കണ്ണൂര്‍: ചന്ദ്രശേഖരന് വധക്കേസുമായി ബന്ധപ്പെട്ട് കഴിഞ്ഞദിവസം അറസ്റ്റിലായ സിപിഎം കൂത്തുപറമ്പ് ഏരിയാകമ്മറ്റി ഓഫീസ് സെക്രട്ടറി സി.ബാബു നിരവധി കേസുകളില്‍ പ്രതിയാണെന്ന് സൂചന. കൂത്തുപറമ്പിനടുത്ത മാലൂര്‍ സ്വദേശിയാണ് അറസ്റ്റിലായ ബാബു. വര്‍ഷങ്ങള്‍ക്കുമുമ്പ് നടന്ന കൂത്തുപറമ്പ് വെടിവെപ്പില്‍ അഞ്ച് ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ മരിച്ചതിനെ തുടര്‍ന്നുണ്ടായ അക്രമ സംഭവങ്ങളില്‍ ബാബു പങ്കാളിയായിരുന്നു.
പൊതുമുതല്‍ നശിപ്പിച്ചതിന് നിരവധി കേസില്‍ പ്രതിയായ ബാബു സ്വന്തം നാട്ടില്‍ നിന്നും താമസം മാറ്റി ആയിരത്തറ എന്ന സ്ഥലത്ത് ഒരു ബന്ധുവീട്ടില്‍ താമസമാക്കുകയായിരുന്നു. അതിന് ശേഷം ഈ പ്രദേശം കേന്ദ്രീകരിച്ചാണ് ബാബു തന്റെ പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് പറയപ്പെടുന്നു.
നാട്ടിലുള്ള വിവാഹമുള്‍പ്പെടെയുള്ള പൊതുചടങ്ങുകളിലൊന്നും തന്നെ ബാബു പങ്കെടുത്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു. പങ്കെടുക്കുന്ന പൊതുചടങ്ങുകളില്‍ തന്നെ ഫോട്ടോയില്‍ പതിയാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കാറുണ്ടത്രെ. ഒരു വിവാഹ ചടങ്ങില്‍ വീഡിയോവില്‍ പകര്‍ത്തിയതിന് വീഡിയോഗ്രാഫറെ പാര്‍ട്ടി പ്രവര്‍ത്തകര്‍ ഭീഷണിപ്പെടുത്തിയ സംഭവവും ഉണ്ടായിട്ടുണ്ട്.
1999ല്‍ ആര്‍എസ്എസ് പ്രവര്ത്തകന് പാറായി ശശിയെ ബോംബെറിഞ്ഞ് കൊലപ്പെടുത്തിയ കേസില്‍ ബാബുവും പ്രതിയായിരുന്നു. ഇതിനെ തുടര്‍ന്ന് ബാബു ആയിരത്തറയില് നിന്നും താമസം മാറ്റുകയായിരുന്നു. പ്രസ്തുത കേസ് തലശ്ശേരി സെഷന്‍സ് കോടതി വെറുതെ വിട്ടിരുന്നുവെങ്കിലും ഹൈക്കോടതി പുനര്‍വിചാരണക്ക് ഉത്തരവിട്ടിരിക്കുകയാണ്.
ചന്ദ്രശേഖരന്റെ കൊലപാതകത്തിനുശേഷം കൊലപാതക സംഘത്തിലെ രണ്ടുപേരെ സിപിഎം ഏരിയാ കമ്മറ്റി ഓഫീസിന് സമീപം ഓട്ടോറിക്ഷയില്‍ ഇറക്കി വിട്ടതായി അറസ്റ്റിലായ കതിരൂര്‍ മൂര്ക്കോളി സനീഷ് പോലീസിനോട് പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാബുവിന്റെ അറസ്റ്റ് നടന്നത്. ബാബുവിനെ വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ പ്രതികളെ ഒളിപ്പിച്ചതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ലഭിക്കുമെന്നാണ് പോലീസ് പ്രതീക്ഷിക്കുന്നത്.
ബാബുവിനെ വിശദമായി ചോദ്യം ചെയ്താല്‍ ചന്ദ്രശേഖരന് വധത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരുമെന്ന ഭയത്താല്‍ അതിന് തടയിടാനായാണ് സിപിഎം നേതാവ് എം.വി.ജയരാജന് വടകര പോലീസ് സ്റ്റേഷനുമുന്നില്‍ ധര്‍ണ്ണ നടത്തിയതെന്നും പറയുന്നു. ഒടുവില്‍ സിപിഎം കണ്ണൂര്‍ ലോബിയുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ബാബുവിനെ ജാമ്യത്തില്‍ വിടാന്‍ പോലീസ് നിര്‍ബന്ധിതരായെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടാകുമെന്നാണ് സൂചന.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: