പത്തനംതിട്ട: ടി.പി ചന്ദ്രശേഖരന് വധക്കേസില്‍ സി.ബി.ഐ അന്വേഷണം നടത്താമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞതിന്റെ പൊരുള്‍ അദ്ദേഹം വ്യക്തമാക്കണമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി പന്ന്യന്‍ രവീന്ദ്രന് പറഞ്ഞു. പത്തനംതിട്ടയില്‍ മീറ്റ് ദ പ്രസ് പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളാ പോലീസിന്റെ അന്വേഷണം ഇഷ്ടപ്പെടാത്തതുകൊണ്ടാണോ അതോ അതില്‍ വിശ്വാസമില്ലാത്തതുകൊണ്ടാണോ ഇത്തരം അഭിപ്രായം പറഞ്ഞത്. കേരളാ പോലീസിന്റെ അന്വേഷണത്തില്‍ വിശ്വാസമില്ലെങ്കില്‍, അന്വേഷണം ബോധ്യപ്പെടുന്നില്ലെങ്കില്‍ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അക്കാര്യം പരസ്യമായി പറയുകയാണ് വേണ്ടത്. കേരളത്തിലെ മുഴുവന്‍ ജനതയുടേയും വികാരമുള്‍ക്കൊള്ളുന്ന ഒരു കേസിനെപ്പറ്റി കേന്ദ്രമന്ത്രി വെറുതേ പറയരുത്. വാചാപ്രസംഗമല്ല ക്രിയാത്മക നടപടികളാണാവശ്യം.
കേരളത്തിലെ പോലീസിന്റെ അന്വേഷണം ശരിയായ വഴിയല്ല എന്നു തുറന്നു പറയാന്‍ മുല്ലപ്പള്ളിക്ക് തന്റേടമുണ്ടോ എന്നാണ് അറിയേണ്ടത്. വെറുതേ ആളേപ്പറ്റിക്കാന് എന്തും പറയരുത്. ചന്ദ്രശേഖരന് വധക്കേസില്‍ സുതാര്യമായ അന്വേഷണം വേണം. കുറ്റവാളി ആരായാലും നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരണം. കൊലപാതകം രാഷ്ട്രീയ പ്രവര്‍ത്തനമല്ല. അത് കാടത്തമാണ്. രാഷ്ട്രീയത്തില്‍ അത് അന്യമാണ്. നെയ്യാറ്റിന്‍കരയില്‍ ചന്ദ്രശേഖരന്റെ കൊലപാതകം വിറ്റ് വോട്ടാക്കാനാണ് യു.ഡി.എഫ് ശ്രമിക്കുന്നത്. ഇത് നീചമാണ്.
സംസ്ഥാനത്ത് നിലനില്‍ക്കുന്ന മത സൗഹാര്‍ദ്ദത്തിന്റെ കടയ്ക്കല്‍ തീക്കനല്‍ കോരിയിടുകയാണ് യു.ഡി.എഫ് സര്‍ക്കാര്‍. മുസല്മാന് കൂടുതല്‍ ആനുകൂല്യം കിട്ടാനാണ് ലീഗീന് അഞ്ചു മന്ത്രിമാരെകൊടുത്തതെന്നാണ് പറയുന്നത്. അധികാരം എന്നാല്‍ പണംഉണ്ടാക്കാനുള്ള കുറുക്കുവഴിയും കച്ചവടം പാരമ്പര്യമായുള്ള ലീഗ് സംസ്ഥാനത്തെ വിദ്യാഭ്യാസം ഹരിതവല്ക്കരിച്ചിരിക്കുകയാണ്.
കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളുടെ അവസാനത്തെ വാക്ക് അതിന്റെ സെക്രട്ടറിയുടേതാണ് എന്നും അദ്ദേഹം പറഞ്ഞു. സി.പി.ഐ ജില്ലാ സെക്രട്ടറി പി.പ്രസാദും അദ്ദേഹത്തൊടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: