തിരുവനന്തപുരം: ഇന്ത്യയില്‍ സൈന്യത്തിലുള്പ്പടെ എല്ലാ മേഖലകളിലും അഴിമതി വ്യാപിച്ചിട്ടുണ്ടെന്ന് കരസേനാ മേധാവി ജനറല്‍ വി.കെ സിംഗ്. സൈന്യത്തിലെ അഴിമതി തുടച്ചു നീക്കാന്‍ നടപടിയെടുക്കും. ആയുധ ഇടപാടുകളില്‍ നിന്ന് ഇടനിലക്കാരെ ഒഴിവാക്കുമെന്നും അദ്ദേഹം പറഞ്ഞു.
പാങ്ങോട് സൈനിക ക്യാംപില്‍ പുസ്തക പ്രകാശന ചടങ്ങില്‍ സംബന്ധിക്കാന്‍ എത്തിയതായിരുന്നു കരസേനാമേധാവി. അഴിമതി വിവരം ലഭിച്ചപ്പോള്‍ തന്നെ സേന ഇതിനെതിരെ നടപടി സ്വീകരിച്ചു. തെറ്റായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ഇടനിലക്കാരെയും ആയുധ ഇടപാടുകാരെയും നിയന്ത്രിക്കാനും ഒഴിവാക്കാനും നടപടിയെടുത്തതായും സിംഗ് പറഞ്ഞു.
ജനന തീയതി വിവാദം ഒഴിവാക്കമായിരുന്നുവെന്ന് ഇപ്പോള്‍ തോന്നുന്നതായും വി.കെ സിംഗ് പറഞ്ഞു. അര്ജ്ജുന് ടാങ്കിന്റെ നവീകരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ തുടരും. സേനയുടെ ആയുധങ്ങളിലും ഉപകരണങ്ങളിലും പോരായ്മയുണ്ടെങ്കില്‍ അത് പരിഹരിക്കാനുള്ള നടപടി കൈക്കൊള്ളും. നിലവാരം കുറഞ്ഞ ആയുധങ്ങളും യുദ്ധ ഉപകരണങ്ങളും സൈന്യം ഒരിക്കലും ഉപയോഗിക്കില്ലെന്ന് ജനറല്‍ പറഞ്ഞു.
സേനയെ സംബന്ധിച്ച് കേരളം തന്ത്രപ്രധാനമായ ഇടമാണെന്ന് ജനറല്‍ പറഞ്ഞു. നേവിയുടെ സാന്നിദ്ധ്യം ഇപ്പോള്‍ ഇവിടെ നല്ല രീതിയിലുണ്ട്. കാലാള്‍പ്പടയെ സംബന്ധിച്ച് നേരിടേണ്ടി വരുന്ന പ്രശ്നങ്ങള്‍ ഇവിടെ കുറവാണ്. സൈന്യത്തിന്റെ സാന്നിദ്ധ്യം കേരളത്തില്‍ ഭാവിയില്‍ കൂട്ടേണ്ട സാഹര്യമുണ്ടയാല് അതിനനുസരിച്ച് നടപടിയുണ്ടാവും.
ഇന്ത്യന്‍ സൈന്യം ഏത് തരത്തിലുള്ള ഭീഷണിയും നേരിടാന്‍ സജ്ജമാണെന്ന് ജനറല്‍ പറഞ്ഞു. ചൈനയില്‍ നിന്നുള്ള ഭീഷണിയെക്കുറിച്ച് ചോദിച്ചപ്പോള്‍ ചൈന നമ്മുടെ നല്ല അയല്‍ക്കാരനാണെന്ന മറുപടിയാണ് നല്‍കിയത്. ഒരു റാങ്ക് ഒരു പെന്ഷന് പദ്ധതി നടപ്പാക്കാന്‍ 1300 കോടി രൂപയാണ് അധികമായി വേണ്ടി വരിക. പ്രതിരോധ മന്ത്രി എ.കെ. ആന്റണിയില്‍ നിന്ന് നല്ല സഹകരണം ലഭിക്കുന്നുണ്ട്. ഇക്കാര്യത്തില്‍ അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷ. ഇന്ത്യയുടെ വടക്കുകിഴക്കന്‍ മേഖല ഇപ്പോള്‍ സുരക്ഷിതമാണെന്ന് വി.കെ.സിംഗ് അഭിപ്രായപ്പെട്ടു.
സൈന്യത്തിന്റെ ഫലപ്രദമായ ഇടപെടല്‍ മൂലം അഞ്ച് വര്‍ഷം മുമ്പുള്ളതിനേക്കാള്‍ സുരക്ഷിതമാണ് ഈ മേഖലയെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: