പെരുമ്പാവൂര്‍: ഔഷധി ജംഗ്ഷനില്‍ സ്ഥാപിച്ചിരിക്കുന്ന സിഗ്നല്‍ലൈറ്റുകള്‍ മാസങ്ങളായി മിഴിതുറക്കാതെ അണഞ്ഞുകിടക്കുന്നതിനാല്‍ പെരുമ്പാവൂര്‍ ടൗണില്‍ ഗതാഗതക്കുരുക്ക് നിത്യസംഭവമാകുന്നു. കോതമംഗലം, കുറുപ്പംപടി ഭാഗത്തേക്കുള്ള സ്വകാര്യ ബസ്സുകള്‍ പോകുന്ന വണ്‍വേയായ കോര്‍ട്ട് റോഡും എംസി റോഡും കൂടിച്ചേരുന്ന ഔഷധി ജംഗ്ഷനില്‍ സിഗ്നല്‍ സ്ഥാപിച്ചകാലം തുടങ്ങി ഒരാഴ്ചപോലും തികച്ച് പ്രവര്‍ത്തിച്ചിട്ടില്ലെന്ന് യാത്രക്കാരും കച്ചവടക്കാരും പറയുന്നു. ഈ പ്രദേശത്തേക്ക് മിനി സിവില്‍സ്റ്റേഷന്‍ കൂടി വന്നതോടെ ഈ പ്രദേശം വാഹനങ്ങളെക്കൊണ്ട് നിറയുകയാണ്.
കഴിഞ്ഞദിവസം പെരുമ്പാവൂര്‍ ക്ഷേത്രത്തിലെ ഉത്സവത്തിനെത്തിയവരുടെ വാഹനങ്ങളും വിഷു വിപണിയുടെ തിരക്കും മൂലം പെരുമ്പാവൂരില്‍ മണിക്കൂറുകളുടെ ഗതാഗതക്കുരുക്കാണ് സൃഷ്ടിച്ചത്. എന്നാല്‍ ഗതാഗതനിയന്ത്രണത്തിന് ഇവിടെ പോലീസ് ഉദ്യോഗസ്ഥരെയും ഹോംഗാര്‍ഡുകളേയും നിയമിക്കുന്നുണ്ടെങ്കിലും ഈ സംവിധാനങ്ങളൊന്നും ഔഷധി ജംഗ്ഷനില്‍ ഫലം കാണാറില്ല. പെരുമ്പാവൂര്‍ നഗരസഭയുടെ പുതിയ ബജറ്റില്‍ ഈ സിഗ്നല്‍ പുനര്‍നിര്‍മാണത്തിനായി തുക വകയിരുത്തിയെന്ന് പറയുന്നുണ്ടെങ്കിലും ഇതിനുള്ള നടപടികള്‍ യാതൊന്നും ഇതുവരെയും ആരംഭിച്ചിട്ടില്ല.
പെരുമ്പാവൂര്‍ നഗരത്തിനകത്ത് തിരക്കുള്ള പല റോഡുകളുടെ ഇരുവശവും നടത്തുന്ന അനധികൃത പാര്‍ക്കിംഗ് ഇവിടത്തെ ഗതാഗതക്കുരുക്ക് വര്‍ധിപ്പിക്കുന്നു. എംസി റോഡ്, പോലീസ് സ്റ്റേഷന്‍ റോഡ്, കോര്‍ട്ട് റോഡ് തുടങ്ങിയ റോഡുകളില്‍ പോലീസ് കോണുകള്‍ സ്ഥാപിച്ചിരുന്നെങ്കിലും ഇപ്പോള്‍ വാഹന ഉടമകള്‍ യാതൊന്നും കണ്ടില്ലെന്ന് നടിക്കുകയാണ്. ഇതിനെല്ലാമുപരി ഭാരവണ്ടികളും ബസ്സുകളുമടങ്ങുന്ന വാഹനങ്ങള്‍ പോകുന്ന വണ്‍വേ റോഡുകളില്‍ എതിരെനിന്ന് ഓടിച്ചുവന്ന് ഗതാഗതക്കുരുക്കുണ്ടാക്കുന്ന വാഹനങ്ങള്‍ക്കെതിരെ യാതൊരു നടപടിയുമെടുക്കാത്ത ഏക പട്ടണം പെരുമ്പാവൂരാണെന്നും ആക്ഷേപമുയരുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: