വടകര: റെവല്യൂഷണറി മാര്‍ക്സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി. ചന്ദ്രശേഖരനെ കൊലപ്പെടുത്തിയ കേസില്‍ ചില വമ്പന്‍ സ്രാവുകള്‍ കൂടി ഉടന്‍ പിടിയിലാവുമെന്ന് കേന്ദ്ര ആഭ്യന്തരസഹമന്ത്രി മുല്ലപ്പള്ളി രാമചന്ദ്രന്. കൊലപാതക രാഷ്ട്രീയത്തിനെതിരെ കെ.പി.സി.സി പ്രസിഡന്റ് രമേശ് ചെന്നിത്തലയുടെ നേതൃത്വത്തില്‍ വടകര കോട്ടപ്പറമ്പ് മൈതാനിയില്‍ നടന്ന ഉപവാസസമരത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേസുമായി ബന്ധപ്പെട്ട് ഇപ്പോള്‍ പിടിയിലായത് വെറും പരല്മീനുകള് മാത്രമാണ്. വമ്പന്‍ സ്രാവുകള്‍ പുറത്തുണ്ട്. രാഷ്ട്രീയ കൊലപാതകത്തിന് പിന്നിലെ യഥാര്‍ത്ഥ പ്രതികളെ മുഴുവന്‍ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം. ടി പിയുടെ കൊലപാതകത്തിലൂടെ സി പി എമ്മിന്റെ വികൃതമുഖമാണ് വ്യക്തമായതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ടി.പി. ചന്ദ്രശേഖരന് സ്ഥാനമോഹിയായിരുന്നെന്ന സി .പി.എം സംസ്ഥാന നേതൃത്വത്തിന്റെ പ്രതികരണത്തില്‍ സഹതാപമാണുള്ളതെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം. സുധീരന് അഭിപ്രായപ്പെട്ടു. ഉപവാസസമരത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി.പി.എം വിട്ട അവസരത്തില്‍ തന്റെ ആദര്‍ശങ്ങളില്‍ അല്പം വിട്ടുവീഴ്ച കാണിച്ചിരുന്നുവെങ്കില്‍ അധികാരത്തിന്റെ ഉന്നത ശ്രേണിയില്‍ ചന്ദ്രശേഖരന് എത്താമായിരുന്നു. ശ്രമം നടത്തിയിരുന്നെങ്കില്‍ ഭരണത്തിന്റെ നിര്‍ണായക സ്ഥാനത്ത് എത്താനുള്ള യോഗ്യതയും സാഹചര്യവും ടി.പിയ്ക്കുണ്ടായിരുന്നു. എന്നാല്‍ പാര്‍ട്ടിയുടെ തെറ്റായ പോക്കില്‍ അമര്‍ഷം പ്രകടിപ്പിച്ച് പുതിയ പാര്‍ട്ടി ഉണ്ടാക്കുകയാണ് അദ്ദേഹം ചെയ്തത്. ഇതിന്റെ പേരില്‍ ഒരാളെ കൊലപ്പെടുത്തുകയെന്നത് തീര്‍ത്തും ക്രൂരമാണ്. പൈശാചികമായ കൃത്യം ചെയ്തവരെ ഓര്‍ത്ത് കേരളീയ സമൂഹം ലജ്ജിക്കുകയാണ്. കൊലപാതകത്തിലും അതിനെ തുടര്‍ന്ന് സി. പി.എം നടത്തുന്ന പ്രതികരണത്തിലും വേദനയുണ്ട്. കേരളത്തിലെ സി.പി.എം എങ്ങനെ ഇത്രമാത്രം ഒറ്റപ്പെട്ടെന്നു കേന്ദ്ര നേതൃത്വം പരിശോധിക്കണമെന്നും സുധീരന് ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: