തിരുവനന്തപുരം: നിരോധിത തീവ്രവാദ സംഘടനയായ സിമിയുടെ പ്രവര്‍ത്തനം സംസ്ഥാനത്ത് ഇപ്പോഴും സജീവമാണെന്ന് കേരളാ സര്‍ക്കാര്‍. കേരളത്തില്‍ അടുത്തിടെയുണ്ടായ നിരവധി സംഭവങ്ങളില്‍ ‘സിമി’ക്കുള്ള ബന്ധം വ്യക്തമാണെന്നും സംസ്ഥാനസര്‍ക്കാര്‍ കേന്ദ്രട്രിബ്യൂണലിന് നല്കാന് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. മിക്ക ജില്ലകളിലും ‘സിമി’ പ്രവര്‍ത്തകര്‍ സജീവമാണ്. അവര്‍ രഹസ്യ യോഗങ്ങള്‍ ചേരുന്നതും പദ്ധതികള്‍ ആസൂത്രണം ചെയ്യുന്നതും തുടരുകയാണ്. ‘സിമി’യിലെ അംഗങ്ങളുടെ പരസ്പരമുള്ള ബന്ധപ്പെടലും ആശയങ്ങള്‍ കൈമാറുന്നതും അടക്കമുള്ള പ്രവര്‍ത്തനങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ടെന്നും സംസ്ഥാന സര്‍ക്കാര്‍ തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ സൂചിപ്പിക്കുന്നു.
‘സിമി’ അംഗങ്ങള്‍ സംസ്ഥാനത്ത് ആ പേരില്‍ ഇപ്പോള്‍ പരസ്യ പ്രവര്‍ത്തനം നടത്തുന്നില്ലെങ്കിലും മറ്റ് ചില മുസ്ലീം സംഘടനകളുടെ പേരില്‍ അവര്‍ മുഖ്യധാരയില്‍ തന്നെ പ്രവര്‍ത്തിക്കുന്നതായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
എന്‍ഡിഎഫ്, എസ്ഡിപിഐ, ജമാ അത്തെ ഇസ്ലാമി പോലുള്ള സംഘടനകളെ ഉദ്ദേശിച്ചാണ് കേരളത്തിന്റെ പരാമര്‍ശം. ഈ സംഘടനകളുടെ പ്രവര്‍ത്തനങ്ങളെ ഇപ്പോള്‍ നിയന്ത്രിക്കുന്നതും ‘സിമി’ യിലെ സജീവ പ്രവര്‍ത്തനത്തില്‍ ഉണ്ടായിരുന്നവരാണ്. പല മുഖ്യധാരാ രാഷ്ട്രീയപ്പാര്‍ട്ടികളുടെയും പ്രവര്‍ത്തനത്തില്‍ നിര്‍ണ്ണായക സ്വാധീനം ചെലുത്തുന്ന പലരും സിമി ബന്ധമുള്ളവരാണെന്ന ഞെട്ടിക്കുന്ന വിവരവും കേരളം തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ആശങ്കയായി രേഖപ്പെടുത്തുന്നുണ്ട്.
2008 നു ശേഷം കേരളത്തിലുണ്ടായ എട്ട് സംഭവങ്ങളില്‍ സിമിയുടെ സാന്നിധ്യവും ബന്ധവും ആസൂത്രണവും ഉണ്ടായിട്ടുണ്ടെന്ന് റിപ്പോര്‍ട്ട് സൂചിപ്പിക്കുന്നു. സിമി നിരോധനം പരിശോധിക്കുന്ന ജസ്റ്റിസ് വി.കെ.ഷാലി ട്രിബ്യൂണലിനു മുന്‍പാകെ സമര്‍പ്പിക്കാന്‍ തയ്യാറാക്കിയ സത്യവാങ്മൂലത്തിലാണ് ഈ വിവരങ്ങള്‍ അടങ്ങിയിരിക്കുന്നത്.
തീവ്രവാദ സംഘടനയായ ‘സിമി’യുടെ നിരോധനം നീട്ടുന്നതു സംബന്ധിച്ച് കേന്ദ്രസര്‍ക്കാര്‍ രണ്ടുവര്‍ഷം കൂടുമ്പോള്‍ സംസ്ഥാനങ്ങളില്‍നിന്ന് വിവരങ്ങളും നിലപാടുകളും ശേഖരിക്കാറുണ്ട്. നിയമവിരുദ്ധപ്രവര്ത്തനങ്ങള്തടയുന്നതിനുള്ള നിയമത്തിന്റെ അടിസ്ഥാനത്തില്‍ ദല്‍ഹി ഹൈക്കോടതി ജഡ്ജി വി.കെ.ഷാലി അധ്യക്ഷനായ ട്രിബ്യൂണലാണ് ഇക്കാര്യങ്ങള്പരിശോധിക്കുന്നത്. അടുത്ത മാസം മൂന്ന്, നാല്, അഞ്ച് തിയതികളില്‍ ട്രിബ്യൂണല്‍ സംസ്ഥാനത്തു നടത്തുന്ന സിറ്റിങ്ങില്‍ സമര്‍പ്പിക്കാനാണ് സത്യവാങ്മൂലം തയ്യാറാക്കിയിരിക്കുന്നത്. കേരളത്തില്‍ ഇപ്പോഴും സിമി സാന്നിധ്യം സജീവമായി നിലനില്‍ക്കുന്നതിനാല്‍ ‘സിമി’ നിരോധനം നീട്ടണമെന്നും ട്രിബ്യൂണലിനോട് കേരളം ആവശ്യപ്പെടും.
സംസ്ഥാനത്ത് ഏറ്റവും ഒടുവില്‍ സിമി സാന്നിധ്യം ബോധ്യപ്പെട്ട സംഭവം പോലീസിന്റെ സൈബര്‍ സെല്‍ ആസ്ഥാനത്തുനിന്ന് ഇ-മെയില്‍ വിവരങ്ങള്‍ ചോര്‍ത്തിയതുമായി ബന്ധപ്പെട്ടാണ്. ഇതിനൊരു പോലീസ് ഇന്സ്പെക്ടറെത്തന്നെ നിയോഗിക്കുകയായിരുന്നു. കേരളത്തില്‍ വര്‍ഗ്ഗീയ സംഘര്‍ഷമുണ്ടാക്കി സമാധാനാന്തരീക്ഷം തകര്‍ക്കാനുള്ള ഗൂഢപദ്ധതിയായിരുന്നു അതിനു പിന്നില്‍. ഇ-മെയില്‍ ചോര്‍ത്തുകയും വ്യാജരേഖയുണ്ടാക്കുകയും ചെയ്ത പോലീസ് ഉദ്യോഗസ്ഥന് ‘സിമി’യുടെ സജീവ പ്രവര്‍ത്തകനാണെന്ന് ക്രൈംബ്രാഞ്ച് അന്വേഷണത്തില്‍ തെളിഞ്ഞിരുന്നു. ഇ-മെയില്‍ ചോര്‍ത്തല്‍ സംഭവത്തില്‍ സിമിയ്ക്കൊപ്പം കേരളത്തില്‍ പ്രത്യക്ഷമായി പ്രവര്‍ത്തിക്കുന്ന ചില സംഘടനകള്‍ക്കുള്ള പങ്കും വ്യക്തമായതാണ്.
തൊടുപുഴ ന്യൂമാന്‍ കോളജ് അധ്യാപകന്റെ കൈവെട്ടിയ സംഭവത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് 2008ന് ശേഷവും സിമി സാന്നിധ്യം സംശയിക്കുന്ന എട്ടോളം സംഭവങ്ങളുണ്ടായെന്ന് സത്യവാങ്മൂലത്തില്‍ പറയുന്നു. കേരളത്തിന്റെ ചില ഭാഗങ്ങളില്‍നിന്ന് ബോംബുകളും മറ്റും കണ്ടെത്തിയ സംഭവത്തിലും ‘സിമി’ക്കുള്ള ബന്ധം തെളിഞ്ഞിട്ടുണ്ട്.
‘സിമി’ അടക്കമുള്ള തീവ്രവാദ സംഘടനകളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് വിദേശ സഹായം ലഭിക്കുന്നുണ്ടെന്നതും കേരളം ചൂണ്ടിക്കാട്ടുന്നു. മറ്റു പല സംഘടനകളുടെയും പേരിലാണ് ഈ പണം കേരളത്തിലേക്ക് എത്തുന്നത്. ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെയും മനുഷ്യാവകാശപ്രവര്‍ത്തനത്തിന്റെയും മറവിലാണ് പണം കൈമാറ്റം ചെയ്യപ്പെടുന്നതും ഇവരുടെ പരസ്യ പ്രവര്‍ത്തനം ശക്തമായി നടക്കുന്നതും. ഇത്തരം സംഘടനകളും സര്‍ക്കാരിന്റെ നിരീക്ഷണത്തിലാണ്.
പോലീസിലടക്കം പല വകുപ്പുകളുടെയും ഉന്നത സ്ഥാനങ്ങളില്‍ ‘സിമി’ ബന്ധമുള്ളവരുടെ സാന്നിധ്യം ഉണ്ടെന്നതാണ് കേരളം ട്രിബ്യൂണലിനു മുന്നില്‍ വയ്ക്കുന്ന റിപ്പോര്‍ട്ടിലുള്ള മറ്റൊരു ആശങ്ക. മനപ്പൂര്‍വ്വം തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍ ഇത്തരക്കാര്‍ തന്ത്രപ്രധാന മേഖലകളില്‍ കടന്നു കൂടുകയായിരുന്നെന്നും കണ്ടെത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: