കൊച്ചി: സ്വാശ്രയ മെഡിക്കല്‍ കരാര്‍ വന്‍ തട്ടിപ്പെന്ന് എബിവിപി. സര്‍ക്കാരും സ്വാശ്രയ കോളേജ് മാനേജ്മെന്റും തമ്മില്‍ ഉണ്ടാക്കിയ കരാറനുസരിച്ച് ഈ മാസം 25ന് മുമ്പ് സ്വാശ്രയ കോളേജുകളില്‍ അഡ്മിഷന് നടന്നില്ലെങ്കില്‍ ആ സീറ്റുകളില്‍ മാനേജ്മെന്റിന് അഡ്മിഷന് നടത്താന്‍ കഴിയും ഇത് മാനേജ്മെന്റിനെ സഹായിക്കാനാണെന്ന് എബിവിപി ദേശീയ നിര്‍വാഹകസമിതിയംഗം ഡോ. ബി.ആര്.അരുണ്‍ ആരോപിച്ചു.
കേരള എന്ട്രന്സിന്റെ ഒന്നാംഘട്ട അലോട്ട്മെന്റ് മാത്രമേ നടന്നിട്ടുള്ളൂ, ഇനി രണ്ടും മൂന്നും ഘട്ട അലോട്ട്മെന്റ് നടക്കാനുണ്ട്. കൂടാതെ ആള് ഇന്ത്യ എന്ട്രന്സിന്റെ കൗണ്‍സിലിംഗ് നടന്നിട്ടില്ല. അതുകൊണ്ടുതന്നെ ഇപ്പോള്‍ സ്വകാര്യ കോളേജിലെ മെറിറ്റ് സീറ്റില്‍ അലോട്ട്മെന്റ് ചെയ്യപ്പെട്ട പലരും ആള് ഇന്ത്യ എന്‍ട്രന്‍സ് വഴി മികച്ച കോളേജുകളില്‍ അഡ്മിഷന് സാധ്യതയുള്ളവരാണ്. ഇതിന്റെ ഫലമായി സ്വകാര്യ കോളേജുകളിലെ സര്‍ക്കാര്‍ സീറ്റുകളില്‍ ഒഴിവ് വരും.
മാനേജ്മെന്റ് സര്‍ക്കാരുമായി ഉണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തില്‍ ഒഴിവ് വരുന്ന സീറ്റുകള്‍ മാനേജ്മെന്റിന് ലഭിക്കുകയും വന്‍ തുക പ്രതിഫലം വാങ്ങി മാനേജ്മെന്റിന് ഈ സീറ്റുകളിലേക്ക് അലോട്ട്മെന്റ് നടത്താനും കഴിയും.
ആള് ഇന്ത്യ എന്ട്രന്സില് ഉയര്‍ന്ന റാങ്ക് കിട്ടിയ പലരേയും സ്വകാര്യ കോളേജുകള്‍ വലിയ വാഗ്ദാനങ്ങള്‍ നല്കി കേരളത്തിലെ കോളേജുകളില്‍ താല്‍ക്കാലികമായി സീറ്റ് നേടാന്‍ പ്രേരിപ്പിക്കുന്നതായും, പിന്നീട് 30 ലക്ഷം രൂപ ഫീസും ഒന്നരക്കോടിയോളം രൂപ തലവരിപ്പണവും വാങ്ങി ഈ സീറ്റുകള്‍ മാനേജ്മെന്റ് മറച്ചു നല്‍കുന്നതായും അരുണ്‍ ആരോപിച്ചു. സുപ്രീംകോടതി ജൂണ്‍ 30 വരെ സമയം അനുവദിച്ചിട്ടും കേരള സര്‍ക്കാര്‍ മെയ് 25വരെ മാത്രം മാനേജ്മെന്റ് കോളേജുകളില്‍ അഡ്മിഷന് സമയം അനുവദിച്ചതില്‍ ദുരൂഹതയുണ്ടെന്നും അദ്ദേഹം പ്രസ്താവനയില്‍ പറഞ്ഞു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: