തിരുവനന്തപുരം: കേരള രാഷ്ട്രീയത്തില്‍ മുന്നണി ബന്ധങ്ങള്‍ ആടിയുലയുന്നു. മുന്നണിയെ നയിക്കുന്ന പാര്‍ട്ടികളിലും ഘടകകക്ഷികള്‍ തമ്മില്‍ തമ്മിലും വിശ്വാസരാഹിത്യം ശക്തമായി. പൊളിച്ചെഴുത്തിനും അഴിച്ചു പണികള്‍ക്കും കക്ഷികളോരോന്നും മാനസികമായി തയ്യാറെടുക്കുകയാണ്. ഇടതുമുന്നണിയെ നയിക്കുന്ന മാര്‍ക്സിസ്റ്റു പാര്‍ട്ടിയില്‍ വിമതശല്യം പൂര്‍ണമായും അവസാനിപ്പിച്ചു എന്നവര്‍ അവകാശപ്പെടുന്നുണ്ട്. എന്നാല്‍ ‘വിര’ ശല്യം ആ പാര്‍ട്ടിയെ അസ്വസ്ഥമാക്കുകയാണ്. പാര്‍ട്ടി അച്ചടക്കത്തിന്റെ പേരില്‍ ഭിന്നാഭിപ്രായക്കാരെ അകറ്റി നിര്‍ത്താനായെങ്കിലും അത്തരക്കാര്‍ ശക്തിസമാഹരണത്തിന് കോപ്പു കൂട്ടുകയാണ്. നെയ്യാറ്റിന്‍കരയില്‍ തിരിച്ചടി നേരിട്ടാല്‍ അവരുടെ ശബ്ദത്തിന് മുഴക്കമേറും. ഇതോടൊപ്പം മുന്നണിയിലെ രണ്ടാമത്തെ വലിയ കക്ഷിയായ സിപിഐയിലെ ഗ്രൂപ്പു പോരിന് ആക്കം കൂട്ടാന്‍ സിപിഎം ശ്രമിക്കുന്നതായി ആക്ഷേപമുണ്ട്. കോണ്‍ഗ്രസിന്റെ പഴയ സഖ്യകക്ഷി കൂടിയായ സിപിഐയെ മുന്നണിയിലേക്ക് കോണ്‍ഗ്രസ് ക്ഷണിച്ചത് സിപിഐയുടെ ഔദ്യോഗിക നേതൃത്വത്തിന് തിരിച്ചടിയായി. ഇടതുമുന്നണിയിലെ മറ്റ് ചെറുകക്ഷികളും അസ്വസ്ഥരാണ്.
അതിനെക്കാള്‍ ഭീകരമാണ് ഐക്യമുന്നണിയുടെ കാര്യം. അനൈക്യമുന്നണിയായി അത് മാറിക്കഴിഞ്ഞു. സിഎംപി മുന്നണി വിടുമെന്ന ഭീഷണി മുഴക്കി. അവര്‍ക്കു ലഭിച്ച ബോര്‍ഡ് കോര്പ്പറേഷന് സ്ഥാനങ്ങള്‍ ഒഴിയാന്‍ പോകുകയാണെന്ന് പാര്‍ട്ടി സെക്രട്ടറി എം.വി.രാഘവന് പ്രസ്താവിച്ചിട്ടുണ്ട്. അസിസ്റ്റന്റ് സെക്രട്ടറി സി.പി.ജോണ്‍ പ്ലാനിംഗ് ബോര്‍ഡ് അംഗമായതിനെ ചൊല്ലി ആ പാര്‍ട്ടിയില്‍ നേരത്തെ തന്നെ പ്രതിഷേധമുയര്‍ന്നിരുന്നു. മുസ്ലീംലീഗിന്റെ ചെലവിലാണ് ജോണ്‍ ഈ സ്ഥാനത്തെത്തിയതെന്നാണ് ആക്ഷേപം.
ജെഎസ്എസ് നേരത്തെ തന്നെ അമര്‍ഷം പ്രകടിപ്പിച്ച് അവസരത്തിനായി കാത്തിരിക്കുകയാണ്. കേരള കോണ്‍ഗ്രസിലെ ഒരു വിഭാഗം നേരത്തെ തന്നെ ഇടഞ്ഞു നില്‍ക്കുന്നുണ്ട്. രാജ്യസഭാസീറ്റ് പങ്കു വയ്ക്കുന്നതിലൂടെ അത് ശക്തമാകും. ഇടതുമുന്നണി വിട്ട് യുഡിഎഫില്‍ പോയ കക്ഷികള്‍ക്ക് അവരുടെ ഇടതുമുന്നണിയിലെ പഴയ പാര്‍ട്ടികളിലേക്ക് തിരിച്ചു വരുന്നതില്‍ എതിര്‍പ്പില്ലെന്ന സിപിഎം സെക്രട്ടറി പിണറായി വിജയന് നടത്തിയ പ്രസ്താവന യുഡിഎഫിനെ പൊളിക്കാനുള്ള പുതിയ തന്ത്രത്തിന്റെ സൂചനയാണ് നല്‍കുന്നത്.
കഴിഞ്ഞ യുഡിഎഫ് യോഗം ബഹിഷ്കരിച്ച ആര്.ബാലകൃഷ്ണപിള്ള പുതിയ പ്രശ്നത്തിന് ശിലയിട്ടു കഴിഞ്ഞു. മകന് ഗണേഷ് കുമാറിനെ മന്ത്രിസ്ഥാനത്തു നിന്നും നീക്കണമെന്നാവശ്യപ്പെട്ട കത്ത് മുഖ്യമന്ത്രിക്ക് കൈമാറിക്കഴിഞ്ഞു.
ഒത്തുതീര്‍പ്പു ചര്‍ച്ചകളിലെ ധാരണകള്‍ ഗണേഷ് കുമാര്‍ പാലിക്കുന്നില്ലെന്ന ആക്ഷേപവുമായാണ് പിള്ള രംഗത്തെത്തിയത്. ഇതുമായി ബന്ധപ്പെട്ടു കെപിസിസി അധ്യക്ഷനെയും യുഡിഎഫ് കണ്‍വീനറെയും കേരളകോണ്‍ഗ്രസ് ബി നേതൃത്വം അതൃപ്തി അറിയിച്ചു.
നേരത്തേ പിള്ളയും ഗണേഷ് കുമാറും തമ്മിലുള്ള തര്‍ക്കം അങ്ങേയറ്റം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും യുഡിഎഫ് കണ്‍വീനറും ഇടപെട്ടാണ് ഒത്തുതീര്‍പ്പു ധാരണയുണ്ടാക്കിയത്. മന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫിലടക്കം മാറ്റം വരുത്തുക എന്നതാണ് ധാരണ. എന്നാല്‍ ഈ വ്യവസ്ഥകള്‍ മന്ത്രി പാലിക്കുന്നില്ലെന്നാണു പാര്‍ട്ടി നേതൃത്വത്തിന്റെ പരാതി. മന്ത്രി പാര്‍ട്ടി നേതാക്കളോട് മോശമായി പെരുമാറുന്നു. പാര്‍ട്ടിക്കു വിധേയനായി പ്രവര്‍ത്തിക്കാമെന്ന് ഒത്തുതീര്‍പ്പു ചര്‍ച്ചയിലെ വാഗ്ദാനം മന്ത്രി പാലിക്കുന്നില്ലെന്നും നേതൃത്വം പറയുന്നു.
ഇന്നലെ ഉച്ചകഴിഞ്ഞു പാര്‍ട്ടി ജനറല്‍ സെക്രട്ടറി വേണുഗോപാലന്‍ നായര്‍ മന്ത്രിയെ പിന്‍വലിച്ചു കൊണ്ടുള്ള കത്ത് മുഖ്യമന്ത്രിക്കു കൈമാറുകയായിരുന്നു. ഈ പ്രശ്നങ്ങളെല്ലാം കൊണ്ട് മുന്നണി വട്ടം കറങ്ങുമ്പോഴാണ് കോണ്‍ഗ്രസിനകത്തെ മൂപ്പിളമ തര്‍ക്കം. കെ.മുരളീധരനെ പാര്‍ട്ടിയില്‍ തിരിച്ചെടുക്കുമ്പോഴുണ്ടായ ആശങ്കകളൊന്നും അസ്ഥാനത്തായില്ലെന്ന് ചെന്നിത്തലയ്ക്കു സമാധാനിക്കാം. പാര്‍ട്ടിക്കകത്ത് ഇനി ഗ്രൂപ്പു നയിക്കാനില്ലെന്ന് പ്രഖ്യാപിച്ചിരുന്ന മുരളീധരന്റെ ഗ്രൂപ്പിന് ഇന്ന് അതിവേഗം ശക്തിയേറുകയാണ്. പാര്‍ട്ടി പ്രസിഡന്റു പറയേണ്ടത് മുന്പ്രസിഡന്റു പറയുന്നതിലെ ദഹനക്കേടാണ് കെപിസിസി യോഗത്തില്‍ രമേശ് ചെന്നിത്തല ഇന്നലെ പ്രകടിപ്പിച്ചത്. തലയിരിക്കുമ്പോള്‍ വാലാടേണ്ട എന്ന മട്ടില്‍ ചെന്നിത്തല പറഞ്ഞു നിര്‍ത്തിയപ്പോഴാണ് യോഗത്തില്‍ നിന്നും കെ.മുരളീധരന് എഴുന്നേറ്റു പോയത്. പലരും നേരത്തേ പോയതായി ഇതു സംബന്ധിച്ച ചോദ്യത്തിന് രമേശ് മറുപടി നല്കിയപ്പോള് അങ്ങനെയൊരു സംഗതി തന്റെ ശ്രദ്ധയില്‍ പെട്ടിട്ടില്ലെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. താന്‍ ഇറങ്ങിപ്പോയിട്ടില്ലെന്ന് മുരളീധരന് പറയാത്തിടത്തോളം കാലം മുരളീധരന് യോഗസ്ഥലം വിട്ടത് ഇറങ്ങിപ്പോക്കായി വ്യാഖ്യാനിക്കുന്നതിന് പ്രസക്തിയുണ്ട്.
മുസ്ലീം ലീഗിനെതരെ പടവാളെടുത്ത് കെ.മുരളീധരന് വീണ്ടും രംഗത്തെത്തിയത് വന്‍ തിരിച്ചടിയായിട്ടുണ്ട്. നെയ്യാറ്റിന്‍കര തിരഞ്ഞെടുപ്പ് അടുത്ത പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിനെയും യുഡിഎഫിനെയും വീണ്ടും ഇത് പ്രതിസന്ധിയിലാക്കി.
കെപിസിസി നേതൃത്വത്തിന്റെ വിലക്കു ലംഘിച്ചാണ് മുസ്ലീം ലീഗിനെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.മുരളീധരന് രംഗത്തെത്തിയത്. ലീഗിനു മതേതര മുഖം നഷ്ടപ്പെട്ടെന്ന് മുരളി പറഞ്ഞു. നാലു കിട്ടിയിട്ടും അഞ്ചു വേണമെന്ന ആക്രാന്തമായിരുന്നു ലീഗിന്. ലീഗുമായി സൗഹൃദമെങ്കില്‍ അങ്ങനെയാകാമെന്നും യുദ്ധമെങ്കില്‍ അതിനും തയാറാണെന്നും മുരളി വ്യക്തമാക്കി. ലീഗ് തനിക്കെതിരെ നടത്തുന്ന പ്രചാരണത്തില്‍ പ്രശ്നമില്ല.
വെടിനിര്‍ത്തലിനു ശേഷം ലീഗിന്റെ അനുയായികള്‍ തനിക്കും ആര്യാടന് മുഹമ്മദിനും എതിരെ പ്രകടനങ്ങള്‍ നടത്തി. കോണ്‍ഗ്രസുമായി ഒന്നിച്ചു പോകാന്‍ താത്പര്യമില്ലെങ്കില്‍ ലീഗിന് അവരുടെ വഴി നോക്കാം. ലീഗിന്റെ സഹകരണമില്ലെങ്കില്‍ കൂടി കോണ്‍ഗ്രസിനു പിടിച്ചു നില്ക്കാന് കഴിയും. തന്റെ മണ്ഡലത്തില്‍ മുസ്ലീം ലീഗ് എന്ന സാധനം ഇല്ലെന്നും മുരളി പരിഹസിച്ചിരിക്കുന്നു. മുന്നണികള്‍ രണ്ടിലും പ്രശ്നമുണ്ടെന്നത് മാത്രമാണ് കോണ്‍ഗ്രസിന് ആശ്വാസം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: