കോട്ടയം: സ്റ്റുഡന്‍സ് ഇസ്ലാമിക് മൂവ്മെന്റ് ഓഫ് ഇന്ത്യ(സിമി)യുടെ പ്രവര്‍ത്തനം കേരളത്തില്‍ സജീവമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയെങ്കിലും നടപടികള്‍ സ്വീകരിക്കാന്‍ കാട്ടുന്ന മടി കേന്ദ്ര ഏജന്‍സികളുടെ ഉറക്കം കെടുത്തുന്നു. കേരളത്തിലെ വടക്കന്‍ ജില്ലകള്‍ പൂര്‍ണ്ണമായും തെക്കന്‍ ജില്ലകളിലെ ചില കേന്ദ്രങ്ങളിലും സിമിയുടെ നിയന്ത്രണം ക്രമാതീതമായി വര്‍ദ്ധിച്ചുവരുന്നതായാണ് കേന്ദ്ര ഏജന്‍സികളുടെ വിലയിരുത്തല്‍. ബിജെപി ഒഴികെയുള്ള രാഷ്ട്രീയ പാര്‍ട്ടികളിലെല്ലാം ‘സിമി’ തീവ്രവാദികള്‍ ബോധപൂര്‍വ്വം നുഴഞ്ഞുകയറുന്നതായുള്ള മുന്നറിയിപ്പുകളെ സംസ്ഥാന സര്‍ക്കാര്‍ ഒരുകാലത്തും ഗൗനിച്ചിട്ടില്ല. കോണ്‍ഗ്രസ്,സിപിഎം,മുസ്ലീംലീഗ് തുടങ്ങിയ സംഘടനകളില്‍ പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ വിവിധ ചുമതലകളില്‍ പ്രവര്‍ത്തിക്കുന്നതായാണ് സംസ്ഥാന പോലീസിന്റേയും കേന്ദ്ര ഏജന്‍സികളുടേയും കണ്ടെത്തല്‍.
എന്നാല്‍ തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനായി സംസ്ഥാനത്ത് രൂപീകരിച്ച പോലീസ് സംഘങ്ങളെയെല്ലാം ഇടതു-വലതു സര്‍ക്കാരുകള്‍ മരവിപ്പിക്കുകയാണ്. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ശക്തമായ നടപടികളെടുത്ത കേരളത്തിലെ പോലീസ് ഉദ്യോഗസ്ഥരെയെല്ലാം ക്രമസമാധാനരംഗത്തുനിന്നും പിന്‍വലിച്ചത് യുഡിഎഫ് സര്‍ക്കാരിന്റെ ആത്മാര്‍ത്ഥതയില്ലായ്മയുടെ തെളിവാണ്. കാസര്‍കോട് ജില്ലയിലെ അപകടകരമായ സ്ഥതിവിശേഷങ്ങള് നിയന്ത്രിക്കുന്നതിനായി യാതൊരു ശ്രമവും സര്‍ക്കാര്‍ നടത്തുന്നില്ല.
ബോധപൂര്‍വ്വമായ വര്ഗ്ഗീയകലാപങ്ങള്ക്കുള്ള ശ്രമങ്ങള്‍ തടയുന്നതിനായി കൂടുതല്‍ സായുധസേനയെ കാസര്‍കോട് ജില്ലയില്‍ വിന്യസിക്കണമെന്ന ഉത്തരമേഖല ഡിഐജിയുടെ നിര്‍ദ്ദേശം പോലീസ് ആസ്ഥാനത്തുവച്ച് അട്ടിമറിക്കപ്പെട്ടതായാണ് വിവരം.
മതതീവ്രവാദ സംഘടനയായ പോപ്പുലര്‍ഫ്രണ്ടിന് നിരോധിത സംഘടനയായ ‘സിമി’യുമായി അടുത്ത ബന്ധമാണെന്ന് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സി വളരെമുമ്പുതന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ‘സിമി’ക്കു പിന്നാലെ പോപ്പുലര്‍ഫ്രണ്ടിനും ഇന്ത്യന്‍ മുജാഹിദ്ദീനുമായി അടുത്ത ബന്ധുമുണ്ടെന്നു കണ്ടെത്തിയിരുന്നു. കേരളത്തില്‍ നിന്നും തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ക്കായി നാടുവിട്ട യുവാക്കളെല്ലാം പോപ്പുലര്‍ഫ്രണ്ടുമായി ചേര്‍ന്നു പ്രവര്‍ത്തിച്ചവരാണെന്ന കേന്ദ്രഏജന്‍സികളുടെ കണ്ടെത്തലും പ്രാധാന്യമര്‍ഹിക്കുന്നു. ‘സിമി’യുടെ പഴയകാല നേതാക്കളെല്ലാം പോപ്പുലര്‍ ഫ്രണ്ടുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുകയാണിപ്പോള്‍. രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ച് സജീവമായി പൊതുരംഗത്തെത്തിയ പോപ്പുലര്‍ഫ്രണ്ടുകാര്‍ രാത്രികാലങ്ങളില്‍ മതതീവ്രവാദ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നതായും കണ്ടെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തരത്തില്‍ കൃത്യമായ വിവരങ്ങള്‍ നല്‍കിയിട്ടും യാതൊരു നടപടിയും സ്വീകരിക്കാന്‍ കേരളാപോലീസ് തയ്യാറാകുന്നില്ലെന്നാണ് കേന്ദ്രരഹസ്യാന്വേഷണ ഏജന്‍സികളുടെ പരാതി.
സംസ്ഥാനത്ത് ഏറ്റവും അപകടകരമായ സ്ഥിതിവിശേഷമാണ് കാസര്‍കോട് ജില്ലയില്‍ നടന്നുകൊണ്ടിരിക്കുന്നത്. പരസ്യമായ തീവ്രവാദ പ്രവര്‍ത്തനങ്ങളും വര്‍ഗ്ഗീയകലാപങ്ങള്‍ നടത്തുന്നതിനായുള്ള ആസൂത്രിത നീക്കങ്ങളും കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ കാസര്‍കോട് ജില്ലയില്‍ വ്യാപകമായിട്ടുണ്ട്. സമാന്തര ഭരണകൂടങ്ങള്‍ സൃഷ്ടിച്ച് ശിക്ഷ നടപ്പാക്കുന്ന രീതിയും കാസര്‍കോട് വ്യാപകമായിട്ടുണ്ട്. എന്നാല്‍ ഇതു തടയുന്നതിനോ കര്‍ശന നടപടി സ്വീകരിക്കുന്നതിനോ യാതൊരു ശ്രമവും പോലീസിന്റെ ഭാഗത്തുനിന്നും ഉണ്ടാകുന്നില്ല. നബിദിനത്തില്‍ പട്ടാളവേഷത്തില്‍ വിവിധസ്ഥലങ്ങളില്‍ പോപ്പുലര്‍ഫ്രണ്ട് തീവ്രവാദികള്‍ മാര്‍ച്ച് നടത്തിയ സംഭവത്തില്‍ നടപടി വേണമെന്ന കേന്ദ്രഏജന്‍സികളുടെ ആവശ്യത്തിന് പോലീസ് യാതൊരു പരിഗണനയും നല്‍കിയിട്ടില്ല. ഇന്നലെ മാത്രമാണ് കേസില്‍ മൂന്നുപേരെ അറസ്റ്റ് ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: