കൊട്ടാരക്കര: ഇനിയും സഹിക്കാന്‍ പറ്റില്ലെന്നും താന്‍ മന്ത്രിയാകുന്നതില്‍ പിള്ളക്ക് യാതൊരു പങ്കുമില്ലെന്നും കെ.ബി.ഗണേഷ്കുമാര്. തന്നെ മന്ത്രിയാക്കണമെന്ന് ആവശ്യപ്പെട്ട് ആര്.ബാലകൃഷ്ണപിള്ള ആര്‍ക്കും കത്ത് കൊടുത്തിട്ടില്ല. പത്തനാപുരം സീറ്റ് നേടി ജയിലില്‍ ചെന്നപ്പോള്‍ എംഎല്‍എ സ്ഥാനം റദ്ദാക്കുമെന്നാണ് അനുഗ്രഹിച്ചത്. കൊട്ടാരക്കരയില്‍ എന്‍.എന്‍. മുരളി ജയിച്ചാല്‍ മന്ത്രിയാക്കാമെന്ന് പറഞ്ഞിരുന്നു. ഇതിനിയും പറയാതിരുന്ന് വെറുതേ പഴികള്‍ കേട്ടുകൊണ്ടിരുന്നാല്‍ എനിക്ക് കുഴപ്പമുണ്ടെന്ന് നാട്ടുകാര്‍ കരുതും.
തനിക്ക് മന്ത്രിയാകാന്‍ താല്പര്യമില്ലായിരുന്നെന്ന് ഗണേഷ്കുമാര് പറഞ്ഞു. 2001ലും അങ്ങനെ തന്നെയായിരുന്നു. പത്തനാപുരത്ത് തന്നെ പ്രവര്‍ത്തിക്കും. രാജി വയ്ക്കേണ്ട ആവശ്യമില്ല കാരണം ഒരു തെറ്റും ചെയ്തിട്ടില്ല. അഴിമതിക്കാര്‍ പാര്‍ട്ടിയെ ഹൈജാക്ക് ചെയ്തിരിക്കുന്നു. വിഎസിനെതിരെ പറഞ്ഞത് അച്ഛനുവേണ്ടിയായിരുന്നു. അതില്‍ ഇപ്പോള്‍ ദുഖിക്കുന്നു. പാര്‍ട്ടി വിപ്പ് കിട്ടിയാല്‍ തെരഞ്ഞെടുപ്പിനെ നേരിടാന്‍ താന്‍ തയ്യാറാണെന്നും പത്തനാപുരത്ത് നടന്ന യോഗം പാര്‍ട്ടിയും ജനങ്ങളും തനിക്കൊപ്പമാണെന്ന് തെളിയിക്കുന്നതാണെന്നും ഗണേഷ്കുമാര് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
കേരളാകോണ്‍ഗ്രസ്(ബി)യുടെയും പിള്ളയുടെയും വിലക്കുകള്‍ തള്ളിയാണ് പിള്ളയുടെ ബന്ധുവും പാര്‍ട്ടി നേതാവും യുഡിഎഫിന്റെ ജില്ലാ കണ്‍വീനറുമായ ബി. ഹരികുമാര്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ ഗണേശ് വിളിച്ച യോഗത്തില്‍ എത്തിയിരുന്നു. കൂടാതെ പാര്‍ട്ടി ഇന്നലെ പുറത്താക്കിയ ജില്ലാ പ്രസിഡന്റ് അഡ്വ. ബ്രിജേഷ് എബ്രഹാം, ജില്ലാ പഞ്ചായത്തംഗമായ ലത സി. നായര്‍, ബ്ലോക്ക് മെമ്പര്‍മാരായ റജിമോന്‍ വര്‍ഗീസ്, ഏലിയാമ്മ, പത്തനാപുരം മണ്ഡലത്തിലെ മുഴുവന്‍ പാര്‍ട്ടി പഞ്ചായത്തംഗങ്ങള്‍ എന്നിവരാണ് വിലക്കുകള്‍ മറികടന്ന് പ്രധാന വേദിയില്‍ സജീവമായി പങ്കെടുത്ത് പിള്ള വിഭാഗത്തിന്റെ വിലക്ക് പുല്ലുപോലെ തള്ളിക്കളഞ്ഞ്.
കൂടാതെ മുന്‍ പഞ്ചായത്ത് അംഗവും കൊട്ടാരക്കരയിലെ ഓഫീസിന്റെ ചുമതലയുള്ള കണ്ണാട്ട് രവി, മുന്‍ ജില്ലാ സെക്രട്ടറി ഷിബു പട്ടാഴി, ജനകീയവേദിയുടെ നേതാക്കളായ പേരൂര്‍ സജീവ്, പെരുംകുളം സുരേഷ് എന്നിവരും യോഗത്തിനെത്തി. യോഗത്തില്‍ പങ്കെടുത്താല്‍ ഏത് വമ്പനായാലും പാര്‍ട്ടിയിലും, ജനപ്രതിനിധികള്‍ കൂറുമാറ്റ നിരോധനപ്രകാരം പുറത്തും ആകും എന്ന പാര്‍ട്ടിയുടെ ഉഗ്രശാസന തള്ളിക്കളഞ്ഞതോടെ പിള്ള കോണ്‍ഗ്രസ് പിളര്‍പ്പിന്റെ വ്യക്തമായ സൂചനയാണ് നല്‍കിയിരിക്കുന്നത്. കൊട്ടാരക്കരയില്‍ നിന്നും നല്ലൊരു വിഭാഗം പ്രവര്‍ത്തകരും യോഗത്തിനെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: