കൊച്ചി: രാജ്യത്തെ തന്ത്രപ്രധാന സുരക്ഷാ സെര്‍വറുകളില്‍ വന്‍ നുഴഞ്ഞുകയറ്റം. രാജ്യരക്ഷക്ക് വന്‍ഭീഷണി ഉയര്‍ത്തിക്കൊണ്ടുള്ള വലിയ സുരക്ഷാ വീഴ്ചയാണ് ഉണ്ടായിരിക്കുന്നത്. രാജ്യത്തെ മുഴുവന്‍ വിമാനത്താവളങ്ങളെയും ബന്ധിപ്പിക്കുന്ന സുരക്ഷാ കമ്പ്യൂട്ടര്‍ സെര്‍വറില്‍നിന്നും ഡാറ്റാ നീക്കം ചെയ്ത് തീവ്രവാദക്കേസുകളില്‍ പോലീസ് തേടുന്ന തടിയന്റവിട ഷമീം രാജ്യംവിട്ടു. നെടുമ്പാശ്ശേരി വിമാനത്താവളം വഴിയാണ് ഷമിം വിദേശത്തേക്ക് കടന്നത്. എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ നടപടികളെടുക്കുവാന്‍ പോലീസിനോ സുരക്ഷാ ഏജന്‍സികള്‍ക്കോ ഇതുവരെയായിട്ടില്ല.
എമിഗ്രേഷന്‍ പരിശോധനയില്‍ ലഭ്യമാകാതിരിക്കാന്‍ വിമാനത്താവളങ്ങളിലെ സുരക്ഷാ സെര്‍വറുകള്‍ രാജ്യമെമ്പാടും ഒരേസമയം സ്തംഭിപ്പിച്ച് ഡാറ്റ നീക്കം ചെയ്തശേഷമാണ് തടിയന്റവിട ഷമീം രാജ്യംവിട്ടതെന്ന് കണ്ടെത്തിയിരിക്കുന്നത്.
കഴിഞ്ഞ ഡിസംബര്‍ 23 നാണ് കൊച്ചി-ഷാര്‍ജ 9-411 വിമാനത്തില്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍നിന്നാണ് എമിഗ്രേഷന്‍ അധികൃതരുടെ കണ്ണുവെട്ടിച്ച് തടിയന്റവിട ഷമീര്‍ രാജ്യംവിട്ടത്. ലഷ്കറെ തൊയ്ബയുടെ ദക്ഷിണേന്ത്യന്‍ കമാന്‍ഡറും രാജ്യത്തെ വിവിധ ഭീകരാക്രമണങ്ങളുടെ സൂത്രധാരനുമായ തടിയന്റവിട നസീറിന്റെ അടുത്ത ബന്ധുവാണ് ഷമീം. നസീര്‍ ഇപ്പോള്‍ പൂജപ്പുര സെന്‍ട്രല്‍ ജയിലിലാണ്.
ഡിസംബര്‍ 20 നും 26 നും ഇടക്കാണ് രാജ്യത്തെ അന്താരാഷ്ട്ര വിമാനത്താവളങ്ങളിലെ സെര്‍വറുകള്‍ പ്രത്യേക രഹസ്യ ആവശ്യങ്ങള്‍ക്കായി ദിവസവും നിശ്ചിത സമയം തുറന്നിടുവാന്‍ ദല്‍ഹി ആര്.കെ പുരത്തുള്ള ഇന്റലിജന്‍സ് വിഭാഗത്തിന് കീഴിലെ സസ്പെക്റ്റ് ഇന്‍ഡെക്സ് സെല്ലില്‍നിന്നും നിര്‍ദ്ദേശം വന്നത്. ഇത് പതിവുനടപടിയാണെങ്കിലും ഈ സമയത്ത് സെര്‍വറില്‍നിന്നും ഷമീം അടക്കം പലരുടെയും രഹസ്യവിവരങ്ങള്‍ നീക്കം ചെയ്തതായാണ് കണ്ടെത്തിയത്. കൊച്ചിയില്‍ 27 ന് നടന്ന പരിശോധനയില്‍ ഇത് തിരിച്ചറിഞ്ഞു. ഇവരുടെ ലുക്ക് ഒൗട്ട് നോട്ടീസ് അടക്കമുള്ള വിശദാംശങ്ങള്‍ വീണ്ടും എന്റര്‍ചെയ്തു (ഷമീമിന്റെ എല്‍ഒസി നമ്പര്‍ 20111111042) എന്നാല്‍ അതിന് മുമ്പുതന്നെ ഷമീം രാജ്യം വിട്ടിരുന്നു.
ജനുവരി അഞ്ചിന് ഇന്റലിജന്‍സ് വിഭാഗം കൊച്ചി ബ്യൂറോ സംസ്ഥാന രഹസ്യാന്വേഷണ വിഭാഗത്തെ ഇക്കാര്യം രേഖാമൂലം അറിയിച്ചപ്പോഴാണ് ഷമീം രാജ്യം വിട്ടു എന്ന് അവരുടെ ശ്രദ്ധയില്‍പ്പെടുന്നത്. എഫ് 2234899 എന്ന പാസ്പോര്‍ട്ടിലാണ് ഷമീം ഷാര്‍ജക്ക് പോയത്. സെര്‍വറില്‍ വിവരങ്ങള്‍ ലഭ്യമല്ലാതിരുന്നതിനാല്‍ സാധാരണ യാത്രക്കാരനെപ്പോലെ അനായാസം കടക്കാനായി. തെന്റ പേര് സെര്‍വറില്‍നിന്നും നീക്കം ചെയ്തു എന്നുറപ്പായതിനുശേഷമാണ് ഷമീം രാജ്യംവിട്ടതെന്ന് വ്യക്തം.
അന്വേഷണ ഉദ്യോസ്ഥരെ ഞെട്ടിച്ച ഈ സംഭവം ആസൂത്രിതമാണെന്നാണ് വിലയിരുത്തല്‍. ഇതിന് മുമ്പും ഇത്തരത്തില്‍ സംഭവങ്ങള്‍ അരങ്ങേറിയതായും സൂചനയുണ്ട്. സംഭവം സംബ്ധിച്ച് കൊച്ചി വിമാനത്താവളം എമിഗ്രേഷന്‍ അധികൃതര്‍ സംസ്ഥാന ഇന്റലിജന്‍സ് എഡിജിപിക്ക് മാര്‍ച്ച് 15 ന് വിശദമായി കത്ത് അയച്ചിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ചുള്ള നടപടികള്‍ എന്തായി എന്ന് വ്യക്തമല്ല. ഷമീമിന്റെ ലുക്ക് ഔട്ട് നോട്ടീസ് ഉള്‍പ്പെടെ മുഴുവന്‍ രേഖകളും ഉള്‍പ്പെടുത്തിയാണ് എഡിജിപിക്ക് നല്‍കിയിട്ടുള്ളത്.
അതേസമയം സുരക്ഷാ സെര്‍വറുകളില്‍നിന്നും ഡാറ്റകള്‍ എവിടെനിന്നാണ് ഒഴിവാക്കപ്പെട്ടതെന്ന് അറിവായിട്ടില്ല. എന്നാല്‍ ഇവ ദല്‍ഹിയിലെ സെന്റര്‍ സെര്‍വറില്‍നിന്ന് മാത്രമേ നീക്കം ചെയ്യാനാവുകയുള്ളൂ എന്നാണ് ജില്ലാ ഓഫീസിന്റെ വിശദീകരണം. വിദഗ്ധമായ പരിശോധനയില്‍ പേരുകള്‍ നീക്കം ചെയ്തത് എവിടെനിന്നാണെന്ന് ജില്ലാ ഇന്ഫോര്മേറ്റിക് ഓഫീസര്‍ സന്തോഷ് കുമാര്‍ കൊച്ചി എമിഗ്രേഷനെ അറിയിച്ചിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ നാഷണല്‍ ഇന്‍ഫോര്‍മാറ്റിക് സെന്ററിനാണ് (എന്‍ഐസി) ഈ സെര്‍വറിന്റെ നിയന്ത്രണം. കൊച്ചിയിലേത് കാക്കനാട്ടെ ജില്ലാ എന്‍ഐസി വിഭാഗത്തിനാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: