ബീജിങ്: രാഷ്ട്രീയാഭയം തേടിയ അന്ധനായ ചൈനീസ് മനുഷ്യാവകാശ പ്രവര്ത്തകന് ചെന്‍ ഗുവാങ്ങ് ചെങ്ങിന് അമേരിക്കയുടെ സഹായ വാഗ്ദാനം. ചെന്‍ അഭയം ചോദിച്ചാല്‍ സഹായിക്കുമെന്ന് അമേരിക്കന്‍ അധികൃതര്‍ അറിയിച്ചു. അതേസമയം പ്രശ്നത്തില്‍ അമേരിക്ക ഇടപെട്ടതിനെത്തുടര്‍ന്ന് ചൈന നിലപാടില്‍ അയവുവരുത്തി. പഠന ആവശ്യത്തിനായി ഏതൊരു പൗരനേയുംപോലെ ചെന്നിനും വിദേശത്ത് പോകാന്‍ അനുമതി ലഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ബെയ്ജിംഗില്‍ നടക്കുന്ന അമേരിക്ക-ചൈന നയതന്ത്ര ചര്‍ച്ചയില്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റണ് പ്രശ്നം സൂചിപ്പിച്ചിരുന്നു.
ഒന്നരവര്‍ഷമായി വീട്ടുതടങ്കലില്‍ കഴിയുകയായിരുന്ന ചെന്‍ രക്ഷപ്പെട്ട് ആറ് ദിവസം അമേരിക്കന്‍ എംബസിയില്‍ അഭയം തേടിയതോടെയാണ് അമേരിക്ക പ്രശ്നത്തില്‍ ഇടപെട്ടത്. എംബസി വിട്ട ചെന്‍ ഇപ്പോള്‍ ആശുപത്രിയില്‍ കഴിയുകയാണ്. ചൈനീസ് സര്‍ക്കാരിന്റെ നിര്‍ബന്ധിത ഗര്‍ഭഛിദ്രത്തിനും ഒറ്റക്കുട്ടി നയത്തിനുമെതിരെ പ്രചാരണം നടത്തുന്നതിനാണ് മനുഷ്യാവകാശ പ്രവര്‍ത്തകനായ ചെന്‍ ഗുവാങ്ങ് ചെങ്ങിനെ സര്‍ക്കാര്‍ വീട്ടുതടങ്കലിലാക്കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: