കണ്ണൂര്‍: വടകര ഒഞ്ചിയത്തെ ചന്ദ്രശേഖരന് വധക്കേസില്‍ കണ്ണൂര്‍ ജില്ലക്കാര്‍ ഉള്‍പ്പെടെയുള്ള സിപിഎമ്മുകാര്‍ അറസ്റ്റിലായതോടെ അക്രമത്തെ പ്രോത്സാഹിപ്പിക്കുന്ന പാര്‍ട്ടിയുടെ കണ്ണൂര്‍ ജില്ലയിലെയും സംസ്ഥാനത്തെയും ഉന്നത നേതാക്കള്‍ ഉത്തരം പറയാനാവാതെ ബുദ്ധിമുട്ടുന്നു. പ്രതിരോധത്തിലായ നേതൃത്വം മുഖം രക്ഷിക്കാന്‍ റാലിയും യോഗവും നടത്താനുള്ള തത്രപ്പാടിലാണ്. കൊലപാതകം നടന്ന് മണിക്കൂറുകള്‍ക്കുള്ളില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് പത്രസമ്മേളനം നടത്തി രംഗത്തെത്തിയ കണ്ണൂര്‍ക്കാരനായ സംസ്ഥാന സെക്രട്ടറി മുതല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടേറിയറ്റ് വരെ അണികളെ എങ്ങനെ സമാധാനിപ്പിച്ചു പിടിച്ചു നിര്‍ത്തുമെന്ന ബദ്ധപ്പാടിലാണ്. ചന്ദ്രശേഖരന് വധത്തിന് തൊട്ടുമുന്നേ തളിപ്പറമ്പ് അരിയിലില്‍ മുസ്ലീം ലീഗ് പ്രവര്ത്തകന് ഷുക്കൂര്‍ വധവും വര്‍ഷങ്ങള്‍ക്ക് മുമ്പ് നടന്ന ഫസല്‍ വധക്കേസില്‍ ജില്ലാ നേതാക്കളടക്കം പ്രതിചേര്‍ക്കപ്പെട്ട സംഭവവുമെല്ലാം അക്രമ രാഷ്ട്രീയത്തിന്റെ വക്താക്കളായ സിപിഎം ജില്ലാ നേതൃത്വത്തെയും ജില്ലയില്‍ നിന്നുള്ള സംസ്ഥാന നേതാക്കളെയും പ്രതിക്കൂട്ടിലാക്കിയിരിക്കുകയാണ്. ഏറ്റവുമൊടുവിലായി ഒഞ്ചിയത്ത് നടന്ന കൊലപാതക കേസിലും സിപിഎം പ്രതിക്കൂട്ടിലായിരിക്കുന്നതോടെ അക്രമരാഷ്ട്രീയ വക്താക്കളെന്ന പേര് അവര്‍ അന്വര്‍ത്ഥമാക്കിയിരിക്കുകയാണ്.
ജില്ലയിലെ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗവും പാനൂര്‍ ഏരിയാ കമ്മറ്റിയും ചന്ദ്രശേഖരന് വധത്തില്‍ നേരിട്ട് പങ്കെടുത്തതായുള്ള വിവരങ്ങള്‍ അന്വേഷണത്തിലൂടെ പുറത്തു വന്നതും പിടിക്കപ്പെട്ട പ്രതികളില്‍ ഏഴോളം പേര് ജില്ലയില്‍ നിന്നുള്ളവരാണെന്നതും കേസില്‍ ജില്ലയിലെ സിപിഎമ്മിനുള്ള പങ്ക് പകല്‍പോലെ വെളിപ്പെട്ടതോടെ പ്രതിരോധത്തിലായ സിപിഎം ജില്ലാ നേതൃത്വം അണികളെ പിടിച്ചു നിര്‍ത്താന്‍ ജില്ലാ റാലിയും സമ്മേളനവും താഴെത്തട്ടുമുതല്‍ വിശദീകരണയോഗങ്ങളും ആരംഭിച്ചിരിക്കുകയാണ്. കൊലപാതകം നടത്താന്‍ പ്രതികള്‍ക്കായി ഒരുക്കിയ വാഹനത്തിന് പണം നല്‍കിയത് പള്ളിക്കുന്നില്‍ വെച്ചാണെന്നും കൃത്യം നടത്തിയ പ്രതികളെ കൂത്തുപറമ്പ് ഏരിയാ കമ്മറ്റി ഓഫീസിലാണ് ആദ്യം എത്തിച്ചതെന്നും തുടങ്ങി അന്വേഷണത്തില്‍ പുറത്തു വന്നുകൊണ്ടിരിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങള്‍ സിപിഎം ജില്ലാ നേതൃത്വത്തിന് സംഭവത്തിലുള്ള പങ്കിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. മാത്രമല്ല, വരും ദിവസങ്ങളില്‍ ജില്ലയിലെ ഉന്നത നേതാക്കളെയടക്കം സംഭവത്തിലെ ഗൂഡാലോചനയിലെ പങ്കാളിത്തത്തിന്റെ പേരില്‍ കസ്റ്റഡിയിലെടുക്കുമെന്നാണ് അന്വേഷണ സംഘം നല്കുന്ന സൂചന.
സംഭവത്തില്‍ പാര്‍ട്ടിക്ക് നേരിട്ട് ബന്ധമുണ്ടെന്ന വസ്തുത പുറത്തു വന്നുകൊണ്ടിരിക്കേ പാനൂര്‍, തലശ്ശേരി, വടകര മേഖലകളില്‍ പാര്‍ട്ടിയുടെയും പോഷക സംഘടനകളുടെയും ഔദ്യോഗിക ഭാരവാഹികള്‍ അടക്കമുള്ള പ്രവര്‍ത്തകര്‍ രാജി വെക്കുകയും പ്രത്യേക യോഗങ്ങള്‍ ചേരുകയും പലയിടങ്ങളിലും കൂടുതല്‍ പേര് രാജി ഭീഷണിയുമായി രംഗത്തെത്തുകയും ചെയ്തത് പാര്‍ട്ടി നേതൃത്വത്തിന് കനത്ത തിരിച്ചടിയായിരിക്കുകയാണ്. ഇതില്‍ നിന്നും പാര്‍ട്ടിയുടെ മുഖം രക്ഷിക്കാനായി കണ്ണൂരിലും കോഴിക്കോട്ടും അടക്കം ബഹുജനറാലിയും പൊതുസമ്മേളനങ്ങളും നടത്താന്‍ സിപിഎം നേതൃത്വം തീരുമാനിച്ചിരിക്കുകയാണ്. ഇത്തരം പരിപാടികളില്‍ അഖിലേന്ത്യാ നേതൃത്വത്തിലുള്ള പ്രകാശ് കാരാട്ട് അടക്കമുള്ളവര്‍ പങ്കെടുക്കുമെന്നും പ്രഖ്യാപനം വന്നു കഴിഞ്ഞു. കേരള നേതാക്കളുടെ വിശദീകരണം കൊണ്ട് അണികളെ കാര്യങ്ങള്‍ ബോധ്യപ്പെടുത്താന്‍ സാധിക്കില്ലെന്ന് ബോധ്യപ്പെട്ടതാണ് ഉന്നത നേതാക്കളെ കൊണ്ടുവരുന്നതിന് പിന്നിലെന്ന് പറയപ്പെടുന്നു. 21 ന് കണ്ണൂരില്‍ റാലിയും പൊതുയോഗവും നടത്താനാണ് പാര്‍ട്ടി തീരുമാനിച്ചിരിക്കുന്നത്.
ജില്ലയില്‍ അടിക്കടി പാര്‍ട്ടി പൊതുജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസ്യമായി തീരുന്നതില്‍ ഒരുകൂട്ടം നേതാക്കളും അണികളും കടുത്ത അമര്‍ഷത്തിലാണ്. ലീഗ് പ്രവര്‍ത്തകന്റെ വധം, ഫസല്‍ വധം, ചന്ദ്രശേഖരന് വധം, ഇരിട്ടി തില്ലങ്കേരിയില്‍ ബോംബ് പൊട്ടിത്തെറിച്ച് വീട് തകര്‍ന്നതും യുവാവിന്റെ കൈപ്പത്തി മുറിച്ചു മാറ്റിയതും, ഇന്നലെ തലശ്ശേരി ധര്‍മ്മടത്ത് വെച്ച് ബോംബു നിര്‍മ്മാണത്തിനിടെ യുവാക്കള്‍ക്ക് പരിക്കേറ്റ സംഭവവും തുടങ്ങി അടിക്കടി പാര്‍ട്ടിയുടെ പ്രതിച്ഛായക്ക് കളങ്കമേറ്റുകൊണ്ടിരിക്കുന്ന സംഭവ വികാസങ്ങള്‍ സിപിഎം നേതൃത്വത്തിന് തലവേദനയായി മാറിയിരിക്കുകയാണ്.
ഗണേഷ് മോഹന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: