ആവശ്യമായതെല്ലാം ചെയ്യാന്‍ സംസ്ഥാനസര്‍ക്കാര്‍ തയ്യാറാണെന്ന് മുഖ്യമന്ത്രി ഉറപ്പുനല്‍കി.
മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് വിദ്യാഭ്യാസവായ്പ നിഷേധിക്കുന്നുവെന്ന പരാതി മുഖ്യമന്ത്രി ബാങ്കുകളുടെ ശ്രദ്ധയില്‍പ്പെടുത്തി. മത്സ്യത്തൊഴിലാളികളുടെ മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം ഉറപ്പാക്കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. ഒരേ ബാങ്കിന്റെ വ്യത്യസ്ത പലിശനിരക്കിനെക്കുറിച്ച് ബാങ്കുകള്‍ക്ക് സര്‍ക്കുലര്‍ അയയ്ക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. 2009 മുതലുള്ള വിദ്യാഭ്യാസവായ്പയുടെ പലിശബാധ്യത കേന്ദ്രസര്‍ക്കാര്‍ ഏറ്റെടുത്തിട്ടുണ്ട്. 2004 മുതല്‍ 2009 വരെയുള്ള വിദ്യാഭ്യാസവായ്പാ പലിശയുടെ കാര്യത്തിലുള്ള ബജറ്റ് പ്രഖ്യാപനം നടപ്പാക്കാന്‍ എന്തൊക്കെ ചെയ്യാന്‍ കഴിയുമെന്ന് അറിയിക്കാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. വിദ്യാഭ്യാസവായ്പയുടെ കാര്യത്തില്‍ അനാവശ്യതാമസമുണ്ടാകുന്നുവെന്ന പരാതി യോഗത്തില്‍ ധനമന്ത്രി കെ.എം.മാണി ചൂണ്ടിക്കാട്ടി. പലിശനിരക്ക് കുറയ്ക്കുന്ന കാര്യവും ബാങ്കുകള്‍ പരിഗണിക്കണം. നോണ്‍ ബാങ്കിങ് സ്ഥാപനങ്ങളിലെ നിക്ഷേപകര്‍ക്ക് സുരക്ഷിതത്വം നല്‍കുന്നതിന് തമിഴ്നാട് മാതൃകയില്‍ നിയമനിര്‍മ്മാണം നടത്തുന്ന കാര്യം സര്‍ക്കാര്‍ പരിഗണിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു. മന്ത്രിമാരായ കെ.സി.ജോസഫ്, കെ.ബാബു, വിവിധ ബാങ്ക്പ്രതിനിധികള് എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
വായ്പ സംബന്ധിച്ച് എല്ലാ ബാങ്കുകളിലും പൊതുവായ സമീപനം സ്വീകരിക്കുന്നതിനു നേതൃത്വം നല്കാന് ലീഡ് ബാങ്ക് മാനേജരെ യോഗം ചുമതലപ്പെടുത്തി. വായ്പാനിയമങ്ങള് കര്‍ക്കശമായി പാലിക്കാന്‍ നിര്‍ദേശം നല്‍കിയതായി മന്ത്രി കെ.സി. ജോസഫ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വായ്പ ലഭിക്കുന്ന വിദ്യാര്‍ഥിയോ വായ്പ തിരിച്ചടയ്ക്കേണ്ട ആശ്രിതരോ മരണപ്പെട്ടാല്‍ വായ്പ എഴുതിതള്ളാമെന്ന ആവശ്യം പരിഗണിക്കാമെന്നു ബാങ്ക് അധികൃതര്‍ മറുപടി നല്കി. ഇനിമുതല്‍ വായ്പ കൊടുക്കുമ്പോള്‍ ഇന്‍ഷ്വറന്‍സ് പരിരക്ഷ കൊടുക്കും. വായ്പാതുകയില്‍ നിന്നും ഇതിനുള്ള പ്രീമിയം ഈടാക്കും. അംഗീകൃത നിരക്കില്‍ നിന്നും അര ശതമാനത്തിലധികം പലിശ വാങ്ങാന്‍ പാടില്ലെന്ന് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: