കണ്ണൂര്‍: ആര്‍എംപി നേതാവ് ടി.പി.ചന്ദ്രശേഖരന്റെ വധത്തില്‍ സിപിഎം കേരളാ ഘടകത്തിലുണ്ടായ അഭിപ്രായഭിന്നത മുഖവിലയ്ക്കെടുത്തുകൊണ്ട് പ്രകാശ് കാരാട്ട് നടത്തിയ അഭിപ്രായ പ്രകടനം ഇലക്കും മുള്ളിനും കേടില്ലാത്ത തരത്തിലുള്ളതായി. മുന്‍ മുഖ്യമന്ത്രി ഇ.കെ.നായനാരുടെ 8-ാമത് ചരമവാര്‍ഷികത്തിന്റെ അനുസ്മരണ പരിപാടിയില്‍ സംസാരിക്കവെയായിരുന്നു പ്രകാശ് കാരാട്ടിന്റെ എങ്ങും തൊടാതെയുള്ള പ്രതികരണം. സിപിഎം വിമത നേതാവുമായ ചന്ദ്രശേഖരനെ അതിനിഷ്ഠൂരമായി കൊലപ്പെടുത്തിയതിനെ പ്രകാശ് കാരാട്ട് അപലപിച്ചു. പ്രതികളില്‍ ആരെങ്കിലും സിപിഎമ്മുമായി ബന്ധമുള്ളവരായി തെളിഞ്ഞാല്‍ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.
നേരത്തെ ചന്ദ്രശേഖരന്റെ വധത്തെ വിഎസ് അപലപിക്കുകയും ചന്ദ്രശേഖരന് കുലം കുത്തിയാണെന്ന് പിണറായി പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് പാര്‍ട്ടിക്കകത്തുണ്ടായ പ്രതിസന്ധികള്‍ മുന്‍കൂട്ടി കണ്ടുകൊണ്ടായിരുന്നു കാരാട്ടിന്റെ വിശദീകരണം. പാര്‍ട്ടിയെ ആക്രമിക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമം കേരളത്തില്‍ നടക്കുന്നുണ്ട്. പാര്‍ട്ടി ഇതിനെ ചെറുത്ത് തോല്‍പ്പിക്കുക തന്നെ ചെയ്യും. ആയുധമുപയോഗിച്ച് രാഷ്ട്രീയ എതിരാളികളെ തകര്‍ക്കുക എന്നത് സിപിഎം നയമല്ല. കൊലപാതകത്തെ മറയാക്കി കോണ്‍ഗ്രസും ഒരു വിഭാഗം മാധ്യമങ്ങളും പാര്‍ട്ടിക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് കേസില്‍ അമിത താല്പര്യം കാണിക്കുന്നത് അന്വേഷണത്തെ സ്വാധീനിക്കാനും വഴിതെറ്റിക്കാനുമാണ്. കാരാട്ട് പറഞ്ഞു.
സിപിഎമ്മിന് ഈ കൊലപാതകത്തില്‍ പങ്കില്ലെന്ന് പറഞ്ഞ കാരാട്ട് നിഷ്പക്ഷമായ അന്വേഷണമാണ് നടത്തേണ്ടതെന്ന് ചൂണ്ടിക്കാട്ടി. ഇത്തരം ക്രൂരമായ കൊലപാതകങ്ങളെ പാര്‍ട്ടി അംഗീകരിക്കുന്നില്ലെന്നും കാരാട്ട് പറഞ്ഞു. എന്നാല്‍ പാര്‍ട്ടി ലോക്കല്‍ ചുമതലയില്‍ ഉള്ളവരും ഏരിയാ കമ്മറ്റി ഓഫീസ് സെക്രട്ടറിയും കേസില്‍ അറസ്റ്റിലായതിനെ കുറിച്ച് കാരാട്ട് ഒന്നും പ്രതികരിച്ചില്ല. പരിപാടിയില്‍ ഒ.വി.നാരായണന് അധ്യക്ഷത വഹിച്ചു.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: