ഇസ്ലാമാബാദ്: ഇന്ത്യയിലെ ഇരുപത് വര്‍ഷത്തെ ജയില്‍വാസത്തിനുശേഷം പാക്കിസ്ഥാന് ശാസ്ത്രജ്ഞന് ഖലീല്‍ ചിസ്തി ജന്മനാട്ടിലേക്ക് പോവുക, പ്രസിഡന്റ് ആസിഫ് അലി സര്‍ദാരി അയച്ച പ്രത്യേക വിമാനത്തിലായിരിക്കുമെന്ന് റിപ്പോര്‍ട്ട്. ചിസ്തിയുടെ പ്രായം കണക്കിലെടുത്ത് അദ്ദേഹത്തിന്റെ മേല്‍ കാരുണ്യം കാണിക്കണമെന്ന് കഴിഞ്ഞമാസം ഇന്ത്യാ സന്ദര്‍ശനത്തിനെത്തിയ സര്‍ദാരി പ്രധാനമന്ത്രി മന്മോഹന്സിംഗിനോടാവശ്യപ്പെട്ടിരുന്നു.
കൊലപാതകക്കേസുമായി ബന്ധപ്പെട്ട് ജീവപര്യന്തം തടവിന് അജ്മീര്‍ ജയിലില്‍ കഴിയുന്ന 80കാരനായ ചിസ്തിക്ക് പാക്കിസ്ഥാന് സന്ദര്‍ശിക്കാന്‍ മെയ് 10നാണ് സുപ്രീംകോടതി അനുമതി നല്‍കിയത്. പാക്കിസ്ഥാനില്‍ തിരിച്ചെത്തുന്ന ചിസ്തിയെ മന്ത്രി റഹ്മാന് മാലിക്ക് സ്വീകരിക്കുമെന്ന് ഡോണ്‍ പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് ഇരുവരും ഫോണില്‍ ബന്ധപ്പെട്ടിട്ടുണ്ട്.
സര്‍ദാരിയുടെ നിര്‍ദ്ദേശപ്രകാരം കറാച്ചി സ്വദേശിയായ ചിസ്തിയെ സ്വീകരിക്കാനായി എല്ലാവിധ ഒരുക്കങ്ങളും നടത്തിയിട്ടുണ്ടെന്ന് മാലിക് പറഞ്ഞു. ചിസ്തിക്ക് ജന്മനാട്ടിലേക്ക് വരാനായി പ്രസിഡന്റ് സര്‍ദാരി പ്രത്യേക വിമാനം ഏര്‍പ്പെടുത്തിയിട്ടുണ്ടെന്ന് ഡോണ്‍ പറയുന്നു. 1992ല്‍ അജ്മീര്‍ സന്ദര്‍ശനവേളയിലാണ് ഒരു കൊലപാതകവുമായി ബന്ധപ്പെട്ട് ചിസ്തി തടവിലായത്. ഏപ്രില്‍ ഒമ്പതിനാണ് ചിസ്തിക്ക് സുപ്രീംകോടതി ജാമ്യം അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: